തിരുവനന്തപുരം മണ്ണന്തലയിൽ സഹോദരൻ കൊലപ്പെടുത്തിയ ഷഹീന നേരിട്ടത് ക്രൂര പീഡനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പ്രതി ഷംഷാദ് ഷെഹീനയുടെ വാരിയെല്ല് ചവിട്ടി പൊട്ടിച്ചു. കൈ തണ്ടകൾ ചവിട്ടി ഒടിച്ചെന്നും യുവതിയുടെ തുടയിൽ നിന്നും മാംസം കടിച്ച് എടുത്തെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ശനിയാഴ്ചയാണ് മണ്ണന്തലയിൽ സഹോദരൻ സഹോദരിയെ തല്ലിക്കൊന്നെന്ന അതിദാരുണമായ വാർത്ത പുറത്തുവരുന്നത്. മണ്ണന്തലയിലെ അപ്പാർട്ട്മെന്റിലെ മുറിയിൽ ഷംഷാദും സുഹൃത്ത് വൈശാഖും ഷഹീനയെ മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. സഹോദരിയുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ എത്തിയത്. കൊല്ലപ്പെട്ടതിനു ശേഷവും ഇരുവരും അവിടെയിരുന്നു മദ്യപിച്ചെന്നും പൊലീസ് പറയുന്നുണ്ട്.
ഇരുവരുടെയും മാതാപിതാക്കൾ ലോഡ്ജിൽ എത്തിയപ്പോഴാണ് മകൾ ബോധരഹിതയായി കിടക്കുന്നത് കണ്ടത്. ഉടനെ ആംബുലൻസ് വിളിച്ചുവരുത്തി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് മണ്ണന്തല പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഷഹീന കഴിഞ്ഞ ആറുമാസമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ മറ്റു കാരണങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. ഷഹീനയുടെ കുടുംബജീവിതം തകർന്നതിനു കാരണം മറ്റൊരാളുമായുള്ള ബന്ധമാണ് എന്ന് സഹോദരന്‍ ഷംഷാദ് സംശയിച്ചിരുന്നെന്നും ഇതിനെച്ചൊല്ലി തർക്കമുണ്ടായെന്നുമാണ് വിവരം.
ചെമ്പഴന്തി അണിയൂരിൽ വച്ചുള്ള അടിപിടി കേസിലും പ്രതിയാണ് ഷംഷാദ്. മണ്ണന്തല മരുതൂർ റോഡിനു സമീപം ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു ഒളിവില്‍ കഴിയുകയായിരുന്നു. സംശയം തോന്നാതിരിക്കാൻ ചികിത്സാ ആവശ്യത്തിനെന്നു പറഞ്ഞു സഹോദരി ഷഹീനയെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നാണ് വിവരം.പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും കൊലപാതകം നടന്ന ഫ്ലാറ്റിലെത്തി തെളിവെടുത്തു. പ്രതികളെ ഇന്ന് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി.