
പാരീസ് ഒളിംപിക്സ് ഫുട്‌ബോളിലെ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ഇറാഖിനെ കീഴടക്കി അര്‍ജന്‍റീന. വിജയത്തോടെ ടീം നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തി. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. തിയാഗോ അല്‍മാഡ, ലൂസിയാനോ ഗോണ്‍ഡോ, എസെക്വിയെല്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് അര്‍ജന്റീനയ്ക്കായി വല കുലുക്കിയത്. ഐമന്‍ ഹുസൈന്‍ ആണ് ഇറാഖിനായി ആശ്വാസ ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ മൊറോക്കോയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ അര്‍ജന്റീനയ്ക്ക് ഇറാഖിനെതിരായ ജയം അനിവാര്യമായിരുന്നു.
മത്സരത്തിന്‍റെ 13-ാം മിനിറ്റില്‍ തിയാഗോ അല്‍മാഡയിലൂടെ അര്‍ജന്റീന മുന്നിലെത്തി. ജൂലിയന്‍ അല്‍വാരസിന്റെ പാസില്‍ നിന്നായിരുന്നു ടീമിന്‍റെ ആദ്യ ഗോള്‍ പിറന്നത്. തുടര്‍ന്ന് ഒന്നാം പകുതിയുടെ ഇന്‍ജുറി ടൈമില്‍ ഐമന്‍ ഹുസൈനിലൂടെ ഇറാഖ് സമനില ഗോള്‍ നേടി. തുടര്‍ന്ന് 62-ാം മിനിറ്റില്‍ ലൂസിയാനോ ഗോണ്‍ഡോയിലൂടെ അര്‍ജന്റീന വീണ്ടും മുന്നിലെത്തി. 84-ാം മിനിറ്റില്‍ എസെക്വിയെല്‍ ഫെര്‍ണാണ്ടസ് ടീമിനായി മൂന്നാം ഗോളും നേടി. ജൂലൈ 30-ന് നടക്കുന്ന മത്സരത്തില്‍ യുക്രൈനാണ് അര്‍ജന്റീനയുടെ അടുത്ത എതിരാളി.