"അഹങ്കാരി, ചതിയന്‍..." ഇങ്ങനെ നീളുന്നു ചീത്തവിളി; നസ്‌ലെനെതിരെ എന്തുകൊണ്ട് ഹേറ്റ് ക്യാംപെയിന്‍?

ഹാഷ്ടാഗ് നസ്‌ലെന്‍ എന്ന് സേര്‍ച്ച് ചെയ്താല്‍ വരുന്നത് മുഴുവന്‍ വിദ്വേഷവും ചീത്തവിളിയുമാണ്
Naslen
നസ്‌ലെന്‍ Source : Instagram
Published on

"നിനക്കൊക്കെ ഭ്രാന്താണോ പെണ്ണുങ്ങളുടെ പിന്നാലെ പോകാന്‍....", എന്ന 'തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ' ഒറ്റ ഡയലോഗുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ടവനായ യുവ നടന്‍. ഗോഡ്ഫാദറോ, സിനിമാ പാരമ്പര്യമോ ഇല്ലാതെ സിനിമാ മേഖലയിലേക്ക് നടന്നു വന്ന താരം. പിന്നീട് അവന്‍ തൊടുന്നതെല്ലാം പൊന്നാക്കി. ചെയ്ത സിനിമകളില്‍ കൂടുതലും ഇന്‍ഡസ്ട്രി ഹിറ്റുകള്‍. 50ഉം 100ഉം കോടി ക്ലബ്ബുകളില്‍ അനായാസം ഇടം നേടി. അങ്ങനെ പ്രത്യേകതകള്‍ ഏറെയാണ് ഈ നടന്. നസലെന്‍ എന്ന ചെറുപ്പക്കാരന്‍ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചത് ഇതൊന്നും പ്രതീക്ഷിച്ചുകൊണ്ടായിരിക്കണമെന്നില്ല, എന്നാല്‍ അവനെ തേടിയെത്തിയത് വിജയങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ നസ്‌ലെന്‍ പ്രതീക്ഷിക്കാന്‍ സാധ്യതയില്ലാത്ത ഒരു സംഭവമാണ് സമൂഹമാധ്യമത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹാഷ്ടാഗ് നസ്‌ലെന്‍ എന്ന് സേര്‍ച്ച് ചെയ്താല്‍ വരുന്നത് മുഴുവന്‍ വിദ്വേഷവും ചീത്തവിളിയുമാണ്. 'വന്ന വഴി മറന്ന നസ്‌ലെന്‍', 'അഹങ്കാരി' എന്നെല്ലാമാണ് സമൂഹമാധ്യമത്തില്‍ നസ്‌ലെനെ കുറിച്ച് പറയുന്നത്.

എന്തിനാണ് നസ്‌ലെനോട് ഇത്രയും വെറുപ്പ്?

യഥാര്‍ത്ഥത്തില്‍ ഇവിടെ നടക്കുന്നത് ഈ നടനെതിരെയുള്ള ഹേറ്റ് ക്യാംപെയിനാണ്. പക്ഷെ എന്തിന്? അതിന് മാത്രം ആര്‍ക്കും ഉത്തരമില്ല. 'പ്രേമലു 2'ല്‍ നിന്ന് നെസ്‌ലെന്‍ പുറത്തായി എന്നു മുതല്‍ 'ടിക്കി ടാക്ക'യില്‍ ആസിഫ് അലിയേക്കാള്‍ പ്രതിഫലം ചോദിച്ചു എന്ന് വരെ നീളുന്ന നസ്‌ലെനെതിരെയുള്ള നുണ പ്രചാരങ്ങള്‍.

അടുത്തിടെയാണ് ദിലീഷ് പോത്തന്‍ ഒരു അഭിമുഖത്തില്‍ ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രം 'പ്രേമലു 2' അല്ലെന്ന് പറഞ്ഞത്. അതിന് പകരം മറ്റൊരു ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നും ദിലീഷ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് നസ്‌ലെന്‍ 'പ്രേമലു 2'ന്റെ തിരക്കഥ തിരുത്താന്‍ ആവശ്യപ്പെടുകയും സിനിമയില്‍ നിന്ന് പിന്‍മാറുകയും ചെയ്തു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സമൂഹമാധ്യമത്തില്‍ ആരംഭിച്ചത്. അതോടെ താരമാക്കിയ സംവിധായകനെ തന്നെ അഹങ്കാരിയായ നസ്‌ലെന്‍ ചതിച്ചു എന്നായി ഒരു കൂട്ടം.

പിന്നീട് വന്ന വാര്‍ത്തകള്‍ ആസിഫ് അലി ചിത്രമായ 'ടികി ടാക്ക'യില്‍ നിന്ന് നസ്‌ലെന്‍ പുറത്തായി എന്നായിരുന്നു. അതിന്റെ കാരണമോ, ആസിഫിനേക്കാള്‍ പ്രതിഫലം താരം ചോദിച്ചു എന്നും. ഇത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്ന് ഇന്നലെ തന്നെ ചിത്രത്തിന്റെ കഥാകൃത്ത് വെളിപ്പെടുത്തിയിരുന്നു. നസ്‌ലെന്‍ ചിത്രത്തിന്റെ ഭാഗമാണെന്ന് ഉറപ്പിക്കുന്ന പോസ്റ്റാണ് കഥാകൃത്ത് നിയോഗ് കൃഷ്ണ പങ്കുവെച്ചത്. 'ഹേറ്റേഴ്‌സ് ഗോണ ഹേറ്റ്' എന്ന ഹാഷ് ടാഗോടെയാണ് നിയോഗ് ആ പോസ്റ്റ് പങ്കുവെച്ചത്.

