
ജന്തർ മന്തർ പ്രതിഷേധത്തിന് പിന്തുണ നൽകി കേരളത്തിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരായ നിയമനടപടി അവസാനിപ്പിക്കണമെന്ന് ഐഷി ഘോഷ്. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലുള്ള സർക്കാർ നിയമനടപടി തുടരുന്നത് അംഗീകരിക്കാനാകില്ല. എസ്എഫ്ഐക്കും, വേടനും മറ്റു സംഘടനകൾക്കുമെതിരെ നൽകിയ നോട്ടീസുകൾ പിൻവലിക്കണം. വിഷയം രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഐഷി ഘോഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഡല്‍ഹിയില്‍ വിദ്യാർഥികൾക്കു നേരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്ന് പ്രക്ഷുബ്ധമായേക്കും. വെടിവയ്ക്കാൻ നിർദേശം നൽകിയത് അമിത് ഷാ ആണെന്നും മന്ത്രി സ്ഥാനം രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. അയോധ്യ സംഭാവന കൊള്ള ഇരു സഭയിലും ഉന്നയിക്കാൻ സമാജ് വാദി പാർട്ടിയും തീരുമാനിച്ചിട്ടുണ്ട്. പാർലമെന്റിലെ ഇന്നത്തെ പ്രതിപക്ഷ നിലപാട് തീരുമാനിക്കാൻ രാവിലെ ഇന്ത്യ സഖ്യ നേതാക്കളുടെ യോഗം വിളിച്ചിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എകെജി ഭവനിൽ കയറി എസ്‌എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച ഡൽഹി പൊലീസ് നടപടിയും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. അതേസമയം, സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടാനുള്ള ബിൽ ലോക്സഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . സഭ സമ്മേളനത്തിന്റെ ആദ്യ ദിനം ബിൽ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. സ്വപ്ന സുരേഷും ലൈഫ് മിഷനും അടക്കം ആറു പ്രതികൾ. യൂണിടാക് ബിൽഡേസ് ഉടമ സന്തോഷ് ഈപ്പൻ ഒന്നാം പ്രതി. എം. ശിവശങ്കർ ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെട്ടിട്ടില്ല.. അന്വേഷണം തുടരുന്നുവെന്ന് സിബിഐ.
സംസ്ഥാനത്ത് അധികാരത്തില്‍ വന്നശേഷമുള്ള യുഡിഎഫിന്റെ നിര്‍ണായക യോഗം ഇന്ന്. ഘടക കക്ഷികൾക്കുള്ള ബോർഡ് കോർപ്പറേഷൻ വിഭജനത്തിനൊപ്പം വിവാദ വിഷയങ്ങളും യോഗത്തിൽ ഉയരുമെന്നാണ് സൂചന. വിഴിഞ്ഞം ഓഹരി കൈമാറ്റം, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ്, പിഎം ശ്രീ എന്നിവയാണ് ചർച്ചയാവുക. ബോർഡ് കോർപ്പറേഷൻ വിഭജനത്തിൽ ഉപസമിതിയെ നിയോഗിക്കാനാണ് സാധ്യത. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ഫോർമുല മാറ്റുന്നതിനാൽ തർക്കങ്ങൾ പരിഹരിക്കാൻ ഉപസമിതി വേണമെന്നാണ് നേതാക്കളുടെ അഭിപ്രായം.
സീറ്റുകളിലും മന്ത്രിസ്ഥാനത്തിലും കടുംപിടുത്തം ഒഴിവാക്കിയ മുന്നണിയിലെ ചെറുകക്ഷികളും സ്ഥാനങ്ങൾക്കായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. തർക്കങ്ങൾ വേഗത്തിൽ പരിഹരിച്ച് നിയമനങ്ങൾ നടത്താനാണ് നീക്കം. ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനത്തിനായി മുസ്ലീം ലീഗും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും രംഗത്തുണ്ട്. ഈ തർക്കം പരിഹരിക്കുക എന്ന വെല്ലുവിളിയും കോൺഗ്രസിന് തലവേദനയാകും. മത്സരിക്കാൻ സീറ്റ് നഷ്ടപ്പെട്ട ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജൻ, മന്ത്രിസ്ഥാനം തള്ളിപ്പോയ മാണി സി. കാപ്പൻ എന്നിവരെയും പരിഗണിക്കേണ്ടി വരും. രാവിലെ പതിനൊന്നിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ആണ് യോഗം ചേരുന്നത്.
ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറണ്ട് റദ്ദാക്കി. ജാമ്യമില്ലാ വാറണ്ട് ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് റദ്ദാക്കിയത്. സമന്‍സിന് ഹാജരാകാത്തതിന് ആയിരം രൂപ പിഴ അടയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. അഞ്ച് വര്‍ഷം മുന്‍പുള്ള കേസിലായിരുന്നു ഐഷി ഘോഷിനെതിരെ വാറണ്ട്.
അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ പ്രധാന സൂത്രധാരന്‍ ഷിന്റോ ഷിബു. ഷിന്റോ പല ലഹരി കേസുകളിൽ പ്രതി. അവസാനം പിടിയിലായത് കണ്ണൂരിൽ നിന്ന്. വൻതോതിൽ ലഹരി എത്തിച്ചിരുന്നത് ഷിന്റോ. ലഹരി കച്ചവടം ഉറപ്പിക്കുന്നത് വാട്സ് ആപ്പ് നമ്പറിൽ വിളിച്ച്. അന്വേഷണത്തിൽ നിർണായകമായതും വാട്സ് ആപ്പ് ചാറ്റുകൾ. അധ്യാപകർ ആദ്യം പരിചയയപ്പെട്ടത് ഉപഭോക്താക്കൾ എന്ന നിലയിൽ.
കോമൺവെൽത്ത് ഗെയിംസ് ലോങ് ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി. 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളിമെഡൽ നേടിയത്. കോമൺവെൽത്തിൽ ശ്രീശങ്കറിൻ്റെ തുടർച്ചയായ രണ്ടാം വെള്ളിയാണിത്. ജമൈക്കൻ താരം തജയ് ഗെയ്‌ലാണ് സ്വർണം നേടിയത്. പാരാ അത്ലറ്റിക്സിലും മലയാളിതാരം വെള്ളി നേടി. പുരുഷന്മാരുടെ 100 മീറ്റർ ടി47ൽ മുഹമ്മദ് ബാസിൽ വെള്ളി സ്വന്തമാക്കി. ഇന്ത്യയുടെ തന്നെ ദിലീപ് ഗാവിത്താണ് സ്വർണം നേടിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 15 ആയി.
സംസ്ഥാനത്തെ പൊലീസ് അസോസിയേഷന്‍ പുനഃസംഘടന സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് സംഘടനകളില്‍ ഒന്നായ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പിരിച്ചുവിട്ടുകൊണ്ടായിരുന്നു ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതാകുന്നതോടെ, കേരള പൊലീസ് അസോസിയേഷന്‍, കേരള സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷന്‍ എന്നീ രണ്ട് സംഘടനകള്‍ മാത്രമാകും ഉണ്ടാവുക. സിപിഒ മുതൽ ഗ്രേഡ് എസ്ഐ വരെയുള്ളവർ പൊലീസ് അസോസിയേഷനില്‍ അംഗമാകും. എസ്ഐ മുതൽ നോൺ ഐപിഎസ് എസ്‌പിമാര്‍ വരെയുള്ളവര്‍ സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലും അംഗമാകും. സെപ്റ്റംബര്‍ 30നകം പുതിയ സംഘടനകളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു ആഭ്യന്തര വകുപ്പ് നിര്‍ദേശം.
കശുവണ്ടി അഴിമതി കേസില്‍ വിചാരണ നേരിടുന്ന കെ.എ. രതീഷിന്റെ നിയമനത്തിനെതിരെ ഹൈക്കോടതി. രതീഷിനെതിരായ അഴിമതി ആരോപണങ്ങള്‍ അതീവ ഗൗരവതരം. ഇത്രയും വലിയ അഴിമതിക്കാരനെയാണോ മൂന്ന് പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചത്? അഴിമതിക്ക് സാധ്യതയുള്ള സ്ഥലങ്ങളിലാണ് നിയമിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് സര്‍ക്കാരിനും ഹൈക്കോടതിയുടെ നിര്‍ദേശം.
