'മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയില്‍', 'ജേണലിസ്റ്റ് കൊല്ലപ്പെട്ടു'; ന്യൂസ് വാല്യൂ ഇല്ലാതെയാകുന്ന തലക്കെട്ടുകള്‍ക്കപ്പുറം

നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യത്തെ മാധ്യമങ്ങൾ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'യാണ് നേരിടുന്നത്
'മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയില്‍', 'ജേണലിസ്റ്റ് കൊല്ലപ്പെട്ടു'; ന്യൂസ് വാല്യൂ ഇല്ലാതെയാകുന്ന തലക്കെട്ടുകള്‍ക്കപ്പുറം
News Malayalam 24x7
Published on

പ്രജാപതി: നിങ്ങൾ എന്തിനവിടെ പോയി?

മാ.പ്ര: അവിടെ കുറച്ച് മനുഷ്യരുണ്ടായിരുന്നു. അവർ പട്ടിണിയിലാണ്.

പ്രജാപതി: അതിന്?

മാ.പ്ര: അവർക്ക് ശുദ്ധവായു ലഭിച്ചിട്ട് വർഷങ്ങളായിരിക്കുന്നു. അവരുടെ മണ്ണും മലയും മുഖംമൂടികൾ തട്ടിയെടുക്കുന്നു.

പ്രജാപതി: അതിന് നിനക്ക് എന്തുകാര്യം?

മാ.പ്ര: അവർ നിങ്ങളുടെ ആളുകളാണ്.

പ്രജാപതി: തെളിവുണ്ടോ?

മാ.പ്ര: രേഖകൾ നിരവധി. കണക്കുകൾ ലക്ഷങ്ങൾ. സാക്ഷികൾ കോടികൾ. ഇരകൾ കോടാനുകോടികൾ. നമ്മുടെ ജനസംഖ്യയോളം.

പ്രജാപതി: ഈ നാവിനി ഉയരരുത്. ആൾക്കൂട്ടത്തിന് നിന്നെ കൈയ്യേറ്റം ചെയ്യാം. വീടിന് മുന്നിൽ വെച്ച് വെടിവെച്ചിടാം. അല്ലെങ്കിൽ അനാധികാലം തടവിലാക്കാം.

മേൽ വിവരിച്ച സംഭാഷണം ഏതെങ്കിലും ഫിക്ഷന്റെ ഭാ​ഗമാണെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടെങ്കിൽ തെറ്റി. യാഥാർഥ്യവുമായി അത്രമേൽ അടുത്തു നിൽക്കുന്നതാണിത്. മാധ്യമ പ്രവർത്തനം ഒരു വില കുറഞ്ഞ ജോലിയായി എടുത്തുകാണിക്കാൻ പൊതുപ്രവർത്തകർ മത്സരിക്കുന്ന കാലത്ത്, വിമത സ്വരങ്ങൾ അടിച്ചമർത്താൻ ഭരണകൂടം ഏതറ്റം വരെയും പോകുന്ന ഈ നൂറ്റാണ്ടിൽ ഈ സംഭാഷണത്തിന് കടുപ്പമേറും. സ്വയം സെൻസർ ചെയ്യുക എന്ന ഭീരുത്വത്തിന് വഴങ്ങാതെ അന്യരാൽ നിശബ്ദരാക്കപ്പെടുക എന്ന 'റിവാർഡ്' വാങ്ങി ജോലിയും ചിലപ്പോൾ ജീവനും ഉപേക്ഷിക്കേണ്ടി വരുന്ന വലിയ ഒരു വിഭാ​ഗം മാധ്യമപ്രവർത്തകരുണ്ട്. ന്യൂസ് റൂമുകളിൽ അലമുറയിടുന്ന 'നവ മീഡിയാ ഫാഷിസ്റ്റുകളെ' കുറിച്ചല്ല ഇത്. തെരുവിൽ, കാടുകളിൽ, സർവേ കണക്കുകൾക്കും അപ്പുറം ആൾപാർപ്പുള്ള ഇടങ്ങളിൽ വിപ്ലവാത്മകമായി മാധ്യമപ്രവർത്തനം നടത്തി മരിച്ചു വീഴുന്ന മാധ്യമപ്രവർത്തകർ അനവധിയാണ്.

