കക്കയം ഡാം തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

ഇന്നത്തെ പ്രധാന വാർത്തകൾ....
കക്കയം ഡാം തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

അതിതീവ്ര മഴയിൽ വിറങ്ങലിച്ച് കേരളം

അതിതീവ്ര മഴയിൽ വിറങ്ങലിച്ച് കേരളം. ദുരിതപെയ്ത്തിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം രേഖപ്പെടുത്തി.പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനത്തതോടെ മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത നിർദേശം നൽകി.

മൃതദേഹം കണ്ടെത്തി

മുതലപ്പൊഴിയിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കണ്ണാന്തുറയിൽ നിന്നാണ് ഫ്രീമോൻ്റെ മൃതദേഹം കണ്ടെത്തിയത്.

അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. വെള്ളപ്പൊക്ക-ഉരുൾപ്പൊട്ടൽ സാഹചര്യത്തിൽ സർക്കാർ ജാഗ്രതാ നിർദേശവുമായി. നദികളിൽ ജലനിരപ്പ് ഉയർന്നതോടെ തീരദേശത്തുള്ളവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദുരിതത്തിൽ റാന്നി

2018 പ്രളയശേഷമുള്ള വലിയ ദുരിതത്തിൽ റാന്നി. വീടുകളിലും കടകളിലും കയറിയ വെള്ളം താഴ്ന്ന് തുടങ്ങിയെങ്കിലും ജീവിതസമ്പാദ്യം മുഴുവൻ നഷ്ടമായെന്ന് നാട്ടുകാർ പറഞ്ഞു. ആറന്മുളയിലും വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. പമ്പാനദി കരകവിഞ്ഞ് ഒഴുകി. ക്യാമ്പുകളിലേക്ക് മാറാൻ ആരും നിർദേശം നൽകിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മഴ കനത്ത സാഹചര്യത്തിൽ ശബരിമല തീർഥാടകർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി.

വിനോദ സഞ്ചാരത്തിന് പൂര്‍ണ നിരോധനം

ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരത്തിന് പൂര്‍ണ നിരോധനം. റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ വിനോദ സഞ്ചാരികൾ ജില്ലയിൽ സന്ദര്‍ശനം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വിനോദസഞ്ചാര വിമാനം തകർന്ന് വീണ് 13 മരണം

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്ന് വീണ് 13 മരണം. വിമാനത്തിലുണ്ടായിരുന്ന 11 വിനോദസഞ്ചാരികളും രണ്ട് ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. നാസ്ക ലൈൻസിന് സമീപമാണ് വിമാനം തകർന്നുവീണത്.

വീണ ജോർജിനെ ആക്രമിച്ചെന്ന കേസിൽ എസ്ഐടി അന്വേഷണം

മുൻ മന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന കേസിൽ എസ്ഐടി അന്വേഷണം. കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ നൽകിയ പരാതിയിൽ ആഭ്യന്തരവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കേസ് കെട്ടിച്ചമച്ചതെന്ന ആരോപണം എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് അടക്കം അഞ്ചുപേരാണ് കേസിൽ അറസ്റ്റിൽ ആയിരുന്നത്.

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സമാപനം

കോമൺവെൽത്ത് ഗെയിംസിന് ഇന്ന് സമാപനം. ബോക്സിങ്ങിൽ ഏഴ് സ്വർണമടക്കം 10 മെഡലുമായി ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. 13 സ്വർണമടക്കം 39 മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.

"പിന്മാറുന്നത് പുനഃപരിശോധിക്കണം"

ഐഎസ്എല്ലിൽ നിന്ന് പിന്മാറുന്നത് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ജംഷഡ്പൂർ എഫ്‌സി താരങ്ങൾ. ടീമിനെ നിലനിർത്തണമെന്ന് ടാറ്റ ഗ്രൂപ്പിനോട് വികാരഭരിതമായ അഭ്യർഥനയുമായി ഇന്ത്യൻ താരം പ്രതിക് ചൗധരി രംഗത്തെത്തി. ക്ലബ്ബ് ഇല്ലാതാകുന്നത് ഇന്ത്യൻ ഫുട്ബോളിനെ ബാധിക്കുമെന്നും പ്രതിക് ചൗധരി പറഞ്ഞു.

ഇന്ത്യ-ചൈന അതിർത്തി വ്യാപാരം പുനരാരംഭിച്ചു

ആറ് വർഷത്തിന് ശേഷം ഇന്ത്യ-ചൈന അതിർത്തി വ്യാപാരം പുനരാരംഭിച്ചു. കോവിഡിന് ശേഷം അടച്ചിട്ട ഉത്തരാഖണ്ഡിലെ ലിപുലേഖിലൂടെയും ഹിമാചലിലെ ഷിപ്കി ലായിലൂടെയുമുള്ള ഹിമാലയൻ അതിർത്തി വ്യാപാരം കഴിഞ്ഞ ദിവസം വീണ്ടും ആരംഭിച്ചു. നവംബർ 30 വരെ ഈ റൂട്ട് തുറന്നിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ആക്രമണ നീക്കം പിൻവലിക്കുന്നതായി ട്രംപ്

ഇറാനെതിരായ ആക്രമണനീക്കം തൽക്കാലം പിൻവലിക്കുന്നുവെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണൾഡ്‌ ട്രംപ്. യുദ്ധം ഒഴിവാക്കണമെന്നും കരാർ സാധ്യത പുനരാലോചിക്കണമെന്നും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടു.ഹോർമുസ് പൂർണമായും തുറക്കുന്നതിനൊപ്പം, ആണവ നിരായുധീകരണം എന്ന വ്യവസ്ഥ ഇറാൻ അംഗീകരിച്ചെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ആക്രമണം ഒഴിവാക്കുന്നതിനും ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ വ്യക്തമാക്കി.

