World Music Day | ചിത്രയുടെ പാട്ട് കേട്ട് മരണം ഉപേക്ഷിച്ച രണ്ടുപേര്‍

'സംഗീതം സ്വപ്നം പോലെ മനോഹരമാണ്. എനിക്ക് കേള്‍ക്കാനാകാത്ത മനോഹാരിത' എന്നാണ് തന്റെ ഈണങ്ങള്‍ ഒരിക്കല്‍പ്പോലും കേള്‍ക്കാത്ത ബീഥോവന്‍ സംഗീതത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
K S Chithra
കെ.എസ്. ചിത്രSource: News Malayalam 24X7
Published on

മനുഷ്യജീവിതത്തില്‍ സംഗീതത്തിന് എത്രത്തോളം സ്ഥാനമുണ്ട്? നമ്മുടെ ജീവിതതാളത്തെ നിയന്ത്രിക്കുന്ന ഹൃദയമിടിപ്പോളം എന്ന് പറഞ്ഞാല്‍, ഒരു വരി സംഗീതമെങ്കിലും കേട്ടിട്ടുള്ളവര്‍ എതിര്‍ക്കാനിടയില്ല. 'സംഗീതം സ്വപ്നം പോലെ മനോഹരമാണ്. എനിക്ക് കേള്‍ക്കാനാകാത്ത മനോഹാരിത' എന്നാണ് തന്റെ ഈണങ്ങള്‍ ഒരിക്കല്‍പ്പോലും കേള്‍ക്കാത്ത ബീഥോവന്‍ സംഗീതത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. 'അത് നിങ്ങളെ വന്ന് പ്രഹരിക്കുകയാണെന്നു തന്നെ കരുതുക, നിങ്ങള്‍ക്ക് വേദനിക്കില്ല' എന്നാണ് ബോബ് മാര്‍ലി സംഗീതത്തെ അടയാളപ്പെടുത്തുന്നത്. അങ്ങനെ മനുഷ്യജീവിതത്തിന്റെ താളം ചിട്ടപ്പെടുത്തുന്നതില്‍ സംഗീതത്തിനുള്ള സ്ഥാനം ഓര്‍മപ്പെടുത്തുന്ന ദിവസമാണ് ലോക സംഗീത ദിനം. ഫ്രാന്‍സില്‍ ആരംഭിച്ച് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും ഒരു ഈണം പോലെ പടര്‍ന്നെത്തിയ ദിനാചരണം.

മനുഷ്യവികാരങ്ങളുടെ കയറ്റിറക്കങ്ങളില്‍ ചിലപ്പോള്‍ മുറിവരിയോ, വരികളോ, ഈണമോ, താളമോ ഒക്കെയാകും നമ്മെ ജീവിതത്തിലേക്ക് വീണ്ടും പ്രചോദിപ്പിക്കുന്നത്. നിരാശയുടെ പടുകുഴിയില്‍ നിന്നോ, മരണത്തിന്റെ അവസാന മുനമ്പില്‍ നിന്നോപോലും കൈപിടിക്കാന്‍ സംഗീതത്തിന് ശേഷിയുണ്ട്. മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ്. ചിത്രയുമായി ബന്ധപ്പെട്ട് അത്തരം രണ്ട് അനുഭവകഥകളുണ്ട്. ചിത്രയുടെ പാട്ടുകേട്ട് മരണം ഉപേക്ഷിച്ച രണ്ടുപേര്‍. ഒന്ന്, ഡ്രൈവറായ മലപ്പുറംകാരന്‍ ഷാജി, മറ്റൊന്ന് 20-25 വയസുള്ള ഒരു യുവാവ്. ഷാജിയുടെ അനുഭവകഥ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച, പൂര്‍ണ്ണേന്ദുമുഖി എന്ന പുസ്തകത്തില്‍ രവി മേനോനാണ് വിവരിച്ചത്. യുവാവിന്റെ അനുഭവം ചിത്ര തന്നെ അഭിമുഖങ്ങളില്‍ പറഞ്ഞതാണ്.

