"സ്‌ക്രിപ്റ്റും ഡയലോഗും റെഡി, രാമന്‍ സൂര്യയും സീത ആലിയ ഭട്ടും"; രാമായണം നിര്‍മിക്കുന്നതിനെ കുറിച്ച് വിഷ്ണു മഞ്ചു

ചിത്രത്തില്‍ തനിക്ക് ഹനുമാന്റെ വേഷം ചെയ്യണമെന്നായിരുന്നു ആഗ്രഹം എന്നും വിഷ്ണു മഞ്ചു പറഞ്ഞു.
alia bhatt, vishnu manchu, suriya
ആലിയ ഭട്ട്, വിഷ്ണു മഞ്ചു, സൂര്യ Source : X
Published on

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ പുരാണങ്ങള്‍ നിരവധി സംവിധായകരുടെ പ്രിയപ്പെട്ട വിഷയമായി മാറിയിരിക്കുകയാണ്. സംവിധായകന്‍ ഓം റൗട്ട് 'ആദിപുരുഷ്' എന്ന പേരില്‍ രാമായണം സിനിമയാക്കിയിരുന്നു. എന്നാല്‍ അത് തിയേറ്ററില്‍ വന്‍ പരാജയമായി. ആ സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം പ്രേക്ഷകരില്‍ നിന്ന് ലഭിക്കവെ നിതേഷ് തിവാരി പുതിയ രാമായണം പ്രഖ്യാപിച്ചു. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രം നിലവില്‍ പ്രൊഡക്ഷന്‍ ജോലികളിലാണ്. ഇപ്പോഴിതാ നടന്‍ വിഷ്ണു മഞ്ചു രാമായണത്തിനായുള്ള തിരക്കഥ പൂര്‍ത്തിയാക്കിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ രാവണന്റെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള രാമായണമായിരിക്കും വിഷ്ണുവിന്റേതെന്നാണ് അദ്ദേഹം പറഞ്ഞത്.

നയന്‍ദീപ് രക്ഷിതുമായുള്ള അഭിമുഖത്തില്‍ ആരായിരിക്കും അഭിനയിക്കുക എന്ന ചോദ്യത്തിന് വിഷ്ണു പെട്ടന്ന് തന്നെ ഉത്തരം പറയുകയായിരുന്നു. "രാമന്‍ എന്ന കഥാപാത്രത്തിനായി എന്റെ മനസില്‍ ആദ്യം വരുന്ന വ്യക്തി നടന്‍ സൂര്യയാണ്. സീതയായി ആലിയ ഭട്ടും", എന്നാണ് വിഷ്ണു മഞ്ചു പറഞ്ഞത്

alia bhatt, vishnu manchu, suriya
തിയേറ്ററിലെത്തി രണ്ട് മാസം കഴിയുന്നു, 'മിഷന്‍ ഇംപോസിബിള്‍ ദ ഫൈനല്‍ റെക്കനിംഗ്' എപ്പോള്‍ ഒടിടിയിലെത്തും?

"എന്റെ കയ്യില്‍ രാവണനെ കുറിച്ചുള്ള തിരക്കഥയുണ്ട്. അദ്ദേഹത്തിന്റെ ജനനം മുതല്‍ മരണം വരെയുള്ള കഥയാണത്. ആ സിനിമയ്ക്ക് വേണ്ടി 2009ല്‍ ഞാന്‍ രാമനായി അഭിനയിക്കാന്‍ സൂര്യയെ സമീപിച്ചിരുന്നു. പക്ഷെ അന്ന് ബജറ്റ് എനിക്ക് അനുയോജ്യമായ രീതിയില്‍ അല്ല വന്നത്. അതുകൊണ്ട് അത് നടന്നില്ല. സംവിധായകന്‍ രാഘവേന്ദ്ര റാവുവാണ് ആ ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്റെ അച്ഛനായിരുന്നു സിനിമയില്‍ രാവണനായി എത്തുന്നത്. അതിനായുള്ള തിരക്കഥയും സംഭാഷണങ്ങളും എന്റെ കയ്യിലുണ്ട്. പക്ഷെ ആ സിനിമ സംഭവിക്കുമോ എന്ന് എനിക്ക് അറിയില്ല", വിഷ്ണു പറഞ്ഞു.

ചിത്രത്തില്‍ വിഷ്ണുവിന് ഹനുമാന്റെ വേഷം ചെയ്യണമെന്നായിരുന്നു ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു. "പക്ഷെ രാഘവേന്ദ്ര സര്‍ ഹനുമാന്റെ കഥാപാത്രം ഞാന്‍ ചെയ്യേണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിന് ഞാന്‍ ഇന്ദ്രജിത്ത് ആവണമായിരുന്നു. പക്ഷെ എനിക്ക് കാര്‍ത്തി ആ കഥാപാത്രം ചെയ്യണമെന്നായിരുന്നു ആഗ്രഹം. ലക്ഷ്മണനായി ജൂനിയര്‍ എന്‍ടിആറിന്റെ മുതിര്‍ന്ന സഹോദരന്‍ കല്യാണ്‍ റാമിനേയും ജടായുവായി സത്യരാജ് സാറിനേയും കാസ്റ്റ് ചെയ്യുമായിരുന്നു", എന്നും താരം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com