
മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. സഞ്ജു ഉടനെ തന്നെ ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് വിടുമെന്നും മറ്റൊരിടത്തേക്ക് ചേക്കേറുമെന്നും കഴിഞ്ഞ കുറേ നാളുകളായി റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ, ഇതിൻ്റെ വാസ്തവം എന്താണ്? ചെന്നൈ സൂപ്പർ കിങ്സ് മലയാളി സൂപ്പർ താരത്തിന് പിന്നാലെയാണെന്ന റിപ്പോർട്ടുകൾക്ക് അടിസ്ഥാനമെന്തെങ്കിലുമുണ്ടോ?
എവിടെ നിന്നും വ്യക്തമായൊരു ഉത്തരമില്ല എന്നതിനാൽ താരത്തിൻ്റെ ആരാധകരും വലിയ നിരാശയിലാണ്. സഞ്ജു സാംസണും ഭാര്യ ചാരുലതയും ഇപ്പോൾ എവിടെയാണ് എന്നതാണ് ഫാൻസ് ഇൻ്റർനെറ്റിൽ തെരയുന്ന പ്രധാന കാര്യം. അന്വേഷണം ഒടുവിൽ എത്തിനിൽക്കുന്നത് ഇരുവരുടേയും ഇൻസ്റ്റഗ്രാം പേജിലേക്കാണ് എന്നതാണ് വാസ്തവം.
സഞ്ജു സാംസൺ കഴിഞ്ഞ ദിവസങ്ങളിൽ യുഎസിലാണെന്നും പല യാത്രകളിലുമാണെന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. താരം ലോസ് ആഞ്ചലസിൽ കാർ സവാരി നടത്തുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വളരെ ശാന്തനും സ്റ്റൈലിഷുമായി നടക്കുന്ന സഞ്ജുവിൻ്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുന്നുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ്, ഗ്രേ ഷേഡിലുള്ള വസ്ത്രങ്ങളോടാണ് സഞ്ജുവിന് പൊതുവെ പ്രിയം.
അതേസമയം, ചെന്നൈ സൂപ്പർ കിങ്സിനേയും സഞ്ജുവിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന സൂചന കൂടി ആരാധകർക്ക് ലഭിച്ചിട്ടുണ്ട്. മേജർ ക്രിക്കറ്റ് ലീഗ് കാണുന്ന സഞ്ജുവിൻ്റെ ഫോട്ടോയാണ് ഭാര്യ ചാരുലത കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. സഞ്ജു കാണാനെത്തിയത് ചെന്നൈ സൂപ്പർ കിങ്സിൻ്റെ എംഎൽസിയിലെ ടീമായ ടെക്സാസ് സൂപ്പർ കിങ്സിൻ്റെ മത്സരമാണ്.
സഞ്ജു സാംസൺ സിഎസ്‌കെയിലേക്ക് വരുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയാണ് ഇതെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ടെക്സാസ് സൂപ്പർ കിങ്സ് ഇവിടെ നേരിട്ടത് മുംബൈ ഇന്ത്യൻസിൻ്റെ എംഎൽഎസ് ടീമിനെയാണ്. അതിനാൽ സഞ്ജു മുംബൈയിലേക്ക് വരുമെന്ന് വാദിക്കുന്ന ആരാധകരുമുണ്ട്.
സഞ്ജു സാംസൺ സിഎസ്‌കെയിലേക്ക് പോകുന്നു എന്ന് പറയുന്ന പോസ്റ്റ് സഞ്ജുവിൻ്റെ മാനേജർ ലൈക്ക് ചെയ്തെന്നും ചില റൂമറുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിലെ വസ്തുത എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല.
2026 ഐപിഎൽ സീസണിന് മുൻപായി വരുന്ന താരലേലത്തിലേക്ക് സഞ്ജു സാംസണിൻ്റെ പേര് വരികയാണെങ്കിൽ ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റ്റൈഡേഴ്സ് എന്നീ ടീമുകൾ സജീവമായി രംഗത്തിറങ്ങിയേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.