സിനിമയെന്ന് പറഞ്ഞാൽ കോങ്കുന്നത്ത് താഴത്തേതിൽ ചന്ദ്രന് അതൊരു പ്രാന്താണ്! ഉയരെ സിനിമയിൽ ആർട്ട് ജോലിക്കാരനായെത്തി ലൊക്കേഷൻ തൂത്തുവാരി തുടങ്ങിയ ഈ പട്ടാമ്പി കൂടല്ലൂരുകാരൻ 'റോന്ത്' എന്ന ഒറ്റചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയമാണ് കീഴടക്കുന്നത്. ഇതിനോടകം നിരവധി മലയാള ചിത്രങ്ങളിൽ ആർട്ട് വിഭാഗത്തിലെ ജീവനക്കാരനായും ഒപ്പം ചെറിയ വേഷങ്ങളിൽ ക്യാമറയ്ക്ക് മുന്നിലുമെത്തിയ ചന്ദ്രൻ കൂടല്ലൂർ ന്യൂസ് മലയാളം വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് സിനിമയോടുള്ള ഒടുങ്ങാത്ത പ്രണയത്തെക്കുറിച്ച് മനസ് തുറക്കുന്നത്...
"സിനിമയ്ക്കായി പ്രാണൻ കൊടുക്കാൻ പറഞ്ഞാലും ഞാൻ കൊടുക്കും... സിനിമ എൻ്റെ രക്തത്തിലുണ്ട്...അതൊക്കെ അങ്ങനെയാണ്..." ചെറുചിരിയോടെ ചന്ദ്രൻ പറയുന്നു. റോന്ത് എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷകപ്രീതി നേടി മുന്നേറുന്നതിനിടയിലാണ് ചന്ദ്രൻ കൂടല്ലൂർ തൻ്റെ വിശേഷങ്ങൾ ന്യൂസ് മലയാളത്തോട് പങ്കുവെക്കുന്നത്.
അച്ഛനും അമ്മയും തമിഴ്നാട്ടിലെ ഊട്ടിയിലായിരുന്നു ജോലി. അച്ഛൻ്റെ വീട് പത്തിരിപ്പാലം അകലൂരാണ്. അമ്മയുടെ വീടാണ് പട്ടാമ്പി, കൂടല്ലൂർ. അമ്മയുടെ വീട്ടിൽ കല്യാണം കഴിക്കാത്ത രണ്ട് പെങ്ങൾമാരും ഒരു അമ്മാവനും ഉണ്ടായിരുന്നു. അവർക്ക് തുണയ്ക്ക് ഒരു ആൺകുട്ടി വേണ്ടേയെന്ന് കരുതിയാണ് അമ്മ എന്നെ മലമൽക്കാവ് സ്കൂളിൽ ഒന്നാം ക്ലാസിൽ എന്നെ വീണ്ടും ചേർത്തത്. ഊട്ടിയിൽ ഒന്നാം ക്ലാസും രണ്ടാം ക്ലാസും എന്നെ ചേർത്തിരുന്നു. പിന്നീടാണ് നാട്ടിലേക്ക് മാറുന്നത്. എൻ്റെ ചേട്ടനും ചേച്ചിയും കുടുംബവുമെല്ലാം ഇപ്പോൾ തമിഴ്നാട്ടിലാണ്. ചേച്ചി കോയമ്പത്തൂർ ടീച്ചറും ഏട്ടൻ തമിഴ്നാട്ടിൽ ബിസിനസുകാരനുമാണ്.
മലമൽക്കാവ് സ്കൂളിലായിരുന്നു എൽപി സ്കൂൾ വിദ്യാഭ്യാസം. തൃത്താലയിലായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. രണ്ടാം ക്ലാസ് മുതൽക്ക് തന്നെ മോണോ ആക്ട്, നാടകം എന്നിവയിലൊക്കെ പങ്കെടുക്കുമായിരുന്നു. അവയൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു. പിന്നെ ചെറുപ്പത്തിലേ സിനിമ എന്നു പറഞ്ഞാൽ ഭയങ്കര ഇഷ്ടമായിരുന്നു. തൊണ്ണൂറുകളിൽ മോഹൻലാൽ, മമ്മൂട്ടി ഇവരുടെയൊക്കെ സിനിമ കണ്ടു വളർന്നുവന്നവരാണ്.
