ജയൻ്റ് കില്ലറായി എംബാപ്പെ തുടരും; ഇരട്ട ഗോളുകളോടെ ലോകകപ്പിൽ പുതുചരിത്രം!

സെനഗലിനെതിരായ മാച്ചിൽ 66, 90+6 മിനിറ്റുകളിലാണ് എംബാപ്പെ ഇരട്ട ഗോളുകൾ നേടിയത്.
Kylian Mbappé
Published on
Updated on

ന്യൂയോർക്ക്: ഖത്തർ ലോകകപ്പ് ഫൈനലിൽ ഹാട്രിക്കുമായി നിർത്തിയിടത്ത് നിന്നാണ് ഇന്നലെ രാത്രി കിലിയൻ എംബാപ്പെ തുടങ്ങിയത്. ആഫ്രിക്കൻ വമ്പന്മാരായ സെനഗലിനെ 3-1ന് ഡെസ് ബ്ലൂസ് തകർത്തപ്പോൾ രണ്ട് ഗോളുകളുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ചത് എംബാപ്പെ തന്നെയായിരുന്നു. സെനഗലിനെതിരായ മാച്ചിൽ 66, 90+6 മിനിറ്റുകളിലാണ് എംബാപ്പെ ഗോൾ നേടിയത്.

ഇരട്ട ഗോൾ നേട്ടത്തിലൂടെ ഫ്രാൻസിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരമെന്ന ഒലിവർ ജിറൗദിൻ്റെ (57) റെക്കോർഡും കിലിയൻ എംബാപ്പെ (58) മറികടന്നു. മറ്റൊരു ചരിത്രനേട്ടം കൂടി ഈ മത്സരത്തോടെ എംബാപ്പെ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തിൽ ഫ്രാൻസിൻ്റെ എക്കാലത്തേയും ഉയർന്ന ഗോൾ വേട്ടക്കാരനായാണ് എംബാപ്പെ മാറിയത്. 1958 ലോകകപ്പിൽ ഒരു സീസണിൽ 13 ഗോളുകൾ അടിച്ചുകൂട്ടിയ ഫ്രഞ്ച് ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്നിൻ്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. തിയറി ഹെൻറി (6), മിഷേൽ പ്ലാറ്റിനി (5), ഒലിവർ ജിറൗദ് (5), സിനദിൻ സിദാൻ (5) എന്നിവരാണ് ഫ്രാൻസിനായി ലോകകപ്പിൽ ഗോളടിച്ച് കൂട്ടിയ പ്രമുഖർ.

Kylian Mbappé
THE FINAL WHISTLE | സ്പെയിനിനെ തൂഫാനാക്കിയ വൊസീഞ്ഞ മാജിക്!

ഇതോടെ ഫ്രഞ്ച് നായകൻ്റെ ലോകകപ്പിലെ ഗോൾനേട്ടം പതിനാലിലേക്ക് ഉയർന്നിട്ടുണ്ട്. രണ്ട് ഗോൾ കൂടി നേടിയാൽ ലോകകപ്പിലെ എക്കാലത്തേയും ഉയർന്ന ഗോൾ സ്കോറർമാരായ മിറോസ്ലാവ് ക്ലോസെയുടെയും ലയണൽ മെസ്സിയുടേയും 16 ഗോളുകൾ എന്ന റെക്കോർഡിനൊപ്പം എത്താൻ എംബാപ്പെയ്ക്ക് കഴിയും. ബ്രസീലിയൻ ഇതിഹാസ സ്ട്രൈക്കർ റൊണാൾഡോ നസാരിയോ (15), പശ്ചിമ ജർമനിയുടെ ജെർഡ് മുള്ളർ (14), ജസ്റ്റ് ഫോണ്ടെയ്ൻ (13) എന്നിവരാണ് ലോകകപ്പ് ചരിത്രത്തിലെ മറ്റു പ്രധാന ഗോൾവേട്ടക്കാർ.

ഫിഫ ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവർ:

  • മിറോസ്ലാവ് ക്ലോസെ, ജർമനി - 16

  • ലയണൽ മെസ്സി, അർജൻ്റീന - 16*

  • റൊണാൾഡോ നസാരിയോ, ബ്രസീൽ - 15

  • കിലിയൻ എംബാപ്പെ, ഫ്രാൻസ് - 14*

  • ഗെർഡ് മുള്ളർ, പശ്ചിമ ജർമനി - 14

  • ജസ്റ്റ് ഫോണ്ടെയ്ൻ, ഫ്രാൻസ് - 13

Kylian Mbappé
ബ്രാവോ ബ്ലൂ ഷാർക്ക്‌സ്! കേപ് വെർഡെ പോരാട്ടവീര്യത്തിന് കയ്യടിക്കൂ... കുഞ്ഞന്മാർക്ക് മുന്നിൽ തകർന്നടിഞ്ഞത് സ്പാനിഷ് അഹന്ത!
News Malayalam 24x7
newsmalayalam.com