വിവാഹം കഴിഞ്ഞ് ഒൻപതാം നാൾ ആ ദമ്പതികൾ മധുവിധുവിന് പുറപ്പെട്ടു. ഏറെ പ്രതീക്ഷകളോടെ പുത്തൻ ജീവിതത്തിലേക്കുള്ള ചുവടുവെപ്പ് ആഘോഷിക്കുന്നതിനായുള്ള യാത്ര. ഭാര്യ മാത്രം തിരികെയെത്തുന്നു. രാജ്യത്തെ ഞെട്ടിച്ച ഹണിമൂൺ കൊലപാതകത്തിൻ്റെ കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്....
വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം, മെയ് മാസം 20ആം തീയതി മധുവിധു ആഘോഷിക്കുന്നതിനായി ആ യുവമിഥുനങ്ങൾ ഇൻഡോറിൽ നിന്ന് മേഘാലയയിൽ എത്തി. ഇൻഡോറുകാരനായ വ്യവസായി രാജാ രഘുവൻഷിയും പങ്കാളി സോനം രഘുവൻഷിയും. മധുവിധു നാളുകളിലൊന്നിൽ ആ നവവരൻ ഫേസ്ബുക്കിൽ തൻ്റെ പങ്കാളി സോനത്തോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു, ഏഴു ജന്മങ്ങൾ ഒരുമിച്ച്... എന്നാൽ അന്ന്, മെയ് 23ന് ആ നവദമ്പതികളെ കാണാതായി. ബന്ധുക്കൾ നൽകിയ മിസ്സിങ് കേസിൽ അന്വേഷണം നടത്തിയ പൊലീസ് ജൂൺ രണ്ടിന് രാജാ രഘുവൻഷിയുടെ മൃതദേഹം മേഘാലയയിലെ ഒരു മലയിടുക്കിൽ നിന്ന് കണ്ടെത്തി. ഇരുവരും വാടകയ്ക്കെടുത്ത സ്കൂട്ടറും സമീപത്ത് നിന്ന് കണ്ടെത്തി. എന്നാൽ അപ്പോഴും ഭാര്യ സോനത്തേക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.
രാജാ രഘുവൻഷിയുടെ മരണത്തിന് 16 ദിവസത്തിനു ശേഷം യുപിയിലെ ഗാസിപുരിൽ നിന്നാണ് സോനം പൊലീസിൽ കീഴടങ്ങിയത്. ആഭരണങ്ങൾ തട്ടിയെടുക്കാൻ മോഷ്ടാക്കൾ ശ്രമിച്ചുവെന്നും, അവർ ആക്രമിച്ചുവെന്നും, സോനം പൊലീസിന് മൊഴി നല്‍കി. അവരാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നും സോനം പറഞ്ഞു. തന്നെ തട്ടിക്കൊണ്ടുപോയി, മയക്കുമരുന്ന് നൽകി, ഇവിടെ ഉപേക്ഷിക്കുകയായിരുന്നു എന്നും സോനം പറഞ്ഞു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ചുരുളഴിഞ്ഞത് മറ്റൊരു സത്യം ആയിരുന്നു. സോനം അതിവിദഗ്ധമായി ഒളിപ്പിച്ച ആ സത്യം. രാജാ രഘുവൻഷിയുടെ കൊലപാതകത്തിന് പിന്നില്‍ മോഷ്ടാക്കളായിരുന്നില്ല. ആ കൊലപാതകി സോനം തന്നെയായിരുന്നു.
സോനം കീഴടങ്ങും മുൻപ് തന്നെ പ്രതി ഭാര്യയാണ് എന്നതിനെക്കുറിച്ചുള്ള ചില സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു. രാജാ രഘുവൻഷിയുടെ കൊലപാതകത്തിൻ്റെ ആദ്യ നാളുകളിൽ പൊലീസിന്റെ അന്വേഷണം പ്രദേശവാസികളെ ചുറ്റിപ്പറ്റിയായിരുന്നു. രാജയെയും സോനത്തെയും കാണാതായ ദിവസം മൂന്ന് പുരുഷൻമാരോടൊപ്പം കണ്ടതായി ടൂറിസ്റ്റ് ഗൈഡ് ആൽബർട്ടിന്റെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. രാജയ്ക്കും സോനത്തിനുമൊപ്പം അന്ന് കണ്ടവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണം ചെന്നെത്തിയത് ഇൻഡോറിലും മൂന്ന് വാടകക്കൊലയാളികളിലും ആയിരുന്നു. വാടകക്കൊലയാളികളായ വിശാൽ ചൗഹാൻ, ആനന്ദ് കുർമി, ആകാശ് രജ്പുത് എന്നിവരെ പൊലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തു.
