
'വ്യസനസമേതം ബന്ധുമിത്രാതികള്‍' എന്ന സിനിമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നെഗറ്റീവ് പ്രചരണം നടത്തിയെന്ന് കാണിച്ച് സിനിഫൈല്‍ ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ ബിജിത്ത് വിജയനെതിരെ ഇന്നലെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പലാരിവട്ടം പൊലീസില്‍ മാനനഷ്ടത്തിനാണ് പരാതി നല്‍കിയതെന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇപ്പോഴിതാ സിനിഫൈല്‍ ഫേസ്ബുക്ക് പേജ് അഡ്മിന്‍ ബിജിത്ത് വിജയന്‍ താന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ഉറപ്പായും ശിക്ഷിക്കപ്പെടണമെന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. നിര്‍മാതാവ് വിപിന്‍ ദാസ്, അദ്ദേഹത്തിന്റെ കയ്യില്‍ ബിജിത്ത് ഭീഷണിപ്പെടുത്തിയ വോയിസ് റെക്കോര്‍ഡ് ഉണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വിപിന്‍ പറയുന്നതില്‍ സത്യാവസ്തയുണ്ടെങ്കില്‍ സമൂഹമാധ്യമത്തിലൂടെ ആ വോയിസ് ക്ലിപ് പുറത്തുവിടണമെന്നും ബിജിത്ത് വീഡിയോയില്‍ പറയുന്നു.
ബിജിത്ത് വിജയന്റെ വാക്കുകള്‍ :
ഇന്നലെ മുതല്‍ സമൂഹമാധ്യമത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് ചിലത് പറയാനുണ്ട്. ഇന്നലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു മുഖമായിരുന്നു എന്റേത്. സിനിഫൈല്‍ ഫേസ്ബുക്ക് മൂവി ഗ്രൂപ്പിന്റെ ഫൗണ്ടറാണ് ഞാന്‍.
ഇപ്പോള്‍ അടുത്തൊരു സിനിമ ഇറങ്ങി, ആ സിനിമയുടെ നിര്‍മാതാവ്. അതായത് നിലവില്‍ രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത് സൂപ്പര്‍ ഹിറ്റായ വ്യക്തി. വിപിന്‍ ഏട്ടന്‍, ജയ ജയ ജയ ജയ ഹേ, ഗുരുവായൂര്‍ അമ്പലനടയില്‍ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത ആളാണ്. വിപിന്‍ ദാസായിരുന്നു ഇപ്പോള്‍ ഇറങ്ങിയ ഈ സിനിമയുടെ നിര്‍മാതാവ്. അപ്പോള്‍ അദ്ദേഹം എനിക്കെതിരെ ഒരു സ്‌റ്റേറ്റ്‌മെന്റ് പറയുകയുണ്ടായി. എനിക്ക് അതായത് സിനിഫൈല്‍ മൂവി ഗ്രൂപ്പിന് കാശ് തന്നില്ലെങ്കില്‍ ആ സിനിമയ്‌ക്കെതിരെ ഞാന്‍ നെഗറ്റീവ് റിവ്യൂ നടത്തുമെന്ന്. അദ്ദേഹം ഇന്നതെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ വാക്കുകളാണിത്. പിന്നെ, ഞാന്‍ നെഗറ്റീവ് റിവ്യൂ ചെയ്യുമെന്ന് അദ്ദേഹത്തോട് പറയുന്ന വോയിസ് റെക്കോര്‍ഡ് കയ്യിലുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെയൊരു വോയിസ് റെക്കോര്‍ഡ് ഉണ്ടെങ്കില്‍, അദ്ദേഹം ഉറപ്പായും അത് പുറത്തുവിടണം.
അദ്ദേഹത്തിന്റെ സിനിമയുടെ മറ്റൊരു മാര്‍ക്കെറ്റിങ് സ്ട്രാറ്റജിയായിരുന്നു ബിജിത്ത് എന്ന് പറയുന്ന വ്യക്തിയും സിനിഫൈയില്‍ മൂവി ഗ്രൂപ്പും. അപ്പോള്‍ അദ്ദേഹം പറയുന്നതില്‍ എന്തെങ്കിലും സത്യാവസ്തയുണ്ടെങ്കില്‍ തീര്‍ച്ചയായും ആ വോയിസ് റെക്കോര്‍ഡ് പുറത്തുവിടണം.
നല്ല സിനിമകള്‍ മരിക്കാതിരിക്കട്ടെ എന്ന് ഏറ്റവും കൂടുതല്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ആ ഞാന്‍ പറയുന്നു, ഉറപ്പായും ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. അപ്പോള്‍ വിപിന്‍ ചേട്ടന്‍ എത്രയും വേഗം ആ വോയിസ് റെക്കോര്‍ഡ് പുറത്തുവിടണം.
പൊലീസില്‍ മാത്രമല്ല ഫെഫ്കയിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും നിര്‍മാതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി, മല്ലിക സുകുമാരന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'വ്യസനസമേതം ബന്ധുമിത്രാദികള്‍' ജൂണ്‍ 13 നാണ് തിയേറ്ററുകളിലെത്തിയത്. എസ്. വിപിനാണ് ചിത്രത്തിന്റെ സംവിധായകന്‍.