മൂന്ന് ബന്ദികളെ ഹമാസ് നാളെ കൈമാറും; ഇസ്രയേല്‍ മോചിപ്പിക്കുക 90 പലസ്തീന്‍ തടവുകാരെ

ഗാസ തീരത്ത്, നുസൈറത്ത് അഭയാർഥി ക്യാംപിന് സമീപം, ഇസ്രയേൽ ​ഗൺബോട്ടുകളുടെ ആക്രമണത്തിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു
മൂന്ന് ബന്ദികളെ ഹമാസ് നാളെ കൈമാറും; ഇസ്രയേല്‍ മോചിപ്പിക്കുക 90 പലസ്തീന്‍ തടവുകാരെ
Published on

ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാർ പ്രകാരം നാളെ മോചിപ്പിക്കുന്നവരുടെ വിവരങ്ങൾ പുറത്തുവിട്ട് ഹമാസ്. ഹമാസിന്റെ സായുധ വിഭാ​ഗമായ ഖസ്സാം ബ്രിഗേഡാണ് മോചിപ്പിക്കുന്ന മൂന്ന് പേരുടെ പട്ടിക പുറത്തുവിട്ടത്. ഒഫർ കാൽദെറോൺ, കീത്ത് സീഗൽ, യാ‍ർദൻ ബിബാസ് എന്നിവരെയാണ് മോചിപ്പിക്കുക. 2023 ഒക്ടോബർ 7ന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിലാണ് മൂന്നുപേരെയും ബന്ദികളാക്കിയത്. കൈമാറുന്ന ബന്ദികളുടെ പട്ടിക ലഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു. പകരമായി 90 പലസ്തീന്‍ തടവുകാരെ ഇസ്രയേലും നാളെ മോചിപ്പിക്കും. ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഒമ്പത് തടവുകാരെയും ദീർഘകാല തടവ് ശിക്ഷ ലഭിച്ച 81 പേരെയുമാകും മോചിപ്പിക്കുക.


54കാരനായ ഫ്രഞ്ച് ഇസ്രയേൽ പൗരനാണ് ഒഫർ കാൽദെറോൺ. ഒക്ടോബർ 7-ന് ഹമാസിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിനിടെ ഇസ്രയേൽ സെറ്റിൽമെന്റായ നിർ ഓസിൽ നിന്ന് തന്റെ രണ്ട് കുട്ടികളോടൊപ്പം ഒഫർ ബന്ദിയാക്കപ്പെട്ടത്.

65 വയസുള്ള അമേരിക്കൻ ഇസ്രയേൽ വംശജനായ കീത്ത് സീഗൽ, ഭാര്യ അവീവയ്‌ക്കൊപ്പം കഫാർ ആസ സെറ്റിൽമെന്റിൽ നിന്നാണ് പിടിക്കപ്പെട്ടത്. 2023 നവംബറിൽ അദ്ദേഹത്തിന്റെ ഭാര്യ മോചിതയായി. ജനുവരി 19-ന് നടന്ന ബന്ദി കൈമാറ്റത്തിൽ മോചിതയായ 28 കാരിയായ ഇസ്രയേൽ യുവതി എമിലി ദമാരി, സീഗലിന്റെ ആരോഗ്യനില മോശമാണെന്ന് വെളിപ്പെടുത്തിയിരുന്നു. സീ​ഗലിനെ മോചിപ്പിക്കാൻ ഹമാസിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അഭ്യർത്ഥന നിരസിക്കപ്പെട്ടതായാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

നിർ ഓസിൽ നിന്ന് തന്നെയാണ് 35കാരനായ യാ‍ർദൻ ബിബാസ് ബന്ദിയാക്കപ്പെട്ടത്. ഓസിലിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുട്ടികളും ഹമാസിന്റെ പിടിയിലായിരുന്നു. ഗാസയിലെ മറ്റൊരു പ്രദേശത്ത് തടവിലായിരുന്ന ബിബാസിന്റെ ഭാര്യയും കുട്ടികളും യുദ്ധത്തിനിടെ ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് അവകാശപ്പെടുന്നത്.

അതേസമയം, ​ഗാസ തീരത്ത്, നുസൈറത്ത് അഭയാർഥി ക്യാംപിന് സമീപം, ഇസ്രയേൽ ​ഗൺബോട്ടുകളുടെ ആക്രമണത്തിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാംപിലെ രണ്ട് പേരെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. 110 പലസ്തീൻ തടവുകാരുടെ മോചനം ആഘോഷിച്ച 12 പലസ്തീനികളെ ഇസ്രയേൽ പൊലീസ് അധിനിവേശ കിഴക്കൻ ജറുസലേമിൽ വച്ച് അറസ്റ്റും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com