
രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ അവര്‍ക്കിടയില്‍ സമയം ചുരുങ്ങുന്നു. അപ്പോള്‍ അത് ഒളിഞ്ഞോ, തെളിഞ്ഞോ കാണുന്ന മൂന്നാമത്തെ ആള്‍ക്കോ? അയാള്‍ക്കെങ്ങനെയാകും സമയം അനുഭവപ്പെടുക. സമൂഹത്തിന്റെ കാഴ്ചയിലെ ഈ സമയ വ്യതിയാനത്തിലെ കണക്ക് പരിഹരിക്കാനാണ് കിസ്സ് (2022) എന്ന സൈഫൈ ഷോര്‍ട്ട് ഫീച്ചറിലൂടെ വരുണ്‍ ഗ്രോവര്‍ ശ്രമിക്കുന്നത്.
ഈ കണക്കിലെ കളി മനസിലാക്കാന്‍ ഐന്‍സ്റ്റീന്റെ അപേക്ഷികതാ സിദ്ധാന്തം ഒന്നും പഠിക്കണമെന്നില്ല. തിയേറ്ററിന്റെ ഇരുട്ടില്‍, സ്‌ക്രിനീല്‍ ഒരു ചുംബന രംഗം വരുമ്പോള്‍ 'ഇതൊന്ന് കഴിഞ്ഞു കിട്ടിയാല്‍ മതിയാരുന്നു', 'ഇതെന്താ തീരാത്തെ' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഉള്ളില്‍ വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാല്‍ മതിയാകും. അതിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ അടുത്ത സീറ്റിലിരിക്കുന്ന മനുഷ്യരിലേക്ക് ഒന്ന് തലതിരിച്ചാല്‍ മതി. അവരുടെ ഞെരിപിരിയില്‍ സമയം(ഉമ്മ) അവരില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാന്‍ സാധിച്ചേക്കും.
സാം എന്ന യുവ സംവിധായകനിലൂടെയാണ് ഗ്രോവര്‍ കഥ പറയുന്നത്. പഴയ ഒരു തിയേറ്ററിന് പുറത്ത്, തലകീഴെ നില്‍ക്കുന്ന സാമിന്റെ കാഴ്ചവട്ടത്തിലെ ക്ലോക്കിലൂടെ തന്നെ നമുക്ക് കഥ പറയാന്‍ തിരഞ്ഞെടുത്തിരിക്കുന്ന ഉപകരണം വ്യക്തമാകുന്നു. തിയേറ്ററിനുള്ളില്‍ സാമിന്റെ സിനിമ സെന്‍സര്‍ അംഗങ്ങള്‍ കാണുകയാണ്. കണ്ടിറങ്ങുന്ന അവരുടെ അഭിപ്രായം തേടുന്ന സാം ഞെട്ടുന്നു. ചുംബന രംഗത്തിന് ദൈര്‍ഘ്യം കൂടിയിരിക്കുന്നു! സെന്‍സര്‍ ബോര്‍ഡ് അംഗമായ അശ്വത് ഭട്ടിന്റെ കഥാപാത്രം ദൈര്‍ഘ്യം കുറയ്ക്കണമെന്ന് പറയുമ്പോള്‍ സ്വാനന്ദ് കിര്‍കിരെയുടെ കഥാപാത്രം അത് അപ്പാടെ നീക്കണമെന്നാണ് ആവശ്യപ്പെടുന്നത്? സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്ന കുറ്റാന്വേഷകരെപ്പോലെ അവര്‍ വീണ്ടും വീണ്ടും സിനിമ കാണുന്നു. ഇങ്ങനെ രണ്ട് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കിടയില്‍ ഒരു ചുംബന രംഗത്തിനൊപ്പം കുടുങ്ങിപ്പോകുന്ന സംവിധായകന്റെ കഥയാണ് കിസ്സ്.