കൊച്ചി: ഇരുമ്പനത്ത് റിയൽ എസ്റ്റേറ്റ് കമ്പനി ഇടനിലക്കാരായി നിന്ന് ഏക്കറുകണക്കിന് പാടശേഖരങ്ങൾ വാങ്ങിക്കൂട്ടാന്‍ ശ്രമം നടത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് റവന്യൂ വകുപ്പും സ്‌പെഷ്യൽ ബ്രാഞ്ചും. റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ലക്ഷ്യം ഏക്കറു കണക്കിന് പാടം നികത്തി മറിച്ച് വിൽക്കലെന്നാണ് പ്രാഥമിക കണ്ടെത്തൽ. പാടശേഖരം വാങ്ങാൻ കരാർ എഴുതിയത് കോഴിക്കോട് നാദാപുരത്തുള്ള കോർണർ സ്റ്റോൺ പ്രോപ്പർട്ടീസ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനി ഉടമ വിജയനാണ്.ഇയാള്‍ സെന്റിന് മൂന്ന് ലക്ഷം ഉടമയ്ക്ക് രൂപ വാഗ്‌ദാനം ചെയ്തു. ഭൂമി വിറ്റു നൽകിയാൽ ഉടമ റിയൽ എസ്റ്റേറ്റ് കമ്പനിക്ക് നൽകേണ്ടത് 25 ശതമാനമാണ്. ഭൂമി വാങ്ങി കൂട്ടുന്നത് കൊച്ചിൻ റിഫൈനറിക്ക് സമീപമാണ്. പാടശേഖര ഉടമകളുമായി വിജയൻ തയ്യാറാക്കിയ കരാറിൻ്റെ പകർപ്പ് ന്യൂസ് മലയാളം പുറത്തു വിട്ടിരുന്നു. റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ലക്ഷ്യം കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഭൂമി മറിച്ച് വിൽക്കലാണെന്നും, ഇതിന് പ്രാദേശിക പാർട്ടിനേതാക്കളുടെ സഹായവും റിയൽ എസ്റ്റേറ്റ് കമ്പനി ഉടമയ്ക്ക് ലഭിക്കുന്നുണ്ടെന്നും വ്യക്തമാണ്.
രാജ്യത്ത് ഒരു ലക്ഷത്തിലധികം സ്കൂളുകളിൽ ഒറ്റ അധ്യാപകർ മാത്രമെന്ന് റിപ്പോർട്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ആന്ധ്രാപ്രദേശിൽ മാത്രം 16,000ലേറെ സ്കൂളുകളിൽ ഒരധ്യാപകനാണ് പഠിപ്പിക്കാൻ ഉള്ളത്. ദേശീയ അധ്യാപക-വിദ്യാർഥി അനുപാത ശരാശരിക്കും വളരെ പിന്നിലാണ് ആന്ധ്രയിലെ സ്ഥിതിഗതികളെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പ്രാദേശിക തലത്തിൽ അധ്യാപകരെ നിയമിക്കുന്നതിൽ തുല്യതയില്ലായ്മയും, നിയമനത്തിലെ പാളിച്ചകളുമാണ് ഇത്തരം സാഹചര്യമുണ്ടാക്കുന്നതെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ എയിഡഡ് സ്വകാര്യ സ്കൂളുകളുടെ കണക്കുകളാണ് പുറത്തുവിട്ടത്.
എഐ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ച മുൻനിർത്തി വൻ നിക്ഷേപവുമായി മൈക്രോസോഫ്റ്റ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 130 ബില്യൺ ഡോളറിന്റെ പുതിയ ഡാറ്റാ സെന്റർ വാടക കരാറുകളിലാണ് കമ്പനി ഒപ്പുവെച്ചത്. എഐ ഇൻഫ്രാസ്ട്രക്ച്ചർ വിപുലീകരണത്തിൻ്റെ ഭാഗമായാണ് ഇത്രയും വലിയ തുക മാറ്റിവെച്ചിരിക്കുന്നത്. ഇതോടെ ഭാവിയിൽ നിർമിക്കാനിരിക്കുന്ന ഡാറ്റാ സെന്ററുകൾക്കുള്ള മൈക്രോസോഫ്റ്റിന്റെ ആകെ നിക്ഷേപം 329 ബില്യൺ ഡോളറായി. വരും വർഷങ്ങളിൽ എഐ മേഖലയിലെ ഡിമാൻഡിലുണ്ടാകുന്ന കുതിപ്പ് നേരിടാനാണ് ദീർഘകാല നിക്ഷേപമെന്ന് മൈക്രോസോഫ്റ്റ് അധികൃതർ പറഞ്ഞു.
ചെന്നൈ മെട്രോയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ നേരിട്ട് പരിശോധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ഗിണ്ടിയിലെ 101 അടി ഉയരത്തിൽ പണിയുന്ന മേൽപ്പാലത്തിൽ ട്രാഫിക് തടസമില്ലാതെ ബാലൻസ്ഡ് കാന്റിലിവർ രീതിയിൽ നടക്കുന്ന പ്രവർത്തനങ്ങളാണ് വിജയ് വിലയിരുത്തിയത്. ഇതിന് മുൻപ് ബ്ലൂ ലൈൻ മെട്രോയിൽ സഞ്ചരിച്ചും ഡ്രൈവറില്ലാത്ത ട്രെയിനിന്റെ ട്രയൽ റൺ കണ്ടും വിജയ് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ചെന്നൈ നഗരത്തിൻെറ അടിസ്ഥാനസൗകര്യ വികസനം വേഗത്തിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വിജയ് പറഞ്ഞു.
തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ഒ. പനീർശെൽവം പാർട്ടി വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നേ ഡിഎംകെയിൽ എത്തിയ ഒപിഎസ്, ടിവികെയിലേക്ക് ചേക്കേറുമെന്നാണ് പുറത്ത് വരുന്ന വിവരം. വിജയ്‌യുടെ ടിവികെയുമായി പനീർശെൽവത്തിന്റെ മകനും മുൻ എംപിയുമായ ഒ.പി. രവീന്ദ്രനാഥ് ചർച്ചകൾ നടത്തുന്നതായും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബോഡിനായ്ക്കന്നൂരിൽനിന്ന് ജയിച്ച് ഒപിഎസ് നിയമസഭയിലെത്തിയെങ്കിലും ഡിഎംകെ അധികാരത്തിൽ എത്തിയില്ല. പാർട്ടിയിൽ ഉദ്ദേശിച്ച പദവികളൊന്നും ലഭിക്കാതെ വന്നതോടെയാണ് കൂടുമാറ്റത്തിന് ശ്രമിക്കുന്നതെന്നാണ് വിവരം. അതേസമയം, ടിവികെ പ്രവേശന വാർത്തകളെ തള്ളിയ പനീർശെൽവം, ഡിഎംകെയിൽ ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ തദ്ദേശീയ നാവിഗേഷൻ ഉപഗ്രഹ ശൃംഖലയായ നാവിക്കിന്, നിലവിൽ നാവിഗേഷൻ സേവനങ്ങൾ നൽകാൻ കഴിയുന്നില്ലെന്ന് സർക്കാർ. കേന്ദ്ര ബഹിരാകാശ മന്ത്രാലയം പാർലമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ഉപഗ്രഹങ്ങളാണ് നിലവിൽ ഈ ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. എന്നാൽ ഇവ പൊസിഷൻ, ലൊക്കേഷൻ എന്നീ സേവനങ്ങൾ മാത്രമാണ് നൽകുന്നത്. വഴികാണിക്കുന്നതിനുള്ള നാവിഗേഷൻ സംവിധാനത്തിനായി ഇപ്പോഴും ആഗോള സേവനദാതാക്കളായ ജിപിഎസിനെ ആശ്രയിക്കുന്നുണ്ടെന്നും മന്ത്രാലയം. നാല് ഉപഗ്രഹങ്ങൾ ഉണ്ടെങ്കിൽ മാത്രമേ തദ്ദേശീയമായി നാവിഗേഷൻ സേവനങ്ങൾ കൂടി ഉറപ്പാക്കാൻ കഴിയൂവെന്നും മന്ത്രി ജെ.പി. നഡ്ഡ പാർലമെന്റിനെ അറിയിച്ചു.
അസമിലെ പ്രളയക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു. പ്രളയത്തിൽ ഇതുവരെ 78 പേർ മരിച്ചതായി അസം സർക്കാർ വ്യക്തമാക്കി. ഏഴ് ജില്ലകളിലാണ് നിലവിൽ പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പ്രളയം ബാധിച്ച അഞ്ഞൂറ്റി അൻപതിലധികം ഗ്രാമങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചതായും ദുരിതാശ്വാസ ക്യാമ്പുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മൂന്ന് ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്.
ഡൽഹിയിൽ വെള്ളക്കൊള്ള അവസാനിപ്പിക്കാൻ നീക്കവുമായി സർക്കാർ. 30 ലക്ഷത്തിലധികം വീടുകൾക്ക് ബില്ലില്ലാതെ പൈപ്പ് വെള്ളം ലഭിക്കുന്നതായി കണ്ടെത്തിയതോടെ ആറുമാസത്തെ ഇ-കെവൈസി ക്യാംപയിൻ പ്രഖ്യാപിച്ചു. ഡൽഹി ജൽ ബോർഡിൻ്റെ 73 ലക്ഷം ഉപഭോക്താക്കളിൽ 40 ശതമാനത്തോളം പേരെയാണ് ഇതിലൂടെ തിരിച്ചറിയുക. 700 ജീവനക്കാരെ നിയോഗിച്ച് ബിൽ വിതരണം ഉൾപ്പെടെ മുഴുവൻ സംവിധാനം നവീകരിക്കും. യമുന ശുചീകരണത്തിനും മലിനജല ശുദ്ധീകരണ പദ്ധതികൾക്കുമായി 4,500 കോടി രൂപയുടെ പദ്ധതികൾക്കും ഡൽഹി സർക്കാർ തയ്യാറെടുക്കുകയാണ്.
