കോമഡിയൊക്കെ പണ്ട്, ഇപ്പോള്‍ ആള്‍ വേറെ റേഞ്ച്; മലയാളികളുടെ ഇഷ്ടനടന്റെ അഭിനയമാറ്റം

ജഗദീഷിന്റെ അഭിനയവഴിയില്‍ വഴിത്തിരിവാകുന്നത് 2016ൽ പുറത്തിറങ്ങിയ രഞ്ജിത്ത് ചിത്രം ലീലയാണ്. സിനിമയിലെ തങ്കപ്പന്‍ നായര്‍ എന്ന കഥാപാത്രം ജഗദീഷിലെ ഹാസ്യതാരം എന്ന ആവരണം എല്ലാ അര്‍ത്ഥത്തിലും പൊട്ടിച്ചെറിഞ്ഞു
കോമഡിയൊക്കെ പണ്ട്, ഇപ്പോള്‍ ആള്‍ വേറെ റേഞ്ച്; മലയാളികളുടെ ഇഷ്ടനടന്റെ അഭിനയമാറ്റം
Published on

ജഗദീഷ് എന്ന പേരുകേട്ടാല്‍ പ്രേക്ഷകന്റെ മനസിലേക്ക് ഓടിയെത്തുന്നത് സ്വഭാവികമായും കോമഡി കഥാപാത്രങ്ങള്‍ തന്നെയാകും. ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടനും ഗോഡ് ഫാദറിലെ മായിന്‍കുട്ടിയും ഹിറ്റ്ലറിലെ ഹൃദയഭാനുവുമൊക്കെ അവയില്‍ ചിലതുമാത്രം. നായകന്റെ സന്തതസഹചാരിയായി വന്ന് മറ്റു കഥാപാത്രങ്ങളുടെ അടക്കം പരിഹാസം ഏറ്റുവാങ്ങുന്ന കഥാപാത്രമായാണ് ജഗദീഷ് വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നിരുന്നത്. ഇടയ്ക്കൊക്കെ, സ്ഥിരം കോമാളി ടൈപ്പ് വേഷങ്ങളില്‍നിന്ന് പുറത്തുവന്ന് നായകനായും, സ്വഭാവ നടനായുമൊക്കെ പരീക്ഷണം നടത്തി. അപ്പോഴും, അയാളുടെ മേല്‍വിലാസം മാറിയില്ല. കോമഡി ടച്ചുള്ള വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിക്കൊണ്ടിരുന്നു. എന്നാല്‍, സമീപകാലത്തായി മലയാള സിനിമയില്‍ ജഗദീഷ് സ്വയമൊരു 'പരീക്ഷണവസ്തു'വായി മാറിയിരിക്കുന്നു. ടൈപ്പ് കഥാപാത്രങ്ങളുടെ മേലങ്കി ഊരിവെച്ച അദ്ദേഹം ഇന്ന് മികച്ച പ്രകടനങ്ങളിലൂടെ അത്ഭുതപ്പെടുത്തുകയാണ്.

നായകനായും പ്രതിനായകനായും സ്വഭാവ നടനായും പലകുറി വേഷപ്പകര്‍ച്ച നടത്തിയിട്ടുണ്ട് ജഗദീഷ്. ഭാര്യ, സ്ത്രീധനം, പൊന്നാരംതോട്ടത്തെ രാജാവ്, ഗൃഹപ്രവേശം, വെൽക്കം ടു കൊടൈക്കനാൽ, സ്ഥലത്തെ പ്രധാന പയ്യൻസ് എന്നീ സിനിമകളിൽ നായകനായും വരവേൽപ്പ്, വക്കീൽ വാസുദേവ്, സന്താന ഗോപാലം, നയം വ്യക്തമാക്കുന്നു തുടങ്ങിയ സിനിമകളിൽ നെഗറ്റീവ് വേഷങ്ങളിലും ജഗദീഷ് തിളങ്ങി. എന്നാല്‍ പിന്നീടങ്ങോട്ട് അത്തരം കഥാപാത്രങ്ങള്‍ ജഗദീഷിനെ തേടിയെത്തിയില്ല. അതോടെ, കോമഡി കഥാപാത്രങ്ങളിലേക്കു തന്നെ ജഗദീഷ് ഒതുക്കപ്പെട്ടു. 

