കൊൽക്കത്ത ലോ കോളേജിന് സമീപം നിയമ വിദ്യാർഥി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. അതിൽ ഒരു പ്രതി ബലാത്സംഗം ചെയ്യുന്നത് മറ്റ് പ്രതികൾ നോക്കി നിന്നുവെന്ന് പെൺകുട്ടി കൊൽക്കത്ത പൊലീസിന് നൽകിയ പരാതിയിൽ പറയുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പെൺകുട്ടിയുടെ പരാതിയിൽ ജെ, എം, പി എന്നിങ്ങനെയാണ് പ്രതികളുടെ പേരുകൾ പരാമർശിക്കുന്നത്.
വൈകീട്ട് 7.30ഓടെ തൃണമൂൽ കോൺഗ്രസിൻ്റെ വിദ്യാർഥി സംഘടനയുടെ മീറ്റിങ് കഴിഞ്ഞ് വരുന്നതിനിടെ തന്നെ തടഞ്ഞുനിർത്തി ഗാർഡ് റൂമിനടുത്ത് വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. വിവാഹാഭ്യർഥന നടത്തിയപ്പോൾ താൻ നിരസിച്ചു. തന്നെ വെറുതെ വിടണമെന്ന് ഒരുപാട് കരഞ്ഞ് അപേക്ഷിച്ചു. കാൽ പിടിച്ച് പറഞ്ഞു. എന്നാൽ, അവർ വിട്ടില്ല. 'എം', 'പി' എന്നിവർ തന്നെ 'ജെ'യോടൊപ്പം ഒരു മുറിയിൽ പൂട്ടിയിട്ടു. അതിനിടെ പാനിക് അറ്റാക്ക് ഉണ്ടായപ്പോൾ, 'എം' ഇൻഹേലർ കൊണ്ടുവന്ന് തന്നു. അതുപയോഗിച്ചപ്പോൾ ചെറിയ ആശ്വാസം ലഭിച്ചു. അതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അവരെല്ലാവരും ചേർന്ന് പിടികൂടി, പിന്നീട് 'ജെ' ബലാത്സംഗം ചെയ്തുവെന്നും, മറ്റുള്ളവർ നോക്കി നിന്നുവെന്നും പെൺകുട്ടി പറയുന്നു.
ലൈംഗികാതിക്രമത്തിനിടെ പെൺകുട്ടിയെ പ്രതികൾ ഹോക്കി സ്റ്റിക് ഉപയോഗിച്ച് അടിച്ചതായും പരാതിയിൽ പറയുന്നുണ്ട്. "വിവരം കുടുംബത്തോടൊ ആൺസുഹൃത്തിനോടൊ പറയരുതെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. എന്നാൽ, എനിക്ക് നീതി ലഭിക്കണം. ഞാൻ ഇപ്പോൾ ഇരയാണ്, ഒരു നിയമ വിദ്യാർഥിനിയാണ്, എത്രയും വേഗം നീതി ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു"വെന്നും പെൺകുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിന്റെ (ടിഎംസിപി) സൗത്ത് കൊൽക്കത്ത ജില്ലയുടെ മുൻ വിദ്യാർഥിയും നിലവിലെ ജനറൽ സെക്രട്ടറിയുമായ മനോജിത് മിശ്ര (31), ഒന്നാം വർഷ വിദ്യാർഥി സായിബ് അഹമ്മദ് (19), മറ്റൊരു വിദ്യാർഥി 20 വയസുള്ള പ്രമിത് മുഖർജി എന്നിവരാണ് പ്രധാന പ്രതികൾ. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനോജിത് മിശ്ര തൃണമൂൽ യുവജന വിഭാഗവുമായി അടുത്ത ബന്ധമുള്ള ആളാണെന്ന് കഴിഞ്ഞ ദിവസം ബിജെപി ആരോപിച്ചിരുന്നു. തൃണമൂൽ നേതാക്കൾക്കൊപ്പം ഇയാൾ നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. എന്നാൽ, പ്രതികൾക്ക് കനത്ത ശിക്ഷ കിട്ടണമെന്ന് തൃണമൂൽ കോൺഗ്രസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ, "ആര്‍ജി കറിന്റെ മുറിവുണങ്ങുന്നതിനു മുമ്പ് വീണ്ടുമൊരു അതിക്രമമുണ്ടായിരിക്കുന്നു. പശ്ചിമ ബംഗാള്‍ സ്ത്രീകള്‍ക്ക് പേടിസ്വപ്‌നമായി മാറിയിരിക്കുന്നു, ബലാത്സംഗം പതിവ് വാര്‍ത്തയായിരിക്കുന്നു"വെന്നും ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചിരുന്നു.
ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട് മാസങ്ങള്‍ക്കിപ്പുറമാണ് സമാന സംഭവം വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്ത് മാസം മുമ്പാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.