സൽമാൻ റുഷ്ദിക്കെതിരായ ആക്രമണം നടത്തിയാൾക്ക് എതിരെ തീവ്രവാദ കുറ്റം ചുമത്തി യുഎസ് കോടതി. ന്യൂയോർക്കിലെ ജില്ലാ കോടതിയുടേതാണ് നടപടി. ഹാദി മറ്റാർ എന്ന ഇരുപത്തിയെട്ട് വയസുകാരൻ, 2022ലാണ് ലോകപ്രശസ്ത എഴുത്തുകാരനായ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ന്യൂ യോർക്ക് ആർട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സംഭവത്തിൽ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. വിചാരണയ്ക്കിടെ ഹാദിക്ക് ഹിസ്‌ബൊള്ളയുമായി ബന്ധമുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് തീവ്രാവാദ പ്രവർത്തനത്തിനുള്ള കുറ്റം കൂടി ചുമത്തിയത്.
മലപ്പുറം കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ കേസെടുത്ത് ആർപിഎഫ്. പട്ടാമ്പി സ്വദേശി കുഞ്ഞുമൊയ്തീന് എതിരെയാണ് കേസെടുത്തത്. കഴിഞ്ഞദിവസം, സ്റ്റേഷന് പുറത്തുള്ള റോഡിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് സ്കൂട്ടർ ഓടിച്ചുകയറ്റിയ ഇയാൾ, പ്ലാറ്റ്‌ഫോമിലൂടെ എതിർവശത്തേക്ക് വാഹനം ഓടിച്ചുപോകുകയായിരുന്നു. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധം വാഹനം ഓടിച്ചതിനും, റെയിൽവേ പരിധിയിലേക്ക് അനധികൃതമായി വാഹനവുമായി പ്രവേശിച്ചതിനുമാണ് കേസ്. ആറുമാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്ന് ആർപിഎഫ് അറിയിച്ചു.
പിഎം ശ്രീ വിഷയത്തിൽ കേന്ദ്ര സർക്കാർ പാർലമെന്റില്‍ നൽകിയ മറുപടിയിൽ പ്രതികരണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിഎം ശ്രീ പദ്ധതിയിൽ പണം വാങ്ങിയിട്ടില്ലെന്ന എൽഡിഎഫ് സർക്കാരിന്റെ വാദം ശരിയായിരുന്നുവെന്ന് ഇതോടെ വ്യക്തമായെന്ന് വി ശിവൻകുട്ടി. എസ്എസ്‌കെയുടെ ഭാഗമായ ഫണ്ട് ആണ് വാങ്ങിയത് എന്ന് അന്ന് വ്യക്തമാക്കിയിരുന്നു, ഇതുതന്നെയാണ് കേന്ദ്രം ഇപ്പോൾ പറഞ്ഞത്. പിഎം ശ്രീക്ക് വേണ്ടി കേന്ദ്രം പണം അനുവദിച്ചു എന്നും ഒപ്പിട്ടാൽ പിന്നെ പിന്മാറാൻ പറ്റില്ല എന്നുമാണ് യുഡിഎഫ് പറഞ്ഞത്, ധാരണാ പത്രത്തിൽ ഒപ്പിട്ടതുകൊണ്ട് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നു എന്നല്ല എന്നും ശിവൻകുട്ടി പറഞ്ഞു.
