ജോഗാ ബോണിറ്റോ: കാല്‍പ്പന്തിന്റെ സാംബാതാളം

കളിക്കളത്തില്‍ അപ്പപ്പോള്‍ രചിക്കപ്പെടുന്ന കാവ്യം പോലെ മനോഹരമാകുന്ന കളിശൈലി.
ജോഗാ ബോണിറ്റോ
Joga BonitoNews Malayalam 24X7
Published on
Updated on

'Beauty comes first. Victory is Secondary. What matters is Joy'

ബ്രസീലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലും, ക്യാപ്റ്റന്മാരിലും ഒരാളായ സോക്രട്ടീസിന്റെ വാക്കുകള്‍.

'ജോഗാ ബോണിറ്റോ'. ഇതൊരു പോര്‍ച്ചുഗീസ് പ്രയോഗമാണ്. 'ബ്യൂട്ടിഫുള്‍ ഗെയിം' എന്നാണ് അര്‍ഥം. ബ്രസീല്‍ ഫുട്ബോളിനെ അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. കളിക്കാര്‍ക്കൊപ്പം, ആരാധകരും കാഴ്ചക്കാരും ഒരുപോലെ ആസ്വദിക്കുന്ന കളിശൈലി. എതിര്‍നിരക്കെതിരെ വലിയ തന്ത്രങ്ങള്‍ മെനഞ്ഞ്, പാസുകള്‍കൊണ്ട് വല നെയ്ത് ഗോളടിച്ചു കൂട്ടുക മാത്രമല്ല അത്. ഒരു കളിക്കാരന്‍ അവന്റെ സ്കില്ലിനൊപ്പം ക്രിയേറ്റിവിറ്റിയും ചേര്‍ത്തുവയ്ക്കുന്നു. ഒറ്റതാളത്തില്‍ ആടുന്ന സംഘനൃത്തം പോലെ, പന്തുകളെ കാലില്‍ കോര്‍ത്ത് അവര്‍ ഗോളിലേക്ക് ചുവടടുപ്പിക്കുന്നു. കളിക്കളത്തില്‍ അപ്പപ്പോള്‍ രചിക്കപ്പെടുന്ന കാവ്യം പോലെ മനോഹരമാകുന്ന കളിശൈലി. ഒരു പാട്ടോ, ഡാന്‍സോ പോലെ ആസ്വദിക്കാനാവുന്ന ഫുട്ബോള്‍. മധ്യനിരയില്‍ തുടക്കമിടുന്ന നൃത്തച്ചുവടുകള്‍, എതിര്‍നിരയുടെ നെഞ്ചില്‍ തീ കോരിയിട്ടശേഷമാകും താണ്ഡവം പൂര്‍ത്തിയാക്കുക. ഗോളുകളുടെ എണ്ണപ്പെരുക്കമില്ലെങ്കിലും ആ കളി നാം കണ്ടിരിക്കും, ആസ്വദിക്കും. ഫുട്ബോളിലെ ഏറ്റവും വിപ്ലവകരമായൊരു ശൈലി. അതാണ് ജോഗാ ബോണിറ്റോ.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ഫുട്ബോൾ ബ്രസീലിന്റെ മണ്ണിലെത്തിയത്. അതിന്റെ ചരിത്രവഴികളെക്കുറിച്ച് പലതരം വിശദീകരണങ്ങളുണ്ട്. യൂറോപ്യൻ കുടിയേറ്റക്കാരും ബ്രിട്ടീഷ് വംശജരുമാണ് കാല്‍പ്പന്തിനെ ബ്രസീലിന് പരിചയപ്പെടുത്തിയതെന്നാണ് പൊതുചരിത്രം. 1884ല്‍ സാവോ പോളോയില്‍നിന്ന് ഇംഗ്ലണ്ടില്‍ പഠിക്കാന്‍ പോയ സ്കോട്ടിഷ് വംശജനായ ചാള്‍സ് വില്യം മില്ലറിലൂടെയാണ് ഫുട്ബോള്‍ ബ്രസീലില്‍ എത്തിയതെന്നാണ് ഒരു ചരിത്രം. സതാംപ്‌ടണിലെ പഠനകാലത്ത് ക്രിക്കറ്റും ഫുട്ബോളും പരിശീലിച്ച മില്ലര്‍ അവിടെ ടീമുകള്‍ക്കായി കളിച്ചിരുന്നു. 1894ല്‍ ബ്രസീലില്‍ തിരിച്ചെത്തുമ്പോള്‍, രണ്ട് ഫുട്ബോളും, കളിനിയമങ്ങളുടെ ചെറുപുസ്തകവും മില്ലര്‍ ഒപ്പംകൂട്ടി. ക്ലബ്ബുകള്‍ രൂപീകരിച്ച്, മത്സരങ്ങള്‍ സംഘടിപ്പിച്ചെന്നും പറയപ്പെടുന്നു.

സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍നിന്ന് റിയോ ഡി ജനീറയില്‍ ടെക്സ്റ്റൈല്‍സ് ജോലിക്കെത്തിയ തോമസ് ഡോണ്‌ഹോയുമായി ബന്ധപ്പെട്ടാണ് മറ്റൊരു ചരിത്രം. 1894ല്‍ ബ്രസീലില്‍ എത്തിയ ഡോണ്‌ഹോ ടെക്സ്റ്റൈല്‍സ് കമ്പനിയിലെ ജോലിക്കാരെ ഉള്‍പ്പെടുത്തി അതേ വര്‍ഷം തന്നെ ഫുട്ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നുവെന്നും പറയപ്പെടുന്നു. എന്തായാലും ഫുട്ബോള്‍ ബ്രസീലിന്റെ കളിയായിരുന്നില്ല. മറ്റു രാജ്യങ്ങളെപ്പോലെ, ബ്രസീലും അത് കടംകൊണ്ടതാണ്. കാലാന്തരത്തില്‍ അത് ബ്രസീലിന്റെ കളിയായി മാറുകയായിരുന്നു. ഫുട്ബോളിന്റെ പിറവിദേശമായ ഇംഗ്ലണ്ടിനെയും അതിശയിപ്പിക്കുന്ന രീതിയില്‍ ബ്രസീല്‍ അതിനെയൊരു കലാരൂപമാക്കി.

ജോഗാ ബോണിറ്റോ
അഞ്ച് കിരീടം മാത്രമല്ല... ഈ ലോകകപ്പ് റെക്കോഡുകളും കാനറികള്‍ക്കു മാത്രം സ്വന്തം

സംഗീതവും, നൃത്തവും, വൈവിധ്യമാർന്ന സംസ്കാരവും പോലെയായി ബ്രസീലിന് ഫുട്ബോളും. ഒരു ജനതയുടെ സന്തോഷവും ആവേശവും അതില്‍ പ്രകടമായിരുന്നു. സാമുഹികമായി പിന്നാക്കം നില്‍ക്കുന്ന, ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന ജനതയ്ക്ക് സന്തോഷം പകരുന്ന ഒന്ന്. പ്രതീക്ഷയെന്നോ, സ്വപ്നമെന്നോ, ജീവിതത്തിന്റെ കൂട്ടെന്നോ വിളിക്കാനാകുന്ന ഒരു വികാരം. റിയോ ഡി ജനീറോയുടെ മണൽത്തീരങ്ങളിലും സാവോ പോളോയിലെ തുറസുകളിലും, സാല്‍വദോറിന്റെ ഇടുങ്ങിയ തെരുവുകളിലും കുട്ടികള്‍ പന്തിനെ സ്നേഹിച്ചു തുടങ്ങി. പന്ത് എന്നൊന്നും പറയാനാവില്ല. തുണിക്കഷണങ്ങളും മറ്റും പൊതിഞ്ഞുകെട്ടിയുണ്ടാക്കിയ ഒന്ന്. ചെരുപ്പില്ലാ കാലുകള്‍കൊണ്ട് അവരതിനെ തട്ടിപ്പായിച്ചു. വേഗമില്ലാതെ, ചരിഞ്ഞും ഉരുണ്ടും നീങ്ങുന്ന തുണിഗോളത്തെ ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ അത്യധ്വാനം ചെയ്തു. ശരീരത്തിന്റെ മുഴുവന്‍ ശക്തിയേയും കാലുകളിലേക്ക് ആവാഹിച്ച് അവരതിനെ ലക്ഷ്യത്തിലെത്തിച്ചു. അതൊരു ദൈനംദിന കാഴ്ചയായി. ആ കാല്‍പ്പന്തിനെ അവര്‍ തെരുവോരങ്ങളിലും കടല്‍ത്തീരങ്ങളിലും ആഘോഷിച്ചു.