എൻ്റെ സിനിമാക്കമ്പം തുടങ്ങിയത് കൂടല്ലൂർ ശ്രീധർ ടാക്കീസ് എന്ന ഓല മേഞ്ഞ തിയേറ്ററിൽ നിന്നായിരുന്നു. വൈകീട്ട് സാധനം വാങ്ങാൻ പറഞ്ഞയക്കുമ്പോൾ അന്ന് ആ തിയേറ്ററിൻ്റെ പുറകിൽ പോയി നിന്ന് കഥ കേൾക്കുമായിരുന്നു. അന്നാണെങ്കിൽ അകത്ത് ടിക്കറ്റെടുത്ത് കയറാൻ പാങ്ങുമില്ല. അങ്ങനെയാണ് ചെറുപ്പത്തിൽ സിനിമയുമായുള്ള ബന്ധത്തിൻ്റെ തുടക്കം.
സ്കൂൾ കാലഘട്ടം കഴിഞ്ഞപ്പോൾ അച്ഛനൊക്കെ നാട്ടിൽ വന്നു. നാട്ടിൽ ഒരു വീടൊക്കെ വച്ചു. ഹൈസ്കൂൾ കാലഘട്ടത്തിൽ നാടകം കളിച്ച് സബ് ജില്ലാ തലത്തിൽ വരെ മത്സരിച്ചിട്ടുണ്ട്. സ്കൂളിൽ ബെസ്റ്റ് ആക്ടറായിരുന്നു. തൃത്താല സ്കൂളിൽ മോണോ ആക്ടിലൊക്കെ ഫസ്റ്റായിരുന്നു. അക്കാലത്ത് ആഴ്ചയിൽ മൂന്ന് ദിവസമൊക്കെ മാത്രമെ സ്കൂളിൽ പോയിരുന്നുള്ളൂ. അധ്യാപകർ പലവട്ടം എന്നെ സിനിമ കാണാൻ പോകുന്നത് പിടിച്ചിട്ടുണ്ട്. ഒരു പടം തന്നെ നാലോ അഞ്ചോ തവണയൊക്കെ കാണും. സ്കൂളിൻ്റെ പത്ത് കിലോമീറ്റർ അകലത്തിലാണ് തിയേറ്ററുണ്ടായിരുന്നത്. രാവിലെ 8 മണിക്ക് വീട്ടിൽ നിന്നിറങ്ങി നൂൺ ഷോ, മാറ്റിനി ഒക്കെ കണ്ട് സ്കൂൾ വിടുമ്പോഴേക്ക് വീട്ടിലെത്തും.
ഹൈസ്കൂൾ കാലഘട്ടത്തിൽ രാത്രി മണൽ കയറ്റുന്ന ജോലിയുണ്ടായിരുന്നു. മണലെടുക്കുന്ന ജോലിക്കാർക്ക് ഇഡ്ഡലി ഉണ്ടാക്കി വിൽക്കുകയും ചെയ്തിരുന്നു. കൂടാതെ കശുവണ്ടി പെറുക്കി വിൽക്കുകയും, അച്ഛൻ്റെ പോക്കറ്റിൽ നിന്ന് പൈസ എടുക്കുകയും ചെയ്തിരുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞയുടൻ കോയമ്പത്തൂരിലെ ബനിയൻ കമ്പനിയിലേക്ക് ജോലിക്ക് പോയി. പത്താം ക്ലാസ് ജയിക്കില്ലെന്ന് അറിയാമായിരുന്നതിനാൽ, ജയിക്കുമെന്നുറപ്പുള്ള ഒരു കൂട്ടുകാരൻ്റെ നമ്പറാണ് വീട്ടിൽ കൊടുത്തിരുന്നത്. അന്ന് യഥാർത്ഥത്തിൽ തോറ്റപ്പോഴും വീട്ടുകാർക്ക് ലഡുവൊക്കെ കൊടുത്തിരുന്നു. കുറേ കാലം കഴിഞ്ഞ് മനസ്താപം തോന്നിയപ്പോൾ വീട്ടുകാരോട് ഉള്ളതെല്ലാം തുറന്ന് പറഞ്ഞു. ഇനി വീട്ടിൽ കയറിപ്പോകരുതെന്നായിരുന്നു അന്ന് അച്ഛൻ്റെ മറുപടി.
ഒരു വർഷം ബനിയൻ കമ്പനിയിൽ ജോലി ചെയ്ത ശേഷമാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഊട്ടിയിൽ നിന്ന് ചായപ്പൊടി കൊണ്ടുവന്ന് ഇവിടെ സൈക്കിളിൽ പോയി വീടുകളിലൊക്കെ വിതരണം ചെയ്തു. അപ്പോഴും മനസിൽ സിനിമയുണ്ട്, പക്ഷേ അതിലേക്ക് എങ്ങനെ എത്തിപ്പെടുമെന്ന് വലിയ ധാരണയില്ലായിരുന്നു. നരസിംഹം റിലീസ് ചെയ്യുമ്പോൾ ഞാൻ ഒരു ഹോട്ടലിൽ പാത്രം കഴുകുകയായിരുന്നു. ഞാൻ ജോലി ചെയ്തിരുന്ന ഹോട്ടലിലായിരുന്നു ആ ചിത്രത്തിൻ്റെ വിജയാഘോഷം നടന്നത്. അന്ന് മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെ വൻ താരനിര അവിടെ ഉണ്ടായിരുന്നു. എന്നാൽ പാത്രം കഴുകി മേലുവേദന വന്ന് കിടപ്പായിരുന്നു.
