കണ്ണൂർ: ജില്ലയിലെ മലയോര പ്രദേശങ്ങളിൽ പ്രാദേശിക വിഷയങ്ങളിലും കാർഷിക മേഖലയിലെ പ്രശ്‌നങ്ങളിലും ഊന്നിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം. വർധിച്ചു കൊണ്ടിരിക്കുന്ന കുടിയിറക്കത്തിന്റെ ആശങ്ക രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. മലയോര മേഖലകളിൽ നാട്ടിലുള്ള യുവ വോട്ടർമാർ വളരെ കുറവെന്നതും ശ്രദ്ധേയമാണ്.
തെളിനീരുപോലെ ശുദ്ധമായ മനസാണ് മലയോരത്തിന്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും അത് കാണാം. സ്ഥാനർഥികൾ തമ്മിലും വിവിധ രാഷ്ട്രീയ പാർട്ടികളുടെ അണികൾ തമ്മിലുമെല്ലാം നിഷ്കളങ്കമായ സൗഹൃദം. എന്നാൽ പ്രചാരണത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല താനും. നടുവിൽ പഞ്ചായത്ത് കരുവഞ്ചാൽ വാർഡിൽ മത്സരിക്കുന്ന നാല് സ്ഥാനർഥികളും ഉറ്റ സുഹൃത്തുക്കളാണ്. എൽഡിഎഫ് സ്വതന്ത്രൻ അൻഷാദ്, യുഡിഎഫിന്റെ സോണി കവിയിൽ, ബിജെപിയുടെ ദിൽജിത് എന്നിവരാണ് സ്ഥാനാർഥികൾ.
വലിയ രാഷ്ട്രീയ വിഷയങ്ങൾ മലയോരത്തിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് ചിന്തയിലില്ല. അവർക്ക് അവരുടേതായ വിഷയങ്ങളുണ്ട് പറയാൻ. വന്യജീവി ശല്യം, നല്ല യാത്ര സൗകര്യം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ, കാർഷിക മേഖല. അങ്ങനെ പലതും. കണ്ണൂരിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ പാലക്കയംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പൈതൽമല എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് കരുവഞ്ചാൽ ടൗൺ. വികസന സാധ്യത അനന്തമെന്ന് പറയുന്നു എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ.
കാർഷിക വൃത്തിയിൽ പടുത്തിയുർത്തിയതാണ് മലയോരത്തിന്റെ ജീവിതം. റബ്ബറും, കുരുമുളകും അടക്കയുമൊക്കെ ജീവനോപാധികളായ മനുഷ്യർക്ക് വന്യജീവി ശല്യം ഉൾപ്പെടെയുള്ള ആശങ്കകളാണ് തിരഞ്ഞെടുപ്പിൽ കൂടുതലായി പറയാൻ. മേഖലയിൽ നിന്നുള്ള കുടിയിറക്കത്തിന്റെ തോത് കൂടുന്നതിൽ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും ആശങ്കയുണ്ട്.
മക്കളോടൊപ്പവും മറ്റും വിദേശത്തേക്ക് പോയവർ, ഗ്രാമം വിട്ട് നഗരങ്ങളിലേക്ക് ചേക്കേറിയവർ,തുടങ്ങി മലയോരം ഒഴിഞ്ഞു പോകുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്നുണ്ട്.തൊഴിൽ തേടിയുള്ള വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കൂടിയതോടെ നാട്ടിലെ യുവാക്കളുടെ എണ്ണത്തിലും ഗണ്യമായ കുറവ് പ്രകടമാണ്... വികസനത്തിനാണ് വോട്ടെന്ന് വോട്ടർമാർ പറയുമ്പോഴും വ്യക്തി ബന്ധങ്ങൾക്ക് മലയോരത്ത് വോട്ടാകാനുള്ള ശേഷിയുണ്ടെന്നതാണ് എല്ലാ സ്ഥാനർഥികളുടെയും പ്രതീക്ഷ.