പ്രളയക്കെടുതിക്ക് താൽക്കാലിക ശമനം

അസമിലെ പ്രളയക്കെടുതിക്ക് താൽക്കാലിക ശമനം. പ്രളയബാധിത ജില്ലകൾ ഏഴായി ഉയർന്നെങ്കിലും ദുരന്തബാധിതരുടെ എണ്ണം 1.78 ലക്ഷമായി കുറഞ്ഞെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

തഹ്‌സീൻ പൂനവാല വീട്ടുതടങ്കലിൽ?

ഇ-20 പെട്രോൾ നയത്തിനെതിരെ പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിനും നിരാഹാര സമരത്തിനും തൊട്ടുമുമ്പ് ആക്ടിവിസ്റ്റ് തഹ്‌സീൻ പൂനവാലയെ ഡൽഹി പൊലീസ് വീട്ടുതടങ്കലിലാക്കിയെന്ന് ആരോപണം. പ്രതിഷേധത്തിന് തൊട്ടുമുമ്പ് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്യപ്പെട്ടതായും പൂനവാല ആരോപിച്ചിരുന്നു.

വേദനയുടെ സ്വർണം !

കോട്ടയം പയ്യാനിത്തോട്ടം ഉരുൾപൊട്ടലിൽ തകർന്ന വീടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഭിച്ച ബാഗിനുള്ളിൽ 15 പവനോളം സ്വർണം. നടക്കലിൽ നിന്ന് എത്തിയ വിദ്യാർഥികൾക്കാണ് ബാഗ് ലഭിച്ചത്. പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻ്റ് സുബ്രഹ്മണ്യനെ എൽപ്പിച്ച ബാഗ് യ്യാനിത്തോട്ടം പള്ളി വികാരിക്ക് കൈമാറി. കുടുംബത്തിൻ്റെ ജീവിതകാലത്തെ സമ്പാദ്യമാണ് ബാഗിനുള്ളിൽ ഉണ്ടായിരുന്നത്.

"കാലാവസ്ഥാ മുന്നറിയിപ്പ് പഞ്ചായത്ത് തലത്തിൽ നൽകുക എന്നത് പ്രായോഗികമല്ല"

കാലാവസ്ഥാ മുന്നറിയിപ്പ് പഞ്ചായത്ത് തലത്തിൽ നൽകുക എന്നത് പ്രായോഗികമല്ലെന്ന് ഐഎംഡി ഡയറക്ടർ നീത കെ. ഗോപാൽ. സംസ്ഥാനത്ത് പെട്ടെന്ന് കാലാവസ്ഥ മാറുന്നതിനാൽ പദ്ധതി നടപ്പാക്കുന്നതിൽ പ്രായോഗികത കുറവുണ്ട്. തദ്ദേശീയ തലത്തിൽ കാലാവസ്ഥ നിരീക്ഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ടെങ്കിലും ലഭിക്കുന്ന വിവരങ്ങൾക്ക് വിശ്വസനീയത ഉണ്ടാകണമെന്നില്ലെന്നും നീത കെ. ഗോപാൽ പറഞ്ഞു.

രണ്ട് വീടുകൾ കടലെടുത്തു

പൊന്നാനിയിൽ രണ്ട് വീടുകൾ കടലെടുത്തു. കടലാക്രമണം ഉണ്ടായ പൊന്നാനി മേഖലയിൽ ഇനി ഒരു വീട് മാത്രമാണ് അവശേഷിക്കുന്നത്. വീടുകളിൽ നിന്ന് എല്ലാവരും മാറി താമസിച്ചിട്ടുണ്ട്.

ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

വടകര മുക്കാളി ദേശീയപാതയിൽ വീണ്ടും മണ്ണിടിഞ്ഞു. ദേശീയപാതയിൽ നിർമാണ പ്രവൃത്തി നടക്കുന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

5 ഡാമുകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് കെഎസ്ഇബിയുടെ കീഴിലുള്ള 5 ഡാമുകളിൽ റെഡ് അലേർട്ട്. ഇടുക്കിയിലെ കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, മൂഴിയാർ, പെരിങ്ങൽകുത്ത്, തുടങ്ങിയ ഡാമുകളിലാണ് അലേർട്ട് പ്രഖ്യാപിച്ചത്. കുറ്റ്യാടി ഡാമിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമുകളിൽ നിന്ന് നിശ്ചിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കുമെന്നും ഡാമുകൾക്ക് അരികിൽ താമസിക്കുന്നവർക്ക് ജാഗ്രത പാലിക്കണമെന്നും നിർദേശം.

വിമർശിച്ച് അബിൻ വർക്കി എംഎൽഎ

ആറന്മുളയിലെ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ റവന്യു വകുപ്പിനെ വിമർശിച്ച് അബിൻ വർക്കി എംഎൽഎ. വകുപ്പ് കുറച്ചുകൂടി കാര്യക്ഷമയായി ഇടപെടണമെന്ന് അബിൻ വർക്കി പറഞ്ഞു. ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം വേണം. നാട് അപ്രതീക്ഷിതമായ ദുരന്തത്തിലാണ്. റാന്നിയിൽ കയറിയ വെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആറന്മുളയിലേക്കാണെന്നും അബിൻ വർക്കി ചൂണ്ടിക്കാട്ടി.

