മൈലേജിനേക്കാൾ മുൻ​ഗണന സുരക്ഷയ്ക്ക്! വാഹന പ്രേമികളുടെ താൽപ്പര്യങ്ങൾ മാറുന്നു?

സുരക്ഷ ഫീച്ചറുകൾ കൂടിയ കാറുകളാണ് ഇപ്പോൾ കാർ വിപണി ഭരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Meta AI
Published on

ദീർഘകാലമായി കാർ വിപണിയിൽ ആധിപത്യം പുലർത്തിയത് താങ്ങാവുന്ന വിലയായിരുന്നു. ബജറ്റ് ഫ്രണ്ട്ലി കാറുകൾക്ക് ഡിമാൻ്റ് വളരെ കൂടുലായിരുന്നു. എന്നാൽ ഇന്ന് കഥ മാറി. ബജറ്റ് ഫ്രണ്ട്ലി എന്നതിൽ നിന്നും ആളുകൾ ഇപ്പോൾ മുൻതൂക്കം നൽകുന്നത് സുരക്ഷയ്ക്കാണ്. സുരക്ഷ ഫീച്ചറുകൾ കൂടിയ കാറുകളാണ് ഇപ്പോൾ കാർ വിപണി ഭരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

2025 ലെ ആദ്യ നാല് മാസങ്ങളിലെ കണക്കുകൾ എടുത്താൽ രാജ്യത്തെ മൊത്തം യാത്രാ വാഹന വിൽപ്പനയുടെ 15%വും ഭാരത് NCAP ഫൈവ് സ്റ്റാർ റേറ്റഡ് വാഹനങ്ങളായിരുന്നു. 2024 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലഘട്ടത്തിൽ ഇത് 10% ആയിരുന്നു. കാർ വാങ്ങുന്നവർ മൈലേജിനും മറ്റ് ചെലവുകൾക്കും പകരം സുരക്ഷയ്ക്ക് കൂടുതൽ മുൻഗണന നൽകുന്നു എന്നതിൻ്റെ സൂചനയാണിത്.

പ്രതീകാത്മക ചിത്രം
സുരക്ഷയാണോ നിങ്ങളുടെ മുന്‍ഗണന? ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് കാറുകള്‍ ഇതാണ്!

2024-ൽ മൊത്തത്തിലുള്ള കാർ വിൽപ്പന 4.3% വർധിച്ചപ്പോൾ, ഉയർന്ന തലത്തിലുള്ള സുരക്ഷാ റേറ്റിങ്ങുള്ള മോഡലുകളുടെ വിൽപ്പന വർഷം തോറും 12% വർധിച്ചതായാണ് ഓട്ടോമോട്ടീവ് ഗവേഷണ സ്ഥാപനമായ ജാറ്റോ ഡൈനാമിക്സിന്റെ കണക്കുകൾ പറയുന്നത്. സുരക്ഷ എന്നത് നിലവിൽ ഒരു മികച്ച വാങ്ങൽ ചാലകമാണെന്നും ജാറ്റോ ഡൈനാമിക്സ് വ്യക്തമാക്കുന്നു.

ഉപയോക്താക്കളുടെ മാറി വരുന്ന മുൻ​ഗണനകൾക്കൊപ്പം ഓടിയെത്താൻ തന്നെയാണ് കാർ നിർമാതാക്കളും ശ്രമിക്കുന്നത്. എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD) ഉള്ള ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റങ്ങൾ (ABS), ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ തുടങ്ങി ആദ്യകാലത്ത് ആഡംബരമായി കണക്കാക്കപ്പെട്ടിരുന്ന സുരക്ഷാ സവിശേഷതകളെല്ലാം അതിവേഗം സ്റ്റാൻഡേർഡ് ഫീച്ചറുകളായി മാറുന്നതും അതുകൊണ്ടുതന്നെയാണ്.

2025 ഒക്ടോബറോടെ യാത്രാ വാഹനങ്ങളിൽ ആറ് എയർബാഗുകൾ വേണമെന്ന സർക്കാർ ഉത്തരവും ഇതിന് കാരണമായിട്ടുണ്ട്. എങ്കിലും ഉപയോക്താക്കൾ സുരക്ഷയ്ക്ക് ഉയർന്ന മൂല്യം നൽകുന്നത് തന്നെയാണ് ഈ ഒരു ട്രെൻ്റിൻ്റെ പ്രധാന ഘടകം. പലപ്പോഴും വാഗ്ദാനം ചെയ്യുന്ന എയർബാഗുകളുടെ എണ്ണം അനുസരിച്ചാണ് ഇത് കണക്കാക്കുന്നതെന്നാണ് മഹീന്ദ്ര & മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ടെക്നോളജി ആൻഡ് പ്രൊഡക്റ്റ് ഡെവലപ്മെന്റ് പ്രസിഡന്റ് ആർ. വേലുസാമി പറയുന്നത്.

പ്രതീകാത്മക ചിത്രം
വാഹനപ്രേമികളേ, ഹോണ്ട സിറ്റി സ്‌പോർട് എഡിഷൻ ഇന്ത്യയിലെത്തി; അറിയേണ്ടതല്ലാം!

അപകടങ്ങൾ തടയുന്നതിനുള്ള നൂതന സവിശേഷതകൾ, അപകടമുണ്ടായാൽ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ശക്തമായ ക്രാഷ്-ടെസ്റ്റ് റേറ്റിങ്ങുകൾ എന്നിങ്ങനെ രണ്ട് പ്രധാന സുരക്ഷാ ഘടകങ്ങളാണ് വാഹനം വാങ്ങാനെത്തുന്ന മിക്കവരും തിരയുന്നത്. സുരക്ഷയ്ക്ക് നൽകുന്ന ഈ പ്രാധാന്യം വിൽപ്പനയിലും പ്രതിഫലിക്കുന്നുണ്ടെന്നും വേലുസാമി പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളുടെ എല്ലാ മോഡലുകളിലും ഇതിനകം തന്നെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) സജ്ജീകരിച്ചിട്ടുണ്ടെന്ന് മാരുതി സുസുക്കിയിലെ കോർപ്പറേറ്റ് അഫയേഴ്‌സ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ രാഹുൽ ഭാരതി പറഞ്ഞു. കൂടാതെ റെഗുലേറ്ററി ആവശ്യകതകൾക്കപ്പുറം പല മോഡലുകളിലും EBDയുള്ള എബിഎസ്, ഹിൽ-ഹോൾഡ് അസിസ്റ്റ് തുടങ്ങിയ മറ്റ് സവിശേഷതകളും സജ്ജീകരിച്ചിട്ടുണ്ട്. ഈ വർഷത്തിനുള്ളിൽ എല്ലാ മോഡലുകളുടെയും വകഭേദങ്ങളിൽ സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുമെന്നും ഭാരതി വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ ഒന്നാണ് ഇന്ത്യയുടെ റോഡ് സുരക്ഷാ റെക്കോർഡുകൾ. 2023ൽ രാജ്യത്ത് മണിക്കൂറിൽ 53 അപകടങ്ങളാണ് ഉണ്ടായത്. സർക്കാർ ഡാറ്റകൾ പ്രകാരം, 80% റോഡപകടങ്ങളുടെയും കാരണം അമിത വേ​ഗതയോ, നിലവാരമില്ലാത്ത വാഹന സുരക്ഷയോ ആണ്. സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കുക മാത്രമല്ല ഇതിന് പരിഹാരമെന്നുള്ളത് തന്നെയാണ് പുതിയ സുരക്ഷ സവിശേഷതകളുടെ ആവശ്യവും വ്യക്തമാക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com