വല്യേട്ടൻ്റെ ഷൂട്ടിങ് തൃപ്രയാറിൽ നടക്കുമ്പോൾ ആ സിനിമയുടെ താരങ്ങളും ഇതേ ഹോട്ടലിൽ ഉണ്ടായിരുന്നു. താരങ്ങളെ കാണാനെത്തിയവരെയെല്ലാം ഹോട്ടലിൽ നിന്ന് ഓടിച്ചുവിട്ടു. അന്ന് കാണാൻ പറ്റാത്ത ആൾക്കാരുടെ കൂടെ പിന്നീട് സിനിമയിൽ ജോലി ചെയ്യാനായെന്നതാണ് സന്തോഷം. സിദ്ദിഖിൻ്റെ കൂടെ 'എല്ലാം ശരിയാകും'എന്ന ചിത്രത്തിൽ ഒപ്പമിരുന്ന് ഡയലോഗ് പറയാനായെന്നതാണ് ജീവിതത്തിലെ പ്രധാന സന്തോഷം.
ഞാൻ പിന്നീട് വാർപ്പ് പണി, പെയിൻ്റിങ് ജോലി, ആയുർവേദ കടയിലെ ഹെൽപ്പർ, കല്യാണത്തിന് പാചകപ്പണി തുടങ്ങിയ ജോലികൾക്കൊക്കെ പോയിരുന്നു. ആയുർവേദ കടയിൽ നിൽക്കെ അതുവഴി പോയിരുന്ന പെൺകുട്ടിയുമായി തീവ്രമായ പ്രണയത്തിലായി. 2009ൽ 25ാം വയസിൽ എൻ്റെ കല്ല്യാണം കഴിഞ്ഞു. അക്കാലത്തും സിനിമകൾ മുടങ്ങാതെ കാണുമായിരുന്നു. റിലീസ് ദിവസം തന്നെ സിനിമകളെല്ലാം കാണാൻ പരമാവധി ശ്രദ്ധിച്ചിരുന്നു.
2018ൽ പ്രളയം വന്ന് ജോലി ഒക്കെ ഇല്ലാതായപ്പോൾ കുറേ ബുദ്ധിമുട്ടി. പോസ്റ്റ് വുമൺ ആയിരുന്ന ഭാര്യയുടെ ശമ്പളം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. അക്കാലത്ത് നാല് കൂട്ടുകാരുമായി ചേർന്നൊരു ചിട്ടി തുടങ്ങിയിരുന്നു. എന്നാൽ അതിൽ രണ്ടുപേർ രണ്ടര ലക്ഷം രൂപയുമായി മുങ്ങിയതോടെ പെട്ടു പോയി. അക്കാലത്ത് ആ കടം വീട്ടാനുള്ള ശേഷി എനിക്കില്ലായിരുന്നു. ഭാര്യയുടെ താലി ചെയിൻ വിറ്റാണ് കുറിയുടെ കടം വീട്ടിയത്.
സിനിമയിലുള്ള കൂട്ടുകാരൻ അജിയെ വിളിച്ച് എന്തെങ്കിലും ജോലി കിട്ടുമോയെന്ന് അന്വേഷിക്കുമായിരുന്നു. ഇന്ന് ഞാൻ ഈ അവസ്ഥയിൽ എത്താൻ കാരണം അവനാണ്. അവനെ ഒരു കാലത്തും മറക്കാനാകില്ല. നിരന്തരം അവനെ ഞാൻ വിളിച്ച് ശല്യം ചെയ്യുമായിരുന്നു. കുറേ കാലം കഴിഞ്ഞ് അജി എന്നെ എറണാകുളത്തേക്ക് വിളിപ്പിച്ചു. കളമശേരി ബസ് ഇറങ്ങിയ എന്ന കാക്കനാട് ഗൾഫ് പ്ലാസ എന്ന ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. പിറ്റേന്ന് ചെന്നുകയറിയത് ഉയരെ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് ആയിരുന്നു. ദിലീപ് നാഥ് എന്ന പ്രൊഡക്ഷൻ ഡിസൈനറുടെ കൂടെ ആർട്ടിൽ ആദ്യമായി ജോലി ചെയ്യുന്നത് ഉയരെയിൽ ആയിരുന്നു.
