
യൂറോ കപ്പ് ഗ്രൂപ്പ് എയിലെ മത്സരങ്ങള്‍ക്ക് നാടകീയാന്ത്യം. അവസാന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡും ജര്‍മനിയും ഒരു ഗോള്‍സമനിലയില്‍ പിരിഞ്ഞു. ഇന്‍ജുറി ടൈമില്‍ നേടിയ ഗോളിലൂടെ സമനില പിടിച്ച ജര്‍മനി അഞ്ച് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായും, അതേ പോയിന്റുമായി സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാര്‍ട്ടറിലെത്തി.
ആവേശപ്പോരാട്ടത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനായി ഡാൻ എൻഡോയെയും ജർമനിക്കായി നിക്ലസ് ഫുൾക്രഗുമാണ് ഗോൾ നേടിയത്. ആദ്യം മുതല്‍ ആക്രമിച്ചുകളിച്ചെങ്കിലും സ്വിസ് പടയ്ക്കുമുന്നില്‍ ജര്‍മനിയുടെ ലക്ഷ്യങ്ങള്‍ പലപ്പോഴും ഫലം കണ്ടില്ല. 17ാം മിനിറ്റിൽ റോബർട്ട് ആൻഡ്രിച്ചിന്‍റെയൊരു ബുള്ളറ്റ് ഷോട്ട് സ്വിസ് വലയിൽ കയറിയിരുന്നു. എന്നാൽ, വാർ പരിശോധനയിൽ റഫറി ഗോൾ നിഷേധിച്ചു. ബോക്സിനുള്ളിൽ ജമാൽ മൂസിയാല സ്വിസ് താരം മൈക്കൽ എബിഷറെ ഫൗൾ ചെയ്തതാണ് തിരിച്ചടിയായത്. 28-ാം മിനുറ്റില്‍ സ്വിസ്പ്പട ലീഡെടുത്തു. ഫാബിയാന്‍ റീഡര്‍ ബോക്സിനുള്ളിലേക്ക് നീട്ടിനല്‍കിയ പന്തില്‍ റെമോ ഫ്രൂലറിന്റെ ക്രോസാണ് എന്‍ഡോയെ വലയിലെത്തിച്ചത്. എന്‍ഡോയെ വീണ്ടും ജര്‍മന്‍ പ്രതിരോധം പൊളിച്ചെത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു.
രണ്ടാം പകുതിയില്‍ കരുതലോടെയാണ് ജര്‍മനി കളിച്ചത്. അതിന്റെ ഫലമെന്നോണം 50ാം മിനിറ്റില്‍ ഗോളെന്നുറച്ച ഷോട്ട് പിറന്നിരുന്നു. മൂസിയാലയുടെ ഷോട്ട് പക്ഷേ, സ്വിസ് ഗോളി തട്ടിയകറ്റി. സ്വിസ് പ്രതിരോധം കടുപ്പിച്ചതോടെ ജര്‍മന്‍ ഗോള്‍ശ്രമങ്ങള്‍ പലതും നിഷ്ഫലമായി. ജര്‍മന്‍ ഗോളി കളിക്കാരെ മാറ്റിപരീക്ഷിച്ചിട്ടും കാര്യമുണ്ടായില്ല. അതിനിടെ, 83ാം മിനിറ്റിൽ പകരക്കാരനായെത്തിയ റൂബൻ വർഗാസ് സ്വിസിനായി രണ്ടാം ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. പിന്നാലെ, സാകയുടെ ലോംഗ്ഷോട്ട് ന്യൂയർ തട്ടിയകറ്റി.
സ്വിസ്പ്പടയുടെ ജയം പ്രതീക്ഷിക്കപ്പെടിരുന്ന സമയത്തായിരുന്നു ജര്‍മനിയുടെ തിരിച്ചടി. ഇൻജുറി ടൈമിൽ പകരക്കാരനായെത്തിയാണ് ഫുൾക്രസ് ജർമനിയുടെ രക്ഷകനായി മാറിയത്. മറ്റൊരു പകരക്കാരൻ ഡേവിഡ് റാം ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയ പന്താണ് ഹെഡ്ഡറിലൂടെ ഫുൾക്രസ് വലയിലെത്തിച്ചത്. ഒറ്റ ഗോള്‍ സമനില മത്സരത്തില്‍ ഇരു ടീമുകളും പോയിന്റ് പങ്കിടുകയും ചെയ്തു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹംഗറിയോട് ഇൻജുറി ടൈമിലെ അവസാന സെക്കൻഡിൽ വഴങ്ങിയ സ്കോട്ട്ലൻഡിന്‍റെ നോക്കൗട്ട് പ്രതീക്ഷകൾ തകര്‍ന്നു. മത്സരം ജയിച്ചിരുന്നെങ്കില്‍ മൂന്നാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ എത്താമായിരുന്നു. ഹംഗറിക്കായി ഇൻജുറി ടൈമില്‍ (90+10) കെവിൻ സിസോബോത്താണ് വിജയ ഗോൾ നേടിയത്.മൂന്നു പോയന്‍റുമായി ഹംഗറി മൂന്നാമതും, ഒരു പോയന്‍റുള്ള സ്കോട്ട്ലൻഡ് അവസാന സ്ഥാനത്തുമെത്തി.