"ദുരുപയോഗം ഒരിക്കലും ഒന്നിനും പരിഹാരമല്ല"; ജന്തർ മന്തറിലെ അസഭ്യവർഷത്തെക്കുറിച്ച് പാതിരാത്രിയിൽ പ്രധാനമന്ത്രിയുടെ വീഡിയോ

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
"ദുരുപയോഗം ഒരിക്കലും ഒന്നിനും പരിഹാരമല്ല"; ജന്തർ മന്തറിലെ അസഭ്യവർഷത്തെക്കുറിച്ച് പാതിരാത്രിയിൽ  പ്രധാനമന്ത്രിയുടെ വീഡിയോ

വരുന്നു... പെരുമഴ; ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് 

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ഓറഞ്ച് അലേർട്ട്

31/07/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്

01/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

യെല്ലോ അലേർട്ട്

31/07/2026: തൃശൂർ, പാലക്കാട്, മലപ്പുറം

01/08/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസര്‍ഗോഡ്

02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ്

ശബരിമലയിലെ നെയ്യ് വിതരണം; മിൽമയെ ഒഴിവാക്കുന്നു, അന്തിമ തീരുമാനം ഇന്ന്

ശബരിമലയിലെ നെയ്യ് വിതരണത്തിൽ നിന്നും മിൽമയെ ഒഴിവാക്കാൻ ദേവസ്വം ബോർഡ്. അന്തിമ തീരുമാനം ഇന്ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ. അപ്പവും അരവണയും നിർമിക്കാൻ ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കും. അധികം നെയ്യ് വേണ്ടി വന്നാൽ മറ്റ് വഴികൾ തേടാനും ആലോചന.

പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും ബഹളത്തിൽ മുങ്ങിയേക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യത്തിൽ ഉറച്ച് പ്രതിപക്ഷം. അയോധ്യ സംഭാവന കൊള്ള അടക്കമുള്ള വിഷയങ്ങൾ ഇരുസഭകളിലും ഉന്നയിച്ചേക്കും. ജനന മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭ പാസാക്കിയേക്കും..

തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽയോഗം ഇന്ന്

തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽയോഗം ഇന്ന്. ആർ സുഗതന്റെ അവധി അപേക്ഷ ചർച്ചയാകും. കാപ്പാ കേസ് പ്രതിക്ക് അവധി നൽകാൻ കഴിയില്ലെന്ന നിലപാടിൽ പ്രതിപക്ഷം. കോർപ്പറേഷൻ സെക്രട്ടറിക്ക് അയോഗ്യത നോട്ടീസ് നൽകാനും പ്രതിപക്ഷ നീക്കം.

കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കുടുതല്‍ യുവതികള്‍ക്ക് പങ്ക്

കോട്ടയം തീക്കോയിൽ ഗർഭിണിയെ തടവിലാക്കി കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ യുവതികൾക്ക് പങ്കുണ്ടെന്ന സംശയത്തിൽ പൊലീസ്. പിടിയിലായ മൂന്നംഗ സംഘം തമിഴ്‌നാട്ടില്‍ നടത്തിവന്ന പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസ്. അസം സ്വദേശി നൽകിയ പരാതിയിലാണ് കഴിഞ്ഞ ദിവസം കുട്ടികളെ കച്ചവടം ചെയ്യുന്ന മാഫിയയെ പൊലീസ് പിടികൂടുന്നത്.

വടകര എംഡിഎംഎ കേസ്; പണം എത്തിയത് അഞ്ഞൂറിലേറെ നമ്പറുകളിൽ നിന്ന്

അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിൽ കൂടുതൽ തെളിവുകൾ തേടി എസ്ഐടി. പ്രതികളുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താൻ ശ്രമം. അക്കൗണ്ടുകളിലേക്ക് പണം എത്തിയത് അഞ്ഞൂറിലേറെ നമ്പറുകളിൽ നിന്ന്. ഒരു ആഴ്ചയ്ക്കിടെ എടിഎം വഴി ലക്ഷങ്ങൾ പിൻവലിച്ചെന്നും അന്വേഷണ സംഘം.