കിസ്സിലെ സാം ഒറ്റയാളല്ല. അയാളില്‍ 'കട്ട്' ഏറ്റുവാങ്ങിയ, പൊരുതി നിന്ന, മുറിവോടെ നിശബ്ദം കീഴടങ്ങിയ അനവധി സംവിധായകരുണ്ട്. (ഒരുവിധം) എല്ലാ സിനിമാക്കാരും നേരിടുന്ന ഈ പ്രതിസന്ധിയിലൂടെയാണ് ഗ്രോവര്‍ ആ വലിയ ചോദ്യങ്ങളിലേക്ക് എത്തുന്നത്. 28 സെക്കന്‍ഡുള്ള ആ ചുംബനം എങ്ങനെ പലര്‍ക്കും പല വിധം അനുഭവപ്പെട്ടു? അതെങ്ങനെയാണ് അവരെ അസ്വസ്ഥമാക്കുന്നത്? അത് ക്ലോക്കിന്റെ പ്രശ്‌നം തന്നെയാണ്. പക്ഷേ തലയ്ക്കുള്ളിലെ ക്ലോക്കിന്റേത് ആണെന്ന് മാത്രം.
രണ്ട് പേര്‍ ഉമ്മ വയ്ക്കുന്നത് കാണുന്നതില്‍ മനുഷ്യന് ഒരു പ്രശ്‌നമുള്ളതായി തോന്നുന്നില്ല. അത് സ്വകാര്യതയില്‍, താന്‍ മാത്രമുള്ള ഒരു അന്തരീക്ഷത്തിലാകണം എന്നുമാത്രം. അതെ, ബ്രൗസറിലെ ഇന്‍കോഗ്‌നിറ്റോ മോഡ് പോലെ. അത്തരം സ്വകാര്യ വേളയില്‍ നമ്മള്‍ ആരാധിക്കുന്ന രംഗങ്ങള്‍ ഒരു മനുഷ്യപ്പറ്റുമില്ലാതെ പൊതു വേദികളില്‍ നമ്മള്‍ തള്ളിപ്പറയും. ഇനി ഉമ്മ വയ്ക്കുന്നത് രണ്ട് പുരുഷന്മാരാണെങ്കിലോ? അവിടെ ഈ ഉമ്മയ്ക്ക് മറ്റൊരു മാനം കൈവരുന്നു. 40കളില്‍ എത്തിയ ഒരാള്‍ 20കളിലെ തന്നിലേക്ക് സമയയാത്ര നടത്തിയെത്തി തന്റെ ലൈംഗിക ആഭിമുഖ്യം വെളിവാക്കുന്നതാണ് സാമിന്റെ സിനിമയിലെ കഥ. അയാള്‍ യൗവനയുക്തനായ 'തന്നെ' ഉമ്മ വയ്ക്കുന്നു. ആ ചുംബനമാണ് പ്രശ്‌നമാകുന്നത്.
സെന്‍സര്‍ ബോര്‍ഡിലെ ഒരാള്‍ക്ക് ആ ഉമ്മ മൂന്ന് മിനുട്ടായി തോന്നുന്നു. മറ്റൊരാള്‍ക്ക് രണ്ട് മിനുട്ടിലധികവും. ആ രംഗം കാണുമ്പോള്‍ അവര്‍ അസ്വസ്ഥരാകുന്നത് പ്രകടമാണ്. സാം തന്റെ സൃഷ്ടിയിലെ ഒരു അംശം മാത്രമായാണ് ഈ സീനിനെ കാണുന്നത്. അയാളുടെ മുഖത്ത് 'ഇതിനൊരു തീരുമാനം ആയിരുന്നെങ്കില്‍' എന്ന ഭാവം മാത്രമാണുള്ളത്. എഡിറ്റില്‍ പല തവണ കണ്ട ഒരു വിഷ്വലിനോടുള്ള നിസംഗതയാകാം അത്. എന്നാല്‍ 'കിസ്സിന്റെ' അവസാനത്തോടെ ഇതെല്ലാം മാറുന്നു. താന്‍ എന്തുകൊണ്ട് ഇത്തരം ഒരു സീന്‍ എഴുതിയെന്ന് സാം തിരിച്ചറിയുന്നു. തങ്ങള്‍ എന്തുകൊണ്ട് അസ്വസ്ഥരായി എന്ന് സെന്‍സര്‍ അംഗങ്ങളും. കാരണം നിസാരമാണ്, പരുവപ്പെടല്‍.