അന്ന് മുതൽ ആർട്ടിൻ്റെ കൂടെയാണ് ഞാൻ ജോലി ചെയ്യുന്നത്. പിന്നീട് അവിടെ നിന്ന് കിട്ടുന്ന ഓരോ അവസരങ്ങളായിരുന്നു എൻ്റെ വഴികൾ. ഷാഹിക്കയെ കണ്ട് പരിചയപ്പെട്ടതും, ജിബു ജേക്കബ് സാറിനെ കണ്ടുമുട്ടുന്നതും 'എല്ലാം ശരിയാകും' എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്യുന്നതും അങ്ങനെയാണ്.
'ഇലവീഴാ പൂഞ്ചിറ' എന്ന സിനിമ ചെയ്യുമ്പോഴാണ് ആളുകൾ കൂടുതലായി ശ്രദ്ധിക്കുന്നത്. "ഇതാര് കേരളത്തിലെ പുഷ്പയോ?" എന്ന തരത്തിലുള്ള ട്രോളുകളും എന്നെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അമ്പതോളം കമൻ്റുകൾ അതിനകത്ത് വന്നു കിടപ്പുണ്ട്. ഇടയ്ക്കൊക്കെ ഞാൻ അതെടുത്ത് വായിക്കാറുണ്ട്.
കൂടല്ലൂരുകാരിയായ ഭാര്യ ശ്രീജ പോസ്റ്റ് വുമണാണ്. നിലവിൽ ഡൽഹിയിലേക്ക് ട്രാൻസ്ഫർ കിട്ടിയിരിക്കുകയാണ്. ഞങ്ങൾക്ക് രണ്ട് പെൺകുട്ടികളാണ്. എട്ടാം ക്ലാസുകാരി ദേവീകൃഷ്ണയും, അഞ്ചാം ക്ലാസുകാരി ദിയ കൃഷ്ണയും. തൃത്താല കെഎസ് മേനോൻ മെമ്മോറിയൽ ഹൈസ്കൂളിലാണ് ഇരുവരും പഠിക്കുന്നത്. മൂത്തമകൾ ദേവി നന്നായി പഠിക്കും. സ്കൂളിലെ ക്വിസിലൊക്കെ പങ്കെടുക്കാറുണ്ട്. യു.എസ്.എസ് സ്കോളർഷിപ്പ് നേടിയിട്ടുണ്ട്. ഇളയ മകൾ ദിയ സ്പോർട്സ് യോഗയിൽ ഇൻ്റർനാഷണൽ ഗോൾഡ് മെഡൽ വിന്നറാണ്. ദേശീയ തലത്തിലും അവൾ ഗോൾഡ് മെഡൽ നേടിയിട്ടുണ്ട്.
'ഉയരെ' എന്ന ചിത്രത്തിലാണ് ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയത്. അതിൽ കോടതിയുടെ മുന്നിലെ പാസിങ് ഷോട്ടായിരുന്നു. ഞാൻ ഇപ്പോൾ പണിതു കൊണ്ടിരിക്കുന്ന പുതിയ വീടിൻ്റെ പേരും ഉയരെ എന്നാണ്. അതും ഞാൻ സർപ്രൈസ് ആയിട്ട് വെച്ചിരുന്നതാണ്. അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിൻ്റെ ക്യാമറാമാൻ ഗൗതം ശങ്കർ ഈ വിവരമറിഞ്ഞ് ഉയരെയുടെ സംവിധായകൻ മനു അശോകനെ വിളിച്ചു പറഞ്ഞു. അദ്ദേഹം എന്നെ നേരിട്ട് വിളിച്ചിരുന്നു. ഇത്രയും വലിയ സർപ്രൈസ് എന്താ നമ്മളോടൊന്നും പറയാത്തതെന്ന് മനു അശോകൻ എന്നോട് ചോദിച്ചു. മനു അശോകൻ്റേയും ആദ്യ ചിത്രമാണിത്.
