

"ഒടുവിൽ ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തി. എനിക്കതിൽ സന്തോഷവും ആശ്വാസവുമുണ്ട്. പലരും ഇത് ഇതിനകം തന്നെ ഡൗൺലോഡ് ചെയ്ത് കഴിഞ്ഞു. ഒരിക്കൽ എന്തെങ്കിലും ഓൺലൈനിൽ എത്തിയാൽ, അത് പിന്നീട് ഒരിക്കലും ഇല്ലാതാകില്ല," ഗായകനും നടനുമായ ദിൽജിത്ത് ദൊസാഞ്ചിന്റെ വാക്കുകളാണ്. ദിൽജിത്തിനെ നായകനാക്കി ഹണി ട്രെഹാൻ സംവിധാനം ചെയ്ത ഒരു ചിത്രം മൂന്ന് ദിവസം മുൻപാണ് ഒടിടിയിൽ റിലീസ് ചെയ്തത് - 'സത്ലജ്'. സീ 5 പ്ലാറ്റ്‌ഫോമിൽ പുറത്തുവന്ന സിനിമയ്ക്ക് 48 മണിക്കൂർ മാത്രമായിരുന്നു ആയുസ്. വെറും 48 മണിക്കൂർ! ഇപ്പോൾ സീ5ൽ ചിത്രം തിരയുന്നവർ കാണുക 'നിങ്ങളുടെ പ്രദേശത്ത് ഈ ഉള്ളടക്കം ലഭ്യമല്ല' എന്ന സന്ദേശമാകും. രാജ്യത്ത് അടുത്തിറങ്ങിയ മികച്ച ബയോപ്പിക്കുകളിൽ ഒന്ന് ഇന്ത്യയിൽ ലഭ്യമല്ല. എന്താണ് അതിന് കാരണം?
നിലവിലെ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ചിത്രം ലഭ്യമാകില്ലെന്നാണ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമിന്റെ വിശദീകരണം. റിപ്പോർട്ടുകൾ പ്രകാരം, ഇതിലെ 'നിലവിലെ സാഹചര്യം' എന്നത് ചിത്രത്തിലെ ചിലഭാഗങ്ങൾ ദേശവിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നതാണ്. അതുകൊണ്ടു തന്നെ 'സത്ലജ്' എന്ന ചിത്രത്തിന് പുനർജന്മം നൽകുന്ന 'ഒരു അറിയിപ്പ്' പുതിയകാല ഇന്ത്യയിൽ സാധ്യമാണോ എന്ന കാര്യം സംശയമാണ്.
'സത്ലജ്' എന്നൊരു ചിത്രം ഒടിടിയിലേക്ക് വരുന്നതായി അധികം പേരും അറിഞ്ഞിട്ടുണ്ടാകില്ല. വലിയ പ്രൊമോഷൻ ഒന്നുമില്ലാതെയാണ് സിനിമ എത്തിയത്. പരസ്യം കൂടിയാൽ സിനിമ വെളിച്ചം കാണില്ല എന്നായിരുന്നു അണിയറപ്രവർത്തകരുടെ ഭയം. ഇത് നായകൻ ദിൽജിത്ത് ദൊസാഞ്ച് പരസ്യമാക്കുകയും ചെയ്തിരുന്നു. സിനിമ നീക്കപ്പെടുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു. ഒപ്പം, നിങ്ങൾക്ക് എന്നെ എത്രവേണമെങ്കിലും ഉപദ്രവിക്കാമെന്നും മരണം വരെ താൻ പഞ്ചാബിനൊപ്പമായിരിക്കും എന്നും.