2025 ജനുവരി ഒന്നിന് കൊല്ലപ്പെട്ട മുകേഷ് ചന്ദ്രാക്കാർ ഇതിൽ ഒരാളാണ്. മുകേഷിന്റെ മരണം വാർത്തയാക്കിയത് തന്നെ ചുരുക്കം ചില മാധ്യമങ്ങളാണ്. ഭയം മാത്രമല്ല പലരേയും അതിൽ നിന്നും വിലക്കിയത്. ഭരണകൂടത്തോട് കൂറ് കാട്ടാൻ മത്സരിക്കുന്ന കോർപ്പറേറ്റുകളുടെ സമ്മർദം കൂടിയാണ്. ഛത്തീസ്‌ഗഢിൽ റോഡ്‌ നിർമാണക്കരാറുകളിലെ വൻ അഴിമതികൾ പുറത്തുകൊണ്ടുവന്നതിനു പിന്നാലെയാണ് മുകേഷ്‌ ക്രൂരമായി കൊല്ലപ്പെട്ടത്. കോൺഗ്രസ്‌ നേതാവും പൊതുമരാമത്ത്‌ കരാറുകാരനുമായ സുരേഷ്‌ ചന്ദ്രാക്കാറാണ് കേസിൽ മുഖ്യപ്രതി. ഇയാളുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നും കണ്ടെടുത്ത മുകേഷിന്റെ മൃതശരീരം ഓരോ മാധ്യമപ്രവർത്തകരോടും തനിക്ക് വേണ്ടി ശബ്ദിക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ അതിനുള്ള സാധ്യത എന്താണ്? മുകേഷ് ഒരു ഫോളോഅപ് സ്റ്റോറി പോലും ആയില്ല. വലിയ ഒരു പട്ടികയിലെ അവസാന പേരുകാരൻ.

'മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയില്‍', 'ജേണലിസ്റ്റ് കൊല്ലപ്പെട്ടു'; ന്യൂസ് വാല്യൂ ഇല്ലാതെയാകുന്ന തലക്കെട്ടുകള്‍ക്കപ്പുറം
യുക്രെയ്നുനേരെ മിസൈല്‍ ചൂണ്ടി, പടിഞ്ഞാറന്‍ നേതാക്കള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്ന പുടിന്‍

ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയിലാണ് എന്ന വാചകത്തിന് ഇന്ന് തീരെ 'ന്യൂസ് വാല്യൂ'വില്ല. അത് സാധാരണീകരിക്കപ്പെട്ടിരിക്കുന്നു. 2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിൽ വന്ന ശേഷം വലിയ തോതിൽ മാധ്യമങ്ങൾ ക്രൂശിക്കപ്പെട്ടു. 1.4 ബില്യൺ ജനങ്ങളും 210 ദശലക്ഷം വീടുകളിൽ ടിവി സെറ്റുമുള്ള ഇന്ത്യയിൽ 900 സ്വകാര്യ ഉടമസ്ഥതയിലുള്ള ടിവി ചാനലുകളുണ്ട്. അതിൽ ഭൂരിപക്ഷവും വാർത്താധിഷ്ഠിത ചാനലുകളാണ്. 140,000 പ്രസിദ്ധീകരണങ്ങളാണ് 20 ഭാഷകളിലായി പ്രസിദ്ധീകരിക്കുന്നത്. 20,000 ത്തോളം ദിനപത്രങ്ങൾ ഈ കാലത്തും ഇന്ത്യയുടെ 'ചായ് കി ബാത്ത്' സമ്പന്നമാക്കുന്നു. ഓൺലൈൻ സൈറ്റുകളെ കൂട്ടാതെയാണിത്. ഈ പറഞ്ഞവയിൽ എത്രയെണ്ണം സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്ന കണക്കെടുത്താൽ ഒരുപക്ഷേ അത് ഒരു കയ്യിലെ വിരലിൽ അവസാനിക്കും. മറ്റേ കൈ കൂടി ഉപയോ​ഗിക്കേണ്ടി വന്നാൽ ഒന്നുകൂടി കണക്കുകൂട്ടുന്നത് നന്നാകും.

നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യത്തെ മാധ്യമങ്ങൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നേരിടുന്നത്. ഇന്ദിരാ ​ഗാന്ധി രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ മാധ്യമങ്ങൾ വേട്ടയാടപ്പെട്ടില്ലേ എന്നാകും മറുചോദ്യം. നിങ്ങൾക്കാകാമെങ്കിൽ ഞങ്ങൾക്കുമാകാം എന്ന ന്യായത്തിൽ രണ്ട് കക്ഷികൾക്ക് സന്ധിയിലാകാം. എന്നാൽ ഇതിനിടയിൽ പെട്ടുപോകുന്ന ഇരകൾക്ക് അതിനാവില്ല. ഇന്ദിരയുടെ അടിയന്തരാവസ്ഥക്കാലത്ത് മുട്ടിലിഴഞ്ഞവർക്കുപോലും അതിൽ എതിരഭിപ്രായമുണ്ടാകില്ല. അന്ന് ഭരണകൂടം നേരിട്ടാണ് മാധ്യമങ്ങളുടെ വായമൂടിക്കെട്ടാൻ ഇറങ്ങിത്തിരിച്ചതെങ്കിൽ ഇന്ന് ആ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയ്യുന്നത് കോർപ്പറേറ്റ് ഭീമന്മാരും പാരമ്പര്യ വ്യാപാരി കുടുംബങ്ങളുമാണ്.

'മാധ്യമ സ്വാതന്ത്ര്യം പ്രതിസന്ധിയില്‍', 'ജേണലിസ്റ്റ് കൊല്ലപ്പെട്ടു'; ന്യൂസ് വാല്യൂ ഇല്ലാതെയാകുന്ന തലക്കെട്ടുകള്‍ക്കപ്പുറം
"ജീവനോടെയിരിക്കാനുള്ള ഏറ്റവും നല്ല മാർഗം ചെറുത്തുനിൽപ്പാണ്,"; വിട ഗൂഗി വ തിയോൻഗോ

ഇന്ന് ഇന്ത്യയിലെ ഭൂരിഭാ​ഗം മാധ്യമങ്ങളുടെയും ഉടമസ്ഥത ബിസിനസ് ഭീമന്മാരുടെ കൈകളിലാണ്. 70ഓളം മീഡിയ ഔട്ട്ലറ്റുകളുടെ ഉടമ റിലയൻസ് ഇൻഡസ്ട്രീസും മുകേഷ് അമ്പാനിയുമാണ്. 2022 ഡിസംബർ 30ന് ​ഗൗതം അദാനി എൻഡിടിവി ഏറ്റെടുത്ത സംഭവം മുഖ്യധാരാ മാധ്യമങ്ങളിലെ ബഹുസ്വരത അവസാനിക്കുന്നതിന്റെ സൂചനയായിരുന്നു. അതിന്റെ പ്രകടമായ ലക്ഷണങ്ങളാണ് പിന്നീടങ്ങോട്ട് മാധ്യമങ്ങളുടെ വാക്കിലും വരയിലും തെളിഞ്ഞുനിന്നത്. പ്രത്യേകിച്ച്, 2024 ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത്. ​'ഗോദി മീഡിയ' എന്ന ആക്ഷേപം നേരിട്ട മുഖ്യധാരാ ദേശീയ മാധ്യമങ്ങൾ ​ബിജെപി അനുകൂല നിലപാടായിരുന്നു. അവർ സൗകര്യപൂർവം മറന്നത് ഈ കാലയളവിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ രക്തസാക്ഷിത്വമാണ്.

2025ലെ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡറിന്റെ മാധ്യമ സ്വാതന്ത്ര സൂചിക പ്രകാരം 180 രാജ്യങ്ങളുടെ പട്ടികയിൽ 151-ാം സ്ഥാനത്താണ് ഇന്ത്യ. മുൻവർഷത്തിൽ ഇത് 159 ആയിരുന്നു.

പ്രതിവർഷം രണ്ട് മുതൽ മൂന്ന് വരെ മാധ്യമപ്രവർത്തകരാണ് തങ്ങളുടെ ജോലികാരണം ഇന്ത്യയിൽ കൊല്ലപ്പെടുന്നത്. സൈബർ ആക്രമണങ്ങൾ, ഭീഷണികൾ, ശാരീരിക ആക്രമണങ്ങൾ, ക്രിമിനൽ പ്രോസിക്യൂഷനുകൾ, അനിയന്ത്രിതമായ അറസ്റ്റുകൾ എന്നിവയും കുറവല്ല. ഭരണകൂടത്തിന്റെ എല്ലാ ഉപകരണങ്ങളും ഒരുമെയ്യായാണ് മാധ്യമപ്രവർത്തകരെ നേരിടുന്നത്. വിശേഷിച്ചും സ്വതന്ത്ര മാധ്യമ പ്രവർത്തകരെ. മുകേഷ് ചന്ദ്രാക്കാറിനെപോലും പലരും വേട്ടയാടപ്പെടുന്നത് അഴിമതി പുറത്തുകൊണ്ടുവരുന്നതിനാണ്. 2025ലെ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡറിന്റെ മാധ്യമ സ്വാതന്ത്ര സൂചിക പ്രകാരം 180 രാജ്യങ്ങളുടെ പട്ടികയിൽ 151-ാം സ്ഥാനത്താണ് ഇന്ത്യ. മുൻവർഷത്തിൽ ഇത് 159 ആയിരുന്നു. 25 മാധ്യമപ്രവർത്തകരാണ് 2016-25 കാലഘട്ടത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ​എന്താണ് ഇവർക്ക് ലഭിച്ച നീതി?