ആദ്യമായി ലൊക്കേഷനിൽ ചെന്ന ദിവസം തന്നെ എനിക്ക് ജോലി എന്താണെന്ന് അറിയില്ലായിരുന്നു. ആർട്ടിലെ തമ്പാൻ ചേട്ടനെ കണ്ടപ്പോൾ അദ്ദേഹം എനിക്കൊരു ചൂലെടുത്ത് തന്നു. ഞങ്ങൾ രണ്ടുപേരും ചേർന്ന് അവിടം മുഴുവൻ അടിച്ചുവാരി വൃത്തിയാക്കി. എയർപോർട്ടിൻ്റെ ലോബിയാണ് സെറ്റിട്ടിരുന്നത്. വൈകുന്നേരം ആയപ്പോഴേക്കും എനിക്കെൻ്റെ തണ്ടെല്ല് ഉയർത്താൻ കഴിയാതായി. അതോടെ സിനിമ ഉപേക്ഷിച്ച് നാട്ടിൽ പാചകപ്പണിയുമായി കൂടാമെന്ന് കരുതിയതാണ്. ആ സമയത്താണ് ആസിഫലി ലൊക്കേഷനിലേക്ക് നടന്നുവരുന്നത്. അന്ന് ആദ്യമായിട്ട് കാണുകയാണെങ്കിൽ പോലും.. എന്നെ പരിചയമുള്ളൊരു ആളെ പോലെ നോക്കി.. നല്ലൊരു ചിരിയും സമ്മാനിച്ച് തോളത്ത് തട്ടി അദ്ദേഹം നടന്നുപോയി. ചായ കുടിച്ച് കൊണ്ട് നിന്നിരുന്ന ഞാൻ അപ്പോഴാണ് ഇനി സിനിമയാണ് എൻ്റെ ജോലിയെന്ന് മനസിലുറപ്പിച്ചത്. ആസിഫലിയുടെ ആ ഒറ്റ ചിരി കൊണ്ടാണ് ഞാൻ സിനിമ വിടില്ലെന്ന് ഉറപ്പിച്ചത്.
വാഗമൺ സ്വദേശിയായ തമ്പാൻ ചേട്ടനും റോന്തിൽ അഭിനയിച്ചിട്ടുണ്ട്. ഉയരെയിൽ ഫൈറ്റ് മാസ്റ്ററാകാൻ കൊതിച്ചെത്തിയ റോബിൻ എന്ന പയ്യനാണ് പിന്നീട് റോന്തിൽ ഞാനും റോഷൻ മാത്യുവും തമ്മിലുള്ള ആ സീനിലെ ഫൈറ്റ് കോറിയോഗ്രഫി ചെയ്തത്. ഉയരെയിൽ റോബിൻ ആർട്ടിലാണ് ജോലി ചെയ്തിരുന്നത്. എൻ്റെ അഭിനയ മോഹവും റോബിൻ്റെ ഫൈറ്റ് കോറിയോഗ്രഫി സ്വപ്നവും ഒന്നിച്ചത് റോന്തിലാണ്.
ഞാൻ അഭിനയിച്ച എല്ലാ സിനിമകളിലും എനിക്ക് പരിക്ക് പറ്റാറുണ്ട്. കാപ്പ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ എൻ്റെ തലയ്ക്ക് മുറിവേറ്റ് ഏഴ് സ്റ്റിച്ചിടേണ്ടതായി വന്നിട്ടുണ്ട്. നായാട്ട് ഷൂട്ട് ചെയ്യുമ്പോഴാണ് ഞാൻ ഷോക്കേറ്റ് വീണ് മൂന്ന് മണിക്കൂറോളം കോലഞ്ചേരി മെഡിക്കൽ കോളേജിൽ കിടന്നത്. പൊറിഞ്ചു മറിയം ജോസിൽ ഷൂട്ട് ചെയ്യുമ്പോഴാണ് എനിക്ക് ഒരു സ്ഫോടനത്തിൻ്റെ ആഘാതത്തിൽ എൻ്റെ ചെവിയുടെ പാട പൊട്ടി കേൾവി ശക്തി നഷ്ടപ്പെടുന്നത്.
നായാട്ട് ഷൂട്ട് ചെയ്യുമ്പോഴാണ് ഞാനും വടക്കേ കാടുള്ള സക്കീറും ചേർന്ന് സ്ട്രീറ്റ് ലൈറ്റിൽ കമ്പി കെട്ടാൻ കയറിയത്. നല്ല മഴയുള്ള സമയത്തായിരുന്നു അത്. എന്നാൽ അബദ്ധത്തിൽ കെട്ടുകമ്പി എങ്ങനെയോ ഹൈ വോൾട്ടേജുള്ള വൈദ്യുതി ലൈനിൽ തട്ടി ഞാനും സക്കീറും താഴേക്ക് വീണു. കൂട്ടത്തിൽ എനിക്കായിരുന്നു കൂടുതൽ ഷോക്കേറ്റത്. ഞങ്ങൾ രണ്ടു പേർക്കും രണ്ട് മണിക്കൂറോളം ബോധം പോയി.
