ഇരുട്ടിലെ വെട്ടം മായുന്നു; മിന്നാമിനുങ്ങുകളെ കണ്ട അവസാന തലമുറയാകുമോ നമ്മള്‍?

2024ല്‍ സയന്‍സ് ഓഫ് ദി ടോട്ടല്‍ എന്‍വിയോണ്‍മെന്റ് നടത്തിയ പഠനത്തിലാണ് മിന്നാമിനുങ്ങുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായി പറയുന്നത്
മിന്നാമിനുങ്ങ് (AI Generated image)
മിന്നാമിനുങ്ങ് (AI Generated image)Source: Chatgpt
Published on

കുട്ടിക്കാലത്തെ കൗതുകങ്ങളിൽ ഏറ്റവും മുന്നിലാണ് നമുക്ക് മിന്നാമിനുങ്ങ്. മുത്തശികഥകളും... ചിമ്മിനി വിളക്കും... മുറ്റത്ത് അങ്ങിങ്ങായി പാറി നടക്കണ മിന്നാമിനുങ്ങും ഇല്ലാത്ത ഒരു രാത്രിയെങ്കിലും നമുക്കുണ്ടാകാതിരിക്കില്ല. നമ്മുടെ ഒക്കെ നൊസ്റ്റാൾജിയകളിൽ അത്രയ്ക്ക് സ്ഥാനമുണ്ട് മിന്നാമിനുങ്ങിന്. ഈ മിന്നാമിനുങ്ങ് ഭാവിയിൽ കേട്ടുകേൾവി മാത്രമുള്ള ഒന്നായി മാറുമെന്ന് പറഞ്ഞാൽ നമുക്കത് വിശ്വസിക്കാൻ കഴിയില്ല. എന്നാൽ വരുന്ന തലമുറയ്ക്ക് മിന്നാമിനുങ്ങിനെ കാണാന്‍ പോലും കിട്ടിയേക്കില്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

2024ല്‍ സയന്‍സ് ഓഫ് ദി ടോട്ടല്‍ എന്‍വിയോണ്‍മെന്റ് നടത്തിയ പഠനത്തിലാണ് മിന്നാമിനുങ്ങുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായി പറയുന്നത്. വർഷങ്ങൾ കഴിയുമ്പോൾ വംശനാശം സംഭവിച്ച ഒന്നായി മിന്നാമിനുങ്ങ് മാറുന്നത് വിദൂരമല്ലെന്നുമാണ് ​ഗവേഷകർ പറയുന്നത്. നമ്മുടെ കുട്ടിക്കാലത്ത് നമ്മൾ കണ്ടിരുന്നതിനേക്കാൾ വളരെ കുറച്ച് മിന്നാമിനുങ്ങുകൾ മാത്രമേ ഇപ്പോൾ ഉള്ളുവെന്നാണ് ഫയർഫ്ലൈ ഗവേഷകനായ റാഫേൽ ഡി കോക്ക് പറയുന്നത്. ലോകമെമ്പാടുമുള്ള മിന്നാമിനുങ്ങുകള്‍ വംശനാശത്തിന്റെ വക്കിലായതുകൊണ്ടുതന്നെ റാഫേൽ ഡി കോക്കിൻ്റെ നിരീക്ഷണത്തിന് ശാസ്ത്രീയമായ മൂല്യമുണ്ടെന്നാണ് ശാസ്ത്ര ലോകവും സ്ഥിരീകരിക്കുന്നത്.

മിന്നാമിനുങ്ങ്
മിന്നാമിനുങ്ങ് (AI Generated image)Meta AI

പ്രാണികളുടെ കുടുംബമായ ലാംപിരിഡീയിലെ കോലിയോപ്ടെറ ഇനത്തിൽപ്പെട്ട വണ്ടുകളുടെ ഇടയിൽ കാണപ്പെടുന്ന ഒരു ചെറിയ പ്രാണിയാണ് മിന്നാമിനുങ്ങ്. മൃദു ശരീരത്തോടുകൂടിയ ഷഡ്‌പദമാണ് അവ. ഫയർഫ്ലൈസ്, ലൈറ്റ്നിങ് ബഗ്സ്, ഗ്ലോവർമുകൾ എന്നീ പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. ക്രിപസ്ക്യൂലെർ വിഭാഗത്തിൽപ്പെട്ട ഇവയുടെ ശ്രദ്ധേയമായ സവിശേഷതയാണ് ജൈവദീപ്തി. ഇണകളെയും ഇരകളെയും ആകർഷിക്കാനാണ് അവ ഇതുപയോഗിക്കുന്നത്. ഇൻഫ്രാറെഡ് അല്ലെങ്കിൽ അൾട്രാവയലറ്റ് തരംഗങ്ങൾ ഇല്ലാതെ തന്നെ പ്രകാശം ഉത്പാദിപ്പിക്കാൻ മിന്നാമിനുങ്ങിന് കഴിയും. 510 മുതൽ 670 നാനോ മീറ്റർ വരെ തരംഗദൈർഘ്യമുള്ള മഞ്ഞ, പച്ച, ഇളം ചുവപ്പ് നിറങ്ങളിലുള്ള വെളിച്ചമാണ് ഇവ ഉത്പാദിപ്പിക്കുക.

