

മുംബൈ: കഴിഞ്ഞ ദിവസമാണ് 2026ലെ ചേതക് സ്ക്രീൻ അവാർഡുകൾ വിതരണം ചെയ്തത്. ആലിയ ഭട്ട്, ഫറ ഖാൻ, സുനിൽ ഗ്രോവർ, സാക്കിർ ഖാൻ, സൗരഭ് ദ്വിവേദി എന്നിവരായിരുന്നു ഷോയുടെ അവതാരകർ. താര സമ്പന്നമായിരുന്നു ചടങ്ങ്. വിക്കി കൗശൽ, കരൺ ജോഹർ, ബോബി ഡിയോൾ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ നടൻ രാജ്‌പാൽ യാദവിന്റെ ചെക്ക് കേസുമായി ബന്ധപ്പെടുത്തി സൗരഭ് ദ്വിവേദി നടത്തിയ പരാമർശമാണ് ഇപ്പോൾ സിനിമാവൃത്തങ്ങളിൽ ചർച്ചാ വിഷയം. നടൻ സദസിലിരിക്കെയായിരുന്നു ഈ പരാമർശം. ചെക്ക് കേസിൽ തിഹാർ ജയിലിലായിരുന്ന രാജ്‌പാൽ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
പുരസ്കാര ചടങ്ങിനിടെ സൗരഭ് ദ്വിവേദി ആഗോള എണ്ണ പ്രതിസന്ധി ചർച്ചാവിഷയമാക്കി. രാജ്പാൽ യാദവ് ഉൾപ്പെട്ട സദസും ഇതുമായി ബന്ധപ്പെടുത്തി തങ്ങളുടെ അഭിപ്രായം പങ്കുവച്ചു. "ലോകത്ത് ഇത്രയധികം യുദ്ധങ്ങൾ നടക്കുന്നു. രൂപയുടെയും ഡോളറിന്റെയും മൂല്യത്തിലുണ്ടാകുന്ന ഈ ഏറ്റക്കുറച്ചിലുകളെ ഞാൻ എങ്ങനെയാണ് മനസിലാക്കേണ്ടത്? എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് പിടികിട്ടുന്നില്ല," എന്നാണ് രാജ്പാൽ പറഞ്ഞത്. "രാജ്പാൽ ഭായ്, ഡോളറും രൂപയും തമ്മിലുള്ള മൂല്യം എത്ര തന്നെ കൂടുകയോ കുറയുകയോ ചെയ്താലും, നിങ്ങൾ വാങ്ങിയ കടം എത്രയാണോ അത്രയും പൈസ തന്നെ തിരിച്ചു നൽകേണ്ടി വരും," എന്നായിരുന്നു സൗരഭ് ദ്വിവേദിയുടെ തമാശ രൂപേണയുള്ള മറുപടി.
ഇത് കേട്ട് സദസിലുണ്ടായിരുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉൾപ്പെടെയുള്ളവർ ചിരിച്ചു. രാജ്പാൽ യാദവും അതിൽ പങ്കുചേർന്നു. "എന്റെ വിഷയം ഒന്ന് കേൾക്കൂ" എന്ന് പറയാനും നടൻ ഇടയ്ക്ക് ശ്രമിച്ചു. ഉടൻ തന്നെ സാക്കിർ ഖാൻ ഇടപെട്ട്, "ഈ കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതുകൊണ്ട് നമുക്ക് ഇത് ഇവിടെ വിടാം," എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു. എങ്കിലും, രാജ്പാൽ യാദവിന്റെ തിരിച്ചുവരവിൽ തങ്ങൾക്കേവർക്കും സന്തോഷമുണ്ടെന്നും അദ്ദേഹം മികച്ച നടനാണെന്നും സൗരഭ് കൂട്ടിച്ചേർത്തു.
2010ൽ തന്റെ ആദ്യ സംവിധാന സംരംഭമായ 'അട്ടാ പട്ടാ ലാപ്പതാ' എന്ന ചിത്രത്തിന് വേണ്ടി എടുത്ത വായ്പയുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ ഫെബ്രുവരി അഞ്ചിന് രാജ്പാൽ യാദവ് കോടതിയിൽ കീഴടങ്ങിയിരുന്നു. പലിശയടക്കം ഏകദേശം ഒൻപത് കോടി രൂപയായിരുന്നു നടൻ നൽകാനുണ്ടായിരുന്നത്. ഈ വിഷയത്തെയാണ് അവാർഡ് വേദിയിൽ സൗരഭ് തമാശരൂപേണ അവതരിപ്പിച്ചത്.