അപമാനം, ലജ്ജ, പൊതുഭാവന, എന്നിങ്ങനെ ഒരാളുടെ കാഴ്ചപ്പാടിനെ പലതരം ഭൂതകാല അനുഭവങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മള്‍ ഒന്നും അങ്ങനെ വെറുതെ കാണുകയല്ല. എവിടെയൊക്കെയോ നമ്മള്‍ പഴയകാലനുഭവങ്ങളുമായി ഈ കാഴ്ചകളെ കൂട്ടിവായിക്കുകയാണ്. ആ വായന മറ്റൊരാളുടെ സൃഷ്ടിയിലേക്ക്, സ്വകാര്യതയിലേക്ക് കത്രികയുമായി കടന്നു കയറുന്നതിലെ അര്‍ഥമില്ലായ്മയാണ് 'കിസ്സ്' കാട്ടിത്തരുന്നത്. ഈ ഷോര്‍ട്ട് ഫിലിം കണ്ടതിനു ശേഷം അത്തരം ഒരു രംഗം സാധാരണീകരിക്കപ്പെടും എന്ന് കരുതുന്നില്ല. പക്ഷേ ഒളിഞ്ഞുനോട്ടത്തിന്റെ സുഖം മാത്രം സ്‌ക്രീനില്‍ തിരഞ്ഞ്, ഇത്തരം രംഗങ്ങളില്‍ സ്ഖലന ദൈര്‍ഘ്യം പ്രതീക്ഷിക്കുന്നവര്‍ക്ക് ഒന്ന് പൊള്ളിയേക്കും. കാരണം, കിസ്സില്‍ പൊളിഞ്ഞുവീഴുന്നത് സെന്‍സറിങ്ങിന്റെ മാത്രമല്ല നമ്മള്‍ കാണികളുടെ മുഖംമൂടി കൂടിയാണ്. നമ്മള്‍ കാണുന്നത് നമ്മളെയാണ്.
സ്‌ക്രീനിലെ ചില കാഴ്ചകളില്‍ കാണികള്‍ അസ്വസ്ഥരാക്കുന്നത് പൊതുമധ്യത്തില്‍ പുറത്തുകാണിക്കാന്‍ മടിക്കുന്ന നമ്മളിലെ അപകര്‍ഷതകളും, മുന്‍വിധികളും കാരണമാണ്. ആണ്‍നോട്ടത്തില്‍ ചിത്രീകരിക്കുന്ന ഒരു ലൈംഗിക അതിക്രമം സെന്‍സറിന്റെ കടമ്പ സുഖമായി കടക്കുമ്പോള്‍ ചെറിയ ചുംബന രംഗങ്ങള്‍ ശ്വാസം മുട്ടി മരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? അതിനും ഉണ്ട് കാരണം. സെന്‍സര്‍ ചെയ്യാന്‍ ഇരിക്കുന്ന വ്യക്തി (പലപ്പോഴും പുരുഷന്‍) അത്തരമൊരു രംഗവുമായി സ്വയം ചേര്‍ത്തുവായിക്കില്ല. ഒരു മാനുവല്‍ പ്രകാരം ആയിരിക്കും അത്തരം രംഗങ്ങളെ അവര്‍ സമീപിക്കുക. മാനദണ്ഡങ്ങള്‍ പാലിക്കുന്ന 'സിനിമാറ്റിക് അതിക്രമങ്ങള്‍ക്ക്' കട്ട് ബാധകമല്ല.എന്നാല്‍ രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ അതങ്ങനെയല്ല. കാണുന്നവനും അതില്‍ പൂരിപ്പിക്കാന്‍ നിരവധി അനുഭവങ്ങളുണ്ടാകും. അവിടെ മാനുവലല്ല മനുഷ്യനാണ് മാനദണ്ഡം. അവര്‍ പ്രാഥമികമായി ലൈംഗികതയെക്കുറിച്ചായിരിക്കും അപ്പോള്‍ ചിന്തിക്കുക. ചിന്തിക്കുന്ന അവയവം ഏതെന്ന് തിട്ടപ്പെടുത്തിയാല്‍ തീരാവുന്ന പ്രശ്മാണിത്. എന്നാല്‍ അത് സാധ്യമല്ല. സ്‌ക്രീനിലോ പുറത്തോ രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ഒളിഞ്ഞുനോക്കി നമ്മള്‍ ശീലിച്ചുപോയി. ഒളിഞ്ഞുനോട്ടത്തില്‍ സമയം ആപേക്ഷികമാണ്. അവിടെ സമയം, ഭൂമിയിലേത് അല്ല ചൊവ്വയിലേതാണ്.