മഴക്കെടുതി ഒഴിയാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

മഴക്കെടുതി ഒഴിയാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. വെള്ളപ്പൊക്ക ഭീഷണയിൽ ഒഡീഷയും അസം. അസമിൽ ബ്രഹ്മപുത്ര കരകവിഞ്ഞു. മഹാനദിയിൽ ജലനിരപ്പ് ഉയർന്നതോടെ ഹിരാക്കുഡ് അണക്കെട്ട് ഇന്ന് തുറന്നേക്കും.. ഉത്തരാഖണ്ഡിൽ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും.

പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വിലക്കയറ്റവും തടയുന്നതിനായി പ്രത്യേക പരിശോധന

ഓണക്കാലത്ത് പൂഴ്ത്തിവെപ്പും കരിഞ്ചന്തയും വിലക്കയറ്റവും തടയുന്നതിനായി പ്രത്യേക പരിശോധനക്ക് ഒരുങ്ങി ഭക്ഷ്യവകുപ്പ്. സാധനങ്ങളുടെ മൊത്ത-ചില്ലറ വില നിരീക്ഷിക്കാൻ ഇന്നുമുതൽ പ്രത്യേക സ്ക്വാഡ് രംഗത്തിറങ്ങും. ഓഗസ്റ്റ് 25വരെ പരിശോധന ഉണ്ടാകും.

മാരാരിക്കുളം ഏലിയാമ്മ ടീച്ചർ കൊലക്കേസിൽ വിധി ഇന്ന്

ആലപ്പുഴ മാരാരിക്കുളം ഏലിയാമ്മ ടീച്ചർ കൊലക്കേസിൽ വിധി ഇന്ന്. സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുന്നതിനായി തനിച്ച് താമസിച്ചിരുന്ന റിട്ടേയേർഡ് അധ്യാപിക ഏലിയാമ്മയെ അയൽവാസി ഫ്രില്ലി ഫ്രാൻസിസ് കൊലപ്പെടുത്തിയെന്നാണ് കേസ്. 2010ലായിരുന്നു കേസിനാസ്പദമായ സംഭവം

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ ഇന്ന് വിധി പറയും

വയനാട് മുത്തങ്ങ ഭൂസമരത്തിനിടെ പോലീസുകാരൻ വിനോദ് കൊല്ലപ്പെട്ട കേസിൽ കൽപ്പറ്റ സെഷൻസ് കോടതി ഇന്ന് വിധി പറയും . 2003 ഫെബ്രുവരി 19ന് മുത്തങ്ങയിൽ ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിനിടെയാണ് വിനോദ് കൊല്ലപ്പെടുന്നത്.... ആദിവാസി ഗോത്ര മഹാസഭ നേതാവായിരുന്ന ഗീതാനന്ദനാണ് കേസിൽ ഒന്നാംപ്രതി

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും

52 ദിവസം നീണ്ടുനിന്ന സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും.. നാളെ പുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങും. ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ, സ്വന്തം നാടുകളിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തി.

അറസ്റ്റ് ഭയമില്ലെന്ന് നെതന്യാഹു

ഐസിസി വാറന്‍റുള്ള രാജ്യങ്ങളിൽ അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്നാൽ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയമില്ലെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അത്തരമൊരു സാഹചര്യമുണ്ടായാൽ അത് ഇസ്രയേലി സൈന്യം കൈകാര്യം ചെയ്തുകൊള്ളുമെന്ന് നെതന്യാഹു പറഞ്ഞു.

തക്കാളി കഴിച്ച 15 ആനകൾ സയനൈഡ് വിഷബാധയേറ്റ് ചരിഞ്ഞു

തെക്കൻ കെനിയയിലെ അംബോസെലി ദേശീയോദ്യാനത്തിന് സമീപമുള്ള പച്ചക്കറി തോട്ടത്തിൽ നിന്ന് തക്കാളി കഴിച്ച 15 ആനകൾ സയനൈഡ് വിഷബാധയേറ്റ് ചരിഞ്ഞതായി കെനിയൻ വനം വന്യജീവി വകുപ്പ് അധികൃതർ. കഴിഞ്ഞ ഒരു മാസത്തിനിടെ ചരിഞ്ഞ ആനകളുടെ ജഡങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്. നെയ്‌റോബി സർവകലാശാലയിൽ നടത്തിയ പ്രാഥമിക ലബോറട്ടറി പരിശോധനയിൽ സയനൈഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.