അബിൻ വർക്കിയുടെ വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി

ആറന്മുള എംഎൽഎ അബിൻ വർക്കിയുടെ വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി എ.പി. അനിൽകുമാർ. അബിൻ വർക്കിയോട് ഫോണിൽ സംസാരിച്ചിരുന്നു. ചില ആവശ്യങ്ങൾ ഉന്നയിച്ചെന്നും വിഷയത്തിൽ ഇടപെടാൻ കളക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. പരാതികളുണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി ഹലോ മലയാളം ലീഡേഴ്‌സ് മോർണിങ്ങിൽ പറഞ്ഞു.

ഇതൊന്നും വിവാദമാക്കേണ്ട കാര്യമില്ല: കെ. മുരളീധരൻ 

പിണറായി വിജയൻ്റെ ഹെലികോപ്റ്റർ യാത്രയെ വിമർശിച്ചിട്ടില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ഹെലികോപ്റ്റർ യാത്രയൊക്കെ സ്വാഭാവികമാണ്. അത്യാവശ്യത്തിന് പോകാനല്ലേ ഹെലികോപ്റ്റർ. അല്ലെങ്കിൽ കാറിലോ ട്രെയിനിലോ പോയാൽ പോരെ എന്നും മുരളീധരൻ പറഞ്ഞു. ഏറ്റവും കൂടുതൽ ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് കെ. കരുണാകരനാണ് എന്നും ഇതൊന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു.

വീണ്ടും പുലിയുടെ സാന്നിധ്യം? 

പാലക്കാട്‌ മണ്ണാർക്കാട് വീണ്ടും പുലിയുടെ സാന്നിധ്യം എന്ന് സംശയം. കോട്ടോപ്പാടം ഭീമനാട് തെയ്യോട്ട്ചിറ റോഡിൽ ഇന്നലെ രാത്രി പുലിയെ കണ്ടത് എന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം പരിശോധന നടത്തി. കഴിഞ്ഞ ദിവസം കോട്ടോപ്പാടം പാറപ്പുറത്ത് പുലി തെരുവ് നായയെ കടിച്ചു കൊന്നിരുന്നു.

ആലപ്പുഴയിൽ ആശങ്ക

മഴയും കിഴക്കൻ വെള്ളത്തിൻ്റെ വരവും ആലപ്പുഴയിലും ആശങ്ക ഉയർത്തുന്നു. കുട്ടനാട്ടിൽ അടക്കം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ട്. ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലായി അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ മേഖലകളിൽ കടൽക്ഷോഭവും ജനങ്ങളെ ദുരിതത്തിലാക്കുന്നു.

"ദുരന്തസമയത്ത് രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കണം"

ദുരന്തസമയത്ത് രാഷ്ട്രീയ വിവാദങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ്. ആറന്മുളയിൽ പ്രശ്നമുണ്ട്, കൂടുതൽ ശ്രദ്ധ വേണമെന്ന ആവശ്യം ന്യായമാണ്. ക്യാമ്പുകൾ കൂടുതൽ ദിവസം പ്രവർത്തിക്കേണ്ടി വരും. ക്യാമ്പിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാനുള്ള നടപടി സ്വീകരിച്ചു എന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.

മലബാർ മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി

മലപ്പുറത്ത് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലിരിക്കെ രണ്ടു വയസ്സുകാരൻ മരിച്ചതിൽ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായതായി കുടുംബം. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാറ്റണമെന്ന ആവശ്യം സ്വകാര്യ ആശുപത്രി അധികൃതർ തള്ളി. കുഞ്ഞിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ പറഞ്ഞു. എന്നാൽ മൊബൈൽ ഐസിയു ആംബുലൻസ് വിട്ടു നൽകിയില്ല.ആശുപത്രിയിൽ പണമടച്ചതിനുശേമാണ് കുഞ്ഞ് മരിച്ച കാര്യം കുടുംബത്തെ അറിയിച്ചതെന്നും ആരോപണമുണ്ട്.

വൈക്കത്തിന് പ്രഥമ പരിഗണന ഇല്ല

എയിംസിനായി വൈക്കത്തിന് പ്രഥമ പരിഗണന ഇല്ലെന്ന് മന്ത്രി കെ. മുരളീധരൻ. പട്ടികയിൽ ഉള്ള സ്ഥലങ്ങൾ പരിശോധിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. പരിശോധിച്ച ശേഷം അനുയോജ്യമായ സ്ഥലം കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോടഞ്ചേരിയിൽ ഉരുൾപൊട്ടി

കോടഞ്ചേരിയിൽ ഉരുൾപൊട്ടി. ഈരൂട് മേഖലയിലാണ് ഉരുൾപൊട്ടിയത്. ഏക്കറ് കണക്കിന് റബർ കൃഷി നശിച്ചു. ഏകദേശം 4 കിലോമീറ്ററോളം സ്ഥലം ഉരുൾപൊട്ടലിൽ ഒലിച്ചുപോയി.

നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നു

മഴ കനത്തതോടെ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.

