ആറന്മുളയിൽ ആവേശപോരിന് മണിക്കൂറുകൾ മാത്രം ബാക്കി. പമ്പാ നദിയിൽ ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. 51 പള്ളിയോടങ്ങളാണ് മത്സര വള്ളംകളിയിൽ അണിനിരക്കുക. എ ബാച്ചിൽ 35 പള്ളിയോടങ്ങളും ബി ബാച്ചിൽ 16 പള്ളിയോടങ്ങളും മത്സരിക്കും.
16 ഹീറ്റ്സുകളിലായാണ് മത്സരങ്ങൾ. ഓരോ ബാച്ചിലും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് പള്ളിയോടങ്ങൾ ഫൈനലിൽ മത്സരിക്കും.
രാവിലെ ഒന്‍പത് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഭദ്രദീപ ഘോഷയാത്ര സത്രം കടവിലേക്ക് നടക്കും. 10 മണിക്ക് പത്തനംതിട്ട ജില്ലാ കളക്ടർ പതാക ഉയർത്തും. ഉച്ചയ്ക്ക് 1.30ന് പള്ളിയോടങ്ങളുടെ ഘോഷയാത്രയ്ക്ക് ശേഷം മത്സര വള്ളംകളി ആരംഭിക്കും.
എറണാകുളത്ത് എംഡിഎംഎയുമായി ഡോക്ടർ പിടിയിൽ. നോർത്ത് പറവൂർ സ്വദേശി അംജാദ് ഹസൻ ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ഒരു ഗ്രാം എംഡിഎംഎ ഡാൻസഫ് കണ്ടെടുത്തു. ഇയാള്‍ ഏറെ നാളായി ഡാൻസഫ് നീരിക്ഷണത്തിൽ ആയിരുന്നു.
നേപ്പാളിലെ 'ജെൻ സി' പ്രതിഷേധത്തിൽ സമൂഹമാധ്യമ വിലക്ക് നീക്കി സർക്കാർ. കനത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. പ്രതിഷേധത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു
17ാമത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പുതിയ പാർലമെൻ്റ് മന്ദിരത്തിൽ പകൽ 10 മുതൽ അഞ്ച് വരെയാണ് പോളിങ് നടക്കുക.
എൻഡിഎ മുന്നണിക്ക് വേണ്ടി നിലവിലെ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും ഇൻഡ്യാ സഖ്യത്തിന് വേണ്ടി സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയുമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത്.
കൊല്ലം നിലമേൽ ഐഡിഎഫ്സി ബാങ്കിൽ കവർച്ച നടത്താൻ ശ്രമിച്ചയാളെ പിടികൂടി. നിലമേൽ സ്വദേശിയും മുൻ മർച്ചൻ്റ് നേവീ ഉദ്യോഗസ്ഥനുമായ സമീറാണ് പിടിയിലായത്.
പ്രദേശത്തെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞത്. മാസങ്ങൾ നീണ്ട ആസൂത്രണമാണ് സമീർ നടത്തിയത്. ബാങ്കിനുള്ളിൽ കയറിയെങ്കിലും ലോക്കർ തുറക്കാൻ കഴിഞ്ഞില്ല.
കൊല്ലം ഏരൂരിൽ യുവാവിൻ്റെ കൈപ്പത്തി വെട്ടിമാറ്റാൻ ശ്രമിച്ച സ്ത്രീ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. ചില്ലിങ്ങ് പ്ലാൻ്റ് സ്വദേശി അജയൻ, സരസ്വതി എന്നിവരാണ് പിടിയിലായത്.
കുളത്തൂപ്പുഴ സ്വദേശി അഖിലേഷിനും ഭാര്യക്കുമാണ് വെട്ടേറ്റത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. അഖിലേഷ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
മലപ്പുറം അരീക്കോട് തൊഴുത്തില്‍ കെട്ടിയിട്ട പശുക്കളെ അജ്ഞാതര്‍ ആക്രമിച്ചു. കാരിപ്പറമ്പ് സ്വദേശി ഇജാസിന്റെ പശുക്കളെയാണ് കുത്തിയത്. പരിക്കേറ്റ ഒരു പശു ചത്തു. മറ്റൊന്നിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയാണ് അജ്ഞാതര്‍ ഇജാസിന്റെ നാല് പശുക്കളെ ആക്രമിച്ചത്.
അരീക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
പേരൂര്‍ക്കട വ്യാജമാല മോഷണ കേസില്‍ ബിന്ദു നിരപരാധിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. മാല മോഷ്ടിച്ചതല്ലെന്നും വീട്ടുടമ ഓമന ഡാനിയലിന്റെ വീട്ടില്‍ നിന്നു തന്നെ മാല കിട്ടിയെന്നും ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു.
പെരുമ്പാവൂർ മാറമ്പിള്ളി സഹകരണ ബാങ്കിലെ തട്ടിപ്പിൽ വിജിലൻസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തതോടേ കോൺഗ്രസ് നേതാക്കളടക്കം ഒളിവിൽ പോയി. കോൺഗ്രസ് പട്ടിമറ്റം ബ്ലോക്ക് വൈസ് പ്രസിഡൻ്റും മുൻ ബാങ്ക് പ്രസിഡൻ്റുമായ കെ.എം. അബ്ദുൾ അസീസ് അടക്കം 14 പേരാണ് കേസിൽ പ്രതികൾ.
കെ.എം. അബ്ദുൾ അസീസ് സ്വന്തം വസ്തുവിൻ്റെ പ്രമാണതിൻ്റെ വ്യാജ രേഖയുണ്ടാക്കി 40 ലക്ഷം രൂപ തട്ടിയതായി വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണത്തിലും സഹകരണ രജിസ്ട്രാറിൻ്റെ റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു.
മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടമായെന്ന് രമേശ് ചെന്നിത്തല. സ്ഥാനം ഒഴിയുന്നതാണ് നല്ലത്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവമാകുന്ന കാര്യത്തിൽ കെപിസിസി പ്രസിഡൻറ് അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
വി.ടി. ബല്‍റാമിനെ സോഷ്യൽ മീഡിയ സെല്ലിൽ നിന്ന് ആരും പുറത്താക്കിയിട്ടില്ലെന്നും രാജിവച്ചിട്ടുമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചുമതലക്കാരൻ അല്ലല്ലോ പോസ്റ്റ് ഇടുന്നത്. തെറ്റ് കണ്ടപ്പോൾ അത് പിൻവലിക്കുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
പത്തനംതിട്ടയിൽ കസ്റ്റഡിയിൽ മർദിച്ച ഡിവൈഎസ്പി മധുബാബുവിനെതിരെ കൂടുതൽ ആരോപണവുമായി എസ്എഫ്ഐ നേതാവ്. മധുബാബുവിനെ സംരക്ഷിച്ചത് മുൻ ഡിജിപി ടി.പി. സെൻകുമാർ എന്ന് ജയകൃഷ്ണൻ തണ്ണിത്തോട് ന്യൂസ് മലയാളത്തോട് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട് ഡിജിപി ആയിരുന്ന സെൻകുമാറിന് മുന്നിൽ എത്തിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ജയകൃഷ്ണൻ തണ്ണിത്തോടിൻ്റെ ആരോപണം.
