തിരുവനന്തപുരം: രാഷ്‌ട്രീയ കേരളത്തെ ഇളക്കി മറിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ കൊട്ടിക്കലാശത്തിന് സമാപനം. ആറ് മണിയോടെ തന്നെ ആവേശ പ്രചാരണം അവസാനിച്ചു.
പരസ്യ പ്രചാരണത്തിൻ്റെ അവസാന മണിക്കൂറുകളിൽ ബാൻഡ് മേളങ്ങളും കൊടികളും ഉയർത്തി വൻ ജനാവലിയാണ് ഒരോ കേന്ദ്രങ്ങളിലും എത്തിച്ചേർന്നത്. ബുധനാഴ്ചത്തെ നിശബ്‌ദ പ്രചാരണങ്ങൾക്ക് ശേഷം വ്യാഴാഴ്ച കേരളം പോളിങ് ബൂത്തിലെത്തും. സുരക്ഷ മുൻനിർത്തി എല്ലാ മണ്ഡലങ്ങളിലും കേന്ദ്ര സേനയെയും പൊലീസിനേയും വിന്യസിച്ചിരുന്നു.
മുദ്രവാക്യം വിളിച്ചും വാദ്യഘോഷം മുഴക്കിയും നൃത്തചുവടുവച്ചും പ്രവർത്തകരും നേതാക്കളും നാടും നഗരവും ഇളക്കി മറിച്ചു. പരസ്യ പ്രചാരണത്തിൻ്റെ അവസാന നിമിഷങ്ങളിൽ ആവേശം പകർന്നു കൊട്ടിക്കലാശം നടക്കുന്ന ഇടങ്ങളിലേക്ക് സ്ഥാനാർഥികളുമെത്തി. തുറന്ന വാഹനങ്ങളിലും ക്രെയിനിൽ കയറിയും സ്ഥാനാർഥികൾ അഭിവാദ്യം ചെയ്തതോടെ ആവേശം അലയടിച്ചു.
കളമശേരിയിലെ എൽഡിഎഫ് സ്ഥാനാർഥി പി രാജീവിനായി റാപ്പർ വേടനും , നേമത്തെ യുഡിഎഫ് സ്ഥാനാർഥി കെഎസ് ശബരീനാഥനായി നടി പ്രിയങ്കയും കൊട്ടിക്കലാശത്തിൽ അണിനിരന്നു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയുടെ ചിത്രം വരച്ച പുലികൾ കൊട്ടിക്കലാശത്തിലെ കൗതുകമായി. അതേസമയം പ്രളയ അഴിമതി വിവാദത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടിക്കലാശം ഒഴിവാക്കിയ ആറന്മുളയിലെ യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി ഗാന്ധി സ്‌ക്വയറിൽ സത്യാഗ്രഹമിരുന്നു.
ഫ്ലെക്സിനും പോസ്റ്ററിനും പിന്നാലെ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ കൊട്ടിക്കലാശവും ഒഴിവാക്കി. കൊട്ടിക്കലാശം ഒഴിവാക്കിയ പാലായിലെ യുഡിഎഫ് സ്ഥാനാർഥി തുക ജീവകാരുണ്യ പ്രവർത്തനത്തിന് നീക്കി വയ്ക്കുമെന്ന് പ്രഖ്യാപിച്ചു. കൊട്ടിക്കലാശം പലയിടത്തും , വാക്കേറ്റത്തിനും കയ്യാങ്കളിക്കും വേദിയായി. ഇനിയുള്ള മണിക്കൂർ നിശബ്ദ പ്രചാരണമാണ്. പിണറായി 3.൦ ഉണ്ടാകുമോ അതോ യുഡിഎഫ് തിരിച്ചു വരുമോ. മറ്റന്നാൾ കേരളം വിധിയെഴുതും.