മേജർ രവിയുടെ വിവാദ പരാമർശത്തിനെതിരെ പച്ചക്കറി കച്ചവടക്കാരുടെ സംഘടന. "പട്ടാളത്തിൽ നിന്നാണ് ഇറങ്ങിവന്നത്, പച്ചക്കറി മാർക്കറ്റിൽ നിന്നല്ല" എന്ന പരാമർശത്തിനെതിരെയാണ് കേരള വെജിറ്റബിൾ മർച്ചന്റ് അസോസിയേഷൻ രംഗത്തെത്തിയത്. പച്ചക്കറി മേഖലയിൽ ജോലി ചെയ്യുന്നവരെ വേദനിപ്പിക്കുന്ന പ്രതികരണമാണ് മേജർ രവി നടത്തിയതെന്ന് അസോസിയേഷൻ ആരോപിച്ചു. പോസ്റ്റ് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കണം. പ്രസ്താവന പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കേരള വെജിറ്റബിൾ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയുടെ കുടുംബത്തിന് ഭീഷണിയുണ്ടായിരുന്നതായി വെളിപ്പെടുത്തൽ. അഭിജിത്തും കുടുംബവും ബിജെപിയിൽ ചേരണമെന്നും ഇല്ലെങ്കില്‍ കുടുംബത്തിന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതായി അഭിജിത്തിന്റെ മാതാവ് അനിത ദീപ്‌കെ പറഞ്ഞു. വീഡിയോ രൂപത്തിലാണ് ഭീഷണി സന്ദേശം എത്തിയതെന്നും മറാത്തി മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ അനിത പറഞ്ഞു. ഭീഷണിക്ക് പിന്നാലെ പതിനാറ് ദിവസത്തോളം കൊങ്കണിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് മാറിത്താമസിച്ചിരുന്നതായും അനിത വ്യക്തമാക്കി. അഭിജിത് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ സമയത്തായിരുന്നു ഭീഷണിയെന്നും അനിതയുടെ വെളിപ്പെടുത്തൽ. സമരം വിജയിച്ച ശേഷമുള്ള പ്രതികരണത്തിലാണ് വെളിപ്പെടുത്തൽ.
സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം തുടരുന്ന എല്‍പി എസ്‌ടി റാങ്ക് ഹോൾഡർമാർ നിരാഹാര സത്യാഗ്രഹത്തിലേക്ക്. കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയിട്ടും അനുകൂല നിലപാട് ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. രണ്ടുമാസത്തെ സാവകാശം തേടിയ മുഖ്യമന്ത്രി ഇഷ്ടമുള്ള രീതിയിൽ മുന്നോട്ടുപോകാമെന്ന് മറുപടി നൽകിയതായി സമരക്കാർ പറഞ്ഞു. സർക്കാരിനെ വിശ്വസിക്കുന്നുണ്ടെങ്കിൽ സമരം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും റാങ്ക് ഹോൾഡർമാർ വ്യക്തമാക്കി. അടിയന്തര നടപടി ഉണ്ടാകുന്നതുവരെ മരണംവരെ നിരാഹാര സത്യാഗ്രഹം നടത്താനാണ് പ്രതിഷേധക്കാരുടെ തീരുമാനം. കഴിഞ്ഞ 25 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധത്തിലാണ് എല്‍പി എസ്‌ടി റാങ്ക് ഹോൾഡർമാർ. ഇതിനിടയിൽ സമരപ്പന്തൽ സന്ദർശിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ സമരത്തിന് ബിജെപിയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നും അറിയിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ വാങ്ങിയ കോടികളുടെ മരുന്ന് ഉപയോഗിക്കാതെ നശിച്ചതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ വെയർ ഹൗസുകളിൽ സൂക്ഷിച്ച മരുന്നുകൾ ഉപയോഗശൂന്യമായ നിലയിലാണ്. കൊവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും കിറ്റുകളും നശിച്ച കൂട്ടത്തിലുണ്ട്. കേരളത്തിലെ 16 വെയർ ഹൗസുകളിൽ പെട്ടി പോലും പൊട്ടിക്കാതെ മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടിട്ടുണ്ട്. ഉപയോഗിക്കാത്ത മരുന്നുകൾ നശിപ്പിക്കാൻ അരക്കോടി രൂപയോളം ചെലവ് വരുമെന്നാണ് നിഗമനം. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ്റെ പർച്ചേസുകൾ പരിശോധനയ്ക്ക് വിധേയമാക്കും. മരുന്ന് പർച്ചേസിൽ ദുരൂഹത സംശയിക്കുകയാണ് ആരോഗ്യവകുപ്പ്. വിഷയത്തിൽ ഉടനടി സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.
കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. അയ്യംപിള്ള വളവിൽ ബീമാ മനസിലിൽ ബഷീറാണ് മരിച്ചത്. രാവിലെ ജോലിക്ക് പോകുംവഴിയാണ് ബഷീറിനെ കാട്ടുപോത്ത് ആക്രമിച്ചത്. തുടർച്ചയായ വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മൃതദേഹം റോഡിൽ നിന്ന് നീക്കാൻ നാട്ടുകാർ അനുവദിച്ചിരുന്നില്ല. തുടർന്ന് ഡി.എഫ്.ഒ സ്ഥലത്തെത്തി ഉചിതമായ പ്രശ്ന പരിഹാരം ഉണ്ടാക്കുമെന്നും, ബഷീറിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അറിയിച്ചതിനെതുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
നീറ്റ് പ്രതിഷേധത്തിൽ കേരളത്തിൽ എടുത്ത കേസുകൾ പിൻവലിക്കണം എന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. മോദി സർക്കാരിനെ പ്രതിരോധത്തിലാക്കിയത് ശക്തമായ പ്രതിഷേധങ്ങളാണ്. വിഷയം യുഡിഎഫ് പരിഗണിക്കുമെന്നാണ് പ്രതീക്ഷ എന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു..
തൃശൂർ , പൊയ്യ എ.കെ.എം.എച്ച്.എസ്.എസ് സ്കൂളിൽ കമ്പ്യൂട്ടർ അധ്യാപകൻ വിദ്യാർഥിയെ മർദിച്ചതായി പരാതി. പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥി അമൽ വിനോദിനാണ് മർദനമേറ്റത് . യാതൊരു കാരണവുമില്ലാതെ അധ്യാപകൻ ചെകിടത്ത് അടിക്കുകയായിരുന്നുവെന്ന് വിദ്യാർഥി പറഞ്ഞു. വൈകിട്ട് വീട്ടിലെത്തിയപ്പോൾ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചു . തുടർന്ന് നടത്തിയ പരിശോധനയിൽ നേരിയ പരിക്കുള്ളതായി കണ്ടെത്തി. ഇതേ തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ മനുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികളും എസ്എഫ്ഐയും സ്കൂളിൽ പ്രതിഷേധ പ്രകടനം നടത്തി . അധ്യാപകനെതിരെ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ വിദ്വേഷ പ്രസ്താവനയിൽ, ടി.ജി. മോഹൻദാസിന്റെ വീട്ടിലക്ക് പ്രതിഷേധ പ്രകടനം നടത്തിയ എഐവൈഎഫ് നേതാക്കൾക്കെതിരെ മട്ടാഞ്ചേരി പൊലീസ് കേസെടുത്തു. പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത കണ്ടാൽ തിരിച്ചറിയുന്ന 20 പേർക്ക് എതിരെയാണ് കേസെടുത്തത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം മാർഗതടസ്സം ഉണ്ടാക്കിയെന്നാണ് കേസ്. മുൻപ് പ്രതിഷേധ പ്രകടനം നടത്തിയ 50 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
ഡല്‍ഹിയിലെ സിജെപി പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ സാക്ഷി ആശുപത്രി വിട്ടു. പത്തു ദിവസത്തെ ചികിത്സയ്ക്കൊടുവിലാണ് ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍നിന്ന് ഡിസ്‌ചാര്‍ജ് ആയത്. പെൺകുട്ടിയുടെ ആരോഗ്യനില പൂർണ തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർചികിത്സയ്ക്കും വിശ്രമത്തിനുമുള്ള നിർദേശങ്ങൾ നൽകിയാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും അതിശക്തമായ മഴ തുടരും. കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ട്.
ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയുടെ മാരുതി ജമിനി ജീപ്പ് അജ്ഞാതർ കത്തിച്ചു. ഇന്ന് പുർലർച്ചെ തൃശൂർ മുതുവട്ടൂരിലെ വീട്ടിൽ പാർക്ക് ചെയ്ത വാഹനം അജ്ഞാതർ തീയിടുകയായിരുന്നു. രണ്ട് പേർ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുന്നതും വാഹനത്തിന് തീയിട്ട ശേഷം രക്ഷപ്പെടുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിജീഷിൻ്റെ ബന്ധുക്കളെ വിവരം അറിയിച്ചത്. തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വാഹനം ഭാഗികമായി കത്തി നശിച്ചിരുന്നു. സംഭവത്തിൽ ചാവക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊയിലാണ്ടിയിൽ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. കൊയിലാണ്ടി ചേക്കുട്ടി പള്ളിക്ക് സമീപം തേൻഹ ഹൗസിൽ തേമീഷ് (19) ആണ് മരിച്ചത്. പനി ബാധിച്ച് ഇന്നലെ വിദ്യാർഥി ചികിത്സ തേടിയിരുന്നു.