K S Chithra
മനസ് പൊള്ളിച്ച രണ്ട് അനുഭവങ്ങള്‍; ഇനി പാടുന്നില്ലെന്ന് ചിത്ര തീരുമാനിച്ചു

ഷാര്‍ജ യാത്രക്കിടെയാണ് രവി മേനോന്‍ ടാക്സി ഡ്രൈവറായ മലപ്പുറംകാരന്‍ ഷാജിയെ പരിചയപ്പെടുന്നത്. കാറില്‍ എപ്പോഴും ചിത്രയുടെ പാട്ട് മാത്രം കേട്ടിരുന്നതാണ് രവി മേനോനെ ഷാജിയിലേക്ക് അടുപ്പിച്ചത്. എന്തുകൊണ്ട് ചിത്രയുടെ മാത്രം പാട്ടുകള്‍? അതിന് മറുപടിയായാണ് ഷാജി ജീവിതകഥ തന്നെ പറഞ്ഞത്. നാട്ടില്‍ ഡ്രൈവറായിരുന്ന ഷാജി ഒരിക്കലൊരു വിഗ്രഹമോഷണ കേസില്‍ പെട്ടു. മോഷണത്തില്‍ ഷാജിക്ക് നേരിട്ട് പങ്കില്ലായിരുന്നു. പക്ഷേ, മോഷണത്തില്‍ പങ്കുള്ളവര്‍ സഞ്ചരിച്ചത് ഷാജിയുടെ കാറിലായിരുന്നു. അതോടെ, പൊലീസ് ഷാജിയെ അറസ്റ്റ് ചെയ്തു. ദിവസങ്ങളോളം സ്റ്റേഷനില്‍ കയറിയിറങ്ങേണ്ടിവന്നു. അച്ഛനും അമ്മയും മൂന്ന് പെങ്ങള്‍മാരും ഉള്‍പ്പെടുന്ന കുടുംബത്തിന് അത് താങ്ങാനാകുമായിരുന്നില്ല. മാനക്കേട് സഹിക്കാനാകാതെ അമ്മ വിഷം കഴിക്കുന്ന സാഹചര്യം വരെയുണ്ടായി. കൂടുതല്‍ അന്വേഷത്തിനൊടുവില്‍ ഷാജിയെ കേസില്‍ നിന്നൊഴിവാക്കി. എന്നാല്‍, വിഗ്രഹ മോഷ്ടാവ് എന്ന വിളി മാറിയില്ല. അതോടെ, പുറത്തേക്കുപോലും ഇറങ്ങാനാകാതെ, എല്ലാത്തില്‍നിന്നും ഉള്‍വലിഞ്ഞ ഷാജി കടുത്ത വിഷാദരോഗിയായി മാറി.

ഇനി ജീവിച്ചിരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നിയതോടെ ഷാജി ജീവനൊടുക്കാന്‍ തീരുമാനിച്ചു. അതിന് കാര്‍ തന്നെ തിരഞ്ഞെടുത്തു. ഡോറെല്ലാം അടച്ചശേഷം, ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു പദ്ധതി. അതിനായി ഗ്യാസ് കുറ്റിയും സംഘടിപ്പിച്ചു. ചിത്രയുടെ പാട്ട് കേട്ടുകൊണ്ട് മരിക്കണം എന്നതായിരുന്നു ഷാജിയുടെ ആഗ്രഹം. അതിനായി ഇഷ്ടഗായികയുടെ മഞ്ഞള്‍പ്രസാദം എന്ന കാസറ്റ് കാറില്‍ പ്ലേ ചെയ്തു. ചിത്ര പതുക്കെ പാടിത്തുടങ്ങി. ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രിയില്‍ തുടങ്ങി ഒന്നിനു പിറകെ ഒന്നായി പാട്ടുകള്‍ ഒഴുകിയെത്തി. ആ മധുരശബ്ദത്തില്‍ അലിഞ്ഞ ഷാജി, പാട്ടിനൊപ്പം അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടി ആലോചിച്ചുതുടങ്ങി.

അങ്ങനെ സമയം കടന്നുപോയി. ആത്മഹത്യ ചെയ്യാനെടുത്ത തീരുമാനം പോലും മറന്നുപോയി. കാര്‍ സ്റ്റീരിയോയില്‍ രാജഹംസമേ എന്ന പാട്ട് എത്തുമ്പോഴേക്കും ഷാജിയുടെ മരണമോഹവും കെട്ടടങ്ങി. അങ്ങനെയാണ് ജീവിതത്തിലെ ദുഖങ്ങള്‍ക്കും പ്രതിസന്ധിക്കും ചിത്രയുടെ പാട്ട് ഷാജിക്ക് മറുമരുന്നായത്. എല്ലാ വേദനകളും അലിയിച്ചുകളയാനുള്ള എന്തോ മാന്ത്രികശക്തി ചിത്രയുടെ പാട്ടുകള്‍ക്കുണ്ടെന്നാണ് ഷാജിയുടെ പക്ഷം, അല്ല അനുഭവം.