അവരെ ചോദ്യം ചെയ്തതിൽ നിന്ന് കൃത്യം നടത്താൻ തങ്ങൾക്ക് 20 ലക്ഷത്തിൻ്റെ ക്വട്ടേഷൻ നൽകിയത് രാജയുടെ ഭാര്യ സോനം തന്നെയാണെന്ന ഞെട്ടിക്കുന്ന സത്യം പുറത്തുവന്നു. സോനത്തിന്റെ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ, ചാറ്റുകളിൽ നിന്ന് ആണ്‍സുഹൃത്ത് രാജ് കുഷ്വാഹയോടൊത്ത് കൊലപാതകം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചു.
അന്വേഷണത്തിലും തെളിവെടുപ്പിലും സോഹ്‌റ മലമുകളിൽ വെച്ചാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് വ്യക്തമായി. കൊലയാളികൾ രഘുവൻഷിയെ തലക്കടിച്ചു, വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം കൊക്കയിലേക്ക് തള്ളിയിട്ടു. ഈ കൃത്യങ്ങളെല്ലാം നടപ്പിലാക്കിയത് സോനത്തിന്റെ കൺമുന്നിൽ വെച്ചായിരുന്നു. മധുവിധുവിന് സാഹസികത നിറഞ്ഞ മേഘാലയ തന്നെ തെരഞ്ഞെടുത്തതും വിലപിടിപ്പുള്ള ആഭരണങ്ങൾ അണിഞ്ഞു ഹണിമൂണിന് തിരിച്ചതും, വാടകക്കൊലയാളികളെ കൃത്യത്തിന് ഏൽപ്പിച്ചതും സോനത്തിന്റെയും സുഹൃത്തിന്റെയും മാസ്റ്റർപ്ലാനായിരുന്നു. വാടകക്കൊലയാളികളുടെ സഹായത്തോടെ സോനം ഭർത്താവിനെ കൊലപ്പെടുത്തിയത് ആൺസുഹൃത്ത് രാജ് കുഷ്വാഹയോടൊപ്പം ജീവിക്കുന്നതിന് വേണ്ടിയായിരുന്നോ എന്നത് ഇന്നും അവ്യക്തം.
മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ തങ്ങളുടെ ദാമ്പത്യത്തെ പുകഴ്ത്തിക്കൊണ്ടുള്ള രാജാ രഘുവൻഷിയുടെ ഫേസ്ബുക് പോസ്റ്റും സോനം കെട്ടിച്ചമച്ച തന്ത്രങ്ങളിൽ ഒന്നായിരുന്നു എന്നതാണ്. രാജയെ കൊലപ്പെടുത്തിയതിന് ശേഷം അയാളുടെ ഫോൺ കൈക്കലാക്കി സോനം തന്നെ പോസ്റ്റ് ചെയ്തതായിരുന്നു അത്. കൂടാതെ രാജയുടെ അമ്മയ്ക്കും സഹോദരിക്കും രാജയെന്ന വ്യാജേന സോനം മെസേജുകളും അയച്ചിരുന്നു. സംശയങ്ങള്‍ തന്നിലേക്ക് നീളാതിരിക്കാനായിരുന്നു സോനത്തിന്റെ ഈ നീക്കങ്ങള്‍. വിവാഹശേഷം രാജ് കുഷ്വാഹയ്ക്ക് സോനം മെസേജുകളയച്ചിരുന്നതും ഫോൺ ചെയ്തിരുന്നതും സഞ്ജയ് വർമയെന്ന പേരിലാണെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം.
ചിറാപുഞ്ചിയിലെ നോൻഗ്രിയത്ത് ഗ്രാമത്തിലെ പ്രശസ്തമായ ഡബിൾ ഡെക്കർ റൂട്ട് ബ്രിഡ്ജ് സന്ദർശിക്കാനെത്തിയ യൂട്യൂബർ ദേവേന്ദർ സിംഗ് പുറത്തുവിട്ട ഒരു വീഡിയോയിൽ രാജയും സോനവും ട്രക്കിംഗ് ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ കാണാം. തന്റെ വീഡിയോയിൽ അബദ്ധത്തിൽ ഇയാൾ ദമ്പതികളെ പകർത്തുകയായിരുന്നു. എന്നാൽ, തൻ്റെ പ്രിയതമയെ വിശ്വസിച്ച്, മരണത്തിലേക്കെന്നറിയാതെ നടന്നുനീങ്ങുന്ന രാജയുടെ അവസാനദൃശ്യങ്ങളായിരുന്നു തൻ്റെ ക്യാമറ കണ്ണിലൂടെ തീർത്തും അവിചാരിതമായി അയാൾ പകർത്തിയത്.