ആർഎസ്എസുകാരുമായി യാതൊരു ബന്ധവും സിപിഐഎമ്മിന് ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നുവരെ ആർഎസ്എസുകരോട് ഐക്യപ്പെടാനോ, സന്ധി ചേരാനോ പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർഎസ്എസ് എന്നല്ല, ഒരു വർഗീയ ശക്തിയോടും ഐക്യപ്പെടാൻ ഞങ്ങൾ തയ്യാറല്ല. അടിയന്തരാവസ്ഥ കാലത്തും ആരുടേയും തണലിൽ നിന്നല്ല ഞങ്ങൾ പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അർധ ഫാസിസ്സ് ഭീകരവാഴ്ച അവസാനിപ്പിക്കാനുള്ള പോരാട്ടത്തിൽ ഞങ്ങൾ ഞങ്ങളായാണ് നിലനിന്നത്. ആർഎസ്എസ് അപ്പോൾ ഞങ്ങളുടെ സഖാക്കളെ കൊലപ്പെടുത്തുന്ന വിഭാഗമായിരുന്നു. 215 സഖാക്കളെ കൊന്നൊടുക്കിയ സംഘടനയാണ് ആർഎസ്എസ്. അപ്പോൾ ഞങ്ങൾ അവരുമായി സഹകരിക്കുകയാണോ ചെയ്യുകയെന്നും മുഖ്യമന്ത്രി ചോദ്യമുന്നയിച്ചു.
അടിയന്തരാവസ്ഥ കാലത്ത് ആർഎസ്എസുമായി സഹകരിച്ചെന്ന എം.വി. ഗോവിന്ദൻ്റെ പരാമർശം തള്ളിക്കൊണ്ടായിരുന്നു പിണറായി വിജയൻ്റെ പ്രസ്താവന. എൺപതുകളിൽ ആർഎസ്എസും കോൺഗ്രസും തമ്മിൽ പരസ്യമായ ബന്ധം ഉണ്ടായിരുന്നു. യാഥാർഥ്യം എല്ലാവർക്കും അറിയാമല്ലോയെന്നും തെറ്റിദ്ധാരണ ജനകമായി വാർത്തകൾ വന്നു. പാർട്ടി സെക്രട്ടറി തന്നെ അതിൻ്റെ വസ്തുത വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനതാ പാർട്ടിയുമായി തെരഞ്ഞെടുപ്പ് സഹകരണം ഉണ്ടായിട്ടുണ്ട്. വിശാല കക്ഷികൾ ഒന്നിച്ച് ചേർന്നാണ് ജനതാ പാർട്ടിയുണ്ടായത്. ഈ ജനതാ പാർട്ടിയിൽ പിന്നീട് ജനസംഘം ലയിച്ചു. എന്നാൽ സിപിഐഎം ജനതാ പാർട്ടിയിൽ ലയിച്ചിട്ടില്ല. അപ്പോഴും സിപിഐഎം വേറിട്ട് നിൽക്കുകയായിരുന്നു.
കമ്മ്യൂണിസ്റ്റുകാർക്ക് മേൽ ആർഎസ്എസ് ബന്ധം ആരോപിച്ചാൽ അത് അത്ര വേഗം ഏശില്ലെന്നും അവരുടെ ആശയത്തിനെതിരെ പോരാടുന്നവരാണ് ഞങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വര്‍ഗീയതയെയും എതിര്‍ത്ത് തന്നെയാണ് എൽഡിഎഫ് മുന്നോട്ട് പോകുന്നത്. ഇന്നലെയും ഇന്നും നാളെയും ആർഎസ്എസുകാരോട് സന്ധി ചേരാൻ താൽപ്പര്യമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.
നീരജ ചൗധരിയുടെ "ഹൗ പ്രൈം മിനിസ്റ്റർ ഡിസൈഡി"ൽ ആർഎസ്എസിൻ്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ദിരാഗാന്ധി തിരിച്ചു വന്ന ശേഷം ആർഎസ്എസുമായി നല്ല ബന്ധമാണ് സൂക്ഷിച്ചതെന്നും പുസ്തകം പറയുന്നു. 1980- ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ ജയിപ്പിക്കാൻ ആർഎസ്എസ് സഹായിച്ചുവെന്നും പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ആർഎസ്എസ് നേതാവ് നാനാജി ദേശ്മുഖ് കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പരസ്യമായി ആഹ്വാനം ചെയ്തുവെന്നും അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ ആർഎസ്എസ് പിന്തുണയുണ്ടായിരുന്നെന്നും പുസ്തകം പറയുന്നു. ആർഎസ്എസിനോട് ഞങ്ങൾക്കാണോ കോൺഗ്രസിനാണോ ബന്ധമുണ്ടായിരുന്നത് എന്ന് അവർ തന്നെ ആലോചിക്കുന്നത് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് പോരാട്ട കാലത്ത് ജനതാ പാർട്ടിയുമായി ഞങ്ങൾ സഹകരിച്ചു. പിളർന്ന ശേഷം അവശിഷ്ട ജനതാ പാർട്ടിയുമായി സഖ്യമുണ്ടാക്കിയത് കേരളത്തിലെ കോൺഗ്രസും ലീഗുമാണ്. ജനസംഘം നേതാവ് ഒ. രാജഗോപാലായിരുന്നു അവരുടെ സ്ഥാനാർഥിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 1960ല്‍ 4 മണ്ഡലങ്ങളില്‍ ജനസംഘം മത്സരിക്കാൻ തീരുമാനിച്ചു. കോൺഗ്രസ് ബാന്ധവം മൂലം അവർ പിന്മാറി. ഇഎംഎസിനെ തോൽപ്പിക്കാൻ അവർ ശ്രമിച്ചു.
പാലക്കാട് എകെജിയെ നേരിട്ടത് കോൺഗ്രസ്സ് ജനസംഘം സഖ്യം ആയിരുന്നു. ഒരു ആർഎസ്എസുകാരുടേയും വോട്ട് വേണ്ടെന്ന് ഇഎംഎസ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കെ. സുധാകരൻ ജനതാ പാർട്ടി സ്ഥാനാര്‍ഥി ആയി മത്സരിച്ച ചരിത്രം ഉണ്ടെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി. ആർഎസ്എസുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് ഗോവിന്ദൻ തന്നെ വ്യക്തമാക്കിയതാണെന്നും അതിനപ്പുറം ഞാൻ പറയേണ്ടതില്ലല്ലോയെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.