മലയാളത്തിലെ ആദ്യ പൊലീസ് സീരീസായ 'കേരള ക്രൈം ഫയല്‍സ്' പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ രണ്ടാം സീസണ്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ സീസണ്‍ 2ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പുതിയൊരു കേസും അതുസംബന്ധിച്ച അന്വേഷണവുമാണ് സീസണ്‍ 2 പറയുന്നതെന്നാണ് ട്രെയ്‌ലര്‍ വ്യക്തമാക്കുന്നത്. സീരീസ് ജൂണ്‍ 20 മുതല്‍ ജിയോ പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും.
അജു വര്‍ഗീസ്, ലാല്‍ എന്നിവരായിരുന്നു ആദ്യ സീസണിലെ കേന്ദ്ര കഥാപാത്രങ്ങള്‍. അവര്‍ രണ്ടാം സീസണിലും ഉണ്ട്. അവരെ കൂടാതെ അര്‍ജുന്‍ രാധാകൃഷ്ണന്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, നൂറിന്‍ ഷെരീഫ്, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, ജോയ് ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസന്‍ എന്നിവരും രണ്ടാം സീസണിലുണ്ട്.
'ജൂണ്‍', 'മധുരം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ് സീരീസിന്റെ സംവിധായകന്‍. ബാഹുല്‍ രമേശാണ് സീസണ്‍ 2ന്റെ തിരക്കഥാകൃത്ത്. മങ്കി ബിസിനസിന്റെ ബാനറില്‍ ഹസ്സന്‍ റഷീദ്, അഹമ്മദ് കബീര്‍, ജിതിന്‍ സ്റ്റാനിസ്ലാസ് എന്നിവര്‍ ചേര്‍ന്നാണ് സീരീസ് നിര്‍മിച്ചിരിക്കുന്നത്. ഡിഒപി - ജിതിന്‍ സ്റ്റാനിസ്ലാസ് എഡിറ്റര്‍ - മഹേഷ് ഭുവനാനന്ദ് സംഗീതം - ഹേഷാം അബ്ദുള്‍ വഹാബ് പ്രൊഡക്ഷന്‍ ഡിസൈനര്‍ - പ്രതാപ് രവീന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍.
2023 ജൂണിലാണ് 'കേരള ക്രൈം ഫയല്‍സ്' സീസണ്‍ വണ്‍ പുറത്തിറങ്ങിയത്. ഒരു സെക്‌സ് വര്‍ക്കറുടെ കൊലപാതകവും അത് സംബന്ധിച്ച അന്വേഷണവുമായിരുന്നു സീരീസിന്റെ പ്രമേയം. എന്നാല്‍ രണ്ടാം സീസണിലേക്ക് വരുമ്പോള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ തിരോധാനം സംബന്ധിച്ച അന്വേഷണമാണ് നടക്കുന്നത്.