
കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം എവെ മത്സരം ഇന്ന് നടക്കും. കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒഡിഷയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. രാത്രി ഏഴരയ്ക്കാണ് മത്സരം. ഐഎസ്എല്ലിലെ നാലാം റൗണ്ട് പോരാട്ടത്തിനാണ് കേരളാ ബ്ലാസ്റ്റേഴ്സ് കച്ചകെട്ടുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് എവേ മത്സരങ്ങൾക്കായി വിമാനം കയറിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിൽ ജയിക്കാൻ കഴിയാത്തത് ആരാധകരിലും വലിയ നിരാശയാണുണ്ടാക്കയത്.
എന്നാൽ ഒഡിഷയെ തകർത്ത് വിജയ വഴിയിൽ തിരിച്ചെത്തുകയാണ് കൊമ്പന്മാർ ലക്ഷ്യം വെക്കുന്നത്. പരുക്ക് മാറി തിരിച്ചെത്തിയ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ആദ്യ ഇലവനിൽ ഇറങ്ങാനാണ് സാധ്യത. മധ്യനിരയിലെ ക്യാപ്റ്റന്റെ സാന്നിധ്യം ടീമിന് കരുത്താകും. നിലവിലെ ടീമിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാകും ബ്ലാസ്റ്റേഴ്‍സ് ഇറങ്ങുന്നത്.
ALSO READ: Kerala Blasters FC vs NorthEast United FC: ലൂണയുടെ കാര്യത്തിൽ സസ്പെൻസ്; ആദ്യ എവേ പരീക്ഷണത്തിന് സ്റ്റാറേയും പിള്ളേരും
സീസണിലെ ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ഒഡിഷ, അവസാന മത്സരത്തിൽ ജംഷഡ്‌പൂരിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സിനെ നേരിടാനൊരുങ്ങുന്നത്. നിലവിൽ നാല് പോയിന്റുമായി പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തും മൂന്ന് പോയിന്റുമായി ഒഡിഷ പത്താം സ്ഥാനത്തുമാണ്. ജയം നേടാനുറച്ച് ഇരു ടീമുകളും നേർക്കുനേർ വരുമ്പോൾ ആവേശപോരാട്ടത്തിനാകും കലിംഗ സാക്ഷ്യം വഹിക്കുക.