ഓറഞ്ച് അലേർട്ട്

പത്തനംതിട്ട: അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ, പന്തളം സ്റ്റേഷൻ)

എറണാകുളം: മൂവാറ്റുപുഴ (കക്കടശേരി സ്റ്റേഷൻ, തൊടുപുഴ സ്റ്റേഷൻ)

കോട്ടയം : മീനച്ചിൽ (പാല സ്റ്റേഷൻ)

യെല്ലോ അലേർട്ട്

കോട്ടയം : മീനച്ചിൽ (പേരൂർ സ്റ്റേഷൻ), മണിമല (മണിമല സ്റ്റേഷൻ)

തൃശൂർ: കരവന്നൂർ (കരവന്നൂർ സ്റ്റേഷൻ)

കണ്ണൂർ: വളപട്ടണം (അനങ്ങോട് സ്റ്റേഷൻ)

കാസർഗോഡ്: കരിയങ്കോട് (ഭീമനാടി സ്റ്റേഷൻ), മോഗ്രാൽ (മധുർ സ്റ്റേഷൻ

മണ്ണിടിച്ചിലിൽ മൂന്ന് മരണം

കർണാടക ശിവമോഗ ജില്ലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് മരണം. മൂന്ന് വയസുകാരനുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ 2.30 നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

മുന്നൊരുക്കങ്ങൾ പാലിക്കാതെ ഡാം തുറന്നു?

മൂഴിയാർ ഡാം തുറന്നതിൽ മുന്നറിയിപ്പുകൾ വൈകിയെന്ന് പരാതി. ഡാം തുറക്കുന്നതിനായുള്ള ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല. ഡാം തുറക്കുന്നതിന് മുന്നോടിയായി അലാറമോ, പ്രത്യേക അനൗൺസ്മെൻ്റുകളോ നൽകിയില്ല. മുന്നറിയിപ്പുകൾ ഇല്ലാതിരുന്നതിനാൽ ആളുകൾക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ കഴിഞ്ഞില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകുന്നതിലും വീഴ്ച പറ്റി.

"മുഖ്യമന്ത്രിക്ക് മറവിരോഗം"

മുഖ്യമന്ത്രി വി.ഡി. സതീശന് മറവിരോഗം ബാധിച്ചെന്ന് വി. ശിവൻകുട്ടി. കഴിഞ്ഞ സർക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുള്ളൂ. അന്ന് സഭയിൽ രൂക്ഷമായി വിമർശിച്ച ആളാണ് സതീശൻ. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ എല്ലാം മറന്ന്, പുതിയ കാര്യങ്ങൾ പറയുന്നു എന്നും ശിവൻകുട്ടി പറഞ്ഞു.

എറണാകുളത്ത് ജാഗ്രതാ നിർദേശം

എറണാകുളത്ത് ജാഗ്രത വേണമെന്ന് നിർദേശം. അടുത്ത 3 മണിക്കൂറിൽ ജില്ലയിൽ മഴ കനക്കും. അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ ജാഗ്രത തുടരണമെന്ന് നിർദേശം.

സർക്കാരിനെതിരെ സിപിഐഎം

മഴക്കെടുതിയിൽ സംസ്ഥാനം വലയുന്നതിനിടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം. കേരളം വെള്ളത്തിൽ, മുഖ്യമന്ത്രി വിരുന്നിൽ എന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുക്കുമ്പോൾ ജനങ്ങൾ പ്രാണ ഭയത്തിലാണ്. മഴ മുന്നറിയിപ്പിലും ദുരന്തനിവാരണ മുന്നൊരുക്കത്തിലും ഗുരുതര പാളിച്ചയാണ് സംഭവിച്ചത്. അപകടസാധ്യതയുള്ള മേഖലകളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല. ദുരന്തനിവാരണ അതോറിറ്റിക്കും കാലാവസ്ഥ വകുപ്പിനും ഗുരുതരവീഴ്ച സംഭവിച്ചെന്നും എം.വി ഗോവിന്ദൻ വിമർശിച്ചു.

ഡോളർകടത്തിലെ ആരോപണ വിധേയൻ സർക്കാർ നോമിനി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളർകടത്തിൽ ആരോപണ വിധേയനായ ആൾ കോഴിക്കോട് എൻഐടി ഭരണ സമിതിയിൽ ഉൾപ്പെട്ടതായി പരാതി. പൊന്നാനി സ്വദേശി ലെഫീർ മുഹമ്മദിനെയാണ് ഭരണ സമിതിയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാന സർക്കാരിൻ്റെ നോമിനിയായാണ് ലെഫീറിനെ ഉൾപ്പെടുത്തിയത്. ലെഫീറിനെ ഉൾപ്പെടുത്തിയത് മലപ്പുറം ഡിസി അറിഞ്ഞിട്ടില്ലെന്ന് വി.എസ്. ജോയി പറഞ്ഞു. വിദഗ്ധനെന്ന നിലയിൽ ഉൾപ്പെടുത്തിയതെന്നാണ് പൊന്നാനി എംഎൽഎ കെ.പി. നൗഷാദലിയുടെ പ്രതികരണം.

വി.ഡി.സതീശൻ വീണ്ടും വിവാദത്തിൽ

സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ച് ഭാര്യാപിതാവിനെ കാണാൻ പോയതിന് പിന്നാലെയുള്ള വിവാദം ഒഴിയുന്നതിന് മുമ്പേ വി.ഡി. സതീശൻ വീണ്ടും വിവാദത്തിൽ. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ പൊന്നാനിയിൽ വച്ചുള്ള വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തതാണ് വിവാദത്തിന് വഴിയൊരുക്കിയത്.

മൂഴിയാർ ഡാമിലെ റെഡ് അലേർട്ട് പിൻവലിച്ചു

വിവാദങ്ങൾക്കിടെ പത്തനംതിട്ട മൂഴിയാർ ഡാമിലെ റെഡ് അലേർട്ട് പിൻവലിച്ചു. നിലവിൽ യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്.187.20 മീറ്ററാണ് നിലവിലെ ജലനിരപ്പ്.

