ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്ന വില്ലനാണ് ഡയബറ്റിസ് മെലിറ്റസ് അഥവാ പ്രമേഹം രോഗം. നിങ്ങൾക്കറിയാവുന്ന ഒരാളെങ്കിലും പ്രമേഹരോഗി ആയിരിക്കും. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കാൻ പാടുപെടുന്നതായും നമ്മൾ കാണാറുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാനായി മധുരം പാടെ വെട്ടിക്കുറയ്ക്കുക തന്നെയാകും മിക്കവാറും ആളുകൾ ചെയ്യുക. മധുരപലഹാരങ്ങൾ കഴിക്കുന്നതും മരുന്നുകൾ ഒഴിവാക്കുന്നതും മാത്രമാണ് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് ഉയരാൻ കാരണമെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്.
എന്നാൽ മധുരവും മരുന്നും മാത്രമല്ല നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കുന്നത്. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന പല ദൈനംദിന ഘടകങ്ങളും രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് വർധിപ്പിക്കുന്നുണ്ടെന്നാണ് ഡയബറ്റോളജിസ്റ്റുകൾ പറയുന്നത്. ചിലപ്പോൾ വ്യായാമം പോലും ഗ്ലൂക്കോസിൻ്റെ അളവ് വർധിപ്പിച്ചേക്കാം. നിങ്ങളൊരു പ്രമേഹരോഗിയാണെങ്കിൽ ഗ്ലൂക്കോസിൻ്റെ അളവ് വർധിക്കാൻ കാരണമാകുന്ന ശീലങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. പ്രമേഹം വർധിപ്പിക്കുന്ന പത്ത് കാരണങ്ങൾ ഇതാ:
1. ഉറക്കക്കുറവ്
ഉറങ്ങാൻ കിടക്കുന്നതിന് മുൻപുള്ള ഫോൺ ഉപയോഗവും 12 മണി കഴിഞ്ഞുള്ള ഉറക്കവും ഇന്ന് സാധാരണ കാര്യമായി മാറിയിരിക്കുകയാണ്. രാത്രി ആവശ്യത്തിന് വിശ്രമം ലഭിക്കാത്തത് നിങ്ങളുടെ ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കും. അതിനാൽ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് മൊബൈൽ ഉപയോഗിക്കാതെ വിശ്രമിക്കാൻ ശ്രമിക്കുക.
2. സ്ട്രെസ്
ജോലിയിലെ ടെൻഷൻ, വീട്ടിലെത്തി കഴിഞ്ഞാൽ ടെൻഷൻ, ഭാവിയെക്കുറിച്ചാലോചിച്ച് ടെൻഷൻ... ഇങ്ങനെ ടെൻഷൻ കൈവിട്ട് പോകുന്നതും പ്രമേഹം വർധിപ്പിക്കും. വൈകാരികമോ ശാരീരികമോ ആയ സ്ട്രെസ് ഹോർമോൺ പ്രതികരണത്തിന് കാരണമാകുന്നു. കോർട്ടിസോൾ പോലുള്ള ഹോർമോണുകൾ പ്രവർത്തിക്കുന്നതോടെ രക്തത്തിലെ ഗ്ലൂക്കോസ് അളവ് വർധനിച്ചേക്കും. ദിവസവും 10 മിനിറ്റ് ഡീപ് ബ്രെത്തിങ് പരിശീലിക്കുന്നതും, ലഘുവായ നടത്തവും സ്ട്രെസിൽ നിന്നും ഗ്ലൂക്കോസ് ലെവൽ ഉയർത്തുന്നതിന് തടയിടേക്കും.
3. നിർജ്ജലീകരണം
ജോലിക്കിടയിൽ വെള്ളം കുടിക്കാൻ മറക്കുന്നവരാണോ നിങ്ങൾ. ഇതും രക്തത്തിലെ ഗ്ലൂക്കോസ് അളവിനെ ബാധിച്ചേക്കും. ശരീരത്തിൽ ദ്രാവകം കുറയുമ്പോൾ, രക്തം ഗ്ലൂക്കോസുമായി കൂടുതൽ സാന്ദ്രീകരിക്കപ്പെടുന്നു. ഒരു കുപ്പി വെള്ളം കയ്യിൽ കരുതി ദിവസം മുഴുവൻ കുടിക്കാൻ ശ്രമിക്കുക.
4. ചില മരുന്നുകൾ
സ്റ്റിറോയിഡുകളും ചില ആന്റീഡിപ്രസന്റുകളും ഷുഗർ നിയന്ത്രണത്തെ തടസ്സപ്പെടുത്തിയേക്കാം. നിങ്ങളുടെ മരുന്നുകളുടെ കാര്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുൻപായി ഡോക്ടറെ സമീപിക്കുക.
5. ഭക്ഷണം ഒഴിവാക്കൽ
ജോലിഭാരം മൂലം ഉച്ചഭക്ഷണം ഒഴിവാക്കാറുണ്ടോ? ഇതും ശരീരത്തിന് ഒട്ടും നല്ലതല്ല. ഭക്ഷണത്തിനിടയിലുള്ള നീണ്ട ഇടവേളകൾ നിങ്ങളുടെ കരളിനെ, സംഭരിച്ച ഗ്ലൂക്കോസ് പുറത്തുവിടാൻ പ്രേരിപ്പിച്ചേക്കാം. ഫൈബറുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ എന്നിവയുടെ മിശ്രിതം അടങ്ങിയ ഭക്ഷണം പതിവായി കഴിക്കുക.
6. കൃത്രിമ മധുരപലഹാരങ്ങൾ
കലോറി കുറവാണെങ്കിൽ പോലും, ചില മധുരപലഹാരങ്ങൾ ശരീരത്തിന്റെ ഇൻസുലിൻ പ്രതികരണത്തെ ആശയക്കുഴപ്പത്തിലാക്കും. അവ മിതമായി ഉപയോഗിക്കുക, സാധ്യമാകുമ്പോഴെല്ലാം പ്രകൃതിദത്ത ബദലുകൾ പരിഗണിക്കുക.
7. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പഞ്ചസാര
ഗ്രാനോള ബാറുകൾ, സാലഡ് ഡ്രെസ്സിംഗുകൾ തുടങ്ങി 'ആരോഗ്യകരം' എന്ന് ലേബലിൽ എത്തുന്ന ഭക്ഷണങ്ങളിൽ പോലും പഞ്ചസാര അടങ്ങിയിരിക്കാം. ശ്രദ്ധാപൂർവ്വം വായിച്ച് മനസിലാക്കിയ ശേഷം മാത്രം ഇത്തരം ഭക്ഷണങ്ങൾ കഴിക്കുക.
8. രോഗം അല്ലെങ്കിൽ അണുബാധകൾ
നേരിയ പനി മുതൽ മൂത്രാശയ അണുബാധ വരെ, നിങ്ങളുടെ ശരീരം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്ന സ്ട്രെസ് ഹോർമോണുകൾ പുറപ്പെടുവിക്കുന്നു. നിങ്ങൾക്ക് സുഖമില്ലെങ്കിൽ നിങ്ങളുടെ അളവ് കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കുക.
9. ഹോർമോൺ മാറ്റങ്ങൾ
ആർത്തവം, ഗർഭം, അല്ലെങ്കിൽ ആർത്തവവിരാമം എന്നീ സമയങ്ങളിൽ സ്ത്രീകൾക്ക് പലപ്പോഴും ഗ്ലൂക്കോസ് അളവിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാറുണ്ട്. ഈ സമയങ്ങളിൽ രക്തം പരിശോധിച്ച ശേഷം, ആവശ്യമെങ്കിൽ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക.
10. അമിത വ്യായാമം
ഷുഗർ നിയന്ത്രിക്കാനായി പലരും ചെയ്യുന്ന കാര്യമാണ് വ്യായാമം. എന്നാൽ ആവശ്യത്തിന് ഭക്ഷണം കഴിക്കാതെയുള്ള അമിത വ്യായാമം സ്ട്രെസ് ഹോർമോണുകൾ പുറപ്പെടുവിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകും. ശരിയായ പോഷകാഹാരത്തോടൊപ്പം വ്യായാമം ചെയ്ത് ബാലൻസ് ചെയ്യാൻ ശ്രമിക്കുക.
നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഈ ദൈനംദിനചര്യകളുടെ കാര്യം പരിഗണിക്കുകയാണെങ്കിൽ നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ സാധിക്കും. ശരീരത്തിലെ ജലാംശം നിലനിർത്തുക, സ്ട്രെസ് നിയന്ത്രിക്കുക, സമീകൃതാഹാരം കഴിക്കുക, ശരീരത്തിന്റെ പ്രതികരണങ്ങൾ ട്രാക്ക് ചെയ്യുക തുടങ്ങിയ ലളിതമായ ജീവിതശൈലി ശീലങ്ങൾ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നതിൽ വളരെയധികം സഹായിക്കുമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.