

പത്തനംതിട്ടയിൽ കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി നിയമ വിദ്യാർഥി. പത്തനംതിട്ട മൌണ്ട് സിയോൺ ലോ കോളേജിലാണ് സംഭവം. മൂന്നാം സെമസ്റ്റർ നിയമവിദ്യാർഥിയാണ് അശ്വിൻ. മതിയായ ഹാജരില്ലാത്തതിനാൽ അശ്വിനെ കോളേജിൽ നിന്ന് പുറത്താക്കാൻ കോളേജ് മാനേജ്മെൻ്റ് തീരുമാനിച്ചിരുന്നു.
ഇതിൽ പ്രതിഷേധിച്ച് കോളേജ് കെട്ടിടത്തിന് മുകളിൽ കയറിയ വിദ്യാർഥി താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രിൻസിപ്പാളുടെ ഓഫീസിന് മുന്നിൽ സമരവുമായി എത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതിൽ മനനൊന്താണ് വിദ്യാർഥി പിന്നീട് കെട്ടിടത്തിന് മുകളിലേക്ക് കയറിയത്.
ഉച്ചയ്ക്ക് 1.15ഓടെയാണ് സംഭവം. സഹപാഠികളും അധ്യാപകരും അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും അശ്വിൻ താഴെയിറങ്ങാൻ തയ്യാറായില്ല. അതേസമയം, ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. അശ്വിൻ്റെ ലൈഫാണ് പ്രധാനമെന്നും കോളേജിൽ തിരിച്ചെടുക്കാമെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് രേഖാമൂലം കത്ത് നൽകിയിട്ടുണ്ടെന്നും പ്രിൻസിപ്പാൾ ന്യൂസ് മലയാളത്തോട് പറഞ്ഞു.
വൈകാതെ തന്നെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അശ്വിനെ അനുനയിപ്പിച്ച് താഴെയിറക്കി. കോളേജിൽ ഇതിന് മുമ്പും നിരവധി വിദ്യാർഥികൾക്ക് ഇത്തരത്തിൽ അന്യായമായി അറ്റൻഡൻസും ഇൻ്റേണൽ മാർക്കും കട്ട് ചെയ്തിട്ടുണ്ടെന്നും ന്യൂസ് മലയാളത്തോട് അശ്വിൻ പ്രതികരിച്ചു. പ്രിൻസിപ്പൽ രാജിവെക്കണമെന്നാണ് ആവശ്യമെന്നും തന്നെ പോലുള്ള വിദ്യാർഥികളെ ഇനിയും ടാർഗറ്റ് ചെയ്തു തോൽപ്പിക്കുമെന്ന് വരെ ഭയക്കുന്നതായും അശ്വിൻ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)