കോഴിക്കോട് പേരാമ്പ്രയിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു ചികിത്സയിൽ ഉണ്ടായിരുന്ന വീട്ടമ്മ മരിച്ചു. പുറമേരി കൊറോത്ത് താഴെകുനി റീന (55) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ മരിച്ച പുറമേരി സ്വദേശിയുടെ മൃതദേഹവുമായി വന്ന ആംബുലൻസിന്റെ കൂടെ ഉണ്ടായിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്. സെപ്റ്റംബർ ആറിന് രാത്രി 12 അര മണിയോടെ പേരാമ്പ്ര കൈതക്കലിൽ ആണ് അപകടം ഉണ്ടായത്.
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഗുരുതര ആരോപണവുമായി കോൺഗ്രസ്. കോഴിക്കോട് ജില്ലയിൽ ഒരുലക്ഷത്തിലധികം ഇരട്ട വോട്ടുകളെന്ന് ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ. ക്രമക്കേട് ചൂണ്ടിക്കാട്ടിയിട്ടും 95 ശതമാനം വോട്ടുകളും തള്ളിയില്ല. സിപിഐഎം സഹായത്തോടെയുള്ള വോട്ട് തിരിമറി ബിഹാർ വോട്ട് ചോരിയെ ലജ്ജിപ്പിക്കുമെന്നും പ്രവീൺ കുമാർ ആരോപിച്ചു.
ജനവാസ മേഖലയിൽ കടുവയും പുലിയും ഏറ്റുമുട്ടി. കൽപ്പറ്റ പെരുന്തട്ടയിൽ ഇന്നലെ രാത്രി ആണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.
ജനവാസ മേഖലകൾ വന്യ ജീവികളുടെ വിഹാര കേന്ദ്രം ആകുന്നത്തിൻ്റെ നാട്ടുകാർ ആശങ്കയിലാണ്.
പൊലീസിനെതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം ആശങ്കപ്പെടുത്തുന്നതായി സമസ്ത. സമസ്ത മുഖപത്രമായ സുപ്രഭാതത്തിലാണ് വിമർശനം. അടിയന്തരാവസ്ഥ കാലത്ത് നിന്ന് പൊലീസ് മാറിയിട്ടല്ലെന്ന് തെളിയിക്കുന്നതാണ് മർദന ദൃശ്യങ്ങൾ എന്നാണ് സമസ്തയുടെ നിരീക്ഷണം.
മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനം പൊലീസിലെ ക്രിമിനലുകൾക്ക് വളമാകുകയാണ്. പൊലീസിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാൻ സ്വതന്ത്ര കമ്മീഷനോ ഓംബുഡ്സ്മാനോ അനിവാര്യമെന്നും സുപ്രഭാതം ലേഖനത്തില്‍ പറയുന്നു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സംവിധായകൻ സനൽകുമാർ ശശിധരന് ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്നലെ രാത്രി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു.
പൂക്കളത്തിൽ കാവിക്കൊടി വരച്ചതില്‍ ആർഎസ്എസ് ,ബി ജെ പി ഗൂഡാലോചനയെന്ന് മുതുവിലാക്കാട് പാർഥസാരഥി ക്ഷേത്രം പ്രസിഡൻ്റ് ഗോകുലം സനൽ. രാഷ്ട്രീയ മുതലെടുപ്പിന് ക്ഷേത്രത്തെ ഉപയോഗിച്ചു. തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വിവാദമെന്നും സനൽ ആരോപിച്ചു.
പൂക്കളത്തിൽ കാവിക്കൊടി വരച്ചതിലാണ് അമ്പലം കമ്മിറ്റിക്ക് പരാതി. ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയതിന് ക്ഷേത്രം പരാതി നൽകിയിട്ടില്ല. പ്രദേശത്തെ ക്രമസമാധാനം തകർക്കാനാണ് നീക്കം. മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാനാണ് ഓപ്പറേഷൻ സിന്ദൂറിൻ്റെ പേര് ഉപയോഗച്ചതെന്നും നിയമപരമായി നേരിടുമെന്നും ക്ഷേത്രം പ്രസിഡൻ്റ് അറിയിച്ചു.
പുൽപ്പള്ളി വ്യാജ കേസില്‍ അന്വേഷണം പ്രത്യേക സംഘത്തിന്. സുൽത്താൻബത്തേരി ഡിവൈഎസ്‌പി അബ്ദുൾ ഷരീഫിന് ആണ് അന്വേഷണ ചുമതല.
ഡിവൈഎസ്‌പിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് വിശദമായി അന്വേഷിക്കും. പൊലീസിന് മുഖ്യപ്രതിയെ കുറിച്ച് സൂചന ലഭിച്ചു. തങ്കച്ചന്റെ വീട്ടിൽ സ്‌ഫോടക വസ്തു കൊണ്ടുവച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തേക്കും.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഐഎം നേതാവ് എം.വി. ജയരാജൻ. ഗൂഗിൾ പേയിലൂടെ അശ്ലീല സന്ദേശം അയക്കാമെന്ന് പഠിപ്പിച്ചയാളാണ് രാഹുൽ. രാഹുൽ പീഡിപ്പിച്ച സ്ത്രീകളെല്ലാം കോൺഗ്രസ് കുടുംബത്തിലുള്ളവരാണെന്നും എന്നിട്ടും കോൺഗ്രസുകാർ രാഹുലിന് നമോവാകം ചൊല്ലി നിൽക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.
രാഹുലിന്റെ അത്രയും തൊലിക്കട്ടി തിരുവനന്തപുരം മൃഗശാലയിലെ കണ്ടാമൃഗത്തിന് പോലുമില്ല. രാഹുൽ വിഷയം മറച്ചു പിടിക്കാനാണ് പഴയ കസ്റ്റഡി മർദന ആരോപണങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നത്. മലദ്വാരത്തിൽ കമ്പി കയറ്റിയ പൊലീസുകാർ കോൺഗ്രസ് ഭരണകാലത്ത് കേരളത്തിലുണ്ടായിരുന്നുവെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
കള്ളപ്പണ ഇടപാട് കേസില്‍ മുസ്ലിം ലീഗ് നേതാവ് എം.സി. കമറുദ്ദീന് ജാമ്യം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. കമറുദ്ദീനെതിരെ ചുമത്തിയ കുറ്റം പിഎംഎല്‍എ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് നിരീക്ഷണം.
