മണിമ്യൂളുകളുടെ കെണിയിൽ കേരളം

കേരളത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളുടെ കേന്ദ്രമായി മണി മ്യൂളുകൾ
SATHYAM PARAYATTE THUMB
Published on
Updated on

"നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു തുക വരും, അത് മറ്റൊരാൾക്ക് അയച്ചുകൊടുത്താൽ നല്ലൊരു കമ്മീഷൻ സ്വന്തമാക്കാം." ഇത്തരമൊരു വാഗ്ദാനം എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അല്ലെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലൂടെ പെയ്മെൻറുകൾ സ്വീകരിക്കാനും ഫോർവേഡ് ചെയ്യാനും വേണ്ടി നിങ്ങൾക്ക് ആഴ്ച തോറും നല്ലൊരു തുക വാഗ്ദാനം ചെയ്താലോ? നിങ്ങൾ ആ കെണിയിൽ വീണുപോയീട്ടില്ലെങ്കിലും കേരളത്തിൽ അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന തട്ടിപ്പാണിത്. സൈബർ തട്ടിപ്പുകാർ, സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകളെ കള്ളപ്പണം വെളുപ്പിക്കാനുള്ള ആയുധമാക്കുന്ന കെണി.

ജോലി വാഗ്ദാനങ്ങളിലൂടെയും വ്യാജ കമ്മീഷനുകളിലൂടെയും ആളുകളെ പ്രലോഭിപ്പിച്ച്, അവരുടെ അക്കൗണ്ടുകളിലൂടെ അനധികൃത പണം കൈമാറ്റം ചെയ്യുന്ന മണി മ്യൂളുകൾ എന്ന് വിളിക്കുന്ന ഇത്തരക്കാർ വലിയ നിയമക്കുരുക്കുകളാണ് സൃഷ്ടിക്കുന്നത്.. തട്ടിപ്പിന്റെ പങ്കാളിയായി ജയിൽ ശിക്ഷയോ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലോ നേരിടാതിരിക്കാൻ, മ്യൂൾ അക്കൗണ്ടുകളെക്കുറിച്ചും നമ്മുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കേണ്ടതിനെക്കുറിച്ചും കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

മണിമ്യൂളുകളുടെ കെണിയിൽ കേരളം

ആൺ കഴുതയിൽ നിന്നും പെൺ കുതിരയിൽ നിന്നും ജനിക്കുന്ന സങ്കര ഇനം മൃഗമാണ് കോവർ കഴുത. ഇതിനെ ഇംഗ്ലീഷിൽ മ്യൂൾ എന്ന് വിളിക്കും. ഭാരം ചുമക്കാനാണ് ഇവയെ ഉപയോഗിക്കുക. ഇന്റർനെറ്റ് ബാങ്കിങ്ങും അന്താരാഷ്ട്ര പണമിടപാടുകളും സജീവമായ 2000ന്റെ തുടക്കത്തിലാണ് മ്യൂൾ എന്ന വാക്ക് പല കുറ്റകൃത്യങ്ങളിലും ഉപയോഗിച്ച് തുടങ്ങിയത്. വിദേശ രാജ്യങ്ങളിൽ വ്യാജ ഇ മെയിലുകൾ വഴിയും ജോലി വാഗ്ദാനം ചെയ്തുമൊക്കെ ആളുകളെ ആകർഷിച്ച് അവരുടെ ബാങ്ക് അക്കൗണ്ടുകൾ പണം കടത്താൻ ഉപയോഗിച്ചിരുന്നു. ഇത്തരം ബാങ്ക് അക്കൗണ്ടുകളെ മ്യൂൾ അക്കൗണ്ടുകളെന്നും അങ്ങനെ കടത്തുന്ന അനധികൃത പണത്തെ മ്യൂൾ മണി എന്നും വിശേഷിപ്പിച്ചു.

SATHYAM PARAYATTE THUMB
പാറ്റകൾ പാർട്ടിയാകുമോ?