ലൈംഗിക അതിക്രമങ്ങൾ ആയുധമാക്കി റഷ്യ

യുക്രെയ്നിയൻ തടവുകാർക്കെതിരെ ലൈംഗിക അതിക്രമങ്ങൾ ആയുധമായി റഷ്യൻ സൈനികർ ഉപയോഗിക്കുന്നെന്ന് യുദ്ധ അതിജീവിതരുടെ വെളിപ്പെടുത്തൽ. 2022 ലെ റഷ്യൻ അധിനിവേശത്തിന് ശേഷം യുക്രെയ്നിയൻ സൈനികരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് നിരന്തരം വിധേയമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട്. വോൾസട്രീറ്റ് ജേർണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

പിഎം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാം; രാജ്യസഭയിൽ മറുപടി നൽകി കേന്ദ്ര സർക്കാർ

പിഎം ശ്രീ പദ്ധതിയില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യാമെന്ന് കേന്ദ്രം. പദ്ധതിയില്‍ പങ്കാളിയാകാത്ത സംസ്ഥാനങ്ങള്‍ക്ക് പിഎം ശ്രീ ആനുകൂല്യങ്ങൾ നഷ്ടമാകും. എംഒയു ഒപ്പിട്ട ശേഷം കേരളം സ്കൂളുകളുടെ പട്ടിക നൽകിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. അബ്ദുൽ വഹാബ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരിയുടെ മറുപടി.

പിഎം ശ്രീ: യുഡിഎഫ് യോഗത്തില്‍ വിയോജിപ്പറിയിക്കാതെ മുസ്ലീം ലീഗ്

പിഎം ശ്രീ സംബന്ധിച്ച് യുഡിഎഫ് യോഗത്തില്‍ വിയോജിപ്പറിയിക്കാതെ മുസ്ലീം ലീഗ്. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ന്യായീകരണത്തെ പി.കെ. കുഞ്ഞാലിക്കുട്ടി പിന്തുണച്ചു. മുന്നണിയിലെ മറ്റു പാര്‍ട്ടികളും എതിര്‍പ്പ് ഉന്നയിച്ചില്ല.

മുത്തങ്ങ കൊലപാതക കേസ്: ഗീതാനന്ദന്‍ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെ വിട്ടു

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ്‌ കോൺസ്‌റ്റബിൾ വിനോദ്‌ കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്ര മഹാസഭാ നേതാവ് എം ഗീതാനന്ദൻ കുറ്റവിമുക്തൻ. കേസില്‍ 23 മുതൽ 57 വരെയുള്ള 35 പ്രതികളെ വെറുതെ വിട്ടു. ഇവര്‍ക്കെതിരെ കൊലപാതക കേസ് തെളിയിക്കാനായില്ല. അതേസമയം, അബ്ദുൾ സലാം എന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിലും ഗൂഡാലോചന നടത്തിയതിലും ഗീതാനന്ദൻ ഉൾപ്പെടെ നാലുപേര്‍ കുറ്റക്കാരാണ്. ഗീതാനന്ദനൊപ്പം രമേശ്, ബിനു, അനിൽകുമാർ എന്നിവരെയാണ് കുറ്റക്കാരണെന്ന് കണ്ടെത്തിയത്. സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിൽ വയനാട്‌ പ്രിൻസിപ്പൽ ജില്ലാ സെഷൻസ്‌ ജഡ്‌ജി ഇ അയൂബ്‌ഖാൻ ആണ്‌ വിധി പറഞ്ഞത്. സംഭവം നടന്ന്‌ 23 വർഷത്തിനുശേഷമാണ് വിധി.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണം; എല്‍ഡിഎഫ് വീണ്ടും ഹൈക്കോടതിയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് വീണ്ടും ഹൈക്കോടതിയില്‍. കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ നിയമ വിരുദ്ധമെന്ന് സിംഗിള്‍ ബെഞ്ച് കണ്ടെത്തിയിരുന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ നടപടികള്‍ക്കുള്ള സംരക്ഷണം മുനിസിപ്പാലിറ്റി നിയമത്തിന് വിരുദ്ധം. നിയമ സംരക്ഷണം റദ്ദാക്കണം. അധികാരമില്ലാത്ത കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ തുടക്കം മുതല്‍ അസാധുവെന്നും എല്‍ഡിഎഫ് ആരോപണം. അപ്പീലില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും സര്‍ക്കാരിനും നോട്ടീസ് അയച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്കുമാണ് നോട്ടീസ്. ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം.