കൊല്ലം ശാസ്താംകോട്ടയിൽ സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ചു പ്രതിശ്രുത വധു മരിച്ചു. തൊടിയൂർ ശാരദാലയം വീട്ടിൽ അഞ്ജന (25) ആണ് മരിച്ചത്.
ശാസ്താംകോട്ട ഭരണിക്കാവ് പുന്നമുട് ജംഗ്ഷനിൽ രാവിലെ 9:45-നായിരുന്നു അപകടം. ജോലിക്ക് പോവുകയായിരുന്ന അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു.
ബസ് ദേഹത്തൂടെ കയറിയിറങ്ങി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. ശാസ്താംകോട്ട സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയാണ് അഞ്ജന. ഒക്ടോബർ 19ന് ആയിരുന്നു അഞ്ജനയുടെ വിവാഹം നടത്താൻ നിശ്ചയിച്ചത്.
പൊലീസ് വേട്ടക്ക് ഏറ്റവും കൂടുതൽ ഇരയായത് കമ്മ്യൂണിസ്റ്റുകാരെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്ക്. എല്ലാ സർക്കാരിന്റെ കാലത്തും പുഴുക്കുത്തുകൾ പൊലീസിൽ ഉണ്ടായിട്ടുണ്ട്. രമേശ് ചെന്നിത്തല അടക്കമുള്ളവർ അവരുടെ സർക്കാരിൻ്റെ കാലത്ത് പൊലീസിന്റെ പ്രവർത്തനം പരിശോധിക്കുന്നത് നല്ലതാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
രാഹുൽ മാങ്കോട്ടത്തിൽ വിഷയം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയെന്നും അത് മറികടക്കാൻ ആണ് പൊലീസ് വിഷയം കോൺഗ്രസ് ഉയർത്തുന്നതെന്നും തോമസ് ഐസക്ക് ആരോപിച്ചു.
ഒരു ലക്ഷം രൂപയ്ക്ക് ആട്ടിൻതല ലേലത്തിൽ പിടിച്ച് പ്രവാസി. നാദാപുരം വേവത്ത് നബിദിനാഘോഷത്തിൻ്റെ ഭാഗമായി അറുത്ത ആട്ടിൻതലയാണ് റെക്കോർഡ് വിലക്ക് ലേലത്തിൽ പോയത്.
1000ൽ തുടങ്ങിയ ലേലം വിളി ആവേശം മൂത്ത് ഒരു ലക്ഷത്തിൽ അവസാനിക്കുകയായിരുന്നു. നാദാപുരം വേവം സ്വദേശി ഇസ്മായിലാണ് ഈ തുകയ്ക്ക് ലേലം ഉറപ്പിച്ചത്.
വയനാട് വെള്ളമുണ്ട പുളിഞ്ഞാലിൽ നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 12 തോട്ടം തൊഴിലാളികൾക്ക് പരിക്ക്. രാവിലെ 10 മണിയോടെ ആയിരുന്നു അപകടം.
ഗുരുതര പരിക്കേറ്റ ആറ് പേരെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി. ജീപ്പിലുണ്ടായിരുന്ന 12 പേരും അതിഥി തൊഴിലാളികളാണ്. ജീപ്പ് വീട്ടുമുറ്റത്തെ താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
മാധ്യമ പ്രവർത്തകൻ സി.ആർ. മാത്യു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയ്ഹിന്ദ് ചാനലിലെ മാധ്യമ പ്രവർത്തകനാണ്.
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. ഗൂഡല്ലൂര്‍ ഓവേലിയില്‍ എസ്റ്റേറ്റ് ജീവനക്കാരനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഡിആര്‍സി എസ്റ്റേറ്റിലെ സൂപ്പര്‍വൈസര്‍ പെരിയാര്‍ നഗറിലെ ഷംസുദ്ദീന്‍ (60) ആണ് മരിച്ചത്.
കാഞ്ഞങ്ങാട് ഷവര്‍മ കഴിച്ച 15 പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഇന്നലെ രാത്രിയാണ് ഷവര്‍മ കഴിച്ചത്. കാഞ്ഞങ്ങാടുള്ള ബോംബെ ഹോട്ടലില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. പൂച്ചക്കാല്‍ പള്ളിയില്‍ നബിദിന പരിപാടിക്ക് എത്തിയവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരെ കാഞ്ഞങ്ങാടുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് താമരശ്ശേരി എടവണ്ണ സംസ്ഥാന പാതയില്‍ കാട്ടുപന്നി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കൂടത്തായി സ്വദേശി അബ്ദുല്‍ ജബ്ബാറാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജബ്ബാര്‍.
കോഴിക്കോട് മാര്‍ബിള്‍ കയറ്റി വന്ന ലോറി മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി രാംനാഥ് റാം ആണ് മരിച്ചത്. കണ്ണൂരില്‍ നിന്നും മാര്‍ബിള്‍ കയറ്റി വന്ന ലോറി റോഡിനോട് ചേര്‍ന്നുള്ള വയലിലേക്ക് മറിയുകയായിരുന്നു. മാര്‍ബിള്‍ ഇറക്കാനായി ലോറിയില്‍ വന്ന തൊഴിലാളിയാണ് മരിച്ചത്. ഇയാള്‍ ലോറിക്ക് മുകളിലായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വോട്ട് ചെയ്തു. വൈകിട്ട് അഞ്ച് വരെയാണ് പോളിങ് നടക്കുക. രാത്രി എട്ട് മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകും. നിലവിലെ സാഹചര്യത്തിൽ എൻഡിഎ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടും.
ഇടപ്പള്ളി -മണ്ണൂത്തി ദേശീയപാതയിലെ ഗതാഗത പ്രശ്നത്തില്‍
ജില്ലാ കളക്ടർ പരിശോധന നടത്തിയോയെന്ന് ഹൈക്കോടതി. ജില്ലാ കളക്ടർ ഓൺലൈനായി നാളെ ഹാജരാകാൻ കോടതി നിർദേശം നല്‍കി.
