മാമന്നന് ശേഷം ഫഹദും വടിവേലുവും ഒന്നിക്കുന്ന ചിത്രമാണ് മാരീശൻ. 2024ൽ പ്രഖ്യാപിച്ച ചിത്രം ഇപ്പോൾ റിലീസിന് എത്തുകയാണ്. ഫഹദ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് അറിയിച്ചിരിക്കുന്നത്. ജൂലൈ 25നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.
"വേലന്റെയും ദയയുടേയും യാത്ര ജൂലെ 25ന് തുടങ്ങും. ഇതു പോലൊരു റോഡ് ട്രിപ്പ് ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല" എന്ന് കുറിച്ചുകൊണ്ടാണ് ഫഹദ് 'മാരീശൻ' റിലീസ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
ഫഹദിനൊപ്പം മറ്റ് അണിയറ പ്രവർത്തകരും റിലീസ് ഡേറ്റ് പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. വേലൻ, ദയ എന്നീ കഥാപാത്രങ്ങളായാണ് വടിവേലുവും ഫഹദ് ഫാസിൽ ചിത്രത്തിലെത്തുന്നതാണ് റിലീസ് പോസ്റ്റർ നൽകുന്ന സൂചന. നേരത്തെ ടീസർ പുറത്തുവന്നതോടെ വടിവേലു-ഫഹദ് കോംബോ മികച്ച പ്രകടനം കാഴച വെയ്ക്കുമെന്ന പ്രതീക്ഷ പ്രേക്ഷകരിലുണ്ട്.
തമാശകളും ത്രില്ലിംഗ് നിമിഷങ്ങളുമെല്ലാം നിറഞ്ഞ് ഏറെ കൗതുകമുണർത്തുന്ന രീതിയിലായിരുന്നു ടീസർ. സുധീഷ് ശങ്കറിൻ്റെ സംവിധാനത്തിൽ എത്തുന്ന ആക്ഷൻ ഡ്രാമ ചിത്രം 'മാരീശൻ' ഒരു റോഡ് മൂവി ജോണറെന്ന വിവരം അണിയറ പ്രവർത്തകർ നേരത്തെ നൽകിയിരുന്നു. തമിഴ് ചിത്രം ആറുമനമേ, മലയാള ചിത്രം വില്ലാളി വീരൻ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് സുധീഷ് ശങ്കർ. സൂപ്പർ ഗുഡ് ഫിലിംസിൻ്റെ 98-ാമത്തെ ചിത്രമാണ് മാരീശൻ.
ഫഹദും വടിവേലുവും ആദ്യം ഒന്നിച്ച മാരി സെൽവരാജ് ഒരുക്കിയ രാഷ്ട്രീയ ചിത്രം മാമന്നൻ വാണിജ്യ വിജയവും നിരൂപക പ്രശംസയും ഒരുമിച്ച് നേടിയിരുന്നു. കൊമേഡിയനെന്ന സ്ഥിരം മേൽവിലാസത്തിൽ നിന്ന് മാറി അതിശയിപ്പിക്കുന്ന പ്രകടനവുമായി വടിവേലു നിറഞ്ഞുനിന്ന ചിത്രമാണ് മാമന്നൻ. ഉദയനിധി നായകനായെത്തിയ ചിത്രത്തിൽ നെഗറ്റീവ് റോളിലെത്തി ഫഹദും ഗംഭീര പ്രകടനം നടത്തിയിരുന്നു. അതുകൊണ്ടു തന്നെ ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷയേറെയാണ്.