സിജെപി പ്രക്ഷോഭം: സംസ്ഥാനത്തെടുത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് രമേശ് ചെന്നിത്തല

ഡൽഹിയിലെ സിജെപി സമരത്തിന് പിന്തുണ നൽകിയതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസുകളിൽ തുടർനടപടികളുമായി മുന്നോട്ടുപോകണ്ട എന്ന് മന്ത്രി ഡിജിപിക്ക് നിർദ്ദേശം നൽകി. പ്രതിപക്ഷനേതാവ് പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത് നൽകിയ പശ്ചാത്തലത്തിലാണ് നടപടി. മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട മൂവായിരത്തിലധികം കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തുവെന്നാണ് അനൗദ്യോഗിക കണക്ക്.

ചിദംബരത്തിനെതിരായ ലൈംഗികാതിക്രമ കേസിലെ സ്റ്റേ ഹൈക്കോടതി നീട്ടി

മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകൻ ചിദംബരം എസ്. പൊതുവാളിനെതിരെ ചുമത്തിയ ലൈംഗികാതിക്രമ കേസിലെ സ്റ്റേ ഹൈക്കോടതി നീട്ടി. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ നിലനിൽക്കുന്ന കേസിലെ നടപടികളാണ് സ്റ്റേ ചെയ്തത്. പരാതിക്കാരിയുടെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കഴിഞ്ഞ ഫെബ്രുവരി 28-ന്, എറണാകുളം സൗത്ത് പൊലീസ് എടുത്ത കേസിലെ നടപടികൾക്കാണ് സ്റ്റേ നീട്ടിയത്.

ഉദ്ഘാടകനായി കെ.ബി. ഗണേഷ് കുമാര്‍; കരയോഗ ഭരണസമിതി പിരിച്ചുവിട്ടു

എൻ.എസ്.എസിന്റെ മുൻ ഡയറക്ടർ ബോർഡ് അംഗവും മുൻ താലൂക്ക് യൂണിയൻ പ്രസിഡൻറുമായ കെ.ബി. ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിന് വിളിച്ച കരയോഗത്തിന്റെ ഭരണസമിതി പിരിച്ച് വിട്ടു. എന്‍എസ്എസ് രജിസ്ട്രാറുടേതാണ് നടപടി. പത്തനാപുരം എന്‍എസ്എസ് കരയോഗ യൂണിയന് കീഴിലുള്ള കുന്നിക്കോട് ടൗൺ ശ്രീ മഹാദേവ കരയോഗ ഭരണസമിതിയാണ് പിരിച്ചുവിട്ടത്. പകരം താൽക്കാലിക ഭരണ സമിതിയെ നിയോഗിച്ച് എന്‍എസ്എസ് രജിസ്ട്രാർ. ആധ്യാത്മിക പഠനത്തിന്റെ ഉദ്ഘാടന യോഗത്തിൽ ഗണേഷ് കുമാർ എന്‍എസ്എസ് നേതൃത്വത്തെയും യൂണിയൻ ഭരണ സമിതിയേയും നിശിതമായി വിമർശിച്ചിരുന്നു. തുടർന്ന് സമുദായ അംഗങ്ങൾ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.എന്നാൽ കരയോഗം ആറു വർഷമായി പ്രവർത്തനരഹിതമാണെന്നും, കണക്കുകൾ കാണിക്കുന്നില്ലെന്നും അതിനാലാണ് നടപടിയെന്നും രജിസ്ട്രാർ വ്യക്തമാക്കി.