കേന്ദ്ര സർക്കാരിനോട് തീരുമാനം എടുക്കാൻ നിർദേശം നൽകിയതാണ്. തീരുമാനം വരുംവരെയാണ് ടോൾ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി അറിയിച്ചു. ടോൾ പിരിവ് പുന:സ്ഥാപിക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. ഹർജി നാളെ പരിഗണിക്കും.
15 ദിവസം കൂടി സാവകാശം വേണമെന്ന് ദേശീയപാതാ അതോറിറ്റി കോടതിയെ അറിയിച്ചിരിക്കുന്നത്.
പൊലീസിനെതിരെ ആരോപണവുമായി കെഎസ്‌യു നേതാവ്. കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജാണ് ആരോപണം ഉന്നയിച്ചത്.
അസിസ്റ്റന്റ് കമ്മീഷണറും, ടൗൺ സി ഐ യുമാണ് മർദ്ദിച്ചുവെന്നാണ് ആരോപണം. 2023 ഡിസംബർ 21ന് നടന്ന ഡിഡിഇ ഓഫീസ് മാർച്ചിനിടെയാണ് സംഭവം. പ്രതിപക്ഷ നേതാവ് എത്തുമെന്നറിഞ്ഞപ്പോൾ ആശുപത്രിയിലേക്ക് മാറ്റി. താൻ പൊലീസിനെ ആക്രമിച്ചെന്ന് കഥയുണ്ടാക്കിയെന്നും സൂരജ് പറയുന്നു.
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. ബിനോയ് വിശ്വം തുടരുന്നതാണ് നല്ലതെന്നാണ് സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാന സമ്മേളനം സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുക്കും.
യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ രാവിലെ ഒൻപതരയോടെയാണ് ഹാജരായത്.
ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയയ്ക്കും. താൻ എങ്ങും പോയിട്ടില്ലെന്നും, ചോദ്യം ചെയ്തതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കാം എന്നും, ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുമെന്നും അത് തന്റെ കടമയാണെന്നും വേടൻ പറഞ്ഞു.
സർക്കാരുമായുള്ള പോരിന് പിന്നാലെ കൃഷി വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ബി. അശോകിന് ആശ്വാസ ഉത്തരവ്. കെടിഡിഎഫ്സി എംഡിയായി അശോകിനെ നിയമിച്ച സർക്കാർ ഉത്തരവ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി അശോകിന് തുടരാം.
നേപ്പാളിലെ കാഠ്മണ്ഡുവിൽ മലയാളി വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള വയോധികർ ഉൾപ്പെടെ 40ലധികം പേരാണ് കാഠ്മണ്ഡുവിന് അടുത്തുള്ള ഗൗശാലയിൽ കുടുങ്ങിയത്.
മലയാളി സംഘം താമസിക്കുന്ന സ്ഥലത്തു ഉൾപ്പെടെ ടയർ കത്തിച്ച് പ്രതിഷേധം നടക്കുന്നുണ്ട്. നേപ്പാളിലെ പ്രതിഷേധ സംഭവങ്ങൾ അറിയാതെ ഇന്നലെയാണ് മലയാളി സംഘം കാഠ്മണ്ഡുവിൽ എത്തിയത്.
കസ്റ്റഡി മർദനത്തില്‍ കുന്നംകുളം നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിഷേധം. പൊലീസുകാരെ പുറത്താക്കുന്നതിനുള്ള കോൺഗ്രസിന്റെ അടിയന്തര പ്രമേയ അവതരണം നിഷേധിച്ചതിനെ തുടർന്നാണ് പ്രതിഷേധം.
പ്രതിഷേധം ശക്തമായതോടെ കൗൺസിൽ യോഗം പിരിച്ചുവിട്ടു.
സിൻഡിക്കേറ്റ് അനുമതി ഇല്ലാതെ സാങ്കേതിക സർവകലാശാല വിസി പണം ചെലവഴിക്കുന്നുവെന്ന് ആരോപണം. സ്റ്റാൻഡിങ് കൗൺസിലിനെ ഒഴിവാക്കി സ്വകാര്യ അഭിഭാഷകയ്ക്ക് ലക്ഷങ്ങൾ നൽകുന്നുവെന്നാണ് സിൻഡിക്കേറ്റ് ആരോപിക്കുന്നത്. ഇത് ധനവിനിയോഗ ചട്ടങ്ങളുടെ ലംഘനം എന്നാണ് വിമർശനം.
തുക വിസിയിൽ നിന്നും, ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനിൽ നിന്നും ഈടാക്കാനാണ് സിൻഡിക്കേറ്റ് നീക്കം. സിൻഡിക്കേറ്റ് തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള ഉത്തരവാദപ്പെട്ട ഓഫീസർ മാത്രമാണ് വൈസ് ചാൻസലർ എന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. വൈസ് ചാൻസലർ പുറത്താക്കിയ ലീഗൽ അഡ്വൈസറെ ശമ്പളം സഹിതം തിരിച്ചെടുക്കാനും കോടതി നിർദേശിച്ചിരുന്നു.
വയനാട് കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ആദിവാസി യുവാവ് ഗോകുലിന്റെ മരണത്തിൽ ദുരൂഹത ഉന്നയിച്ച് കെപിസിസി മെമ്പർ പി.പി. ആലി. ഗോകുലിന്റെ മരണത്തിൽ പൊലീസിന്റെ ഭാഗത്ത് തെറ്റുണ്ടായി എന്നാണ് സംശയിക്കുന്നതായി പി.പി. ആലി പറഞ്ഞു. നിലവിൽ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
പൊലീസ് പിടിച്ചു കൊണ്ടുപോയ യുവാവ് മരിക്കുന്നു എന്നതിൽ സംശയം ഉണ്ടായിരുന്നു. സംശയത്തെ തുടർന്ന് സിസിടിവി കാണിക്കണമെന്ന് നേരത്തെ ആവിശ്യപെട്ടിരുന്നു. സിസിടിവി കാണിച്ചാൽ ഈ പ്രശ്നങ്ങൾ ഉണ്ടാകില്ല. നിലവിൽ ജനങ്ങൾക്കുള്ള സംശയങ്ങൾ പരിഹരിക്കേണ്ടത് പൊലീസാണ്. തെറ്റുകാരായ പൊലീസുകാർ ഉണ്ടെങ്കിൽ നടപടിയെടുക്കണമെന്നും പി.പി. ആലി.
കോട്ടയം നഗരസഭ പെൻഷൻ തട്ടിപ്പ് കേസിലെ പ്രതി അഖിൽ സി. വർഗീസ് വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. കോട്ടയം വിജിലൻസ് കോടതിയാണ് അഞ്ച് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. പ്രതിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. നഗരസഭ ഓഫീസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. മുൻ ക്ലർക്ക് അഖിൽ 2.39 കോടി രൂപയാണ് തട്ടിയത്.