പൊറിഞ്ചു മറിയം ജോസിൽ ജോജു ചേട്ടൻ പള്ളിയിലെ ജനൽ ചില്ല് അടിച്ചുപൊട്ടിക്കുന്നൊരു സീനുണ്ട്. അതിൽ ഇലക്ട്രിക്ക് ബോംബ് ഉപയോഗിച്ച് ഗ്ലാസ് പൊട്ടിക്കാനായിരുന്നു പ്ലാൻ. എന്നാൽ ആദ്യ ഷോട്ടിൽ ബ്ലാസ്റ്റ് ചെയ്യുന്നയാളുടെ ടൈമിങ് തെറ്റിയതോടെ മൂന്ന് ഗ്ലാസുകളും പൊട്ടി. പിന്നീട് സ്റ്റോക്ക് ഉണ്ടായിരുന്നത് ഒരൊറ്റ ഗ്ലാസായിരുന്നു. മഴ വരുന്നുണ്ടായിരുന്നതിനാൽ അത് വെച്ച് പിന്നീട് ഷോട്ട് റീ ഡിസൈൻ ചെയ്തു. സീനിൽ ജോജു ചേട്ടൻ്റെ കഥാപാത്രം ചെടിച്ചട്ടി കൊണ്ട് ഗ്ലാസ് അടിച്ചുപൊട്ടിക്കുന്ന രീതിയിലേക്ക് സീൻ മാറ്റാൻ ജോഷി സാർ തീരുമാനിച്ചു.
അപ്പോൾ ജോജു ചേട്ടൻ പൊട്ടിക്കേണ്ട ജനലിൻ്റെ ഇരുവശത്തുമായി രണ്ട് ചെടിച്ചട്ടി വെക്കാനായിരുന്നു ക്യാമറാമാൻ്റെ പ്ലാൻ. ഒരു ചട്ടി വെച്ചുകഴിഞ്ഞ ശേഷം രണ്ടാമത്തെ ചട്ടി വെക്കാൻ സ്ഥലമില്ലാതെ വന്നതോടെ ഞാൻ താഴെ തലകുനിച്ചിരുന്ന് ചട്ടി പിടിച്ചുനിൽപ്പായിരുന്നു. എന്നാൽ ഷോട്ടിൻ്റെ സമയത്ത് ബ്ലാസ്റ്റ് നടന്നത് എൻ്റെ ചെവിയുടെ സൈഡിലായിരുന്നു. പതക്കോം എന്നൊരു ശബ്ദത്തോടെ എൻ്റെ ചെവിയിലേക്കാണ് ശബ്ദം വന്നത്. ഉടനെ തന്നെ ഞാൻ ബോധം കെട്ടുവീണു. ഉടനെ അടുത്തു നിന്ന ജോജു ചേട്ടനാണ് എന്നെ വാരിയെടുത്ത് കാറിൽ കയറ്റിയതെന്ന് ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട്. എനിക്കൊന്നും അപ്പോൾ ഓർമയില്ലായിരുന്നു.
അന്നത്തെ ആ അപകടത്തിൽ ചെവിയുടെ പാട പൊട്ടി ചോര വന്നിരുന്നു. ഇപ്പോൾ ഇടതുവശത്തെ ചെവി എനിക്ക് കേൾക്കില്ല. ഇപ്പോൾ ഹിയറിങ് എയ്ഡ് വെക്കാൻ ശ്രമിക്കുന്നുണ്ട്. ലൊക്കേഷനിൽ ഇപ്പോഴും ചന്ദ്രേട്ടാ എന്ന് ആരെങ്കിലും വിളിക്കുമ്പോൾ എനിക്ക് ഏത് വശത്ത് നിന്നാണ് വിളിച്ചതെന്ന് മനസിലാകാൻ അൽപ്പം ബുദ്ധിമുട്ടുണ്ട്. പിന്നീട് രണ്ട് ദിവസത്തിന് ശേഷം വീണ്ടും അതേ ലൊക്കേഷനിൽ സ്മോക്ക് ഇടുന്നതിൽ ആർട്ടുകാർക്ക് പ്രശ്നം വന്നപ്പോൾ ഞാൻ വീണ്ടും ലൊക്കേഷനിൽ പോകേണ്ട സാഹചര്യമുണ്ടായി.
എന്നെ കണ്ടതും ജോഷി സാർ ചീത്ത പറഞ്ഞ് ആട്ടിവിട്ടു. അവന് പരിക്ക് ഭേദമാകാതെ എന്തിനാണ് ഇവിടെ വന്നതെന്നും, എവിടെയെങ്കിലും ഒന്നുപോയി കിടക്കാൻ പറയൂവെന്നും ജോഷി സാർ പ്രൊഡക്ഷൻ കൺട്രോളറെ വിളിച്ചു ചീത്തവിളിച്ചു. സിനിമ എന്നു പറഞ്ഞാൽ എനിക്ക് പ്രാന്താണ്. അതിനായി ജീവൻ കൊടുക്കാൻ പറഞ്ഞാലും ഞാൻ കൊടുക്കും. സിനിമ എൻ്റെ രക്തത്തിലുണ്ട്. അതൊക്കെ അങ്ങനെയാണ്.. !!