ഗൗരി ലങ്കേഷ് പത്രികയുടെ എഡിറ്റർ ഇൻ ചീഫ് ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ 2024 ഒക്ടോബർ ഒൻപതിന് ജാമ്യം ലഭിച്ച രണ്ട് പ്രതികളെ പൂമാലയിട്ടാണ് ഹിന്ദുത്വ സംഘങ്ങൾ സ്വീകരിച്ചത്. കർണാടകയിലെ വിജയപുരയിലെ ശ്രീ റാം സേനയാണ് കേസിലെ പ്രതികളായ പരശുറാം വാഗ്മോറിനും മനോഹർ യാദവിനും സ്വീകരണം നൽകിയത്. രണ്ട് പ്രതികളും ഛത്രപതി ശിവാജിയുടെ പ്രതിമയിൽ പുഷ്പാർചനയും നടത്തി. ഇതാണ് നവ ഇന്ത്യ. നവ ഫാഷിസത്തിന്റെ ഇന്ത്യ.

കേസരി എഴുതിയതുപോലെ ഏതൊരു ബഹുജന സംഘടനയേക്കാളും പൊതുജനസേവനം ചെയ്തിരുന്നവാരാണ് ഇന്ത്യൻ മാധ്യമങ്ങളെന്ന തിരിച്ചറിവ് സ്വയം വിമർശനത്തിന് വഴിവെച്ചേക്കും.

അതിദേശീയത കളം പിടിച്ച മോദിയുടെ ഇന്ത്യയിൽ മാധ്യമങ്ങൾ സ്വന്തം ശബ്ദം വീണ്ടെടുക്കില്ലേ? 1931 ഏപ്രിൽ 22ന് കേസരിയിൽ എ. ബാലകൃഷ്ണപിള്ള, 'പത്രപ്രവർത്തന സ്വാതന്ത്യം' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസം​ഗത്തിലെ ചില ഭാ​ഗങ്ങൾ ഇവിടെ പ്രസക്തമാണ്.

.......ഈയിടെ കൂടിയ ഉത്തരേന്ത്യയിലെ പത്രപ്രവർത്തകരുടെ ഒരു യോഗത്തിൽ വെച്ച് അതിന്റെ അധ്യക്ഷനായ മിസ്റ്റർ കെ.സി. റായി ഇന്ത്യയിലെ പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പല കാര്യങ്ങളെയും ചൂണ്ടിക്കാണിക്കുകയുണ്ടായി. രാജദ്രോഹനിയമം, അപകീർത്തിനിയമം. കോടതിയലക്ഷ്യ നിയമം, നാട്ടുരാജാ സംരക്ഷണനിയമം, ഉദ്യോഗമൊഴിഞ്ഞു പോകുന്നതിന് അല്പം മുമ്പ് വൈസ്രായി ഇർവിൻ പ്രഭു സ്വയാധികാരമുപയോഗിച്ചു നിർമിച്ചതും വിദേശ ഗവൺമെന്റുകളും ബ്രിട്ടീഷ് ഇന്ത്യൻ ഗവൺമെന്റും തമ്മിലുള്ള സ്നേഹബന്ധത്തെ അപകടപ്പെടുത്തുന്നതിനു പര്യാപ്തമായ വാർത്താവിതരണത്തെയും മറ്റും തടയുന്ന അസാധാരണ നിയമം മുതലായവയെയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. സിവിൽ നിയമ ലംഘന കാലത്ത് വൈസ്രോയിയുടെ അസാധാരണനിയമങ്ങൾ ഉണ്ടായപ്പോൾ കോൺഗ്രസ് വർക്കിങ് കമ്മിറ്റി പത്രങ്ങളുടെ പ്രസിദ്ധീകരണം നിർത്തണമെന്നാജ്ഞാപിച്ചതിനെ ചില പത്രങ്ങൾ അനുസരിക്കാതിരുന്നതിനെപ്പറ്റി കമ്മിറ്റിക്കാർ കറാച്ചി കോൺഗ്രസ് കാലത്ത് ആക്ഷേപിച്ചതും ഇവിടെ സ്മരണീയമാണ്. കോൺഗ്രസ്സിനെക്കാൾ വലുതും പ്രാബല്യമേറിയതും അതിനെക്കാൾ അധികം പൊതുജന സേവനം ചെയ്യുന്നതുമാണ് ഇന്ത്യൻ പത്രങ്ങളെന്നുള്ള വാസ്തവം മറന്ന് സ്വേച്ഛാപ്രഭുത്വം കാണിച്ച ഈ കമ്മിറ്റിയെ മിസ്റ്റർ സത്യമൂർത്തി ഒരു പാഠം പഠിപ്പിച്ചത് ദേശാഭിമാനികൾ അഭിനന്ദിക്കുക തന്നെ ചെയ്യും......,കേസരി എ. ബാലകൃഷ്ണപിള്ള എഴുതി.