ആകാശത്തെ നക്ഷത്രങ്ങള്‍ മനോഹരമാക്കുന്നത് പോലെ തന്നെയാണ് ഭൂമിയെ മിന്നാമിനുങ്ങുകളും അലങ്കരിക്കുന്നത്. പുരാതന കാലം മുതൽ തന്നെ മനുഷ്യശ്രദ്ധ ആകർഷിച്ച ഒന്നാണ് മിന്നാമിനുങ്ങുകൾ. എന്നാൽ കുറച്ചു കാലങ്ങൾക്കിപ്പുറം ഈ കുഞ്ഞൻ പ്രാണികൾ നമ്മുടെ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകുമെന്നും ആ തിളക്കം കാണാൻ ഭാ​ഗ്യം ലഭിക്കുന്ന അവസാന തലമുറ നമ്മളായിരിക്കുമെന്നും തന്നെയാണ് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്താകും അവയുടെ നാശത്തിന് പിന്നിലെ കാരണങ്ങൾ?

മിന്നാമിനുങ്ങ് (AI Generated image)
"പട്ടിയുടെ പാൽ കുടിക്കുന്നത് നിങ്ങൾക്ക് അരോചകമെങ്കിൽ..."; പെറ്റ ഇന്ത്യയുടെ പരസ്യബോർഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ

പ്രകൃതിയേയും ആവാസവ്യവസ്ഥയേയും സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത തന്നെയാണ് ഇവിടെയും വ്യക്തമാകുന്നത്. ജീവിതത്തിലെ ഭൂരിഭാഗവും മണ്ണിലോ ഇലകള്‍ക്കടിയിലോ കഴിയുന്ന ജീവികളാണ് മിന്നാമിനുങ്ങുകള്‍. മിതശീതോഷ്ണ, ഉഷ്ണമേഖലാ കാലാവസ്ഥകളിലാണ് ഇവയെ സാധാരണയായി കാണപ്പെടുന്നത്. തണ്ണീര്‍ത്തടങ്ങള്‍, ചതുപ്പ് നിലങ്ങള്‍ തുടങ്ങിയവയാണ് മിന്നാമിനുങ്ങുകളുടെ പ്രധാന ആവാസ കേന്ദ്രങ്ങള്‍. ഈ പ്രദേശങ്ങൾ അവയുടെ ലാർവകൾക്ക് ആവശ്യമായ സാഹചര്യങ്ങൾ നൽകുന്നു. എന്നാൽ നഗരവത്കരണം, കൃഷിയുടെ വ്യാപനം, വനനശീകരണം എന്നിവ ഈ ആവാസ വ്യവസ്ഥകളുടെ നാശത്തിനും വിഘടനത്തിനും കാരണമായിട്ടുണ്ട്. ഇത് മിന്നാമിനുങ്ങുകളുടെ അതിജീവനത്തിനും പുനരുൽപാദനത്തിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

രാത്രിയിലെ പ്രകാശ മലിനീകരണവും മിന്നാമിനുങ്ങുകളുടെ അതിജീവനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. മിന്നാമിനുങ്ങുകൾ ഇണചേരുന്നതിന് വേണ്ടിയാണ് സ്വാഭാവിക ബയോലുമിനെസെൻസ് ഉപയോ​ഗിക്കുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. എന്നാൽ മറ്റ് കൃത്രിമ വെളിച്ചങ്ങൾ ഈ സിഗ്നലുകളെ തടസപ്പെടുത്തുകയും ഇണചേരൽ അസാധ്യമാക്കുകയും ചെയ്യുന്നതോടെ മിന്നാമിനുങ്ങുകളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നു. പ്രകാശ മലിനീകരണം മിന്നാമിനുങ്ങുകൾക്ക് ഭീഷണി സ‍ൃഷ്ടിക്കുന്നതിൽ എറ്റവും മുന്നിലാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ കീടനാശിനികളുടെ വ്യാപകമായ ഉപയോഗം, ജലസ്രോതസുകളുടെ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയും മിന്നാമിനുങ്ങുകളുടെ നശീകരണത്തിന് കാരണമായിട്ടിണ്ട്.

മിന്നാമിനുങ്ങ് (AI Generated image)
മിന്നാമിനുങ്ങ് (AI Generated image)Meta AI

മിന്നാമിനുങ്ങുകളുടെ വംശനാശം അവയുടെ മാത്രം നാശത്തിലേക്കല്ല വിലൽചൂണ്ടുന്നത്. മനുഷ്യരുൾപ്പെടെ എണ്ണമറ്റ മറ്റ് ജീവജാലങ്ങളെ പിന്തുണയ്ക്കുന്ന ആവാസവ്യവസ്ഥയുടെ തകർച്ചയെ കൂടിയാണ് അത് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മിന്നാമിനുങ്ങുകളുടെ വംശനാശം തടയുന്നതിനും അവയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും നാം കൂട്ടായി പരിശ്രമിക്കേണ്ടതുണ്ട്. ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കൽ, പ്രകാശ മലിനീകരണം കുറയ്ക്കൽ, സുസ്ഥിര കാർഷിക രീതികൾ എന്നിവയെല്ലാം മിന്നാമിനുങ്ങുകളെ സംരക്ഷിക്കാനായി നമുക്ക് സ്വീകരിക്കാവുന്നതാണ്. കഥകളിലും, സിനിമയിലും, വീഡിയോകളിലും മാത്രമല്ലാതെ ഈ സ‍ൃഷ്ടുകളെ ഒക്കെ ആസ്വദിക്കാൻ വരും തലമുറയ്ക്കും അവസരം ഉണ്ടാകട്ടെയെന്നേ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com