പെണ്ണും പൊറാട്ടും എന്ന ചിത്രത്തിലും എനിക്ക് പൊള്ളലേൽക്കുകയും ഷോക്കേൽക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റിൽ പടമിറങ്ങട്ടെ.. എൻ്റെ പേരിൽ ഒരു ഡോക്യുമെൻ്ററി ഇറക്കാനുള്ള സാധനമുണ്ടെന്ന് സംവിധായകൻ തമാശയായി പറയാറുണ്ട്.
ഞാൻ അഭിനയിച്ച എല്ലാ സിനിമകളിലേയും എൻ്റെ കഥാപാത്രത്തിൻ്റെ പേര് ചന്ദ്രൻ എന്നു തന്നെയായിരുന്നു. 'ഇലവീഴാ പൂഞ്ചിറ'യിൽ ഞാൻ മരംവെട്ടുകാരൻ ചന്ദ്രനായിരുന്നു. 'റോന്തി'ൽ ഞാൻ പ്രാന്തൻ ചന്ദ്രനാണ്. രാജേഷ് മാധവൻ്റെ 'പെണ്ണും പൊറാട്ടി'ലും എൻ്റെ പേര് ചന്ദ്രൻ എന്നാണ്. 'പെണ്ണും പൊറാട്ടും' എല്ലാരും കൂടി എൻജോയ് ചെയ്ത പടമായിരുന്നു. കഥയ്ക്ക് അനുയോജ്യമായൊരു ചെറിയ വേഷമാണ് ഞാൻ ചെയ്തത്. ഓഗസ്റ്റിൽ ഈ ചിത്രം റിലീസാകും. രാജേഷ് മാധവൻ ബ്രില്യൻസ് ഈ ചിത്രത്തിൽ കാണാമെന്ന് എനിക്ക് ഉറപ്പുണ്ട്. റോന്തിൻ്റെ സംവിധായകൻ ഷാഹി കബീർ നേരത്തെ ഒരു വേഷമുണ്ടെന്നും മുടിയും താടിയും നീട്ടിവളർത്താനും പറഞ്ഞിരുന്നു. പിന്നീട് ആറ് മാസം കഴിഞ്ഞാണ് ഫോണിൽ വിളിച്ച് നീ മുടി വെട്ടിക്കോ ഈ സിനിമ ഉടനെ നടക്കാനൊന്നും പോകുന്നില്ലെന്ന് അദ്ദേഹം തന്നെ വിളിച്ചുപറഞ്ഞത്.
എന്നാൽ എനിക്ക് അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. പിന്നീട് റോഷൻ മാത്യു വന്നതോടെ പടം പെട്ടെന്ന് ഓണായി. റോന്ത് നടക്കാനായി ഏറ്റവും കഠിനാധ്വാനം ചെയ്തത് റോഷനായിരുന്നു. ഈ സിനിമ നടന്നപ്പോൾ ആദ്യം നന്ദി പറഞ്ഞതും റോഷനോടായിരുന്നു. ഈ കഥ മുംബൈയിൽ വെച്ച് ഇംഗ്ലീഷിലൊക്കെ പറഞ്ഞുകൊടുത്തത് റോഷനായിരുന്നു. ഈ ചിത്രത്തിലെ ദിനനാഥ് എന്ന കഥാപാത്രം അത്രമാത്രം റോഷന് ഇഷ്ടപ്പെട്ടിരുന്നു. ദിലീപ് നാഥ് ചേട്ടനായിരുന്നു റോന്തിൻ്റെ ആർട്ട് ചെയ്തത്. ഈ സിനിമയിലെ ആർട്ട് ജോലിയുടേയും ഭാഗമായിരുന്നു ഞാൻ.
ഷാഹിക്കാ... ഇത് കുറച്ച് വലിയ പരിപാടി ആണ്. നിങ്ങൾ നല്ലൊരു ആർട്ടിസ്റ്റിനെ വെച്ച് ഈ ക്യാരക്ടർ ചെയ്യിക്കണമെന്ന് ഞാൻ അഭ്യർത്ഥിച്ചു. നിന്നെ കൊണ്ട് ചെയ്യാൻ പറ്റുമെന്ന് ഷാഹിക്ക പറഞ്ഞു. ചീഫ് അസോസിയേറ്റ് ഷെല്ലിയും എനിക്ക് ആത്മവിശ്വാസം നൽകി. പിന്നീട് അങ്ങട് ഇറങ്ങി ചെയ്യുകയായിരുന്നു. പ്രാന്തൻ ചന്ദ്രനെ അവതരിപ്പിക്കുന്ന സമയത്ത് ഫാനിൽ നിന്നും ഷോക്കേറ്റ് ഞാൻ തെറിച്ചുവീണിട്ടുണ്ട്. റോഷനുമായുള്ള ഫൈറ്റിനിടയിൽ ഇരുമ്പ് സ്റ്റൂളിൽ തട്ടി കാല് മുറിഞ്ഞിരുന്നു.
