
തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായി എത്തിയ 'കണ്ണപ്പ' വെള്ളിയാഴ്ച്ചയാണ് തിയേറ്ററിലെത്തിയത്. പ്രഭാസ്, മോഹന്‍ലാല്‍, അക്ഷയ് കുമാര്‍ എന്നിവരുള്‍പ്പെടെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ഇപ്പോഴിതാ ഇന്‍ഡസ്ട്രി ട്രാക്കറായ Sacnilk.com ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ്. ആദ്യ ദിനം ഇന്ത്യയില്‍ നിന്നും ചിത്രം ഒന്‍പത് കോടിയാണ് നേടിയതെന്നാണ് റിപ്പോര്‍ട്ട്.
കജോള്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 'മാ'യും വെള്ളിയാഴ്ച്ചയാണ് തിയേറ്ററിലെത്തിയത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ 'മാ'യെ പിന്നിലാക്കിയിരിക്കുകയാണ് 'കണ്ണപ്പ'. കജോള്‍ ചിത്രം വെറും 4.50 കോടിയാണ് ആദ്യ ദിനം ഇന്ത്യയില്‍ നിന്നും നേടിയത്. അക്ഷയ് കുമാര്‍, പ്രഭാസ് എന്നിവരുടെ കാമിയോ റോളുകളാണ് ചിത്രത്തെ രക്ഷിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് നിര്‍മിച്ചത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിശ്വാസം, ഭക്തി, വിധി എന്നിവയുടെ ഒരു ഇതിഹാസ യാത്രയാണ് ഈ ചിത്രം.
മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്ത ചിത്രം മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടൈന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ശരത് കുമാര്‍, മോഹന്‍ ബാബു,കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദന്‍, അര്പിത് രംഗ, കൗശല്‍ മന്ദ ദേവരാജ്, ഐശ്വര്യ, മധുബാല എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ കെച്ചയാണ്. സംഗീതം- സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് മഹേശ്വര്‍, ആര്‍ വിജയ് കുമാര്‍.