ആ കളിക്ക് ഒരു പ്രത്യേക സൗന്ദര്യമുണ്ടായിരുന്നു, സര്‍ഗാത്മകതയുണ്ടായിരുന്നു. കലര്‍പ്പില്ലാത്ത സന്തോഷത്തിന്റെ ആവേശക്കാഴ്ചകളുണ്ടായിരുന്നു. അവിടെ പ്രതിഭകള്‍ പിറവിയെടുത്തു. അവര്‍ മൈതാനത്ത് സാംബാ താളത്തില്‍ അത്ഭുതങ്ങള്‍ തീര്‍ത്തു. ചിലര്‍ ഇതിഹാസങ്ങളായി. ബ്രസീല്‍ ഫുട്ബോള്‍ ലോകത്തിനാകെ വിസ്മയക്കാഴ്ചയായി. കാല്‍പ്പന്തിന്റെ രാജാവ് പിറന്നത് ആ മണ്ണിലാണ്. അത്ഭുത പ്രകടനങ്ങള്‍ക്കൊപ്പം, പച്ചപ്പുല്‍മൈതാനത്തിന് കളിയഴക് പരിചയപ്പെടുത്തിയ പെലെ. 1958, 1962, 1970 ലോകകപ്പുകൾ സ്വന്തമാക്കിയ ഇതിഹാസം. ആയിരത്തിലധികം ഗോളുകൾ... ഫുട്ബോളില്‍ ബ്രസീലിന്റെ ഒരു തലമുറയുടെ തലതൊട്ടപ്പന്‍. മറ്റേതൊരു താരത്തേക്കാളും ബ്രസീലിന്റെ അഭിമാനം. 1980കളിൽ ബ്രസീൽ മറ്റൊരു അതുല്യ പ്രതിഭയെ കണ്ടു, സീക്കോ. കളിക്കളത്തിലെ ബുദ്ധിയും സാങ്കേതിക മികവും കൊണ്ട് അദ്ദേഹം ആരാധകരെ വിസ്മയിപ്പിച്ചു. പിന്നാലെ റൊമാരിയോ എന്ന ഗോൾ വേട്ടക്കാരൻ എത്തി. ആ ഗോളുകള്‍ 1994ലെ ലോകകപ്പ് ബ്രസീലിലെത്തിച്ചു.

പെലെയ്ക്കൊപ്പം തോളോടുതോള്‍ നിന്ന ഗരിഞ്ച മുതല്‍ സോക്രട്ടീസ്, റിവാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ്, ദുംഗ, കഫു, ഗില്‍മര്‍, കക്ക എന്നിങ്ങനെ ഒട്ടനവധി പ്രതിഭകള്‍ ബ്രസീലിയന്‍ ഫുട്ബോളിനെ ലോകോത്തരമാക്കി. അവര്‍ക്കിടയില്‍, അടിമുടി സ്റ്റൈലുമായിട്ടായിരുന്നു റൊണാള്‍ഡോ നസാരിയോയുടെ വരവ്. വേഗവും കരുത്തും അസാമാന്യ സാങ്കേതിക തികവും കൊണ്ട് ലോകഫുട്ബോളിനെ അയാള്‍ കീഴടക്കി... ഓ ഫിനോമിനോ. 1998 ലോകകപ്പില്‍ ആ വേഗക്കാലുകളൊന്ന് ഇടറിയപ്പോള്‍, എല്ലാത്തിന്റെയും അവസാനമെന്ന് പലരും വിധിയെഴുതി. പക്ഷേ, നാലു വര്‍ഷങ്ങള്‍ക്കിപ്പുറം അതേ വേദിയിലെ ഉയിര്‍പ്പിന്റെ പുലരിയില്‍ അയാള്‍ ലോകകപ്പ് കിരീടം ബ്രസീലിന് സമ്മാനിച്ചു. ആ തിരിച്ചുവരവ് ലോക ഫുട്ബോളില്‍ മാത്രമല്ല, കായികലോകത്തെ തന്നെ എക്കാലത്തെയും പ്രചോദനാത്മകമായ കഥകളിലൊന്നായി.