ജഗദീഷിന്റെ അഭിനയവഴിയില്‍ വഴിത്തിരിവാകുന്നത് 2016ൽ പുറത്തിറങ്ങിയ രഞ്ജിത്ത് ചിത്രം ലീലയാണ്. സിനിമയിലെ തങ്കപ്പന്‍ നായര്‍ എന്ന കഥാപാത്രം ജഗദീഷിലെ ഹാസ്യതാരം എന്ന ആവരണം എല്ലാ അര്‍ത്ഥത്തിലും പൊട്ടിച്ചെറിഞ്ഞു. മദ്യ ലഹരിയിൽ സ്വന്തം മകളെ മാനഭംഗപ്പെടുത്തുന്ന നിന്ദ്യനും ക്രൂരനുമായ പിതാവിനെ സ്ക്രീനിലേക്ക് പകർത്തിയപ്പോൾ, ജഗദീഷിനെ പ്രേക്ഷകര്‍ വെറുപ്പോടെ നോക്കി. അത് അദ്ദേഹത്തിനുള്ള അംഗീകാരമായിരുന്നു. പാകം വന്നൊരു നടനു മാത്രം സാധിക്കുന്ന അനായാസതയായിരുന്നു, ജഗദീഷിനെ അതിലേക്ക് എത്തിച്ചത്. 

പിന്നീടങ്ങോട്ട് സ്വയം പുതുക്കിപ്പണിയലിന്റെ കാലമായിരുന്നു ജഗദീഷിന്. മമ്മൂട്ടി ചിത്രം റോഷാക്കിലെയും പുരുഷ പ്രേതത്തിലെയും പൊലീസ് കഥാപാത്രങ്ങള്‍ സാധാരണയിലും കവിഞ്ഞ പ്രകടനങ്ങളായി. പൃഥ്വിരാജ് ചിത്രം കാപ്പയിലും തികച്ചും വ്യത്യസ്തനായൊരു ജഗദീഷിനെ പ്രേക്ഷകർ കണ്ടു. ഗണേഷ് രാജ് സംവിധാനം ചെയ്ത പൂക്കാലത്തിലെ കൊച്ചൗസേപ്പ്, ഗരുഡനിലെ സലാം എന്നിങ്ങനെ ജഗദീഷ് വഴിമാറി സഞ്ചരിച്ചുതുടങ്ങി.

കുടുംബത്തിലെ ഉത്തരവാദിത്വങ്ങളില്‍ നിന്നും മക്കളില്‍ നിന്നും ഒഴിഞ്ഞുമാറി നടക്കുന്ന ഫാലിമിയിലെ ചന്ദ്രന്‍ എന്ന അച്ഛന്‍ വേഷം മറ്റാരേക്കാളും ജഗദീഷില്‍ മാത്രം ഭദ്രമാകുന്നതായിരുന്നു. മകള്‍ക്ക് നീതി ലഭിക്കാന്‍ നിയമപോരാട്ടം നയിക്കുന്ന നേരിലെ മുഹമ്മദെന്ന കഥാപാത്രം മോഹന്‍ലാലിനും സിദ്ധിഖിനുമൊപ്പം മികച്ചു നിന്നു. ഏറ്റവും ഒടുവില്‍ ജയറാം-മമ്മൂട്ടി കോംബോയിലെത്തിയ ഓസ്ലറില്‍ പ്രേക്ഷകരെ ഞെട്ടിച്ച വില്ലന്‍ റോളിലും ജഗദീഷ് തിളങ്ങി. പുതിയ കാല സംവിധായകരില്‍ നിന്ന് ലഭിക്കുന്ന കഥാപാത്രങ്ങള്‍ ഒന്നിനൊന്ന് മികച്ചതാക്കിയാണ് ജഗദീഷിന്റെ സഞ്ചാരം. ഇതുവരെ കണ്ടുശീലിച്ചത് മാത്രമല്ല ജഗദീഷ് എന്ന നടന്‍, അതിനേക്കാളേറെ പ്രതിഭയുടെ സ്പര്‍ശമുണ്ട് അയാളില്‍. അതിന് പറ്റിയ കഥാപാത്രങ്ങള്‍ തേടിയെത്തണമെന്നു മാത്രം. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com