രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരില്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത് 13% പേര്‍ മാത്രം; മുന്നില്‍ കേരള ഹൈക്കോടതി ജഡ്ജിമാര്‍

ആകെയുള്ള 25 ഹൈക്കോടതികളിലെ 749 ജഡ്ജിമാരില്‍ 98 പേരുടെ സ്വത്തുവിവരങ്ങള്‍ മാത്രമാണ് ഔദ്യോഗിക വെബ് സൈറ്റില്‍ ഉള്ളത്
രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരില്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത് 13% പേര്‍ മാത്രം; മുന്നില്‍ കേരള ഹൈക്കോടതി ജഡ്ജിമാര്‍
Published on


രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരില്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയത് 13 ശതമാനം പേര്‍ മാത്രം. ആകെയുള്ള 25 ഹൈക്കോടതികളിലെ 749 ജഡ്ജിമാരില്‍ 98 പേരുടെ സ്വത്തുവിവരങ്ങള്‍ മാത്രമാണ് ഔദ്യോഗിക വെബ് സൈറ്റില്‍ വെളിപ്പെടുത്തിയിട്ടുള്ളതെന്ന് ഡാറ്റ വിശകലനം ചെയ്ത് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വെബ് സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് കേരള ഹൈക്കോടതിയിലെ ജഡ്ജിമാരാണ് സ്വത്തുക്കള്‍ വെളിപ്പെടുത്തിയതില്‍ മുന്നിലുള്ളത്. 39 പേരില്‍ 37 പേരും സ്വത്തുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഞ്ചാബ് ഹൈക്കോടതിയിലെ 55 ജഡ്ജിമാരിൽ 31 പേരും ഡൽഹി ഹൈക്കോടതിയിലെ 39 ജഡ്ജിമാരിൽ 11 പേരും തങ്ങളുടെ ആസ്തി വെളിപ്പെടുത്തിയിട്ടുണ്ട്.

സ്ഥാവര ജംഗമ വസ്തുക്കള്‍, പങ്കാളികളുടെയും ആശ്രിതരുടെയും പേരിലുള്ള സ്വത്തുവകകള്‍, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഫിക്സഡ് ഡിപ്പോസിറ്റ്, ബോണ്ടുകള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍, ബാങ്ക് വായ്പയുടെ വിവരങ്ങള്‍, ആഭരണങ്ങളുടെ ഉടമസ്ഥാവകാശവും ഇതില്‍ ഉള്‍പ്പെടുന്നു.

കേരളം, പഞ്ചാബ്, ഹരിയാന, ഡൽഹി ഹൈക്കോടതികൾക്ക് പുറമെ, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ്, കർണാടക, മദ്രാസ് ഹൈക്കോടതികളിൽ നിന്നുള്ള ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങളും അതാത് കോടതികളുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. എന്നാൽ, സ്വത്ത് വെളിപ്പെടുത്താത്ത ജഡ്ജിമാരുടെ പേര് പരാമർശിച്ചിട്ടില്ല.

2023 ഓഗസ്റ്റ് 7-ന് സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ ആസ്തികളും ബാധ്യതകളും നിർബന്ധമായും വെളിപ്പെടുത്തുന്നതിന് നിയമനിർമാണം നടത്താൻ പാർലമെൻ്റിൻ്റെ പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ്, ലോ ആൻഡ് ജസ്റ്റിസ് കമ്മിറ്റി ശുപാർശ ചെയ്‌തിരുന്നു.

1997 മെയ് 7-ന്, അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ജെ.എസ്. വർമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓരോ ജഡ്ജിയും അവരുടെ പേരിലോ പങ്കാളിയുടെ പേരിലോ അല്ലെങ്കിൽ അവരെ ആശ്രയിക്കുന്ന മറ്റേതെങ്കിലും വ്യക്തിയുടെ പേരിലോ ഉള്ള സ്വത്തു വകകളും നിക്ഷേപങ്ങളും അടക്കമുള്ള ആസ്തി ചീഫ് ജസ്റ്റിസിന് സമർപ്പിക്കണമെന്ന പ്രമേയം അംഗീകരിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com