ആഗോള അയ്യപ്പ സംഗമത്തിനെതിരായ എല്ലാ ഹർജികളും ഒരു ബെഞ്ച് പരിഗണിക്കുമെന്ന് ഹൈക്കോടതി. ബന്ധപ്പെട്ട ഹർജികൾ എല്ലാം ഏതെങ്കിലും ഒരൊറ്റ ബെഞ്ചിലേക്ക് കൈമാറാൻ നിർദേശം നൽകും. ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിലും ദേവസ്വം ബെഞ്ചിലും ആണ് ഇപ്പോൾ ഹർജികൾ ഉള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് നിർദേശം.
കണ്ണൂർ പാനൂർ ബോംബ് സ്ഫോടനക്കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി. അമൽ ബാബുവിനെയാണ് മീത്തലെ കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറി ആയി തെരഞ്ഞെടുത്തത്. നിലവിലെ സെക്രട്ടറിക്ക് പ്രവർത്തിക്കാനുള്ള അസൗകര്യത്തെ തുടർന്നാണ് മാറ്റം. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത അമൽ ബാബുവിനെ പാർട്ടി അന്വേഷണത്തിന് പിന്നാലെ തിരിച്ചെടുക്കുകയായിരുന്നു.
ബില്ലുകളില്‍ ഗവര്‍ണര്‍ ഹ്രസ്വ കാലത്തില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതിയിൽ കേരളം. എത്രയും വേഗം എന്നാല്‍ യുക്തിപരമായ സമയപരിധി മാത്രമെന്നും കേരളം ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയുടെ റഫറന്‍സിലാണ് കേരളം കോടതിയിൽ വാദങ്ങൾ ഉന്നയിച്ചത്. ധന ബില്‍ രാഷ്ട്രപതിക്ക് അയക്കുന്നത് ഫെഡറൽ തത്വങ്ങള്‍ക്ക് എതിരാണ്. ഗവര്‍ണര്‍ മാസങ്ങളോളം ദന്തഗോപുരത്തിലിരുന്ന് ബില്ലുകള്‍ പഠിക്കേണ്ടതില്ലെന്നും കേരളം വാദിച്ചു.
പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. മുൻ എസ്ഐക്കെതിരെ സ്വീകരിച്ച നടപടികൾ അടിയന്തരമായി അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. മെയ് 30ന് കേസിൽ ഡിജിപി ഒരു മാസത്തിനകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. കേസുമായി ബന്ധപ്പെട്ട് ഡിജിപിക്ക് മറ്റു നിർദേശങ്ങളും നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്നും കമ്മീഷൻ
കോൺഗ്രസ് നേതാവ് വി.ടി. ബൽറാമിന് മറുപടിയുമായി മന്ത്രി എം.ബി. രാജേഷ്. സംഘപരിവാറിൻ്റെ മെഗാഫോണാണ് രാജേഷെന്ന വിമർശനത്തിന് സ്വന്തം പുസ്തകക്കവർ ഉൾപ്പെടുത്തിയാണ് മന്ത്രിയുടെ മറുപടി. ഫേസ്ബുക്ക് ഉണ്ടാകുന്നതിന് മുമ്പെ ഞാൻ സംഘപരിവാറിനെതിരെ പ്രസംഗിക്കാനും എഴുതാനും തുടങ്ങിയതാണ്. ഫേസ്ബുക്കിൽ സംഘപരിവാറിനെതിരെ ഘോരഘോരം പറയുന്നുവെന്നാണ് ബൽറാമിൻ്റെ അവകാശവാദം. ഫേസ്ബുക്കിന് പുറത്ത് തെരുവിൽ, മണ്ണിൽ പോരാട്ടം നടത്തുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ. സംഘപരിവാറിനെതിരെ തൻ്റേതായി പുസ്തകങ്ങളുണ്ടെന്നും മന്ത്രിയുടെ മറുപടി.
വയനാട് പനമരം പൊലീസ് സ്റ്റേഷനു മുന്നിൽ യുവതികളുടെ പ്രതിഷേധം. പനമരം മാത്തൂർ സ്വദേശികളായ രണ്ട് യുവതികളാണ് പനമരം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നത്. പരാതിയുമായി വന്നപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നാണ് പരാതി. പനമരം സിഐ തെറി വിളിച്ചെന്നും ആരോപണമുണ്ട്. മോശക്കാർ ആണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചുവെന്നും പരാതി. സിഐ മാപ്പ് പറയണമെന്നാണ് യുവതികളുടെ ആവശ്യം.
നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഓലി രാജിവച്ചു. ജെൻ സി പ്രതിഷേധത്തെ തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ കനത്ത ജാഗ്രത ഏർപ്പെടുത്തിയിട്ടുണ്ട്. നേപ്പാളിലെ സുപ്രിം കോടതിയും അറ്റോർണി ജനറലിൻ്റെ ഓഫീസും പ്രതിഷേധക്കാർ നശിപ്പിച്ചു. കാഠ്മണ്ഡുവിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി.
കൊല്ലപ്പെട്ട എസ്‌ഡിപിഐ സലാഹുദീൻ്റെ അഞ്ചാം ചരമ വാർഷിക ദിനത്തിൽ കേക്ക് മുറിച്ച് ആഘോഷിച്ച് ആർഎസ്എസ്. ആഘോഷത്തിൻ്റെ ദൃശ്യം പോസ്റ്റ് ചെയ്ത ദുർഗ നഗർ ചുണ്ടയിൽ എന്ന ആർഎസ്എസ് അനുകൂല ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ കേസെടുത്തിട്ടുണ്ട്. കണ്ണൂർ കണ്ണവത്താണ് സംഭവം.
സിപിഐ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ തനിക്ക് വിലക്കെന്ന് കെ.ഇ. ഇസ്മയിൽ. നേതൃത്വത്തിൻ്റെ വിലക്കിൽ അത്രമേൽ വേദനയുണ്ടെന്നും പ്രാഥമിക മെമ്പറായ എന്നിൽ എന്ത് കുറ്റമാണ് കണ്ടുപിടിച്ചതെന്നും കെ. ഇ. ഇസ്മയിൽ ചോദ്യമുന്നയിച്ചു.