സിഖ് മനുഷ്യാവകാശപ്രവർത്തകനായ ജസ്വന്ത് സിംഗ് ഖൽറയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് 'സത്ലജ്' ഒരുക്കിയിരിക്കുന്നത്. 1984നും 1994നും ഇടയിൽ പൊലീസിന്റെ നേതൃത്വത്തിൽ പഞ്ചാബിൽ നടന്ന നരമേധത്തെ രാജ്യാന്തര തലത്തിൽ തുറന്നുകാട്ടിയ ആളാണ് ജസ്വന്ത് സിംഗ്. അടിയന്തരാവസ്ഥ, ഖലിസ്ഥാൻ വാദം, ഇന്ദിരാഗാന്ധി വധം, തുടർന്നുള്ള സിഖ് കൂട്ടക്കൊല എന്നിവയ്ക്ക് സാക്ഷിയായ ഒരു സമൂഹം അധികാരക്കൊതി മൂത്ത സ്വന്തം കൂട്ടരിൽ നിന്നുതന്നെ കൊടിയ മനുഷ്യാവകാശ ലംഘനങ്ങളാണ് നേരിടേണ്ടിവന്നത്. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും ആണ് ഈ കാലയളവിൽ പഞ്ചാബിൽ 'അപ്രത്യക്ഷരായത്'. 'മൃതദേഹക്കണക്കി'ൽ സ്ഥാനക്കയറ്റം ലഭിച്ച ചില പൊലീസുകാർ ഇവരുടെ ശവശരീരങ്ങൾ സത്ലജിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു. മറ്റു ചിലരെ അജ്ഞാത മൃതദേഹങ്ങളായി അവകാശികളറിയാതെ പൊതുശ്മശാനങ്ങളിലെ ചിതകളിലേക്കിട്ടു. എന്നാൽ, അവർക്കായി ഒരു ശബ്ദം ഉയർന്നു. അത് പലതായി. ഒരു മുന്നേറ്റമായി.
ഇരുട്ടിനെതിരെ ആയിരുന്നു ജസ്വന്തിന്റെ പോരാട്ടമെന്ന് ഈ സിനിമ പലവട്ടം പറയുന്നു. പൊലീസിനെ മർദനോപകരണമാക്കി പ്രവർത്തിച്ചിരുന്ന ഭരണകൂടത്തിനെതിരെയായിരുന്നു ആ പോര്. ഒരു സഹകരണ ബാങ്ക് ഡയറക്ടറിൽ നിന്ന് മനുഷ്യാവകാശ പ്രവർത്തകനായുള്ള അദ്ദേഹത്തിന്റെ യാത്രയും വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വെളിച്ചത്തുകൊണ്ടുവരാനായി സഹിച്ച യാതനകളും ഭയാനകമാണ്. അന്നത്തെ പഞ്ചാബ് ഡിജിപി കെ.പി.എസ്. ഗില്ലിനെ (ഡിജിപി ബിട്ട എന്ന പേരിലാണ് ചിത്രത്തിൽ ഗില്ലിനെ അവതരിപ്പിച്ചിരിക്കുന്നത്) പരസ്യമായി വെല്ലുവിളിച്ച ജസ്വന്ത് കാനഡയുടെ ഹൗസ് ഓഫ് കോമൺസിൽ നടത്തിയ പ്രസംഗം ആണ് ഈ വിഷയത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തത്. സിനിമയിലും ആ രംഗം കാണാം. സമാധാനകാംക്ഷികളെന്ന് നടിക്കുന്നവരുടെ പൊയ്മുഖത്തിന് അപ്പുറം കാണാനുള്ള ആഹ്വാനമായാണ് ആ പ്രസംഗം ആവിഷ്കരിച്ചിരിക്കുന്നത് - "ലോകമെമ്പാടുമുള്ള ജനങ്ങളേ, സമാധാനത്തിന്റെ രക്ഷകരായും ജനാധിപത്യത്തിന്റെ പ്രവാചകന്മാരായും നിങ്ങൾ ആരെയാണോ കണക്കാക്കുന്നത്, ആദ്യം അവരുടെ യഥാർത്ഥ മുഖം തിരിച്ചറിയുക; എന്നിട്ട് ഞങ്ങളോട് പറയുക, ആരാണ് തീവ്രവാദികൾ, ആരാണ് നീതിമാന്മാർ," എന്ന് പറഞ്ഞുകൊണ്ടാണ് സിനിമയിൽ ഈ പ്രസംഗം അവസാനിക്കുന്നത്. ജസ്വന്ത് സിംഗിന്റെ ആശയത്തിന്റെ തീവ്രത അത്രയും ഈ വാക്കുകളിൽ പ്രകടമാണ്.
