ഹോളിവുഡിന്റെ ഐക്കോണിക് വില്ലൻ, പക്ഷെ ആഗ്രഹം നായകനാവാന്‍; 'റിസര്‍വോയര്‍ ഡോഗ്‌സിന്' ശേഷം ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ട മൈക്കിള്‍ മാഡ്‌സന്‍

തന്റെ കരിയറില്‍ നൂറിലധികം സിനിമകളുണ്ടായിട്ടും എല്ലാവരും എപ്പോഴും സംസാരിക്കുന്നത് 'റിസര്‍വോയര്‍ ഡോഗ്‌സിനെ' കുറിച്ചാണെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സിനിമ അദ്ദേഹത്തിന്റെ കരിയര്‍ തന്നെ മാറ്റി മറച്ചെങ്കിലും അതു പൂര്‍ണമായും നല്ല രീതിയിലായിരുന്നുവെന്ന് മൈക്കിള്‍ വിശ്വസിച്ചിരുന്നില്ല.
Michael Madsen
മൈക്കിള്‍ മാഡ്സന്‍ Source : YouTube Screen Grab and X
Published on

ക്വിന്റന്‍ ടൊറന്റീനയുടെ 'റിസര്‍വോയര്‍ ഡോഗ്‌സിലെ' അവിസ്മരണീയമായ രംഗമേതാണെന്ന് ചോദിച്ചാല്‍ മിക്ക ആരാധകര്‍ക്കും ഒരൊറ്റ ഉത്തരമെ ഉണ്ടാവുകയുള്ളൂ. നൃത്തം ചെയ്യുന്ന മാനിയാക് മിസ്റ്റര്‍ ബ്ലോണ്ടും കസേരയില്‍ കെട്ടിയിട്ടിരിക്കുന്ന ഭയന്ന പൊലീസുകാരനും ഉള്‍പ്പെടുന്ന ആ ഐകോണിക് സീനായിരിക്കും മിക്കവരുടെയും ഉത്തരം.

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അവ്‌സമരണീയമാക്കിയ മിസ്റ്റര്‍ ബ്ലോണ്ട് എന്ന സൈക്കോയുടെ പ്രകടനം തന്നെയാണ് അതിന് പ്രധാന കാരണം. സ്റ്റീലേഴ്സ് വീലിന്റെ 'സ്റ്റക്ക് ഇന്‍ ദി മിഡില്‍ വിത്ത് യു' എന്ന ഗാനത്തിന് മൈക്കിള്‍ മാഡ്സന്റെ മിസ്റ്റര്‍ ബ്ളോണ്ട് നൃത്തം ചെയ്യുന്നതും അതോടൊപ്പം റേസര്‍ ഉപയോഗിച്ച് പിടിക്കപ്പെട്ട പൊലീസുകാരന്റെ ചെവി മുറിച്ചെടുക്കുന്നതുമായ സീക്വന്‍സ് അതിലെ ക്രൂരമായ വയലന്‍സ് കാരണം പ്രസിദ്ധമാവുകയായിരുന്നു.

'റിസര്‍വോയര്‍ ഡോഗിലെ' ഈ സീനോടെ ഹോളിവുഡിലെ ഐകോണിക് വില്ലന്മാരുടെ പട്ടികയിലേക്ക് നടന്‍ മൈക്കിള്‍ മാഡ്‌സനും ചെന്നെത്തുകയായിരുന്നു. മിസ്റ്റര്‍ ബ്ലോണ്ട് അദ്ദേഹത്തെ പ്രശസ്തനാക്കിയെങ്കിലും അതിനൊപ്പം മൈക്കിള്‍ മാഡ്‌സന്‍ എന്ന നടന്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുക കൂടിയാണ് ചെയ്തത്.

Michael Madsen
ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

2017ല്‍ ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ മൈക്കിള്‍ മാഡ്‌സന്‍ തന്നെ അതേ കുറിച്ച് പറയുന്നുണ്ട്. തന്റെ കരിയറില്‍ നൂറിലധികം സിനിമകളുണ്ടായിട്ടും എല്ലാവരും എപ്പോഴും സംസാരിക്കുന്നത് 'റിസര്‍വോയര്‍ ഡോഗ്‌സിനെ' കുറിച്ചാണെന്നാണ് അദ്ദേഹം പറഞ്ഞത്. ആ സിനിമ അദ്ദേഹത്തിന്റെ കരിയര്‍ തന്നെ മാറ്റി മറച്ചെങ്കിലും അതു പൂര്‍ണമായും നല്ല രീതിയിലായിരുന്നുവെന്ന് മൈക്കിള്‍ വിശ്വസിച്ചിരുന്നില്ല.