ഗാസയിൽ സമാധാന കരാര്‍ ആയെന്ന് ട്രംപ്

ഗാസയിൽ സമ്പൂർണ സമാധാനം ഉറപ്പാക്കാൻ ഹമാസ് ഉൾപ്പെടെയുള്ള എല്ലാ സായുധ ഗ്രൂപ്പുകളെയും നിരായുധീകരിക്കാൻ ബോർഡ് ഓഫ് പീസ് കരാറിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാർ ചരിത്രപരമെന്ന് ട്രൂത്ത് സോഷ്യലിൽ ട്രംപ് പറഞ്ഞു. ഗാസയിലെ സായുധ ഗ്രൂപ്പുകളെ പൂർണമായി നിരായുധീകരിക്കാനുള്ള ബോർഡ് ഓഫ് പീസിന്റെ പദ്ധതി അംഗീകരിച്ചതായി ഹമാസ് നേതാക്കളും അന്താരാഷ്ട്ര മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. തങ്ങളുടെ പക്കലുള്ള ചെറുതും വലുതുമായ എല്ലാ ആയുധങ്ങളും ഇസ്രായേലിന് നൽകാതെ, ഗാസയുടെ ഭരണചുമതലയുള്ള നാഷണൽ കമ്മിറ്റി ഫോർ അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസക്കും അന്താരാഷ്ട്ര മധ്യസ്ഥർക്കുമായിരിക്കും കൈമാറുക . നിരായുധീകരണം പൂർത്തിയാകുന്ന മുറയ്ക്ക് ഘട്ടംഘട്ടമായി ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപ് അറിയിച്ചു. വിഷയത്തിൽ ഇതുവരെ ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടി; അഭിമുഖങ്ങളിൽ പിഎസ്‌സി ബോര്‍ഡ് അധിക മാർക്ക് നൽകിയെന്ന പരാതികള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കില്ല

അഭിമുഖങ്ങളിൽ പിഎസ്‌സി ബോര്‍ഡ് അധിക മാർക്ക് നൽകിയെന്ന പരാതികളിൽ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടി. പരാതികൾ ക്രൈംബ്രാഞ്ച് അന്വേഷിക്കില്ല. അത്തരം പരാതികള്‍ പരിശോധിക്കേണ്ടത് കോടതികളാണ് എന്നാണ് എസ്ഐടിയുടെ വിശദീകരണം. ക്രൈംബ്രാഞ്ചിന് ലഭിച്ച എല്ലാ പരാതികളിലും പ്രാഥമിക പരിശോധന നടത്തും. പരിശോധനയില്‍ ക്രിമിനല്‍ ഇടപെടലുണ്ടായെന്ന് ബോധ്യപ്പെട്ടാല്‍ മാത്രം കേസെടുത്ത് മുന്നോട്ടുപോകുമെന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്.

51 പേരുടെ പിന്തുണ; ആര്‍. സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് മേയര്‍, പ്രതിപക്ഷ ബഹളം

തിരുവനന്തപുരം നഗരസഭ വാഴോട്ടുകോണം കൗൺസിലർ ആര്‍. സുഗതന് ആറ് മാസം അവധി. സുഗതന് ആറു മാസത്തേക്ക് ഹാജരാകാന്‍ കഴിയില്ലെന്ന അപേക്ഷയാണ് മേയര്‍ വി.വി. രാജേഷ് അംഗീകരിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സുഗതൻ ജയിൽ സൂപ്രണ്ട് മുഖേനയാണ് അവധി അറിയിച്ചത്. അപേക്ഷയെ അംഗീകരിക്കുന്നവർ കൈ ഉയർത്താൻ മേയര്‍ നിര്‍ദേശിച്ചതോടെ, സ്വതന്ത്ര കൗണ്‍സിലര്‍ സുധീഷ് ഉള്‍പ്പെടെ 51 അനുകൂലിച്ചു. അതേസമയം, യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; നാളെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. നാളെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. മറ്റന്നാളോടുകൂടി കേരളത്തിൽ മഴയുടെ ശക്തി കുറയും.

പിഎം ശ്രീയിൽ ന്യായീകരണവുമായി റോജി എം. ജോൺ; പുതിയ സാഹചര്യത്തിൽ വീണ്ടും ചർച്ച ചെയ്യും

പിഎം ശ്രീയിൽ ന്യായീകരണവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി റോജി.എം. ജോൺ. പുതിയ സാഹചര്യത്തിൽ പദ്ധതിയെ കുറിച്ച് വീണ്ടും ചർച്ച നടത്തും. ഉപസമിതിയും മന്ത്രിസഭയും വീണ്ടും ചർച്ച ചെയ്യും. ഉപസമിതി അംഗം എന്ന നിലയിൽ കരാർ മുഴുവൻ പരിശോധിച്ച വ്യക്തി ആണ് താനെന്നും മന്ത്രി പറഞ്ഞു. അന്നൊന്നും പിന്മാറാം എന്ന വ്യവസ്ഥ ഇല്ലായിരുന്നു. ഇന്നലെ മാത്രമാണ് കേന്ദ്ര സർക്കാർ പുതിയ നിലപാട് പറഞ്ഞതെന്നും റോജി.എം. ജോൺ പറഞ്ഞു.

