
മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ് കോച്ച് സ്ഥാനം ഒഴിഞ്ഞു. 2025ലെ പുതിയ സീസണില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ മുഖ്യ ഉപദേശകനായി ബ്രാവോ പ്രവര്‍ത്തിക്കും. അടുത്തിടെ കെകെആര്‍ സിഇഒ വെങ്കി മൈസൂരുമായി താരം കൂടികാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് ബ്രാവോ ടീമുമായി കരാറിലേര്‍പ്പെട്ടത്. ഐപിഎല്ലിന് പുറമെ കെകെആര്‍ മത്സരിക്കുന്ന മറ്റ് വിദേശ ലീഗുകളിലും ബ്രാവോ ടീമിന്‍റെ ചുമതല വഹിക്കും.
2024 കരീബിയന്‍ പ്രീമിയര്‍ ലീഗിലെ മോശം പ്രകടനം കാരണം എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ബ്രാവോ വിരമിച്ചിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നേടിയ നാല് കിരീട നേട്ടങ്ങളിലും ബ്രാവോ ടീമിനൊപ്പമുണ്ടായിരുന്നു. 2022 വരെ പ്ലേയറായും പിന്നീട് ബൗളിങ് പരിശീലകനായും സിഎസ്കെയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.
ഗൗതം ഗംഭീര്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ പരിശീലനകനായി ചുമതലയേറ്റ ഒഴിവിലാണ് ബ്രാവോ കെകെആറിന്‍റെ ഉപദേശക കുപ്പായം അണിയുന്നത്. ചന്ദ്രകാന്ത് പണ്ഡിറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനും ഭരത് അരുണ്‍ ബൗളിംഗ് പരിശീലകനുമാകും.