ഒടുവിൽ, 1995 സെപ്റ്റംബർ ആറിന് ജസ്വന്ത് സിംഗും അപ്രത്യക്ഷനായി. അമൃത്സറിലെ കബീർ പാർക്കിലുള്ള വീട്ടിൽ നിന്നും പട്ടാപ്പകൽ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിനുപിന്നിൽ പഞ്ചാബ് പൊലീസ് ആണെന്ന് ആരോപണം ഉയർന്നു. എന്നാൽ, പൊലീസും സർക്കാറും ഈ ആരോപണങ്ങൾക്ക് ചെവികൊടുത്തില്ല. ജസ്വന്തിന്റെ പങ്കാളി പരംജിത് കൗർ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ചു. അങ്ങനെ പരമോന്നത കോടതിയുടെ ഉത്തരവ് പ്രകാരം കേസ് സിബിഐ ഏറ്റെടുത്തു. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനായിരുന്നു സിബിഐക്ക് നൽകിയിരുന്ന നിർദേശം.
ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങുന്നതായിരുന്നു സിബിഐയുടെ കുറ്റപത്രം. ജബൽ പൊലീസ് സ്റ്റേഷനിൽ വച്ച് അതിക്രൂരമായി മർദിച്ച ശേഷം ജസ്വന്ത് സിംഗിനെ വെടിവച്ചു കൊലപ്പെടുത്തുകയും, മൃതദേഹം ഹരികെ പാലത്തിൽ നിന്നും സത്‌ലജ് നദിയിലേക്ക് ഉപേക്ഷിക്കുകയും ചെയ്തുവെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ഈ ഓപ്പറേഷന് നേതൃത്വം കൊടുത്തത് എസ്എസ്പി അജിത് സിംഗ് സന്ധു ആണെന്നും കേന്ദ്ര ഏജൻസി കണ്ടെത്തി. എന്നാൽ, വിചാരണയ്ക്ക് മുൻപ് 1997ൽ സന്ധു ജീവനൊടുക്കി.
2005ൽ പട്യാല കോടതി, കേസിൽ ആറ് പൊലീസ് ഉദ്യോഗസ്ഥരെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചു. ഡിഎസ്പി ജസ്പാൽ സിംഗിനും അമർജിത് സിംഗിനും ജീവപര്യന്തം തടവും മറ്റ് നാല് പൊലീസുകാർക്ക് ഏഴ് വർഷം തടവും ആയിരുന്നു ശിക്ഷ. 2007ൽ പഞ്ചാബ്, ഹരിയാന ഹൈക്കോടതികൾ ഏഴ് വർഷം തടവ് ലഭിച്ചവർക്കും ജീവപര്യന്തം വിധിച്ചു. 2011ൽ സുപ്രീം കോടതി ഈ വിധി ശരിവച്ചു. പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അവകാശികളില്ലാത്തവർ എന്ന പേരിൽ സംസ്കരിച്ചുവെന്ന് ആരോപിക്കുന്ന 657 കേസുകൾ അന്വേഷിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു ഉന്നതതല സംസ്ഥാന സമിതിയോട് നിർദേശിക്കുകയും ചെയ്തു. സത്യം തിരഞ്ഞ് ഇരുട്ടിലേക്ക് ഇറങ്ങിയ ജസ്വന്ത് സിംഗ് ഖൽറയുടെ പോരാട്ടമായിരുന്നു ഈ വിഷയത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തത്.