"ഒരു നായകനാകാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഒരു മോശം വ്യക്തിയുടെ ശരീരത്തില്‍ ഞാന്‍ നായകന്‍ തന്നെയാണ്. പക്ഷെ എല്ലാവരും എന്നെ തോക്കും പിടിച്ച് വരുന്ന ആളായാണ് കാണുന്നത്", എന്നാണ് മൈക്കിള്‍ പറഞ്ഞത്.

2018ല്‍ 'ട്രങ്ക്' എന്ന ഹൊറര്‍ ത്രില്ലറിന്റെ പ്രമോഷന് വേണ്ടി കാനിലെത്തിയപ്പോഴും അദ്ദേഹം ഇതേ കുറിച്ച് ഹോളിവുഡ് റിപ്പോര്‍ട്ടറിനോട് സംസാരിച്ചിരുന്നു. 'റിസര്‍വോയര്‍ ഡോഗ്‌സ്' തന്നെയാണ് താന്‍ വില്ലന്‍ വേഷങ്ങളില്‍ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാന്‍ പ്രധാന കാരണമെന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. ടൊറന്റീനോ എന്ന പ്രതിഭാസത്തിന്റെ സിനിമയായതിനാല്‍ അത് വളരെ ശക്തമായി പ്രേക്ഷകരിലേക്ക് എത്തി. അതൊരു ആഘാദമായിരുന്നു എന്നാണ് മൈക്കിള്‍ പറഞ്ഞത്. "നിങ്ങള്‍ ഒരു നടനാണെങ്കില്‍, നിങ്ങള്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ വ്യത്യസ്തമായ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നു", എന്നും മൈക്കിള്‍ ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മിസ്റ്റര്‍ ബ്ലോണ്ട് എന്ന കഥാപാത്രം കാരണം ആളുകള്‍ തന്നെ ഭയപ്പെടുന്നതിനെ കുറിച്ചും മൈക്കിള്‍ സംസാരിച്ചിട്ടുണ്ട്. "പ്രശസ്തി ഒരു ഇരുതല മൂര്‍ച്ചയുള്ള വാളാണ്. അതൊരു അനുഗ്രഹവും ഭാരിച്ച കാര്യവുമാണ്. ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുമായി അതിന് വലിയ ബന്ധമുണ്ട്. ആളുകള്‍ എന്നെ കാണുമ്പോള്‍ ഭയപ്പെടുന്നു. പക്ഷെ ഞാന്‍ ഒരു നടന്‍ മാത്രമാണ്. ഒരു അച്ഛനാണ്. സിനിമ ചെയ്യാത്തപ്പോള്‍ ഞാന്‍ സാധാരണ മനുഷ്യരെ പോലെ വീട്ടിലാണ് ഉണ്ടാവുക", എന്നാണ് മാഡ്‌സന്‍ പറഞ്ഞത്.

അതേസമയം അതെല്ലാം ബാഡ് ബോയി പാകേജിന്റെ ഭാഗമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഒരിക്കല്‍ നിങ്ങള്‍ ടൈപ്കാസ്റ്റ് ചെയ്യപ്പെട്ടാല്‍ അതില്‍ നിന്ന് പുറത്തുകിടക്കുക എന്നത് ബുദ്ധിമുട്ടാണ്. 'ഫ്രീ വില്‍', 'തെല്‍മ & ലൂയിസ്' എന്നീ സിനിമകളിലെ പോലുള്ള കഥാപാത്രങ്ങള്‍ തന്നെ തേടി വരാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം അഭിമുഖത്തില്‍ ചോദിച്ചിരുന്നു.

1980കളില്‍ അഭിനയം ആരംഭിച്ച മൈക്കിള്‍ മാഡ്‌സന്‍ 300ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 'വാര്‍ ഗെയിംസ്' എന്ന സയിന്‍സ് ഫിക്ഷന്‍ സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് അദ്ദേഹം ആദ്യം ശ്രദ്ധേയനാവുന്നത്. നാല് പതിറ്റാണ് നീണ്ട തന്റെ അഭിനയ ജീവിതത്തിനൊടുവില്‍ അദ്ദേഹം ഇപ്പോള്‍ വിട പറഞ്ഞിരിക്കുകയാണ്. മാലിബുവിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതം മൂലമാണ് അദ്ദേഹം അന്തരിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com