കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ തന്റെ 84ാം ജന്മദിനം ആഘോഷിച്ചത്. മുംബൈയിലെ വസതിയായ ജൽസയ്ക്ക് പുറത്ത് തടിച്ചു കൂടിയ ആരാധകരെ അഭിവാദ്യം ചെയ്യുന്ന പതിവ് ഈ ജന്മദിനത്തിലും താരം തെറ്റിച്ചില്ല. എന്നാൽ, അതിനിടെ നടന്ന ഒരു സംഭവം വലിയ സോഷ്യൽ മീഡിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്.
പിറന്നാൾ ആശംസകൾ നേരാനെത്തിയ ആരാധകരെ കാണാനായി 'ജൽസ'യ്ക്ക് പുറത്തിറങ്ങിയ അമിതാഭിന് സമീപത്തേക്ക്, സുരക്ഷാക്രമീകരണങ്ങൾ മറികടന്ന് ഒരു ആരാധിക ഓടിയെത്തുകയായിരുന്നു. അമിതാഭിന് ഹസ്തദാനം നൽകുകയായിരുന്നു ലക്ഷ്യം. എന്നാൽ, അദ്ദേഹം അത് സൗമ്യമായി നിരസിച്ചു. പെൺകുട്ടി സുരക്ഷാ ജീവനക്കാരെ മറികടന്ന് താരത്തിന് ഹസ്തദാനം നൽകാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്.
ഈ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി അമിതാഭ് ബച്ചനെ വിമർശിച്ചും പിന്തുണച്ചും സമൂഹമാധ്യമങ്ങളിൽ നിരവധി പോസ്റ്റുകളാണ് വരുന്നത്. അമിതാഭിന് ആ പെൺകുട്ടിയോട് കുറച്ചുകൂടി അനുകമ്പയോടെ പെരുമാറാമായിരുന്നു എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. വലിയ പ്രതീക്ഷയോടെ ഇഷ്ടതാരത്തെ കാണാൻ എത്തിയ ആരാധികയെ നിരാശയോടെ മടക്കി അയച്ചത് മോശമായിപ്പോയെന്നാണ് ഇവരുടെ പക്ഷം. സൽമാൻ ഖാനെപ്പോലെയുള്ള താരങ്ങളുമായി താരതമ്യം ചെയ്തും അമിതാഭിനെതിരെ ചിലർ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.
അതേസമയം, അമിതാഭ് ബച്ചനെ പിന്തുണച്ചും ആരാധകരുടെ ഇത്തരം പ്രവൃത്തികളെ വിമർശിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ കാണാം. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ഇത്തരത്തിൽ പ്രവർത്തിക്കുന്നത് ശരിയല്ലെന്നാണ് ഇവരുടെ വാദം.