ആ സീൻ ചെയ്യുമ്പോൾ മാനസികമായ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. എനിക്ക് തന്നെ രണ്ട് പെൺകുട്ടികളാ.. ഇതിലെ ചന്ദ്രൻ ഒരു മാനസിക രോഗിയാണ്.. ഭാര്യ പോയി... ഇനി കൊച്ചിനെ കൂടി ആരെങ്കിലും പിടിച്ചുകൊണ്ട് പോകുമോ എന്ന് ഭയന്നാണ് അയാൾ ജീവിക്കുന്നത്. അതുകൊണ്ടാണ് അയാൾ ദിലീഷ് പോത്തൻ്റെ പോലീസുകാരൻ കഥാപാത്രം കുട്ടിയെ എടുത്തുകൊണ്ട് പോകുമ്പോൾ "കുഞ്ഞീ" എന്ന് വിളിച്ചുകരയുന്നത്. ആ സമയത്ത് എനിക്ക് എൻ്റെ കുഞ്ഞുങ്ങളുടെ മുഖമാണ് ഓർമ വന്നത്.
റിഹേഴ്സൽ ചെയ്യുമ്പോൾ ആ ചെറിയ കുഞ്ഞിനെ ഭയപ്പെടുത്താത്ത രീതിയിലായിരുന്നു സീൻ പ്രാക്ടീസ് ചെയ്തത്. അതുവരെ ചിരിച്ചുകൊണ്ട് ചെയ്ത ആൾ ടേക്കിൻ്റെ സമയത്ത് അങ്ങനെ പറ്റില്ലല്ലോ.. വീപ്പയുടെ പാതിഭാഗം കട്ട് ചെയ്തിരുന്നു. അല്ലെങ്കിൽ കുട്ടി പാനിക്ക് ആകില്ലേ.. എന്താ സംഭവിക്കുകയെന്ന് പറയാൻ പറ്റില്ലല്ലോ... വീപ്പ അടച്ചുവെച്ചാൽ മതിയെന്നാണ് എന്നോട് പറഞ്ഞിരുന്നത്. വീപ്പയിൽ തട്ടുന്നതെല്ലാം യാദൃച്ഛികമായി അപ്പോൾ സംഭവിച്ച് പോയതായിരുന്നു.
ശരിക്കും ഷാഹി കബീറിന് പൊലീസ് ജീവിതത്തിനിടയിൽ ഉണ്ടായ സംഭവമാണ് ഞാൻ ചെയ്ത ഈ ക്യാരക്ടർ. റോഷൻ ചെയ്ത പൊലീസുകാരൻ്റെ സ്ഥാനത്ത് സംവിധായകൻ തന്നെയായിരുന്നു. അന്ന് വെട്ട് കിട്ടിയെന്ന് പുള്ളിക്കാരൻ കരുതിയ ഒരു നിമിഷമായിരുന്നു. ശരിക്കും സംഭവിച്ചത് ഒരു ഭ്രാന്തൻ വീട്ടിൽ ബഹളം വെക്കുകയാണ്. നെല്ല് പുഴുങ്ങുന്ന ചെമ്പിനകത്താണ് അയാൾ കുഞ്ഞിനെ മൂടിവെച്ചിരുന്നത്. ഷാഹി അവിടെ വീണുപോയിരുന്നു. കൊച്ചിനെ രക്ഷിക്കാൻ പോയതായിരുന്നു ഷാഹി. എല്ലാ പൊലീസുകാരുടെ ഉള്ളിലുമുള്ളത് ഭരത് ചന്ദ്രനാണല്ലോ...!
സിനിമ കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് എൻ്റെ വേഷത്തെക്കുറിച്ച് പറഞ്ഞത്. ഏറ്റവും കൂടുതൽ കൂട്ടുകാർ വിളിച്ചത് ഗൾഫിൽ നിന്നാണ്. നാട്ടിൽ നിന്നും കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. സിനിമ ഞാനും ഭാര്യയുമാണ് ആദ്യം കണ്ടത്. പിന്നീട് സിനിമയുടെ പോസ്റ്റർ കണ്ടപ്പോൾ മക്കൾക്ക് സങ്കടമായി. പിന്നീട് സിനിമ കണ്ടുകഴിഞ്ഞപ്പോൾ മൂത്ത മകൾ തിയേറ്ററിൽ നിന്ന് കരച്ചിലായിരുന്നു. പോലീസ് കയ്യൊക്കെ കെട്ടി എന്നെ പിടികൂടുമ്പോൾ മകൾ ഗംഭീര കരച്ചിലായിരുന്നു. മേമയും വല്യമ്മയും കൂടെ സിനിമ കാണാൻ വന്നിരുന്നു.