'ആനവണ്ടിയിലെ ആറ് പെണ്ണുങ്ങള്‍'; പ്രിയദർശിനി സിനിമയാക്കാൻ സന്തോഷ് പണ്ഡിറ്റ്

26 വയസുള്ള 6 യുവതികളുടെ കദന കഥ ആണ് സിനിമയുടെ തീം എന്നും കഥ എല്ലാവർക്കും ഇഷ്ടമായാൽ സിനിമ ചെയ്യാമെന്നും അദ്ദേഹം പറയുന്നു
'ആനവണ്ടിയിലെ ആറ് പെണ്ണുങ്ങള്‍'; പ്രിയദർശിനി സിനിമയാക്കാൻ സന്തോഷ് പണ്ഡിറ്റ്
Published on
Updated on

കൊച്ചി: കെഎസ്‍ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയായ പ്രിയദർശിനി പദ്ധതിയെ പ്രമേയമാക്കി സിനിമ ചെയ്യാൻ സന്തോഷ് പണ്ഡിറ്റ്. 'ആനവണ്ടിയിലെ ആറു പെണ്ണുങ്ങൾ' എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ പൂർണമായ കഥാതന്തു സന്തോഷ് പണ്ഡിറ്റ് തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 26 വയസുള്ള 6 യുവതികളുടെ കദന കഥ ആണ് സിനിമയുടെ തീം എന്നും കഥ എല്ലാവർക്കും ഇഷ്ടമായാൽ സിനിമ ചെയ്യാമെന്നും അദ്ദേഹം പറയുന്നു.

വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള, ജീവിതം മടുത്ത ആറ് യുവതികളുടെ കഥയാണ് സിനിമയുടെ കാതൽ. കാസർഗോഡ് ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ നിന്ന് സോഷ്യൽ മീഡിയ വഴി സൗഹൃദത്തിലാകുന്ന ആറ് പെൺകുട്ടികൾ, കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ പണമൊന്നുമില്ലാതെ കേരളം മുഴുവൻ ചുറ്റിക്കറങ്ങാൻ തീരുമാനിക്കുന്നതാണ് കഥയുടെ തുടക്കം. വീട്ടുകാരെ അറിയിക്കാതെ യാത്ര തിരിക്കുന്ന ഇവർക്ക് മുന്നിലേക്ക് രക്ഷകനായി 29 അര വയസുകാരനായ മനോഹർ പണ്ഡിറ്റ് എന്ന കെഎസ്ആർടിസി ടിക്കറ്റ് ചെക്കിങ് ഇൻസ്പെക്ടർ എത്തുന്നു. ഈ പ്രധാന കഥാപാത്രത്തെയാണ് സന്തോഷ് പണ്ഡിറ്റ് അവതരിപ്പിക്കുക.

തുടർന്ന് ഈ ആറ് യുവതികൾക്ക് കുറഞ്ഞ ചിലവിൽ കേരളം മുഴുവൻ ചുറ്റിക്കറങ്ങാനുള്ള ഐഡിയകൾ പണ്ഡിറ്റ് ഉപദേശിച്ചു നൽകുന്നു. സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി അവർക്ക് താമസവും ഭക്ഷണവും വസ്ത്രങ്ങളും വാങ്ങി നൽകി 15 ദിവസം കൊണ്ട് കേരളം മുഴുവൻ കാണിച്ചു കൊടുക്കുന്ന പണ്ഡിറ്റിനോട് ഒടുവിൽ പെൺകുട്ടികൾക്ക് പ്രണയവും ബഹുമാനവും തോന്നുന്നു. തുടർന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം ഇവരുടെ ജീവിതത്തിലുണ്ടാകുന്ന നാടകീയമായ മാറ്റങ്ങളും മറ്റും എല്ലാം കഥയിൽ പ്രതിപാദിക്കുന്നുണ്ട്. എട്ട് പ്രണയഗാനങ്ങൾ ഉൾപ്പെടുത്തി കൊണ്ടാകും സിനിമ നിർമിക്കുക. സന്തോഷ് പണ്ഡിറ്റ് കഥ ഫേസ്ബുക്കിൽ പങ്കുവച്ചതിന് പിന്നാലെ പതിവുപോലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഈ പോസ്റ്റ് വഴിതുറന്നിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com