കള്ളപ്പണം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാൻ ക്രിമിനലുകൾ ആളുകളെയും അവരുടെ ബാങ്ക് അക്കൗണ്ടുകളെയും ഒരു 'ചുമട്ടുകാരനായി' മാത്രം ഉപയോഗിക്കുന്നതിനാലാണ് മ്യൂൾ അക്കൗണ്ടുകൾ എന്ന പേര് വന്നത്.. കേരളത്തിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ മണി മ്യൂളുകൾ കടന്നുവന്നിട്ട് അധികം കാലമായിട്ടില്ല.

ഇനി എങ്ങ​നെയാണ് ഇത്തരം കെണിയൊരുങ്ങുന്നത് എന്ന് നോക്കാം.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി "ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകിയാൽ ദിവസേനയോ മാസത്തിലോ ഉയർന്ന കമ്മീഷൻ" എന്ന തരത്തിലുള്ള പരസ്യങ്ങൾ നൽകിയാണ് ഇവർ ആളുകളെ ആകർഷിക്കുന്നത്. ചില കേസുകളിൽ ചെറിയ ലോണുകൾ വാഗ്ദാനം ചെയ്തോ വ്യാജ ജോലി അഭിമുഖങ്ങൾ നടത്തിയോ ആളുകളുടെ ആധാർ, പാൻ കാർഡ്, കെവൈസി തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് അവർ പോലുമറിയാതെ അവരുടെ പേരിൽ അക്കൗണ്ടുകൾ തുറക്കുന്നു.

അക്കൗണ്ടുകൾ സജീവമായിക്കഴിഞ്ഞാൽ, യുപിഐ പോലുള്ള ഇൻസ്റ്റന്റ് പേയ്‌മെന്റ് സംവിധാനങ്ങൾ വഴി അതിവേഗം ഒന്നിലധികം അക്കൗണ്ടുകളിലേക്ക് പണം കൈമാറി ഉറവിടം മറയ്ക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം ട്രാൻസാക്ഷനുകളും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നത് അധികാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. പിന്നീട് ഈ പണം നേരിട്ട് പണമായോ , ക്രിപ്റ്റോകറൻസിയായോ , അന്താരാഷ്ട്ര ചാനലുകൾ വഴിയോ മാറ്റിയെടുക്കും. പണം നഷ്ടപ്പെടുന്ന ഇരകൾ പരാതിപ്പെടുമ്പോൾ യഥാർത്ഥ കുറ്റവാളികൾ സുരക്ഷിതരായിരിക്കുകയും പണം വന്നുചേർന്ന അക്കൗണ്ടിന്റെ ഉടമകൾ നിയമക്കുരുക്കിൽ അകപ്പെടുകയും ചെയ്യും. പ്രധാനമായി വിദ്യാർത്ഥികളും തൊഴിൽരഹിതരുമാണ് ഇതിന്റെ ഇരകൾ... സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ, യുപിഐ ഐഡികൾ, ക്രിപ്‌റ്റോ വാലറ്റുകൾ എന്നിവ തട്ടിപ്പുകാർ പണം കൈമാറാൻ ഉപയോഗിക്കുന്നു. ഫിഷിംഗ് സ്കീമുകൾ, ലോട്ടറി തട്ടിപ്പുകൾ അല്ലെങ്കിൽ നിക്ഷേപ തട്ടിപ്പുകൾ എന്നിവയുൾപ്പെടെയുള്ള തട്ടിപ്പുകളിലും ഈ അക്കൗണ്ടുകൾ ഉപയോഗിക്കപ്പെട്ടേക്കാം.

കേന്ദ്രസർക്കാർ രേഖകൾ പ്രകാരം ഇന്ത്യയിൽ 2021 ഏപ്രിൽ മുതൽ 2025 നവംബർ വരെ 52,969 കോടിയുടെ സൈബർ തട്ടിപ്പ് നടന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇതിൽ 167 കോടി മാത്രമാണ് വീണ്ടെടുക്കാനായത്.. തട്ടിയെടുത്ത 7647 കോടി കുറ്റവാളികളിലേക്ക് എത്താതെ തടയാൻ സാധിച്ചു. 2025-ൽ 700-ലധികം ബാങ്ക് ശാഖകളിലായി 8.5 ലക്ഷത്തിലധികം മ്യൂൾ അക്കൗണ്ടുകൾ സിബിഐ കണ്ടെത്തിയിരുന്നു. രാജ്യത്തൊട്ടാകെ 26.5 ലക്ഷം മ്യൂൾ അക്കൗണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്.