സിനിമയിലെ ജസ്വന്ത് സിംഗിന്റെ അവസാന രംഗങ്ങൾ ആരുടെയും മനസുടച്ചു കളയും. ദിൽജിത്ത് മാത്രമല്ല, ഈ രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഓരോ അഭിനേതാവും തങ്ങളുടെ ഭാഗം ഭംഗിയായി കെട്ടിയാടി. ഛായാഗ്രഹകൻ കെ.യു. മോഹനന്റെ ഫ്രെയിമുകളിൽ ജീവൻ തുടിച്ചു. ഇരുട്ടിനെ പ്രകാശം കീഴടക്കുന്നത് അവയിൽ പ്രകടമാണ്. നേരെ തിരിച്ചും. കഥയിലും ഫ്രെയിമുകളിലും മാത്രമല്ല, അഭിനേതാക്കളുടെ കണ്ണുകളിൽ പോലും ആ തിളക്കം കാണാം. എന്നാൽ, ആ തിളക്കം പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഹണി ട്രെഹാന് നാലുവർഷം വേണ്ടിവന്നു എന്നുമാത്രം.
ഈ നാലുവർഷത്തിനിടയ്ക്ക് സിനിമയുടെ പേര് രണ്ട് തവണയാണ് മാറ്റേണ്ടിവന്നത്. 'ഗല്ലുഘര' എന്ന പേരിൽ 2022ലാണ് ചിത്രം പ്രഖ്യാപിച്ചത്. കൂട്ടക്കൊലയെ സൂചിപ്പിക്കാൻ സിഖുകാർ ഉപയോഗിക്കുന്ന പദമാണിത്. സെൻസർ ബോർഡിന് മുന്നിലെത്തിയ ചിത്രത്തിന് ആ പേര് നഷ്ടമായി. 21 കട്ടും ബോർഡ് നിർദേശിച്ചിരുന്നു. കാരണം ലളിതമായിരുന്നു - ഭരണകൂടത്തെ മോശമായി ചിത്രീകരിക്കുന്നു. വിട്ടുകൊടുക്കാൻ സിനിമയുടെ അണിയറപ്രവർത്തകർ തയ്യാറായിരുന്നില്ല. ടൈറ്റിൽ മാറ്റി. 'പഞ്ചാബ് 95' എന്നായിരുന്നു പുതിയ പേര്. സെൻസർ ബോർഡിനെതിരെ നിർമാതാക്കൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സെൻസർ ബോർഡിന്റെ പുനഃപരിശോധനാ കമ്മിറ്റിക്ക് കോടതി സിനിമ വിട്ടു. പക്ഷേ അവിടെയും പ്രതീക്ഷയ്ക്ക് വകയുണ്ടായിരുന്നില്ല. 21ന് പകരം 120 ഇടത്താണ് പുനഃപരിശോധനാ കമ്മിറ്റി കത്രിക വച്ചത്.
ഒടുവിൽ നാല് വർഷത്തിന് ശേഷം 'സത്ലജ്' എന്ന പേരിൽ ചിത്രത്തിന്റെ അൺകട്ട് പതിപ്പ് ഒടിടിയിൽ എത്തിയപ്പോഴോ? വെറും രണ്ട് ദിവസം കൊണ്ട് ചോരവീഴ്ത്താതെ ആ സിനിമയെ ഭരണകൂടം അപ്രത്യക്ഷമാക്കി. 2021ലെ ഐടി ചട്ടപ്രകാരം, 'സുരക്ഷ ആശങ്കകൾ' ചൂണ്ടിക്കാട്ടിയാണ് സിനിമ ഒടിടിയിൽ നിന്ന് നീക്കിയ സർക്കാർ നടപടിയെന്നാണ് പിടിഐ റിപ്പോർട്ട്. ഇത്തരം ഇടപെടലുകളെപ്പറ്റി തന്നെയാണ് സിനിമയും സംസാരിക്കുന്നത്. 'ഭരണകൂട ഭീകരത' എങ്ങനെയാണ് ഒരു സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നത് എന്ന് ഉറക്കെ പറയുകയായിരുന്നു 'സത്ലജ്'. 48 മണിക്കൂർ ജീവവായു ശ്വസിക്കാൻ ആ ചിത്രത്തിന് സാധിച്ചുവെന്നത് വലിയ കാര്യമാണ്.