32 റൺസിന്റെ വിജയത്തോടെയാണ് കീവിപ്പട തങ്ങളുടെ ആദ്യ ടി20 ലോകകപ്പ് ഉയർത്തിയത്
ടി20 വനിതാ ലോകകപ്പിൽ ന്യൂസീലാൻഡിന് കന്നിക്കിരീടം. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലാൻഡ് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം പിന്തുടർന്നെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 126 റൺസ് നേടാനേ സാധിച്ചുള്ളൂ. 32 റൺസിന്റെ വിജയത്തോടെയാണ് കീവിപ്പട തങ്ങളുടെ ആദ്യ ടി20 ലോകകപ്പ് ഉയർത്തിയത്. സ്കോർ – ന്യൂസീലാൻഡ്: 20 ഓവറിൽ അഞ്ചിന് 158, ദക്ഷിണാഫ്രിക്ക: 20 ഓവറിൽ ഒൻപതിന് 126.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടി. 38 പന്തിൽ 43 റൺസെടുത്ത അമേലിയ കെറാണ് കീവീസിന്റെ ടോപ് സ്കോറർ. സുസി ബെറ്റ്സ് (32), ബ്രൂക്ക് ഹാലി ഡേ (38) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്കായി നോൻകുലുലേക്കോ മ‍്‍ലാബ രണ്ടു വിക്കറ്റുകൾ വീഴ്ത്തി.
ALSO READ : "പരമ്പരയിൽ ശക്തമായ തിരിച്ചുവരവ് നടത്തും, ഇങ്ങനെയൊരു മത്സരഫലം ഒട്ടും പ്രതീക്ഷിച്ചില്ല"
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അത് മുതലെടുക്കാൻ സാധിച്ചില്ല. ഓപ്പണർമാരായ ക്യാപ്റ്റൻ ലോറ വോൽവാഡും (27 പന്തിൽ 33), തസ്മിൻ ബ്രിറ്റ്സും (18 പന്തിൽ 17) നല്ല തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നൽകിയത്. എന്നാൽ ഇരുവരും പുറത്തായതോടെ ദക്ഷിണാഫ്രിക്കയ്ക്ക് കൂട്ടത്തകർച്ചയെ നേരിടേണ്ടിവന്നു.
മധ്യനിര ബാറ്റർമാരിൽ രണ്ടുപേർക്ക് മാത്രമാണ് രണ്ടക്കം കടന്നത്. വാലറ്റവും കീഴടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒൻപതിന് 126 എന്ന സ്കോറിൽ അവസാനിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ് ഫൈനലിൽ തോൽക്കുന്നത്. 2023 ൽ ഓസ്ട്രേലിയയോട് ദക്ഷിണാഫ്രിക്ക 19 റൺസിനു തോറ്റിരുന്നു.