അധ്യാപികമാർ ഉൾപ്പെട്ട വടകരയിലെ എംഡിഎംഎ കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി. പ്രതികൾക്ക് അന്താരാഷ്ട്ര ബന്ധമുള്ളതിനാൽ കേന്ദ്ര ഏജൻസി അന്വേഷിക്കണം. ബിആർസി ലഹരി കടത്തുകാരുടെ താവളമാക്കിയതിൽ പ്രതിഷേധിച്ച് ബിജെപി മാർച്ച് നടത്തി.
കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപം വാഹനാപകടം. ടോൾ പ്ലാസയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന ലോറിക്ക് പിന്നിൽ വാൻ ഇടിച്ചു കയറുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ടായിരുന്നു അപകടം.
ബിജെപിയിൽ ചേരാൻ ഭീഷണിയെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. ബിജെപിയിൽ ചേർന്നില്ലെങ്കിൽ കുടുംബത്തിന് ബുദ്ധിമുട്ടാകുമെന്ന് ഭീഷണി. വിദ്യാർഥി പ്രക്ഷോഭത്തിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ അമിത് ഷാ രാജിവെക്കണമെന്നാണ് താനും കരുതുന്നതെന്നും ദീപ്കെ പറഞ്ഞു. ഭീഷണി സന്ദേശം വരുന്നതായും ദീപ്ക്കെയുടെ കുടുംബവും ആരോപിച്ചിരുന്നു.
കാപ്പാ കേസിൽ ജയിലിൽ കിടക്കുമ്പോൾ കൊടുക്കുന്നതല്ല അവധിയെന്ന് കെ.എസ്. ശബരീനാഥൻ. സുഗതനെ അയോഗ്യനാക്കാനുള്ള അപേക്ഷ യുഡിഎഫ് നൽകും. ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ഇളവ് കൊടുക്കുന്നത്. അവധി എന്നതിന് കൃത്യമായ പരാമർശം എവിടെയുമില്ല. ആറു മാസമായി തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് ശബരീനാഥൻ ആരോപിച്ചു.
മൂവാറ്റുപുഴയിലെ സ്പെയർപാർട്‌സ് വിൽപ്പന കേന്ദ്രത്തിൽ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ. ഇരമല്ലൂർ സ്വദേശി മനൂപ്, നെല്ലിക്കുഴി സ്വദേശി രാഹുൽ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. കടയിൽ നിന്ന് വില കൂടിയ സ്പെയർ പാർട്‌സുകളാണ് ഇവർ മോഷ്‌ടിച്ചത്. ഇന്നലെ പുലർച്ചെ മോഷണം നടത്തിയ ഇവരെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ദ്യശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ അസഭ്യം പറയുകയും ആക്രമിക്കാനും ശ്രമിച്ചു.
താമരശേരിയിൽ വാഹനാപകടം. സ്കൂട്ടറും, ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരിയായ കൂടത്തായി സ്വദേശി ഹാജറ, നിസാർ, ചമൽ സ്വദേശി സക്കീർ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
വർക്കലയിൽ വീട്ടമ്മ പനിബാധിച്ച് കുഴഞ്ഞുവീണു മരിച്ചു. വർക്കല പനയറ കല്ലുവിളവീട്ടിൽ ലിസി(49)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടുകൂടി വീട്ടിൽ വച്ച് പനിയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെൻ്ററുകൾക്കും ബാധകം.
കനത്ത മഴയെ തുടർന്ന് കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരുന്നു.
ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലേക്ക് എത്തുന്നു. ഒക്ടോബർ മൂന്നിന് കൊൽക്കത്തയിൽ ഇന്ത്യയുമായി സൗഹൃദം മത്സരം കളിക്കും.
എറണാകുളം കുണ്ടന്നൂരിൽ സ്കൂട്ടർ യാത്രികനെ തട്ടിക്കൊണ്ടു പോയതായി പരാതി. ഇന്നലെ രാത്രി പത്ത് മണിയോടെ ഫോറം മാളിന് മുൻപിലായിരുന്നു സംഭവം. KL14 R 1121 നമ്പറിലുള്ള വെളുത്ത കാറിലാണ് പ്രതികൾ എത്തിയത്. ആരെയാണ് തട്ടിക്കൊണ്ടു പോയത് ഉൾപ്പടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
വനിതകളുടെ 86 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് നിരാശ. മാർട്ടിന ദേവി പുറത്തായി. ആകെ 245 കിലോയാണ് താരം ഉയർത്തിയത്. ഇംഗ്ലണ്ടിന്റെ എമിലി കാംപ്‌ബെൽ സ്വർണം നേടി.
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ജില്ലയിലെ പ്രഫഷണല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയാണ് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല