കേരളത്തിലിപ്പോ സൂംബയാണ് സജീവ ചർച്ച. ലോകമെമ്പാടും ഇത്രയും ആരാധകരുള്ള ഈ ഫിറ്റ്നസ് ഡാൻസിനോട് വിരോധമുള്ളവരും നാട്ടിലുണ്ടെന്ന് തെളിഞ്ഞു കഴിഞ്ഞു. അത്രയ്ക്കും പ്രശ്നമാണോ സൂംബാ? ഏയ് ഒരിക്കലുമല്ലെന്നു മാത്രമല്ല, സാധാരണ ഗതിയിൽ വ്യായാമം ചെയ്യാൻ മടിയുള്ളവരെപ്പോലും ആകർഷിക്കാൻ സാധിക്കുന്ന ഒന്നാണ് സൂംബാ.
1990 കളിൽ ലാറ്റിൻ ശൈലിയിൽ നിന്നാണ് ഇതു തുടങ്ങുന്നത്. ക്യൂബൻ സംഗീതമായ റൂംബയുമായുള്ള സാമ്യമാണ് സൂംബാ എന്ന പേരിലെത്തിച്ചത്. കൊളംബിയൻ ഡാൻസറും കൊറിയോഗ്രാഫറുമായ ആൽബെർട്ടോ ബെറ്റോ പെരെസ് ആണ് തൊണ്ണൂറുകളിൽ ഇന്ന് കാണുന്ന രൂപത്തിൽ സൂംബാ അവതരിപ്പിച്ചത്. അതിനു പിന്നിൽ രസകരമായ ഒരു കഥയും പ്രചരിക്കുന്നുണ്ട്. തന്റെ നൃത്തത്തിനിടെ സ്റ്റെപ്പുകൾ മറന്നുപോയ ബെറ്റോ പെരസ് പെട്ടെന്ന് തട്ടിക്കൂട്ടിയ ഡാൻസാണത്രേ സൂംബയായി മാറിയത്.
2001 ൽ പെരസ് അമേരിക്കയിൽ സൂംബ ഒദ്യോഗികമായി പ്രഖ്യാപിച്ചു. പെരസിന്റെ ഡാൻസ് വീഡിയോകളിലൂടെ ലോകം മുഴുവൻ സൂംബാ ഏറ്റെടുത്തു. ജിമ്മുകളിൽ പോലും പ്രത്യേകമായി സൂംബ ക്യാസുകൾ ആരംഭിച്ചു. നിരവധി പേർ സൂംബാ പരിശീലിക്കുകയും പലരും സൂംബാ ട്രെയിനിംഗ് മേഖലയിലൂടെ ഉപജീവനം കണ്ടെത്തുകയും ചെയ്തു.
വിവിധ തരത്തിലുള്ള സൂംബ ട്രെയിനിംഗുകൾ ഇന്ന് ലഭ്യമാണ്. അക്വ സൂംബാ, സൂംബാ ഗോൾഡ്, സൂംബാ കിഡ്സ്, സൂംബാ കിഡ്സ് ജൂനിയർ, സൂംബാ സ്റ്റെപ്പ്, സൂംബിനി (Zumbini), സ്ട്രൊങ് ബൈ സൂംബാ, സൂംബാ ഗോൾഡ് - ടോണിങ്, സൂംബാ ഇൻ ദ സർക്യൂട്ട്, സൂംബാ സെൻ്റാഓ, സൂംബാ ടോണിങ് എന്നിങ്ങനെ പോകുന്നു സൂംബയിലെ വൈവിധ്യങ്ങൾ.45 മിനിറ്റുമുതൽ ഒരു മണിക്കൂർ വരെയുള്ള സൂംബാ ഡാൻസിലൂടെ 700 കലോറി വരെ കത്തിച്ച് കളയാൻ സാധിക്കും. ഏറ്റവും മികച്ച കാർഡിയോ വ്യായാമങ്ങളിലൊന്നാണ് സൂംബാ.
മറ്റു വ്യായാമ രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തം, വളരെ ലളിതവും ഫലപ്രദവും, മടുപ്പില്ലാതെ ചെയ്യാം. അതിനെല്ലാം പുറമെ സന്തോഷം തരുന്ന സംഗീതത്തിന്റെ അകമ്പടിയും. സൂംബ ഡാൻസ് ഫിറ്റ്നസിംഗ് ഇന്ന് വളരെയധികം ജനപ്രീതി നേടിയതിൽ കുറ്റം പറയാനാകില്ല. തിരക്കും ടെൻഷനുമേറിയ ജീവിതശൈലിയിൽ കഠിനമായ വ്യായാമാങ്ങളേക്കാൾ ആളുകളെ ആകർഷിക്കുന്നത് ഇത്തരം സന്തോഷങ്ങളാകും.
തടി കുറയ്ക്കാനും, ഫിറ്റ്നസ് നിലനിർത്തുവാനും മാത്രമല്ല മാനസികമായ ഉന്മേഷം നേടാനും സൂംബ സഹായിക്കുന്നു. നൃത്തവും സംഗീതവും കൂടിച്ചേരുന്നതിനാൽ വളരെ ആസ്വദിച്ച് തന്നെ ആളുകൾക്ക് സൂംബ ചെയ്യാൻ കഴിയും. കുട്ടികൾക്കും, യുവാക്കൾക്കും മാത്രമല്ല മുതിർന്നവർക്കും ഏറെ ഗുണചെയ്യുന്ന വ്യായാമ മാർഗമാണ് സൂംബ.