
നടി ഷെഫാലി ജാരിവാലയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസമാണ് ഷെഫാലി ജാരിവാല (42) ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണപ്പെട്ടത്. 'കാട്ടാ ലഗാ' മ്യൂസിക് വീഡിയോയിലൂടെ പ്രശസ്തയായ നടിയാണ് ഷെഫാലി. ശനിയാഴ്ച വൈകിട്ടോടെ മുംബൈയില്‍ ഷെഫാലിയുടെ അന്ത്യകര്‍മങ്ങള്‍ നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
നടിയുടെ പെട്ടെന്നുള്ള മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഷെഫാലി വര്‍ഷങ്ങളായി ആന്റി ഏജിങ് മരുന്നുകള്‍ കഴിച്ചിരുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എട്ട് വര്‍ഷമായി ഇത്തരത്തിലുള്ള മരുന്നുകള്‍ കഴിച്ചിരുന്നതായാണ് പൊലീസിനു ലഭിച്ച വിവരം. ജൂണ്‍ 27 ന് ഷെഫാലിയുടെ വീട്ടില്‍ ഒരു പൂജ നടന്നിരുന്നു. ഇതിന്റെ ഭാഗമായി നടി ഉപവാസത്തിലായിരുന്നു. ഈ സമയത്തും നടി മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായാണ് അടുത്ത വൃത്തങ്ങള്‍ പൊലീസിനോട് പറഞ്ഞത്.
ജൂണ്‍ 27 ന് ഉച്ചകഴിഞ്ഞാണ് ഷെഫാലി ആന്റി ഏജിങ് മരുന്ന് അവസാനമായി ഉപയോഗിച്ചത്. രാത്രി പത്തിനും പതിനൊന്നിനും ഇടയ്ക്കാണ് ഷെഫാലിയുടെ ആരോഗ്യനില വഷളായത്. വര്‍ഷങ്ങളായി മരുന്നുകളുടെ ഉപയോഗമാകാം പെട്ടന്നുള്ള ഹൃദയസ്തംഭനത്തിലേക്ക് നയിച്ചതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
രാത്രി പത്തിനും പതിനൊന്നിനും ഇടയ്ക്ക് ഷെഫാലിക്ക് തളര്‍ച്ച അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് പരാഗും അമ്മയും അടുത്ത ബന്ധുക്കളും ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
നടിയുടെ വീട്ടില്‍ ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ മരുന്നുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കുടുംബാംഗങ്ങളും ജോലിക്കാരും ഡോക്ടര്‍മാരും അടക്കം എട്ട് പേരുടെ മൊഴികള്‍ പൊലീസ് രേഖപ്പെടുത്തി. മരണത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മരുന്നുകളുടെ പരിശോധനാഫലത്തിന്റേയും അടിസ്ഥാനത്തിലാകും അന്വേഷണം മുന്നോട്ടു പോകുക.
2002ല്‍ പുറത്തിറങ്ങിയ 'കാട്ടാ ലഗാ' മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി പ്രശസ്തയായത്. 2000-ത്തിന്റെ തുടക്കത്തില്‍ പോപ്പ് സംസ്‌കാരത്തിന്റെ പ്രതീകമായി മാറുകയായിരുന്നു ഷെഫാലിയും ഈ ആല്‍ബവും. പിന്നീട് 2004ല്‍ സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ അഭിനയിച്ച 'മുജ്സെ ശാദി കരോഗി' എന്ന ചിത്രത്തില്‍ താരം കാമിയോ വേഷം ചെയ്തു. 2019ല്‍ ബിഗ് ബോസ് സീസണ്‍ 13ല്‍ പങ്കെടുത്തതോടെ ഷെഫാലി വീണ്ടും പ്രശസ്തയായി.