ഇപ്പോൾ ഞാൻ ഒന്നും പറയുന്നില്ലെന്നും, പറയാനുള്ളത് പിന്നീട് ഞാൻ പറയുമെന്നും ഇസ്മയിൽ ഫേസ്ബുക്കിൽ കുറിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീൻ നദ്‌വിയുടെ വിവാദപ്രസ്താവനയിൽ പ്രതിഷേധവുമായി സിപിഐഎം. പണ്ഡിത വേഷം ധരിച്ച നാറിയാണ് നദ്‌വിയെന്ന് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം അഡ്വ. അഖില്‍ അഹമ്മദ് വിമർശിച്ചു.
നദ്‌വിയുടെ വിവാദ പ്രസ്താവനയിൽ മടവൂരിൽ സിപിഐഎം നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് നദ്‌വിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചത്. സമസ്തയിൽ ഒരുപാട് നല്ല പണ്ഡിതന്മാരുണ്ട്. അതിൽ ഉൾപ്പെടുത്താൻ കഴിയാത്ത വ്യക്തിയാണ് നദ്‌വിയെന്നും അഡ്വ. അഖില്‍ അഹമ്മദ് പറഞ്ഞു.
യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ പൊലീസ് പിടിയിൽ. കോതമംഗലത്ത് വച്ചാണ് പിടികൂടിയത്. കീരംപാറ സ്വദേശികൾ ആയ പ്ലാങ്കുടി വീട്ടിൽ അമൽ ,അജിത്ത്, സജ്ജയ് ,അലക്സ് ആൻറണി അശമന്നൂർ സ്വദേശിയായ ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഓണാഘോഷ പരിപാടിക്കിടെയാണ് സംഘം പുന്നേക്കാട് സ്വദേശിയായ യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.
200 കോടി ക്ലബ്ബിൽ ഇടം നേടി മലയാള ചിത്രം 'ലോക ചാപ്റ്റർ വൺ - ചന്ദ്ര'. മോഹൻലാൽ ചിത്രം 'എമ്പുരാന്' ശേഷം അതിവേഗം 200 കോടി നേടുന്ന ചിത്രമാണ് 'ലോക'.
നേപ്പാളിൽ കുടുങ്ങിയ കോഴിക്കോട് കൊടുവള്ളി സ്വദേശികളെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്ന് എം.കെ. രാഘവൻ എംപി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഡൽഹിയിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോട് വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്നും എംപി ആവശ്യപെട്ടു.
മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. മുടിക്കോട് മുതൽ പീച്ചി റോഡ് ജംഗ്ഷൻ വരെ കുരുക്ക് നീണ്ടു. ആംബുലൻസിന് പോലും കടന്നുപോകാൻ പോലും കഴിയാത്ത നിലയിലാണ് പ്രദേശത്തെ ഗതാഗത കുരുക്ക്. രണ്ട് കിലോമീറ്റർ ദൂരത്ത് വരെ വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്. മുടിക്കോട് സർവീസ് റോഡിലെ ടാറിങ് നടക്കുന്നതിനാൽ ആണ് ഗതാഗതക്കുരുക്ക്. അശാസ്ത്രീയ ഗതാഗത നിയന്ത്രണമാണ് കുരുക്കിന് കാരണമെന്ന് യാത്രക്കാർ ആരോപിച്ചു.
കോഴിക്കോട് സരോവരത്ത് സുഹൃത്തുക്കൾ കഴിച്ചിട്ട വിജിലിന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി. ഇന്നും മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താൻ ആയില്ല. ചതുപ്പിലെ തിരച്ചിൽ ദുഷ്ക്കരമാണ്. നാളെയും തിരച്ചിൽ തുടരും.
രാജിവച്ച നേപ്പാൾ പ്രധാനമന്ത്രി കെ. പി. ശർമ ഒലി രാജ്യം വിട്ടു. പ്രതിഷേധക്കാർ മന്ത്രിമാരെ ഉൾപ്പടെ ആക്രമിച്ച സാഹചര്യത്തിലാണ് തീരുമാനം. സൈന്യത്തിൻ്റെ പ്രത്യേക ഹെലികോപ്റ്ററിൽ രാജ്യം വിടുകയായിരുന്നു.
നേപ്പാളിൽ ജെൻ സി പ്രക്ഷോഭം ശക്തമാകുന്നതിനിടെ മന്ത്രിമാരും ആക്രമണത്തിനിരയായി. മുൻ പ്രധാനമന്ത്രി ദേവൂബ, ധനമന്ത്രി വിഷ്ണുപ്രസാദ് പൗഡേലി, വിദേശകാര്യ മന്ത്രി അർസു റാണ ദേവൂബ, എന്നിവർ മർദനത്തിനിരയായി. പ്രതിഷേധക്കാർ പൗഡേലിനെ തെരുവിലൂടെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിറ്റുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.
നേപ്പാളിലെ അകപ്പെട്ട മലയാളികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മലയാളികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കേരളത്തിൽ നിന്നും പോയവർ സുരക്ഷിതരാണെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
പി. കെ. ഫിറോസ് കള്ളപ്പണ ഇടപാടുകാരനെന്ന് കെ. ടി. ജലീൽ. ഫിറോസ് നടത്തുന്നത് ദേശവിരുദ്ധ പ്രവർത്തനമാണ്. റിവേഴ്സ് ഹവാലയാണ് നടത്തുന്നത് എന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്. ഫിറോസ് മുൻപ് ഫോൺ ഹവാല നടത്തിയയാളാണ്. ഫിറോസുമായി ബന്ധമുള്ള ആളുകൾ തന്നെയാണ് വിവരം നൽകുന്നതെന്നും ജലീൽ വെളിപ്പെടുത്തി.
സംസ്ഥാനത്ത് ആദ്യമായി വനിതയെ കരുതൽ തടങ്കലിലാക്കി. ബുള്ളറ്റ് ലേഡി എന്ന് അറിയപ്പെടുന്ന പയ്യന്നൂരിലെ നിഖിലയെയാണ് അറസ്റ്റ് ചെയ്തത്. ലഹരി കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ട സാഹചര്യത്തിലാണ് നടപടിയെടുത്തിരിക്കുന്നത്.
നേപ്പാൾ പ്രധാനമന്ത്രി കെ. പി. ശർമ രാജിവച്ചതിനെ തുടർന്ന് കാഠ്‌മണ്ഡു മേയർ ബലേന്ദ്ര ഷാ പുതിയ പ്രധാനമന്ത്രി ആയേക്കുമെന്ന് റിപ്പോർട്ട്.
ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് നേപ്പാൾ പ്രസിഡൻ്റ് രാം ചന്ദ്ര പൗഡേൽ രാജിവച്ചു.
യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലത്തൂർ സ്വദേശി അരങ്ങാട്ട് പറമ്പ് സുരേഷ് (37) ആണ് മരിച്ചത്. ഇയാൾ എങ്ങനെ കുളത്തിൽ വീണു എന്ന് വ്യക്തമല്ല. സുഹൃത്തുക്കളാണ് മൃതദേഹം കണ്ടത്. ഉടനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.
പഞ്ചാബിന് ധനസഹായം പ്രഖ്യാപിച്ച് നരേന്ദ്രമോദി. പ്രളയക്കെടുതിയുടെ ഭാഗമായി പഞ്ചാബിന് 1600 കോടി രൂപ ധനസഹായമാണ് പ്രഖ്യാപിച്ചത്.
നേപ്പാൾ മുൻ പ്രധാനമന്ത്രി ഝാലാനാഥ് ഖനാലിന്‍റ ഭാര്യ രാജ്യലക്ഷ്‌മി ചിത്രകാർ കൊല്ലപ്പെട്ടു. ഇവരുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടിരുന്നു. ഝാലാനാഥ് ഖനാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ മുൻ ചെയർമാൻ കൂടിയാണ്. അതേസമയം, നേതാക്കളെ രാജ്യം വിടാൻ സഹായിച്ചതിന് സിമ്രിക് എയർലൈനിൻ്റെ കെട്ടിടത്തിന് പ്രതിഷേധക്കാർ തീയിട്ടു.
ഖത്തർ തലസ്ഥാനമായ ദോഹയില്‍ സ്ഫോടന പരമ്പര. മുതിർന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണമെന്ന് ഇസ്രയേല്‍ അറിയിച്ചു. മധ്യസ്ഥ ചർച്ചകള്‍ക്കായി ഹമാസ് ചീഫ് ഖലീൽ അൽ-ഹയ്യ ഉള്‍പ്പടെയുള്ളവർ ദോഹയിലുണ്ട്. ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ജനവാസകേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ആക്രമണം അന്താരാഷ്ട്ര നിയമലംഘനമെന്ന് ഖത്തർ വ്യക്തമാക്കി.
സി.പി. രാധാകൃഷ്ണനെ ഇന്ത്യൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുത്തു. ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്നാണ് മുഴുവൻ പേര്. 452 വോട്ടുകൾ നേടിയാണ് ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിൽ 98.3 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
കോഴിക്കോട് തിരുവമ്പാടിയിലും "ഇരട്ട വോട്ട് " ആരോപണം. തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫിൻ്റെ ഭാര്യ അനുഷയ്ക്ക് ഇരട്ട വോട്ടെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ദിഷാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആരോപണം.
ദോഹ ആക്രമണം ഇസ്രയേല്‍ ഒറ്റയ്ക്ക് നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തുടങ്ങിവെച്ചതും നടപ്പാക്കിയതും ഞങ്ങളാണ്, ആക്രമണത്തിന്‍റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നാണ് നെതന്യാഹു പ്രസ്താവനയിലൂടെ അറിയിച്ചത്. ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല എന്ന് മേഖലയിലെ യുഎസ് സെെനിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ആക്രമണത്തിൽ ഇതുവരെ പ്രതികരിക്കാൻ വെെറ്റ് ഹൗസ് തയ്യാറായിട്ടില്ല.
തിരുവനന്തപുരം വർക്കലയിൽ കിടപ്പുരോഗിയായ അറുപതുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമം. ഇക്കഴിഞ്ഞ ഞായറാഴ്ച വയോധിക തനിച്ചായിരുന്ന സമയത്താണ് അതിക്രമം നടന്നത്. ഇരുകാലുകൾക്കും സ്വാധീന കുറവുള്ള 40 കാരനായ വികലാംഗനായ പ്രതി ഒളിവിലാണ്. ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
ഖത്തറിനെ ആക്രമിച്ച ഇസ്രയേല്‍ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമെന്ന് ഇറാന്‍. പശ്ചിമേഷ്യയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും നേര്‍ക്കുള്ള ഗുരുതര വെല്ലുവിളിയായി ആക്രമണത്തെ കാണണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായി.
ഇസ്രയേല്‍ ആക്രമണത്തില്‍ സഹോദര രാജ്യമായ ഖത്തറിനൊപ്പം നിലകൊള്ളുന്നുവെന്ന് യുഎഇ. അറബ് ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയില്‍ ഐക്യത്തോടെ നിലകൊള്ളുമെന്നും അറിയിച്ചു.
ഖത്തറിനെതിരായ ഇസ്രയേലിന്റെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് സൗദി അറേബ്യ. ആക്രമണം ക്രൂരം, ഖത്തറിന്റെ പരമാധികാരത്തിന്റെ നഗ്‌നമായ ലംഘനം. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്
ഖത്തറിലെ ഇസ്രയേൽ അക്രമത്തെ അപലപിച്ച് യു എൻ ജനറൽ സെക്രട്ടറി
ഖത്തറിലെ ഇസ്രയേൽ ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റിന്റെ വാര്‍ത്താസമ്മേളനം അല്‍പ സമയത്തിനകം. ആരോഗ്യകാര്യങ്ങള്‍ സംബന്ധിച്ച വിശദീകരിക്കാന്‍ ട്രംപ് നേരിട്ട് ക്യാമറയ്ക്ക് മുന്നിലെത്തിയേക്കുമെന്നും റിപ്പോര്‍ട്ട്. ഈ ഘട്ടത്തില്‍ കൂടൂതല്‍ വിശദീകരണങ്ങളുണ്ടായേക്കും.
ഇസ്രയേൽ ധനമന്ത്രി ബെസലെൽ സ്മോട്രിച്ചിൻ്റെ ഇന്ത്യ സന്ദർശനത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാസയിൽ കൂട്ടക്കുരുതി നടക്കുന്ന വേളയിൽ സ്മോട്രിച്ചിന് സന്ദർശനം അനുവദിച്ചതിലാണ് പ്രതിഷേധം.
"ഇസ്രയേൽ അധിനിവേശത്തിൻ്റെ മുഖ്യസൂത്രധാരനാണ് സ്മോട്രിച്ച്. നെതന്യാഹുവിൻ്റെ ഭരണത്തിന് കീഴിൽ ഇസ്രയേലുമായി കരാറിലേർപ്പെടുന്നത് രാജ്യത്തിൻ്റെ പലസ്തീൻ അനുകൂല നിലപാടിനെ ചതിക്കുന്നതിന് തുല്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുന്നംകുളം പൊലീസ് അതിക്രമത്തിൽ പൊലീസ് ഡ്രൈവറായിരുന്ന സുഹൈറിനെ അഞ്ചാം പ്രതിയാക്കണമെന്ന ആവശ്യവുമായി മർദനമേറ്റ കെ.വി. സുജിത്ത്. ഇതുമായി ബന്ധപ്പെട്ട് കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു.
കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടും അഭിഭാഷകനുമായ സിബി രാജീവ് മുഖേന സുജിത്ത് കോടതിയെ സമീപിച്ചത്. സ്റ്റേഷനുള്ളിൽ വച്ച് സുജിത്തിനെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ സുഹൈർ ഇല്ലെന്ന കാരണത്താൽ ഇയാളെ പ്രതി സ്ഥാനത്ത് നിന്നും കോടതി ഒഴിവാക്കുകയായിരുന്നു.
മാനന്തവാടി കോറോത്ത് കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് ഒരാൾക്ക് പരിക്ക്. കട്ടയാട് സ്വദേശി ചേരാംകണ്ടി മൊയ്‌ദു (63) ആണ് പരിക്കേറ്റത്. പരിക്കേറ്റ ആളെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കാർ വീട്ടിലേക്ക് ഇടിച്ച് കയറി അപകടം. കാരക്കോണം സ്വദേശി മുരുകൻ്റെ വീട്ടിലേക്കാണ് കാർ ഇടിച്ച് കയറിയത്. കുന്നത്തുകാൽ സ്വദേശി റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ തോമസിൻ്റെ വാഹനമാണ് അപകടമുണ്ടാക്കിയത്. മതിൽ തകർത്ത് വീട്ടിനുള്ളിൽ കാർ ഇടിച്ച് കയറിയെങ്കിലും ആളപായമൊന്നും ഉണ്ടായില്ല.
ലൈംഗിക തൊഴിലാളികളെ വിൽപനവസ്തുവിനോട് തുലനം ചെയ്യുന്നതും ഇടപാടുകാരെ 'കസ്റ്റമർ' എന്ന് വിശേഷിപ്പിക്കുന്നതും നിയമപരമായി തെറ്റെന്ന് ഹൈക്കോടതി.
അനാശാസ്യ കേന്ദ്രത്തിലെത്തി പണം നൽകി ലൈംഗിക ബന്ധത്തിലേർപ്പെടുന്നയാൾക്കെതിരെ വേശ്യാവൃത്തി പ്രേരണക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. അനാശാസ്യത്തിന് പിടിയിലായ ആൾ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിൻ്റെ ഉത്തരവ്
കണ്ണൂർ തളാപ്പിൽ പെട്രോൾ പമ്പിൽ വാഹനാപകടം. ഇന്ധനം നിറക്കാനെത്തിയ കാർ മൂന്ന് വാഹനങ്ങളിലിടിച്ചു. അപകടത്തിൽ ഒരു സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. കൂടാതെ പെട്രോൾ പമ്പിലെ രണ്ട് ജീവനക്കാർക്കും പരിക്കേറ്റിറ്റുണ്ട്.
തിരുവനന്തപുരം മുൻ കളക്ടർ എം. നന്ദകുമാർ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ ജലരാജാക്കന്മാരായി മേലുകരയും കൊറ്റത്തൂരും. ഫൈനല്‍ മത്സരത്തില്‍ എ ബാച്ച് വിഭാഗത്തിൽ മേലുകര പള്ളിയോടവും ബി ബാച്ച് വിഭാഗത്തിൽ കൊറ്റാത്തൂര്‍ കൈതക്കോടി പള്ളിയോടവും വിജയികളായി.
നേപ്പാളിൽ പൂർണ സുരക്ഷാ ചുമതല ഏറ്റെടുത്ത് സൈന്യം. ജെൻ സി പ്രതിഷേധത്തെ തുടർന്ന് പ്രസിഡൻ്റും, പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും രാജിവച്ചൊഴിഞ്ഞതിനെ തുടർന്നാണ് നടപടി. തങ്ങളുമായി സഹകരിക്കണമെന്ന് സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രതിഷേധത്തിൻ്റെ മറവിൽ ചിലർ അവസരം മുതലെടുക്കുന്നുവെന്നും, പൊതുമുതൽ നശിപ്പിക്കുകയും സാധാരണ പൗരന്മാരെ ഉൾപ്പടെ അക്രമിക്കുന്നതായും സൈന്യം അറിയിച്ചു.
തിരുവനന്തപുരം നഗരൂരിൽ പൊലീസിനെ ആക്രമിച്ചതിൽ ക്രിമിനൽ കേസ് പ്രതികൾ പിടിയിൽ. കല്ലമ്പലം സ്വദേശികളായ ബൈജു (45), ആദേശ് (45) എന്നിവരാണ് പിടിയിലായത്.
ആറ്റിങ്ങലിൽ വച്ച് നാലു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ലഹരിയിലായിരുന്ന ഇരുവരും മെഡിക്കൽ പരിശോധന സമയത്തും ഇവർ ആക്രമണം നടത്തി.
കൊല്ലത്തെ കോൺഗ്രസുകാരെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് മയ്യനാട് മണ്ഡലം പ്രസിഡൻ്റ്. നാളെ ഉച്ചവരെ മുഖ്യമന്ത്രിയെ തെറി വിളിക്കുകയും, വൈകിട്ട് സ്തുതി പാടുകയും ചെയ്യേണ്ട അവസ്ഥയാണ് കോൺഗ്രസുകാർക്ക് ഉള്ളതെന്നാണ് വിപിൻ ജോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
നാളെ സി. വി. പത്മരാജൻ ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്യാൻ എത്തുന്നത് മുഖ്യമന്ത്രിയാണ്. പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്രയോ കോൺഗ്രസ് നേതാക്കന്മാർ ഉണ്ടെന്നും ഈ പരിപാടിയിൽ കോൺഗ്രസുകാർക്ക് മുകളിലാണോ പിണറായി വിജയനെന്നും വിപിൻ കുറിച്ചു.
പൊലീസിനെതിരെ ആരോപണവുമായി ബിജെപി കൗൺസിലർ രംഗത്ത്. കുന്നംകുളത്ത് ബിജെപി പ്രാദേശിക നേതാവിനെ പൊലീസ് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും 10 ലക്ഷം രൂപ കൊടുത്ത് കേസ് ഒതുക്കി തീർക്കുകയും ചെയ്തതായി ബിജെപി കൗൺസിലർ ബിനു പ്രസാദ് ആരോപിച്ചു. നിലവിൽ വടക്കാഞ്ചേരി എസ്എച്ച്ഒ ആയ ഷാജഹാൻ എതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.