ജോഗാ ബോണിറ്റോ
Brasil vs Haiti | കുൻഹയുടെ ഡബിൾ സ്ട്രോക്കിലൂടെ ഹെയ്തിയെ പുറത്താക്കി ബ്രസീൽ, ഗ്രൂപ്പിൽ ഒന്നാമത്

കാല്‍പ്പന്തിന് പുതിയ ആഘോഷക്കാഴ്ച സമ്മാനിച്ചാണ് റൊണാള്‍ഡീഞ്ഞോ എത്തിയത്. ബുദ്ധിയും കൗശലവുമൊക്കെ നിറച്ച്, ചിരിക്കുന്ന മുഖവുമായി പന്തിനെ നൃത്തം ചെയ്യിച്ച് അയാള്‍ മൈതാനം കീഴടക്കി. ഫുട്ബോള്‍ എന്നാല്‍ പുഞ്ചിരിയുടെ, സന്തോഷത്തിന്റെ, ആനന്ദത്തിന്റെ ഭാഷ കൂടിയാണെന്ന് അയാള്‍ പറഞ്ഞുതന്നു. പുതു തലമുറയില്‍ പ്രതീക്ഷകളുടെ മുഖമാകുന്നത് നെയ്മര്‍ ആണ്. തെരുവ് ഫുട്ബോളിന്റെ സകല സ്വാതന്ത്ര്യങ്ങളും ആധുനിക ഫുട്ബോളിന്റെ വേഗവും സമന്വയിപ്പിച്ചാണ് ആ പ്രതിഭയുടെ വിളയാട്ടം. സാവോ പോളോയിലെ സാധാരണ ജീവിതത്തിൽ നിന്ന് ലോക വേദിയിലേക്കുള്ള യാത്ര ഒരു സ്വപ്നസാക്ഷാത്കാരമാണ്. ബ്രസീലിലെ അനേകം കൗമാരങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വേദിയുണ്ടാകുമെന്നതിന്റെ തെളിവാണ് നെയ്മറിന്റെ കരിയര്‍. പട്ടിക തീരുന്നില്ല. വിനീഷ്യസ് ജൂനിയറിലൂടെ, എന്‍ഡ്രിക്കിലൂടെ ആ പാരമ്പര്യം തുടരുകയാണ്.

ബ്രസീലിന് ഫുട്ബോള്‍ ഒരു കായിക വിനോദം മാത്രമല്ല. അത് അവരുടെ സംസ്കാരത്തിന്റെ സ്പന്ദനവും സ്വത്വത്തിന്റെ ഭാഗവുമാണ്. ലോകകപ്പ് ഉള്‍പ്പെടെ കിരീടങ്ങളുടെ എണ്ണമോ, ഇതിഹാസ താരങ്ങളുടെ പട്ടികയോ കൊണ്ടു മാത്രം വിശദീകരിക്കാനാവുന്ന ഒന്നല്ല അത്. സുന്ദരമായ കളിയുടെ അനശ്വരമായ ആഘോഷം, ജോഗാ ബോണിറ്റോ. അതിങ്ങനെ തുടരും.

News Malayalam 24x7
newsmalayalam.com