കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത് കേന്ദ്ര സെൻസർ ബോർഡ്. ജാനകി എന്ന പേര് മാറ്റണം എന്ന ആവശ്യം തെറ്റായ രീതിയാണെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.
വെള്ളിയാഴ്ച തീയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യാൻ ഇരിക്കെയാണ് സെൻസർ ബോർഡ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തടഞ്ഞത്. സംസ്ഥാന സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ സിനിമയ്ക്ക് കേന്ദ്ര സെൻസർ ബോർഡ് ആണ് പ്രദർശനാനുമതി നിഷേധിച്ചത്. അതിക്രമത്തിന് ഇരയാകുന്ന ജാനകി എന്ന സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ് സിനിമ. സിനിമയുടെ പേര് മാത്രമല്ല കഥാപാത്രത്തിന്റെ പേരും മാറ്റണമെന്നാണ് ബോർഡ് നിർദേശിച്ചത്. 96 സ്ഥലത്ത് സുരേഷ് ഗോപി തന്നെ ജാനകി എന്ന് ഉപയോഗിച്ചിട്ടുണ്ട് എന്നും പേര് മാറ്റുക സാധ്യമല്ല എന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. നിയമപരമായി പോരാടുമെന്ന് സംവിധായകന്റെ തീരുമാനത്തിന് ഒപ്പം നിൽക്കുന്നു. ആവശ്യമെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നിട്ടിറങ്ങുമെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. വിഷയത്തിൽ ഇടപെട്ടു സംസാരിച്ചു എന്നാണ് സുരേഷ് ഗോപി പറഞ്ഞത് എന്നും അത് ഫലം കണ്ടോ എന്ന് നാളെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചാലേ അറിയൂ എന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
കേന്ദ്ര സെൻസർ ബോർഡിന്റെ ആദ്യ ഇര താനായിരുന്നു എന്ന് സംവിധായകൻ എം.ബി. പത്മകുമാർ പറഞ്ഞു. കേന്ദ്ര സെൻസർ ബോർഡിന്റെ ആദ്യ ഇര താനായിരുന്നു എന്നും ടോക്കൺ നമ്പർ എന്ന തന്റെ ചിത്രത്തിന് ആദ്യം പ്രദർശനാനുമതി നൽകിയില്ല എന്നും സംവിധായകൻ എം.ബി. പത്മകുമാർ പറഞ്ഞു. സമ്മർദ്ദത്തിന് വഴങ്ങി പേര് ജയന്തി എന്നാക്കിയപ്പോഴാണ് ഉപാധികളോടെ സർട്ടിഫിക്കറ്റ് ലഭിച്ചത്. ജാനകി എന്ന പ്രായമായ സ്ത്രീ എബ്രഹാം എന്നയാളെ സ്നേഹിക്കുന്നത് ആയിരുന്നു ടോക്കൺ നമ്പർ എന്ന ചിത്രത്തിന്റെ പ്രമേയം. രാഷ്ട്രീയ നേതാക്കൾ അല്ല ചില ഉദ്യോഗസ്ഥരാണ് ഇത്തരം മോശം കീഴ്വഴക്കം ഉണ്ടാക്കുന്നതെന്നും ബി. ഉണ്ണികൃഷ്ണനും എം.ബി. പദ്മകുമാറും പറഞ്ഞു.