നെറ്റ്ഫ്‌ലിക്‌സിന്റെ ഹിറ്റ് ഡിസ്റ്റോപ്യന്‍ ത്രില്ലര്‍ 'സ്‌ക്വിഡ് ഗെയിമിന്റെ' ഫിനാലെയില്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ വലിയ ട്വിസ്റ്റുകളും സര്‍പ്രൈസുകളും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത ഒരു സര്‍പ്രൈസാണ് 'സ്‌ക്വിഡ് ഗെയിം' സീസണ്‍ 3യുടെ അവസാനം പ്രേക്ഷകര്‍ക്കായി കാത്തിരിക്കുന്നത്.
സീസണ്‍ 3യുടെ അവസാന എപ്പിസോഡില്‍ ഹോളിവുഡ് നടിയും ഓസ്‌കാര്‍ ജേതാവുമായ കേറ്റ് ബ്ലാന്‍ചെറ്റാണ് പ്രത്യക്ഷപ്പെടുന്നത്. ഹ്യുമണ്‍ ആര്‍ എന്ന് പേരിട്ടിരിക്കുന്ന ഫിനാലെയുടെ അവസാന എപ്പിസോഡിലാണ് കെയിറ്റ് കാമിയോ റോളില്‍ വരുന്നത്. ആക്ഷന്‍ രംഗം ലോസ് ആഞ്ചലസിലേക്ക് മാറുന്നു. അവിടുത്തെ ഇടവഴിയില്‍ വെച്ച് ഒരു പുരുഷനെ ഒരു സ്ത്രീ ഗെയിമിലേക്ക് വരാന്‍ വെല്ലുവിളിക്കുന്നത് കാണാം. ആ സ്ത്രീ മറ്റാരുമല്ല, കേറ്റ് ബ്ലാന്‍ചെറ്റാണ്.
ഇതോടെ നെറ്റ്ഫ്‌ലിക്‌സിന്റെ എക്കാലത്തെയും ജനപ്രിയമായ സീരീസിന്റെ തുടര്‍ച്ചയോ സ്പിന്‍ ഓഫോ ഉണ്ടാകുമെന്നതിനെ കുറിച്ച് ഇന്‍ഡസ്ട്രിയില്‍ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടു. നിലവില്‍ 'സ്‌ക്വിഡ് ഗെയിം' എന്ന കൊറിയന്‍ സീരീസിന് പുതിയൊരു അമേരിക്കന്‍ കഥാതന്തു തയ്യാറായിട്ടുണ്ടെന്ന് മാത്രമാണ് അറിയാന്‍ കഴിയുന്നത്. ബ്ലാന്‍ചെറ്റിന്റെ അതിഥി വേഷം 'സ്‌ക്വിഡ് ഗെയിം' ഫ്രാഞ്ചൈസിയുടെ ഭാവിയെക്കുറിച്ച് എന്താണ് സൂചിപ്പിക്കുന്നത്, ഒരു പുതിയ യുഎസ് സീസണ്‍ ആര് സംവിധാനം ചെയ്യും, മറ്റാരൊക്കെ അഭിനയിക്കും, അല്ലെങ്കില്‍ സീരീസിന്റെ സ്രഷ്ടാവായ ഹ്വാങ് ഡോങ്-ഹ്യൂക്കിന്റെ പങ്കാളിത്തം എങ്ങനെയായിരിക്കും - എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ആഴ്ചകളിലും മാസങ്ങളിലും നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് പ്രതീക്ഷിക്കാം.
അതേസമയം ഒരു അതിജീവന ഗെയിമിന്റെ കഥയാണ് 'സ്‌ക്വിഡ് ഗെയിം' പറയുന്നത്. 2021 ല്‍ ആരംഭിച്ച സീരിസ് വര്‍ഗ അസമത്വം, ധാര്‍മ്മികത, നിരാശ, മനുഷ്യന്റെ പണത്തോടുള്ള ആര്‍ത്തി എന്നിവയെക്കുറിച്ച് സംസാരിച്ചിരുന്നു. നെറ്റ്ഫ്‌ലിക്‌സ് റിപ്പോര്‍ട്ടനുസരിച്ച് 192.6 ദശലക്ഷത്തിലധികം ആളുകളാണ് സീസണ്‍ 2 മാത്രം കണ്ടത്. സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മൂന്നാമത്തെ സീസണായി ഇത് മാറി.
പരിചിതരും പുതുമുഖങ്ങളുമായ കഥാപാത്രങ്ങള്‍ സീസണ്‍ 3യില്‍ എത്തുന്നുണ്ട്. പ്ലെയര്‍ 456 എന്ന കഥാപാത്രത്തെ ലീ ജംഗ്-ജെ തന്നെയാണ് അവതരിപ്പിക്കുന്നത്. ഫ്രണ്ട് മാന്‍ ആയി ലീ ബ്യൂങ്-ഹുനും ഹ്വാങ് ജുന്‍-ഹോ ആയി വൈ ഹാ-ജുനും അഭിനയിക്കുന്നു. 'റണ്‍ ഓണ്‍' എന്ന ചിത്രത്തിലെ യിം സി-വാന്‍, 'ലവ് റീസെറ്റ്' എന്ന ചിത്രത്തിലെ കാങ് ഹ-ന്യൂള്‍, 'ക്വീന്‍ ഓഫ് ടിയേഴ്സ്' എന്ന ചിത്രത്തിലെ പാര്‍ക്ക് സുങ്-ഹൂണ്‍, 'സെലിബ്രിറ്റി' എന്ന ചിത്രത്തിലെ പാര്‍ക്ക് ഗ്യു-യങ് എന്നിവരാണ് പുതിയ അഭിനേതാക്കള്‍.