വനം വകുപ്പ് സെക്ഷൻ ഓഫീസർക്ക് സസ്പെൻഷൻ

വനം വകുപ്പ് സെക്ഷൻ ഓഫീസർക്ക് സസ്പെൻഷൻ. കളം കുന്ന് സെക്ഷൻ ഓഫീസർ ടി.ആർ. ഷിബുവിനാണ് സസ്പെൻഷൻ. കുളത്തൂപ്പുഴ കാട്ട് പോത്ത് അക്രമണത്തിൽ പ്രദേശവാസി കൊല്ലപ്പെട്ടതിൽ അടിയന്തിര നടപടി സ്വീകരിക്കുന്നതിൽ അലംഭാവം കാണിച്ചെന്നാണ് കാട്ടിയാണ് നടപടി. സതേൺ സർക്കിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് നടപടി സ്വീകരിച്ചത്.

സർക്കാർ നിർമിത പ്രളയമെന്ന് വി. ശിവൻകുട്ടി 

സംസ്ഥാനത്ത് ഇപ്പോൾ ഉണ്ടായത് സർക്കാർ നിർമിത പ്രളയമാണെന്ന് മുൻ മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ. സെക്രട്ടറിയേറ്റിലിരുന്ന കാര്യങ്ങൾ നിയന്ത്രിക്കാനുള്ള മുഖ്യമന്ത്രി വിരുന്നിൽ പങ്കെടുക്കുകയായിരുന്നു. ദുരന്ത നിവാരണത്തിൽ സർക്കാർ പരാജയപ്പെട്ടു. കാര്യങ്ങൾ ഏകോപിപ്പിക്കാനുള്ള മുഖ്യമന്ത്രി ലീഗ് നേതാവിൻ്റെ വീട്ടിൽ ചായ സൽക്കാരത്തിൽ ആയിരുന്നു എന്നും ശിവൻകുട്ടി വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെ വി.കെ. സനോജ് 

മഴമുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മെട്രോ നിർമാണത്തിൽ അപാകത; മലിനജലം ആശുപത്രിയിലേക്ക് ഒഴുകുന്നു 

കൊച്ചി മെട്രോ നിർമാണ പ്രവർത്തനത്തിലെ അപാകത കാരണം തൃക്കാക്കര സഹകരണ ആശുപത്രിയിലേക്ക് മലിനജലം ഒഴുകിയെത്തുന്നതായി പരാതി. കെഎംആർഎല്ലിൻ്റെ അശാസ്ത്രീയ മണ്ണ് നിക്ഷേപത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. രോഗികളും പ്രദേശവാസികളും പകർച്ചവ്യാധി ഭീഷണിയിലാണ്.

സർക്കുലർ ഇറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

താൽക്കാലിക ജീവനക്കാരുടെ നിയമനത്തിൽ സർക്കുലർ ഇറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. നിർബന്ധമായും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് ഉത്തരവിൽ നിർദേശം നൽകി. സാമ്പത്തിക ഇടപാടുകൾ തെളിയിക്കുന്ന രേഖകൾ സംരക്ഷിക്കാൻ സ്ഥിരം ജീവനക്കാരെ ചുമതലപ്പെടുത്തണം . സ്ഥാപനമേധാവിയുടെ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ട് ആയി ലിങ്ക് ചെയ്യണം. പണം പിൻവലിക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ഉടനടി എസ്എംഎസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ വ്യക്തമാക്കുന്നു.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. കണ്ണൂർ വളപട്ടണം മുതൽ ന്യൂ മാഹി വരെയും, കാസറഗോഡ്-കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 2.7 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലകളും കടലാക്രമണ സാധ്യതയും ഉണ്ടാകും. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

രണ്ടു വയസുകാരൻ്റെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് 

വെള്ളക്കെട്ടിൽ വീണ് ചികിത്സയിലിരിക്കെ രണ്ടു വയസ്സുകാരൻ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. മലബാർ മെഡിക്കൽ കോളേജിനെതിരെയാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് ഉള്ള്യേരി മണ്ഡലം പ്രസിഡൻ്റാണ് പരാതി നൽകിയത്. ആശുപത്രിക്കെതിരെയുളള ചികിത്സാ വീഴ്ച, അമിത ബിൽ ഈടാക്കൽ എന്നിവയിൽ സമഗ്ര അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു.

പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ സ്ത്രീ മരിച്ചു

പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ സ്ത്രീ മരിച്ചു. കോയമ്പത്തൂർ സ്വദേശി ഭാനുപ്രിയ (40)ആണ് മരിച്ചത്. രണ്ട് പേരാണ് വെള്ളച്ചാട്ടത്തിൽ അകപ്പെട്ടത്. 35 വയസുള്ള ഭരത്തിനെ രക്ഷപ്പെടുത്തി.

അടുത്ത 3 മണിക്കൂറിൽ കനത്ത ജാഗ്രത നിർദേശം

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് അതിശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇന്നും നാളെയും കേരളം കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പ്.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിലും സമീപ ജില്ലകളിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ നിയന്ത്രണം തുടരും.

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര വിനോദസഞ്ചാര മേഖലകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.അപകടസാധ്യതയുള്ള റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും വരുന്ന സഞ്ചാരികൾക്ക് മുന്നറിയിപ്പും സുരക്ഷാനിർദ്ദേശങ്ങളും ഉറപ്പാക്കണം. വിനോദസഞ്ചാര വകുപ്പിനും ഡിടിപിസിക്കും ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രത്യേക ജാഗ്രതാ നിർദേശം.

