
കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ 'ലോക : ചാപ്റ്റര്‍ 1 : ചന്ദ്ര' എന്ന ചിത്രം തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ഫാന്റസി ത്രില്ലറായ ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. സര്‍ട്ടിഫിക്കറ്റില്‍ ചിത്രത്തിന്റെ പ്ലോട്ടും കാമിയോ റോളുകളും വെളിപ്പെടുത്തിയിട്ടുണ്ട്.
ചന്ദ്ര എന്ന കല്യാണി പ്രിയദര്‍ശന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അവളെ സണ്ണി, വേണു എന്ന രണ്ട് ചെറുപ്പക്കാര്‍ കണ്ടു മുട്ടുന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് സിനിമ. സെന്‍സര്‍ റിപ്പോര്‍ട്ട് അനുസരിച്ച് നടന്മാരായ ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയിന്‍ എന്നിവരും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും നേരത്തെ തന്നെ അതിഥി വേഷങ്ങളുടെ സൂചന നല്‍കിയിരുന്നു. ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ മമ്മൂട്ടിയും ലോകയില്‍ അതിഥി വേഷത്തിലുണ്ടാകുമെന്ന് സമൂഹമാധ്യമത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
അതേസമയം വമ്പന്‍ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ലോക രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. ലോക എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. ആക്ഷന്‍, ത്രില്‍, വൈകാരിക നിമിഷങ്ങള്‍, ഫണ്‍ എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസറും ട്രെയ്‌ലറും നല്‍കുന്ന സൂചന. സാന്‍ഡി, ചന്ദു സലീം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍, ശരത് സഭ എന്നിവരും ചിത്രത്തിലുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റര്‍ - ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.