കേന്ദ്ര ബജറ്റ് 2025: പ്രതീക്ഷ കൈവിടാതെ സംസ്ഥാനം; കേരളം ഉറ്റുനോക്കുന്നത് എന്തൊക്കെ?

കഴിഞ്ഞ ബജറ്റിൽ വാനോളം പ്രതീക്ഷയിലായിരുന്ന കേരളത്തിന് കനത്ത നിരാശയായിരുന്നു ലഭിച്ചത്
കേന്ദ്ര ബജറ്റ് 2025: പ്രതീക്ഷ കൈവിടാതെ സംസ്ഥാനം; കേരളം ഉറ്റുനോക്കുന്നത് എന്തൊക്കെ?
Published on


മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാം ബജറ്റ് അവതരണം ശനിയാഴ്ച  നടക്കാനിരിക്കെ, സംസ്ഥാനം പ്രതീക്ഷ മുഴുവനായും കൈവിട്ടിട്ടില്ല. കഴിഞ്ഞ ബജറ്റിൽ വാനോളം പ്രതീക്ഷയിലായിരുന്ന കേരളത്തിന് കനത്ത നിരാശയായിരുന്നു പ്രതിഫലമായി ലഭിച്ചത്. ഈ ബജറ്റിൽ കേരളത്തിനും പ്രഖ്യാപനങ്ങളുണ്ടാവുക എന്നത് സംസ്ഥാനത്ത് നിന്നുള്ള ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ കൂടെ ആവശ്യമായിരിക്കും.


പതിവുപോലെ എയിംസ് തന്നെയാണ് ഇത്തവണത്തെ ബജറ്റിലും കേരളം ഉറ്റുനോക്കുന്നത്. എയിംസ് കഴിഞ്ഞാൽ സംസ്ഥാനത്തിന്‍റെ ഗതാഗത പദ്ധതികളാണ് മുൻനിരയിൽ. സിൽവർ ലൈൻ അപേക്ഷ ഇതുവരെ കേന്ദ്രം നിരസിച്ചിട്ടില്ല എന്നു പറയുമ്പോഴും മറ്റു ചില പദ്ധതികളിലാണ് പ്രതീക്ഷ. കൊച്ചി-കോയമ്പത്തൂർ മിതവേഗ ട്രെയിൻ, ശബരി റെയിൽപാത, വ്യവസായ ഇടനാഴി തുടങ്ങിയവയിലാണ് കേരളത്തിന്‍റെ നോട്ടം.

സംസ്ഥാനങ്ങൾക്ക് ധനലഭ്യത കൂട്ടുമോ എന്നതും നിർണായകമാണ്. കേന്ദ്ര ഗ്രാൻഡ് ഉയരാൻ സാധ്യത ഇല്ലാത്തതിനാൽ കടമെടുപ്പു പരിധി ഉയർത്തുമോ എന്നാണ് ആകാംക്ഷ. മൊത്തം ഉത്പാദനത്തിന്‍റെ മൂന്നു ശതമാനം മാത്രമാണ് ഇപ്പോൾ എല്ലാ സംസ്ഥാനങ്ങൾക്കും കടം എടുക്കാനുള്ള അനുമതി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഇത് ഉയർത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നാലു ശതമാനം എങ്കിലും ആക്കിയാൽ സംസ്ഥാനത്തിന് ഒൻപതിനായിരം കോടി രൂപയെങ്കിലും അധികമായി ലഭിക്കും.

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തെ അതി തീവ്ര ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും സാമ്പത്തിക സഹായം ഇതുവരെയും ലഭ്യമായിട്ടില്ല. കേന്ദ്ര ബജറ്റിൽ ദുരന്ത ബാധിതരുടെ പുനരധിവാസം പ്രത്യേക പാക്കേജ് ആയി ഉൾക്കൊള്ളിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ദുരന്ത ബാധിതർ. 

2014 ജൂലൈ 10ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ലോക്സഭയിൽ കേരളത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. വർഷം പത്ത് കഴിഞ്ഞിട്ടും കേരളത്തിന്റെ എയിംസ് എന്ന സ്വപ്നം സ്വപ്നമായി തന്നെ അവശേഷിക്കുന്നു. കേരളത്തിന്റെ എയിംസ് കോഴിക്കോട് കിനാലൂരിൽ വേണമെന്നത് സംസ്ഥാന സർക്കാർ രാഷ്ട്രീയ വ്യത്യാസമില്ലാതെ മുന്നോട്ട് വെച്ച കാര്യമാണ്. എയിംസിനായി സ്ഥലം കണ്ടെത്തുകയും നടപടി ക്രമങ്ങൾ എല്ലാം പാലിച്ച് രേഖാമൂലം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിട്ടും അനുകൂല നടപടി ഉണ്ടായില്ല. ഇത്തവണയെങ്കിലും ബജറ്റിൽ എയിംസ് ഉൾപ്പെടുമെന്ന പ്രതീക്ഷയിലാണ് കേരളം. കോഴിക്കോട് - ബാംഗ്ലൂർ വ്യവസായ ഇടനാഴിയിലും പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

എയിംസ് മുതൽ കെ റെയില്‍ വരെ നീളുന്ന ആവശ്യങ്ങൾ തന്നെയായിരുന്നു കഴിഞ്ഞ തവണയും സംസ്ഥാനത്തിനുണ്ടായിരുന്നത്. 24,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്, വിഴിഞ്ഞം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കായി 5000 കോടി രൂപ, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കത്തിനായി 5000 കോടി, റെയിൽവേ നവീകരണം, റബ്ബറിൻ്റെ താങ്ങുവിലയില്‍ പരിഷ്കരണം, തൊഴിലവസരങ്ങൾ വർധിപ്പിക്കാന്‍ പദ്ധതിയാവിഷ്കരണം, പരമ്പരാഗത മേഖലയുടെ നവീകരണം, കടമെടുപ്പ് പരിധി ജിഎസ്ഡിപിയുടെ മൂന്നര ശതമാനമാക്കി ഉയര്‍ത്തുക, കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവ മുന്‍വര്‍ഷങ്ങളിലെടുത്ത വായ്പ ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും കടപരിധിയില്‍ കുറയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുക, സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിയുടെ വിഹിതം ഉയര്‍ത്തുക, കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിങ്ങനെ നീളുന്ന ആവശ്യങ്ങളുടെ പട്ടികയായിരുന്നു കേരളം അവതരിപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com