അഭിനവ് സുന്ദര്‍ നായകിന്റെ 'മോളിവുഡ് ടൈംസില്‍' നിന്നും നസ്‌ലെന്‍ ഒഴിവായതിനെ തുടര്‍ന്ന് പടം ഡ്രോപ്പായി എന്നായിരുന്നു മറ്റൊരു സോഷ്യല്‍ മീഡിയ പ്രചരണം. അതിനും ഇന്നലെ മറുപടി വന്നിരുന്നു. സംവിധായകനും നിര്‍മാതാവിനും ഒപ്പം നസ്‌ലെന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അവര്‍ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ക്ക് പിന്നില്‍ ശരിക്കും കൃത്യമായ അജണ്ടയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് സമൂഹമാധ്യമത്തില്‍ നസ്‌ലെനെ പിന്തുണയ്ക്കുന്ന വിഭാഗം പറയുന്നത്. ഒന്നോ രണ്ടോ പേജുകളില്‍ നിന്ന് മാത്രമല്ല, മറിച്ച് ഫേസ്ബുക്കിലും എക്‌സിലും നസ്‌ലെനെതിരെയുള്ള പോസ്റ്റുകള്‍ നിറഞ്ഞുകവിയുകയാണ്.

സിനിമകളിലൂടെ മറുപടി കൊടുക്കാന്‍ ഒരുങ്ങുന്ന നസ്‌ലെന്‍

ഹേറ്റ് ക്യാംപെയിനുകള്‍ക്കൊന്നും യഥാര്‍ത്ഥ കഴിവിനെ മറച്ചുവെക്കാനാവില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് നസ്‌ലെന്‍. ഈ വിഷയത്തില്‍ ഇതുവരെ താരം ഒരു പ്രതികരണവും അറിയിച്ചിട്ടില്ല. പക്ഷെ ഇതിനുള്ള മറുപടി അയാളുടെ വരാനിരിക്കുന്ന സിനിമകള്‍ തന്നെയാണ്. 'പ്രേമലു 2' മുതല്‍ 'ടോർപിഡോ' വരെ നീണ്ടു നില്‍ക്കുന്ന നസ്‌ലെന്റെ വരാനിരിക്കുന്ന സിനിമകള്‍. അതില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന 'ലോക' യൂണിവേഴ്‌സിലെ 'ചന്ദ്ര' എന്ന ചിത്രം ഏറെ പ്രത്യേകതകളുള്ളതാണ്. കല്യാണി പ്രിയദര്‍ശനൊപ്പം നസ്‌ലെനും സിനിമയില്‍ കേന്ദ്ര കഥാപാത്രമാണ്. ഡൊമിനിക് അരുണ്‍ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'.

ഫഹദ് ഫാസിലിനൊപ്പമാണ് നസ്‌ലെന്‍ ഇനി സ്ക്രീന്‍ പങ്കിടാന്‍ ഒരുങ്ങുന്നത്. ബിനു പപ്പുവിന്റെ രചനയില്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'ടോർപിഡോയി'ല്‍ നസ്‌ലെനും പ്രധാന കഥാപാത്രമാണ്. അര്‍ജുന്‍ ദാസാണ് ചിത്രത്തിലെ മറ്റൊരു താരം. 'മോളിവുഡ് ടൈംസ്', 'ടികി ടാകാ' എന്നിങ്ങനെ നസ്‌ലെന്‍ ഭാഗമായ ചിത്രങ്ങളുടെ എണ്ണം കൂടി വരുകയാണ്. അവസാനമായി താരത്തിന്റേതായി പുറത്തിറങ്ങിയ 'ആലപ്പുഴ ജിംഖാന' ഒടിടിയില്‍ റിലീസ് ചെയ്തിട്ടുണ്ട്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബോക്‌സര്‍ ആയാണ് നസ്‌ലെന്‍ എത്തിയത്.

സിനിമാ താരങ്ങളും മനുഷ്യരാണെന്ന സാമാന്യ ബോധം പലര്‍ക്കും ഇല്ലാതെ പോകുന്നതാണ് ഇത്തരത്തിലുള്ള ഹേറ്റ് ക്യാംപെയിനുകളുടെ പ്രധാന കാരണം. 'ഗുഡ് ബാഡ് അഗ്ലി' എന്ന അജിത്ത് ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്ന നസ്‌ലെന്റെ തീരുമാനത്തെ സ്വീകരിക്കാന്‍ മിക്കവര്‍ക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. അജിത്തിന്റെ സിനിമയില്‍ നിന്ന് പിന്‍മാറുക എന്നത് അഹങ്കാരമാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ വന്നിരുന്നു. പക്ഷെ എല്ലാവരും മറക്കുന്ന ഒരു കാര്യമുണ്ട്. താരങ്ങളും ചെയ്യുന്നത് ഒരു തൊഴിലാണ്. ഏതൊരു താഴിലിടത്തും മികച്ച പ്രകടനം കാഴ്ച്ച വെച്ചാല്‍ മാത്രമെ അതിനുള്ള ഫലം ഉണ്ടാവുകയുള്ളു. അതിന് തന്നെയാണ് നിരന്തരം ഓരോ അഭിനേതാക്കളും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. തീര്‍ച്ചയായും സ്റ്റാര്‍ഡം എന്ന എലമെന്റ് കൂടി ഈ തൊഴിലിന്റെ ഭാഗമാണ്. പിന്നെ 'തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍' കണ്ട ആ കുട്ടിയല്ല ഇപ്പോഴും നസ്‌ലെന്‍ എന്ന നടന്‍ എന്നതും ഇത്തരം പ്രചരണങ്ങള്‍ പടച്ചുവിടുന്നവര്‍ ഓര്‍ക്കേണ്ടതുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com