ഒരു വർഷത്തിനുള്ളിൽ 4.5 ലക്ഷത്തിലധികം മ്യൂൾ അക്കൗണ്ടുകൾ അധികൃതർ മരവിപ്പിച്ചു.. കേരളത്തിൽ അടുത്തിടെയായി വൻതോതിൽ മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തുന്നുണ്ട്.. ഓൺലൈൻ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വെളുപ്പിക്കാൻ കൊച്ചി കേന്ദ്രീകരിച്ചുള്ള രണ്ടായിരത്തിലധികം അക്കൗണ്ടുകളാണ് പോലീസിന്റെ നിരീക്ഷണത്തിലായത്. ഇത്തരം അക്കൗണ്ടുകൾ വഴി സംസ്ഥാനത്ത് ഏതാനും മാസങ്ങൾക്കുള്ളിൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസികളും കേരള ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.. എറണാകുളം ജില്ലയാണ് 6,107 മ്യൂൾ അക്കൗണ്ടുകളുമായി ഒന്നാം സ്ഥാനത്തുള്ളത്. ഇതിൽ കൊച്ചി നഗരത്തിൽ മാത്രം രണ്ടായിരത്തോളം അക്കൗണ്ടുകൾ കണ്ടെത്തി. 2,090 അക്കൗണ്ടുകളുമായി മലപ്പുറം ജില്ലയാണ് തൊട്ടുപിന്നിൽ.

SATHYAM PARAYATTE THUMB
AI യുഗം ചരിത്രത്തിന് ഒരു ഭീഷണി മാത്രമല്ല, വെല്ലുവിളി കൂടിയാണ്

ബാങ്ക് അക്കൗണ്ടുകൾ മറ്റുള്ളവർക്ക് വാടകയ്ക്കോ കമ്മീഷനോ നൽകുന്നത് ഇന്ത്യയിൽ വളരെ ഗൗരവമുള്ള ക്രിമിനൽ കുറ്റമാണ്. നിങ്ങളുടെ അക്കൗണ്ട് വഴി നടക്കുന്നത് എന്ത് ഇടപാടാണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ പോലും, നിയമത്തിന് മുന്നിൽ അക്കൗണ്ട് ഉടമ മാത്രമായിരിക്കും പ്രാഥമിക ഉത്തരവാദി. ഇത്തരം തട്ടിപ്പുകളിൽ പങ്കാളികളാകുന്നവർക്കും ശിക്ഷ ലഭിക്കും. ഇന്ത്യൻ ന്യായ സംഹിത പ്രകാരം വ്യാജരേഖ ചമയ്ക്കൽ, വഞ്ചന , ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തപ്പെടാം. കുറ്റകൃത്യത്തിന്റെ വ്യാപ്തി അനുസരിച്ച് 3 വർഷം മുതൽ 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യാം.. അക്കൗണ്ടിലേക്ക് വരുന്നത് രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കോ വലിയ സൈബർ കൊള്ളയ്ക്കോ ഉള്ള പണമാണെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കേസ് രജിസ്റ്റർ ചെയ്യാൻ ഉള്ള വകുപ്പുമുണ്ട്.

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സംസ്ഥാന സൈബർ വിഭാഗത്തിന്റെ 'ഓപ്പറേഷൻ സൈ-ഹണ്ടിലൂടെ സൈബർ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട ഏകദേശം 78 കോടി രൂപയുടെ ഇടപാടുകൾ തടയാൻ സാധിച്ചിട്ടുണ്ട്.. ഇതിന്റെ ഭാഗമായി മ്യൂൾ അക്കൗണ്ടുകൾകണ്ടെത്തുന്നതിനുള്ള നടപടികളും ശക്തമാക്കിയിട്ടുണ്ട്. സൈബർ സെൽ നിർദ്ദേശപ്രകാരം കുറ്റകൃത്യം നടന്ന അക്കൗണ്ട് മാത്രമല്ല, ആ വ്യക്തിയുടെ പേരിലുള്ള മറ്റ് എല്ലാ ബാങ്ക് അക്കൗണ്ടുകളും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴി ഒരേസമയം മരവിപ്പിക്കപ്പെടും.