രണ്ട് ജീവനക്കാർ കസ്റ്റഡിയിൽ

തൃക്കാക്കര സഹകരണ ആശുപത്രിയിലെ മലിനജല റോഡിലേക്ക് പമ്പ് ചെയ്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച കെഎംആർഎൽ ശ്രമിച്ച രണ്ട് ജീവനക്കാർ കസ്റ്റഡിയിൽ. പമ്പ് സെറ്റുകളും വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

പരീക്ഷാ തട്ടിപ്പ്; പിഎസ്‌സി ചെയർമാനും അന്വേഷണ പരിധിയിൽ

തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷാ തട്ടിപ്പിൽ പിഎസ്‌സി ചെയർമാനും അന്വേഷണ പരിധിയിൽ. എം.ആർ. ബൈജുവിന്റെയും അംഗങ്ങളുടെയും മൊബൈൽ ഫോൺ നമ്പർ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പിഎസ്സിക്ക് കത്ത് നൽകി

സർക്കാർ ഏകോപനത്തിൽ വീഴ്ച; സംസ്ഥാനത്ത്  മഴക്കെടുതി കണക്കുകളിൽ വൈരുദ്ധ്യം 

തിരുവനന്തപുരം: ദുരന്ത നിവാരണത്തിൽ സർക്കാർ ഏകോപനത്തിൻ്റെ വീഴ്ച വ്യക്തമാക്കി കണക്കുകളിലെ വൈരുദ്ധ്യം. മുഖ്യമന്ത്രിയുടെ ഓഫീസും റവന്യൂ മന്ത്രിയും പുറത്തുവിട്ട കണക്കുകളിലാണ് വ്യത്യാസം. എട്ട് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് പറയുമ്പോൾ, റവന്യൂ മന്ത്രിയുടെ കണക്ക് പ്രകാരം മരണം ആറാണ്. എട്ടു പേരെ കാണാതായെന്ന് മുഖ്യമന്ത്രിയും നാല് പേരെ കാണാതായെന്ന് റവന്യൂ മന്ത്രിയും പറയുന്നു.

"മഴക്കാലത്ത് മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ?"

വിരുന്ന് വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ച് പൊന്നാനി എംഎൽഎ കെ.പി. നൗഷാദ് അലി. മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാനോ ഉച്ചഭക്ഷണം കഴിക്കാനോ പാടില്ലെന്നാണോ എന്നും മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ ഉദ്ദേശിക്കുന്നത് എന്നും കെ.പി. നൗഷാദ് അലി ചോദിച്ചു. മുതിർന്ന സഹപ്രവർത്തകനായ സി. ഹരിദാസിനെ കാണാനാണ് മുഖ്യമന്ത്രി എത്തിയതാണ്. ഭക്ഷണം കഴിക്കുന്നത് അനൗചിത്യം ആകുന്നതെങ്ങനെയാണെന്നും എംഎൽഎ ചോദിച്ചു.

പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ അപകടം; കാറുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. നാട്ടുകൽ അണ്ണാൻതൊടിയിലാണ് രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചത്. പരുക്കേറ്റവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല

കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല. ഉരുൾപൊട്ടി എത്തിയ വെള്ളം പടിഞ്ഞാറൻ മേഖലയിലേക്കാണ് ഒഴുകിയെത്തിയത്. ആർപ്പൂക്കര, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മേഖലകളിലെ വീടുകളും മുങ്ങി. താഴത്തങ്ങാടി അറുപുഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റുന്നതിനും രക്ഷാപ്രവർത്തനത്തിനുമായി ഫയർഫോഴ്സ് സംഘവും സ്കൂബ ടീമും എത്തി.

മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; വെള്ളപ്പൊക്കത്തിൽ പശുക്കളെ നഷ്‌ടപ്പെട്ട കർഷകന് രണ്ട് പശുക്കളെ നൽകും

കോട്ടയം: തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകന് സഹായവുമായി മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തീക്കോയി സ്വദേശി അനിൽകുമാർ എന്ന ക്ഷീരകർഷകന് 11 പശുക്കളെയാണ് വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടത്. വിവരം അറിഞ്ഞ ഉടൻ തന്നെ അനിൽകുമാറിനെ ഫോണിൽ വിളിച്ച് വേണ്ട സഹായം മന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പശുക്കളെ ഉടൻ തന്നെ നൽകാൻ തീരുമാനിച്ചത്. ഓഗസ്റ്റ് മൂന്നിന് വൈകിട്ട് 3.30ന് മന്ത്രി ബിന്ദു കൃഷ്ണ നേരിട്ടെത്തി പശുക്കളെ കൈമാറും. അതോടൊപ്പം പശുക്കൾക്ക് ഉള്ള നഷ്ടപരിഹാരം ഉൾപ്പടെ വേഗത്തിൽ ലഭ്യമാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

കാലവർഷക്കെടുതി; കാര്യങ്ങൾ    മന്ത്രിമാരെ ഏൽപ്പിച്ചു മാറി നിൽക്കേണ്ട ആളല്ല മുഖ്യമന്ത്രിയെന്ന് സിപിഐഎം

കാലവർഷക്കെടുതിയിൽ സംസ്ഥാനത്തിന്റെ സാഹചര്യം മനസ്സിലാക്കി മുഖ്യമന്ത്രി ഇടപെടണമെന്ന് സിപിഐഎം. ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണം. മഴക്കെടുതിയിൽ മാധ്യമപ്രവർത്തകരോട് പോലും മുഖ്യമന്ത്രി നിസംഗസമീപനം സ്വീകരിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ കഴിഞ്ഞ മുഖ്യമന്ത്രി നിരന്തരം മാധ്യമങ്ങളോട് സംവദിക്കുകയാണ് ചെയ്തത്. അതിലൂടെ ജനങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാക്കാൻ കഴിഞ്ഞു. മന്ത്രിമാരെ ഏൽപ്പിച്ചു മാറി നിൽക്കേണ്ട ആളല്ല മുഖ്യമന്ത്രിയെന്നും സിപിഐഎം.

