
അർജൻ്റീനൻ ഫുട്ബോൾ ടീം ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെതിരെ നടപടിയുമായി അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ. 2026 ഫിഫ ലോകകപ്പിന്റെ രണ്ട് യോഗ്യതാ മത്സരങ്ങളിൽ നിന്നാണ് വിലക്ക് ലഭിച്ചിരിക്കുന്നത്. ഒക്ടോബർ 10ന് വെനസ്വേലയ്ക്കും ഒക്ടോബർ 15ന് ബൊളീവിയയ്ക്കും എതിരെ നടക്കുന്ന മത്സരങ്ങളിൽ മാർട്ടിനെസിന് കളിക്കാനാകില്ല.
കഴിഞ്ഞ മാസം നടന്ന 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കിടെ എതിർ ടീമിനെതിരെ അശ്ലീല ആംഗ്യങ്ങൾ കാണിച്ചതിനാണ് അർജൻ്റീനയുടെ സൂപ്പർ താരത്തിന് സസ്പെൻഷൻ ലഭിച്ചിരിക്കുന്നത്. സെപ്റ്റംബർ ആറിന് നടന്ന ചിലിക്കെതിരായ മത്സരത്തിൽ അർജന്റീന 3-0ന് വിജയിച്ചിരുന്നു. പിന്നാലെ മാർട്ടിനെസ് കോപ്പ അമേരിക്ക ട്രോഫി ജനനേന്ദ്രിയത്തോട് ചേർത്ത് പിടിച്ചതാണ് അച്ചടക്ക നടപടിക്ക് കാരണമായ സംഭവം.
2022 ലോകകപ്പ് വിജയത്തിന് പിന്നാലെയും താരം സമാനമായ പ്രവൃത്തി ചെയ്തിരുന്നു. കൊളംബിയയ്ക്കെതിരായ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഒരു ക്യാമറാമാനെ തല്ലിയെന്നും മാർട്ടിനെസിനെതിരെ ആരോപണം ഉയർന്നിരുന്നു. ഫിഫയുടെ നടപടിയെ പൂർണമായും എതിർക്കുന്നുവെന്നാണ് അർജൻ്റീനൻ ഫുട്ബോളിൻ്റെ പ്രതികരണം.
ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ എട്ട് മത്സരങ്ങൾ പിന്നിട്ട അർജൻ്റീനയ്ക്ക് ആറിലും വിജയം നേടാൻ കഴിഞ്ഞു. രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടു. 18 പോയിന്റോടെ ടേബിളിൽ അർജന്റീനയാണ് ഒന്നാം സ്ഥാനത്തുള്ളത്. പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം നിലനിർത്താൻ അർജൻ്റീനയ്ക്ക് അടുത്ത യോഗ്യതാ മത്സരങ്ങളിലും ജയം അനിവാര്യമാണ്.