വാർത്തകളെ വീണ്ടെടുക്കുന്നതിനൊപ്പം മാധ്യമപ്രവർത്തന സ്വാതന്ത്രത്തേയും കണ്ടെടുക്കുന്ന ഒരു കാലവും ഇന്ത്യയിലുണ്ടാകും. കേസരി എഴുതിയതുപോലെ ഏതൊരു ബഹുജന സംഘടനയേക്കാളും പൊതുജനസേവനം ചെയ്തിരുന്നവാരാണ് ഇന്ത്യൻ മാധ്യമങ്ങളെന്ന തിരിച്ചറിവ് സ്വയം വിമർശനത്തിന് വഴിവെച്ചേക്കും. കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ നാവുകൾ വീണ്ടും മിണ്ടിത്തുടങ്ങിയേക്കും. തീർത്തും 'ഉട്ടോപ്യൻ' എന്ന് പറഞ്ഞ് ഈ സാധ്യത തള്ളിക്കളയാൻ പറ്റില്ല. അതിന്റെ സൂചനകൾ രാജ്യത്തിന്റെ പലഭാ​ഗത്തു നിന്നായി ഉയരുന്നുണ്ട്. സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങൾ കൂട്ടായി പ്രവർത്തിക്കുവാൻ ആരംഭിക്കുന്നത് മാധ്യമങ്ങളെ ഒരു സംഘടിത ശക്തിയാക്കി മാറ്റിയേക്കാം. കൂട്ടം ചേർന്ന് കൂക്കിയാൽ ആരായാലും ഒന്ന് തിരിഞ്ഞുനോക്കുമല്ലോ. ഇവരുടെ നേതൃത്വത്തിൽ ഇലക്ട്രൽ ബോണ്ട് അഴിമതിയും മറ്റും പുറത്തുകൊണ്ടുവന്ന അന്വേഷണാത്മക മാധ്യമ പ്രവർത്തനം പ്രതീക്ഷ നൽകുന്നതാണ്.

18 മാസക്കാലം ഗാസയിലെ ഇസ്രയേൽ വ്യോമാക്രമണങ്ങൾക്കിടയിൽ റിപ്പോർട്ട് ചെയ്ത് ഒടുവിൽ കൊല്ലപ്പെട്ട ഫാത്തിമ ഹസൗനയുടെ വാക്കുകൾ ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥ കാലത്ത് ഒരോ മാധ്യമ പ്രവർത്തകർക്കും ഊർജമായേക്കാം.

"വെറും ബ്രേക്കിങ് ന്യൂസോ ഒരു സംഖ്യയോ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ലോകം കേൾക്കുന്ന ഒരു മരണവും, എക്കാലത്തേക്കും അവശേഷിക്കുന്ന, കാലത്തിനോ സ്ഥലത്തിനോ മറയ്ക്കാൻ കഴിയാത്ത കാലാതീതമായ പ്രതിച്ഛായയും എനിക്ക് വേണം."

Related Stories

No stories found.
News Malayalam 24x7
newsmalayalam.com