കണ്ണൂർ, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയെത്തുടർന്ന് കണ്ണൂർ, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾ ഉൾപ്പെടെ മതപഠന ശാലകൾക്കും അവധി ബാധകമാണ്.

ഏഴ് സംസ്ഥാനങ്ങൾക്ക് മുൻകൂറായി വെള്ളപ്പൊക്ക ദുരിതാശാസ സഹായം അനുവദിച്ച് കേന്ദ്രം

ഡൽഹി: ഏഴ് സംസ്ഥാനങ്ങൾക്ക് മുൻകൂറായി വെള്ളപ്പൊക്ക ദുരിതാശാസ സഹായം അനുവദിച്ച് കേന്ദ്ര സർക്കാർ. 2,117 കോടി രൂപയാണ് സഹായം അനുവദിച്ചത്. ഹിമാചൽ പ്രദേശ്, അസം, അരുണാചൽ പ്രദേശ്, നാഗലാന്റ്, ഒഡീസ, ഗുജറാത്ത്, മഹാരാഷ്ട സംസ്ഥാനങ്ങൾക്കാണ് സഹായം.

കെ. സച്ചിദാനന്ദന് പരോക്ഷ വിമർശനവുമായി പിണറായി വിജയൻ

കെ. സച്ചിദാനന്ദന് പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇടതു സർക്കാരിൻ്റെ തുടർഭരണം അപകടം ആണെന്ന് സാനു മാഷിന് തോന്നിയിരുന്നില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ജന മനസ്സുകളിൽ സാനു മാഷിന് ഉയർന്ന സ്ഥാനം ഉണ്ടായിരുന്നു. അത് ഇല്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാനായി ശ്രമിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

കൊച്ചി തീരത്ത് കപ്പൽ നിയന്ത്രണം വിട്ടു; ഒഴിവായത് വൻ ദുരന്തം

കൊച്ചി: ഫോർട്ട് കൊച്ചിയിൽ വെച്ചാണ് കപ്പൽ നിയന്ത്രണം വിട്ടത്. കൊച്ചിയിൽ നിന്ന് മടങ്ങുന്ന വഴി കപ്പലിന്റെ എഞ്ചിൻ തകരാറിൽ ആവുകയായിരുന്നു. ടഗ് ബോട്ടുകൾ ഉപയോഗിച്ച് കപ്പൽ നിയന്ത്രണത്തിലാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.

മലപ്പുറത്ത് മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ

മഞ്ചേരി: മലപ്പുറത്ത് മുങ്ങിയ കൊലക്കേസ് പ്രതി പിടിയിലായി. മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകക്കേസിലെ ഒന്നാം പ്രതിയാണ് പിടിയിലായത്. നെല്ലിക്കുത്ത് കോട്ടക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവാണ് (29) പിടിയിലായത്. കേസിൻ്റെ വിധി പറയുന്ന വ്യാഴാഴ്ച ഇയാൾ കോടതിയില്‍ ഹാജരാകാതെ മുങ്ങുകയായിരുന്നു. ഇതോടെ കേസ് മാറ്റി വെച്ചു

ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ   അവധി

ആലപ്പുഴ ജില്ലയിൽ വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻ നിർത്തി നാളെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം. അംഗനവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കുമടക്കം അവധി നൽകി. ജില്ലാ കളക്ടർ ഷാജി വി. നായർ ഉത്തരവിറക്കി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

തിരുവനന്തപുരത്ത് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വിളപ്പിൽശാലയിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വാടകവീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ട്. കൊല്ലംകോണം സ്വദേശി സുജിത് (33) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി അയൽക്കാരും ഇയാളെ പുറത്ത് കണ്ടിരുന്നില്ല. ഇന്നലെ അസഹ്യമായ ദുർഗന്ധം വമിച്ചതോടെ സമീപവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊയിലാണ്ടിയിൽ 10 വയസുകാരന് നേരെ ലൈംഗികാതിക്രമം; 65കാരൻ അറസ്റ്റിൽ

കോഴിക്കോട്: കൊയിലാണ്ടിയിൽ 10 വയസ്സുകാരന് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ 65-കാരൻ റഡിക് ലാൽ അറസ്റ്റിൽ വിദ്യാർത്ഥിയെ വാഹനത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

കനത്തമഴ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയെത്തുടർന്ന് ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം,പാലക്കാട്, തൃശൂർ, ഇടുക്കി കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മഴക്കെടുതിയിൽ ആകെ മരണം 11; കൃത്യമായ കണക്കുകൾ പുറത്തുവിട്ട് റവന്യൂ വകുപ്പ്

തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ പുറത്ത് വിട്ട് റവന്യൂ വകുപ്പ്. മുഖ്യമന്ത്രിയും റവന്യൂ വകുപ്പും പുറത്ത് വിടുന്ന കണക്കുകളിൽ വൈരുധ്യമുണ്ടെന്ന് ന്യൂസ് മലയാളം വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് തിരുത്തിയ കണക്കുകൾ പുറത്തുവിട്ടത്. നിലവിലെ കണക്കുപ്രകാരം സംസ്ഥാനത്ത് മഴക്കെടുതിയിൽ ആകെ മരണം 11 ആയി.

