

കാസർഗോഡ്: കേരള ചരിത്രത്തിലെ അതിനിർണായകമായ നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് പലയിടങ്ങളിൽ കള്ളവോട്ട് പരാതി ഉയർന്നു.
കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ കള്ളവോട്ട് ആരോപണ പരാതി ഉയർന്നു. കയ്യാർ 128ാം നമ്പർ ബൂത്തിൽ കള്ളവോട്ട് രേഖപ്പെടുത്തിയതായി ബിജെപി ആരോപിച്ചു. ഗൾഫിലുള്ള ഖാലിദ് എന്നയാളുടെ വോട്ട് നാട്ടിലുള്ള ജാഫർ എന്നയാൾ രേഖപ്പെടുത്തിയതായാണ് പരാതിയിൽ പറയുന്നത്.
മഞ്ചേശ്വരം മണ്ഡലത്തിലെ ബഡാജെയിൽ 21ാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീനിൽ ചെയ്യുന്നതിൽ കൂടുതൽ വോട്ട് രേഖപ്പെടുത്തുന്നതായും പരാതി ഉയർന്നു. ബൂത്തിൽ രണ്ടു മണിക്കൂറിനിടെ രണ്ട് വോട്ട് അധികം രേഖപ്പെടുത്തിയതായി കണ്ടെത്തി.
അമ്പലപ്പുഴയിലെ വോട്ടറുടെ വോട്ട് പോസ്റ്റൽ വോട്ടായി ചെയ്തതായും പരാതി. 139ാം നമ്പർ ബൂത്തിലെ ഷാജിമോൻ്റെ വോട്ടാണ് ചെയ്തത്. റിട്ടേണിംഗ് ഓഫീസറെ വിളിച്ച് അന്വേഷിച്ചപ്പോൾ വോട്ട് തൃക്കാക്കരയിൽ ചെയ്തിട്ടുണ്ട് എന്നാണ് അറിയിച്ചത് എന്ന് ഷാജിമോൻ പറഞ്ഞു. സംഭവത്തിൽ ഷാജിമോൻ പരാതി നൽകി.
ചെങ്ങന്നൂരിൽ വോട്ട് മാറി ചെയ്തതായി പരാതി. തിരുവൻവണ്ടൂർ എൽപി സ്കൂളിലെ ബൂത്ത് നമ്പർ 39ലാണ് വോട്ട് മാറി ചെയ്തത്. ബിജെപി 39-ാം ബൂത്ത് പ്രസിഡൻ്റ് എ.ജി. ഗോപാലകൃഷ്ണൻ അമ്മേത്ത് എന്ന ആളിൻ്റെ വോട്ടാണ് മറ്റൊരാൾ വന്നുചെയ്ത് പോയത്. തുടർന്ന് പ്രവർത്തകർ ഇടപെട്ട് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. പരിശോധനകൾക്ക് ശേഷം സംഭവം സ്ഥിരീകരിച്ചു. കൗണ്ടർ വോട്ട് ചെയ്ത ശേഷമാണ് ഗോപാലകൃഷ്ണൻ മടങ്ങിയത്.
തിരുവല്ല മണ്ഡലത്തിലെ കവിയൂരിൽ കള്ളവോട്ട് നടന്നതായി പരാതി. 84ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി ആരോപണം ഉയർന്നത്. സരോജിനി എന്ന വോട്ടർ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി തിരിച്ചറിഞ്ഞത്. ഇവരെ പിന്നീട് ടെൻഡർ വോട്ട് ചെയ്യിച്ചു.
തിരുവനന്തപുരത്ത് കള്ളവോട്ട് ചെയ്‌തെന്ന് പരാതി. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്നാണ് എൽഡിഎഫ് പരാതി. ബീമാപ്പള്ളി ഗവണ്മെന്റ് യു.പി. സ്കൂളിലാണ് പരാതി ഉയർന്നത്.
തൃശൂർ വടക്കാഞ്ചേരിയിലും കള്ളവോട്ട് പരാതി. ഗേൾസ് സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ വടക്കാഞ്ചേരി സ്വദേശി സജീവിന്റെ വോട്ട് പോസ്റ്റൽ വോട്ട് ചെയ്തതായി കണ്ടെത്തി. വോട്ട് ചെയ്യാനാകാതെ സജീവ് മടങ്ങി. സംഭവത്തിൽ പരാതി നൽകുമെന്ന് വോട്ടർ അറിയിച്ചു.
എറണാകുളം പള്ളുരുത്തിയിലും കള്ളവോട്ട് രേഖപ്പെടുത്തിയതായി പരാതി. ശ്രീ വെങ്കിടേശ്വര സ്കൂളിൽ 152ാം നമ്പർ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. പുളികലേഴന്ന് ജാസ്മിൻ എന്ന യുവതിയുടെ വോട്ടാണ് മറ്റാരോ ചെയ്തത്.
ഇടക്കൊച്ചിയിൽ കാളിയത്ത് വീട്ടിൽ കുഞ്ഞുമോളുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായി പരാതി. ഇടക്കൊച്ചി അക്വിനാസ് കോളേജിൽ ആയിരുന്നു പോളിങ് സ്റ്റേഷൻ. പിന്നീട് ടെൻഡർ വോട്ട് രേഖപ്പെടുത്തി.
ഒറ്റപ്പാലത്തും കള്ളവോട്ടുണ്ടായെന്ന് പരാതി. അമ്പലപ്പാറ എഎൽപി സ്കൂളിലെ 98ാം നമ്പർ ബൂത്തിലാണ് കള്ള വോട്ട് നടന്നത്. പ്രഭാകരൻ എന്നയാളുടെ വോട്ടാണ് മറ്റാരോ ചെയ്തത്. ടെൻഡർ വോട്ട് ചെയ്യാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ബേപ്പൂരിൽ വ്യാജ ഐഡി കാർഡുമായെത്തി കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുഡിഎഫ് പ്രവർത്തകനെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. കൊളത്തറ ആത്മവിദ്യാസംഘം സ്കൂളിൽ ബൂത്ത് നമ്പർ 94ലെ അബ്ദുൽ സമദിന്റെ വോട്ട് ചെയ്യാൻ എത്തിയയാളെയാണ് പിടികൂടിയത്.
കാസർഗോഡ് ഉദുമയിൽ കണ്ണടയിൽ ഒളിക്യാമറ വച്ച് ബൂത്തിനുള്ളിൽ കയറിയ യുഡിഎഫ് ചീഫ് ഏജൻ്റ് പിടിയിലായി. അഡ്വ. ബി.എം. ജമാലിനെയാണ് ഇലക്ഷൻ സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തത്. യുഡിഎഫ് സ്ഥാനാർഥി കെ. നീലകണ്ഠൻ്റെ ചീഫ് ഏജൻ്റാണ് അഡ്വ. ബി.എം. ജമാൽ.