K S Chithra
മലയാള സിനിമയ്ക്ക് പാട്ടുണ്ടാക്കാന്‍ ഒരു തമിഴനോ? ലങ്കാദഹനം നേരിട്ട 'വേറിട്ട' വിമര്‍ശനം

ഇനി ചിത്രയുടെ ഒരു സ്റ്റേജ് ഷോയിലേക്ക് വരാം. ചിത്ര പാടുന്നത്, സ്റ്റേജിന്റെ അരികില്‍ നിന്നൊരു യുവാവ് വളരെ ശ്രദ്ധയോടെ കേട്ടിരിക്കുന്നു. ഇരുപതോ ഇരുപത്തഞ്ചോ വയസ് വരും. ഇടക്കിടെ അയാളുടെ കണ്ണുകള്‍ നിറയുകയും അത് തുടയ്ക്കുകയും ചെയ്യുന്നുണ്ട്. പാടുന്നതിനിടെ ചിത്ര ഇത് കാണുകയും ചെയ്തു. പ്രോഗ്രാം കഴിഞ്ഞ് ചിത്ര പുറത്തിറങ്ങുമ്പോള്‍, തിരക്കുകളെയെല്ലാം മറികടന്നെത്തിയ ആ യുവാവ് ചിത്രയുടെ കാല്‍ക്കല്‍ വീണു. പൊടുന്നനെ ചിത്ര യുവാവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. "അമ്മാ... ഞാന്‍ ജീവിച്ചിരിക്കാന്‍ കാരണം നിങ്ങളാണ്. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്ന സമയത്താണ് ഞാന്‍ നിങ്ങളുടെ ഈ പാട്ട് കേള്‍ക്കുന്നത്. അതാണ് എന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്" - തൊഴുകൈകളോടെ യുവാവ് പറഞ്ഞു. 'ഞാനല്ല അതിനൊന്നും കാരണം. 'ഈ ഗാനം എന്റെ ശബ്ദത്തില്‍ നിങ്ങള്‍ കേട്ടുവെന്ന് മാത്രം. അര്‍ഥവത്തായ വരികളാണ് നിങ്ങളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ആ വരികളെഴുതിയത് പാ വിജയ് ആണ്' - ചിത്ര മറുപടിയായി പറഞ്ഞു. ചേരന്‍ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ഒവ്വൊരു പൂക്കളുമേ... എന്ന ഗാനത്തെക്കുറിച്ചായിരുന്നു യുവാവ് പറഞ്ഞത്. ചിത്രയ്ക്കും, പാ വിജയ്‌ക്കും ആ വര്‍ഷത്തെ ദേശീയ പുരസ്കാരം നേടിക്കൊടുത്ത ഗാനം കൂടിയായിരുന്നു അത്.

സംഗീതം ഒരു ആഗോളഭാഷയാണ്. മനുഷ്യവികാരങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രചോദിപ്പിക്കാന്‍ കഴിവുള്ളൊരു ഭാഷ. ഉള്ളില്‍ വേദനയുടെ നെരിപ്പോടുകള്‍ എരിയുമ്പോള്‍ ആര്‍ദ്രമായി തഴുകാനും, ഉള്ളുതുറന്ന് കരയാനും, പരിതപിക്കാനും, പ്രണയിക്കാനുമൊക്കെ മനുഷ്യനെ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ഭാഷ. മറ്റൊന്നിനാലും പകരംവയ്ക്കാനാവാത്ത അതിജീവനം സാധ്യമാക്കുന്ന ഭാഷ. ദേശഭാഷാതിര്‍ത്തികള്‍ കടന്ന് അതിങ്ങിനെ ഒഴുക്കിപ്പരക്കട്ടെ. ശത്രുതയും വിദ്വേഷവും മത്സരവുമൊക്കെ മറന്ന് ലോകം അതിനൊപ്പം സഞ്ചരിക്കട്ടെ...

Related Stories

No stories found.
News Malayalam 24x7
newsmalayalam.com