സംസ്ഥാനത്ത് മഴക്കെടുതിയിൽ ആകെ മരണം 11 , കൃത്യമായ കണക്കുകൾ പുറത്ത് വിട്ട് റവന്യൂ വകുപ്പ്

സംസ്ഥാനത്ത് മഴക്കെടുതിയിൽ ആകെ 11 മരണം. 273 ക്യാമ്പുകളിലായി 7674 പേരാണ് കഴിയുന്നത്. പത്തനംതിട്ടയിലാണ് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നുവെന്ന് റവന്യു മന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായവും വീട് തകർന്നവർക്കും നാശനഷ്ടം സംഭവിച്ചവർക്കുമുള്ള ധനസഹായവും സമയബന്ധിതമായി നൽകുമെന്നും മന്ത്രി അറിയിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട കണക്കുകളിലെ വൈരുദ്ധ്യം വിവാദമായതിനെ തുടർന്നാണ് റവന്യൂ വകുപ്പ് കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടത്.

നേര്യമംഗലം മുതൽ അടിമാലി വരെ ഇന്ന് രാത്രി പൂർണമായും ഗതാഗത നിരോധനം

ദേശീയപാത നേര്യമംഗലം മുതൽ അടിമാലി വരെ ഇന്ന് രാത്രി പൂർണമായും ഗതാഗത നിരോധനം. കനത്ത മഴയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് നടപടി. നിരോധനം നടപ്പാക്കാൻ പൊലീസിന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം.

കാക്കനാട് വാഹനം തട്ടി സിഗ്നൽ പോസ്റ്റുകൾ തകർന്നു വീണു

കൊച്ചി: കാക്കനാട് ഉയരം കൂടിയ വാഹനം തട്ടി സിഗ്നൽ പോസ്റ്റുകൾ തകർന്നു വീണു; കഷ്ടിച്ച് ഒഴിവായത് വൻ ദുരന്തം. മെട്രോ നിർമാണാവശ്യങ്ങൾക്കായി എത്തിച്ച ഉയരം കൂടിയ വാഹനം കേബിളിൽ കുരുങ്ങി പോസ്റ്റുകൾ പിഴുതുവീഴുകയായിരുന്നു. വാഹനം ഇലക്ട്രിക് കേബിളിൽ കുരുങ്ങിയിട്ടും നിർത്തിയിടാൻ തയ്യാറാകാതെ മുന്നോട്ടുപോയതാണ് അപകടത്തിന് കാരണം. മാരുതി കാറിന് മുകളിലേക്ക് പോസ്റ്റ് വീണു.

കക്കയം ഡാം തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

കോഴിക്കോട്: കക്കയം ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി. കനത്ത മഴയെത്തുടർന്ന് പരാമാവധി ജല സംഭര ശേഷി കഴിഞ്ഞതിനാലാണ് ഷട്ടറുകൾ തുറന്നത്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങൾക്ക് തനത് ഫണ്ട് വിനിയോഗിക്കാം

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങൾക്ക് തനത് ഫണ്ട് വിനിയോഗിക്കാമെന്ന് സർക്കാർ. സംസ്ഥാനത്തെ മഴക്കെടുതിയുടെ സാഹചര്യം വിലയിരുത്തുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഗ്രാമപഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ, മുനിസിപ്പാലിറ്റികൾക്ക് രണ്ടു ലക്ഷം, കോർപ്പറേഷനുകൾക്ക് അഞ്ച് ലക്ഷം വരെയും ഉപയോഗിക്കാം. ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തണം. മഴ മാറിയ പ്രദേശങ്ങളിൽ മാലിന്യനീക്കം വേഗത്തിലാക്കാനും നിർദ്ദേശം നൽകി. രിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി നിർദേശം നൽകി.

തിരുവനന്തപുരത്ത് നവജാത ശിശുവിനെ ക്ലോസറ്റിൽ ഇട്ടു

തിരുവനന്തപുരം: തലസ്ഥാനത്ത് എസ്എടി ആശുപത്രിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഇട്ടു. ഇന്ന് ഏഴരയോടെയാണ് തിരുവല്ലം സ്വദേശിനി ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിലെ ശുചിമുറിയിൽ കയറി പെൺകുട്ടി പ്രസവിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി ടാങ്ക് പൊളിച്ച് കുഞ്ഞിനെ പുറത്തെടുത്തെടുത്തു എങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

പത്തനംതിട്ട ജില്ലയിൽ മിന്നൽ പ്രളയത്തിന് സാധ്യത: മന്ത്രി പി.സി. വിഷ്ണുനാഥ്

പത്തനംതിട്ട ജില്ലയിൽ ഇന്ന് മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രി ആശങ്കയുടേതാണ്. അതിതീവ്ര മഴ ഉണ്ടായേക്കാം എന്നാണ് മുന്നറിയിപ്പ്. മൂഴിയാർ ഡാം തുറക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നും ഓറഞ്ച് ബുക്ക് പാലിച്ചെന്നും മന്ത്രി അവകാശപ്പെട്ടു. ഈ ഘട്ടത്തിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ പുനഃപരിശോധിക്കണം. വെള്ളപ്പൊക്ക ഇരകൾക്ക് ഉളള നഷ്ടപരിഹാരം അടുത്ത മന്ത്രിസഭാ യോഗം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു .

News Malayalam 24x7
newsmalayalam.com