ടാക്സി കാർ ഓട്ടത്തിനായി വിളിക്കും. പകുതി വഴിയിൽ വച്ച് ഡ്രൈവർമാരെ കൊലപ്പെടുത്തും. വാഹനങ്ങൾ നേപ്പാളിലെത്തിച്ച് മറിച്ചുവിൽക്കും. ഉത്തരാഖണ്ഡിൽ 24 വർഷമായി ഒളിവിൽ കഴിയുന്ന സീരിയൽ കില്ലർ അറസ്റ്റിൽ.
അജയ് ലംബയും കൂട്ടാളികളും ഉത്തരാഖണ്ഡിലേക്ക് എന്ന് പറഞ്ഞാണ് ടാക്സി വിളിക്കുക. യാത്രാമധ്യേ ഡ്രൈവറെ മയക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തും. തെളിവ് നശിപ്പിക്കാനായി മൃതദേഹം കുന്നിന്‍ മുകളില്‍ എവിടെയെങ്കിലും ഉപേക്ഷിച്ച ശേഷം വാഹനം നേപ്പാളിലേക്ക് കടത്തി, മറിച്ചുവിൽക്കും. 2001 മുതൽ ഇത്തരത്തിൽ കൊലപ്പെടുത്തിയത് നാല് പേരെയാണ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഡ്രൈവർമാരെയാണ് കൊലപ്പെടുത്തിയത്.
48കാരനായ ലംബയുടെ കൂട്ടാളികളില്‍ രണ്ട് പേരെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി സ്വദേശിയായ ലംബ ആറാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചതിന് ശേഷം ഉത്തര്‍പ്രദേശിലെ ബറേലിയിലേക്ക് താമസം മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് ലംബ ധിരേന്ദ്രയും ദിലിപ് നേഗിയുമായി സൗഹൃദത്തിലാകുന്നത്. ഇവരൊരുമിച്ചാണ് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തത്.
24 വർഷത്തോളം പൊലീസിന്റെ കണ്ണിൽപ്പെടാതെ കുറ്റകൃത്യങ്ങളെല്ലാം നടത്തി. പൊലീസും ക്രൈംബ്രാഞ്ചും ലംബയെ പിന്തുടരാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. 2008 മുതല്‍ 2018 വരെ ഇയാള്‍ നേപ്പാളില്‍ ആയിരുന്നുവെന്നാണ് വിവരം. നാല് കൊലപാതകക്കേസുകളുണ്ടെങ്കിലും ആകെ ഒരാളുടെ ശവശരീരം മാത്രമേ കണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളു.
2020ൽ ഒഡീഷയിൽ നിന്ന് ഡൽഹി ഉൾപ്പെടെയുള്ള ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന ശൃംഖലയിൽ ലംബ ഉൾപ്പെട്ടിരുന്നു. ഈ കേസിൽ 2021ൽ ഡൽഹിയിൽ നിന്ന് എൻഡിപിഎസ് ആക്ട് പ്രകാരം ലംബയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കേസിൽ ലംബയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇപ്പോൾ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചാണ് ലംബയെ പിടികൂടിയിരിക്കുന്നത്.