തട്ടിപ്പ് കേസുകളിൽ ഉൾപ്പെടുന്നവരെ ബാങ്കുകൾ 'ഹൈ-റിസ്ക്' വിഭാഗത്തിൽ പെടുത്തി കരിമ്പട്ടികയിൽ ആക്കും.. ഭാവിയിൽ ഒരു ബാങ്കിലും പുതിയ അക്കൗണ്ട് തുടങ്ങാനോ, എടിഎം കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കാനോ കഴിയില്ല. വ്യക്തിയുടെ സിബിൽ സ്കോർ പൂർണ്ണമായി തകരും.. തന്മൂലം വിദ്യാഭ്യാസ വായ്പയോ, ഭവന വായ്പയോ, ബിസിനസ്സ് ലോണുകളോ ലഭിക്കില്ല.. ഇത് സർക്കാർ ജോലികൾ ലഭിക്കുന്നതിനും, വിദേശത്തേക്ക് പോകുന്നതിനായുള്ള പാസ്പോർട്ട് വെരിഫിക്കേഷനും വലിയ തടസ്സമുണ്ടാക്കും. തട്ടിപ്പുകാരൻ നിങ്ങളെ പറ്റിച്ചതാണെങ്കിൽ പോലും, നിയമത്തിന് മുന്നിൽ നിങ്ങൾ കുറ്റകൃത്യത്തിന് ഒത്താശ ചെയ്തയാളായി മാത്രമേ കണക്കാക്കപ്പെടൂ.. അതിനാൽ 'എനിക്ക് അറിയില്ലായിരുന്നു' എന്ന വാദം നിലനിൽക്കില്ല.

ഡിജിറ്റൽ സാക്ഷരതയും നിരന്തരമായ ജാഗ്രതയും മാത്രമാണ് സൈബർ തട്ടിപ്പുകൾക്കെതിരെയുള്ള ഏറ്റവും മികച്ച സുരക്ഷാ കവചം. പയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ നിങ്ങൾക്കുണ്ടെങ്കിൽ മാസത്തിൽ ഒരിക്കലെങ്കിലും അവയുടെ സ്‌റ്റേറ്റ്‌മെന്റ് പരിശോധിക്കുക. ആവശ്യമില്ലാത്ത അക്കൗണ്ടുകൾ ക്ലോസ് ചെയ്യുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, പാസ്വേഡോ, എടിഎം കാർഡോ, ഒടിപിയോ മറ്റൊരാളുമായി ഒരു സാഹചര്യത്തിലും കൈമാറരുത്. മറ്റ് അജ്ഞാത അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യേണ്ട ജോലി ഓഫറുകൾ സ്വീകരിക്കരുത്. 'പണം അക്കൗണ്ടിൽ വരും, അത് വേറെ അക്കൗണ്ടിലേക്ക് അയച്ചാൽ മതി, കമ്മീഷൻ തരാം' എന്ന് പറഞ്ഞെത്തുന്ന തട്ടിപ്പുകൾ മനസിലാക്കുക. കുട്ടികളുടെ അക്കൗണ്ട് ആക്ടിവിറ്റികൾ ഉറപ്പായും നിങ്ങളും പരിശോധിച്ചിരിക്കണം. കമ്പനി ആവശ്യങ്ങൾക്കായി വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ ഒരു നിയമപരമായ കമ്പനികളും ആവശ്യപ്പെടില്ല. അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിലെ അശ്രദ്ധ വലിയ സാമ്പത്തിക നഷ്ടത്തിനും മറ്റ് പ്രശ്നങ്ങൾക്കും വഴിവച്ചേക്കാം. അതിനാൽ ജാഗരൂകരായിരിക്കുക.

News Malayalam 24x7
newsmalayalam.com