പാലക്കാട് മുന്ന വധക്കേസ്;  മൂന്ന് പ്രതികളെയും സിബിഐ കോടതി വെറുതെ വിട്ടു

പാലക്കാട് മുന്ന വധക്കേസിലെ മൂന്ന് പ്രതികളെയും സിബിഐ കോടതി വെറുതെ വിട്ടു. 34 വർഷത്തിന് ശേഷമാണ് പ്രതികളെ സിബിഐ കോടതി വെറുതെ വിട്ടത്. അബ്കാരി കരാറുകാരൻ പി.വിജയൻ, മുൻ എംഎൽഎ പി.കുമാരൻ്റെ മകൻ സുധീർ, ഇവരുടെ മാനേജർ എന്നിവരെയാണ് വെറുതെ വിട്ടത്. അബ്കാരിയായിരുന്ന മുന്നയെ ബിസിനസ് വൈരാഗ്യത്തിൽ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 1992 ഏപ്രിൽ 11 ന് ശ്രീകൃഷ്ണപുരത്തായിരുന്നു കൊലപാതകം.

ഇരിട്ടിയിൽ വാഹനം ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു

കണ്ണൂർ ഇരിട്ടിയിൽ വാഹനം ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. പെരുമ്പറമ്പിലെ കല്യാടൻ മാധവിയാണ് മരിച്ചത്. ഇന്നലെ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്.

പിഎം ശ്രീ വിഷയത്തിൽ താക്കീതുമായി യൂത്ത് ലീഗ് നേതാവ്

പിഎം ശ്രീ വിഷയത്തിൽ താക്കീതുമായി യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൾ ലത്തീഫ്. കസേരയിൽ ഇരുത്തിയ ജനത്തിന് തന്നെ ഇറക്കാനും വേണമെങ്കിൽ അതിനപ്പുറം വെറുക്കാനും കഴിയുമെന്ന് യൂത്ത് ലീഗ് നേതാവിൻ്റെ കുറിപ്പ്. ഈ ബോദ്ധ്യം യുഡിഎഫ് നേതൃത്വത്തിന് ഇല്ലാതെ പോവില്ലല്ലോ എന്നും നേതാവ് ഓർമിപ്പിച്ചു.

റിമാൻഡ് പ്രതി കോടതിയിൽ നിന്നും ഓടിപ്പോയി

റിമാൻഡ് പ്രതി കോടതിയിൽ നിന്നും ഓടിപ്പോയി. നെടുമങ്ങാട് സ്വദേശി നിതിൻ രാജാണ് കോടതിയിൽ നിന്നും വിധിക്കു പിന്നാലെ ഓടി രക്ഷപ്പെട്ടത്. 2022 ലെ പോക്സോ കേസിൽ ഇയാൾ പ്രതിയായിരുന്നു. തുടർന്ന് ഒളിവിലായിരുന്ന പ്രതിക്ക് വാറണ്ട് വന്നതോടെ വക്കീലിനൊപ്പം കോടതിയിൽ ഹാജരായതാണ്. റിമാൻഡ് ചെയ്യാൻ നെടുമങ്ങാട് പോക്സോ കോടതി വിധിച്ചതോടെയാണ് നിതിൻ രാജ് ഓടി രക്ഷപ്പെട്ടത്. നെടുമങ്ങാട് പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

കള്ളൻ വിജയൻ ലേഖന വിവാദം; കെ.ആർ അജയൻ  രാജിയോ അവധിയോ എടുക്കണമെന്ന് ദേശാഭിമാനി

കള്ളൻ വിജയൻ ലേഖന വിവാദത്തിൽ ദേശാഭിമാനിയുടെ കടുത്ത നടപടി. കെ.ആർ. അജയൻ രാജിയോ അവധിയോ എടുക്കണമെന്നാണ് ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ നിർദേശം നൽകിയിരിക്കുന്നത്. അജയനെ വാരാന്ത പതിപ്പ് ചുമതലയിൽ നിന്ന് നേരത്തെ മാറ്റിയിരുന്നു.

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ജില്ലാ കളക്ടർ ആണ് അവധി പ്രഖ്യാപിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

ശബരിമലയിലെ നെയ്യിൽ മായം; ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകുമെന്ന് കെ. മുരളീധരൻ

ശബരിമലയിലെ നെയ്യിൽ മായം കലർന്നുവെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ദേവസം സെക്രട്ടറി റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഞെട്ടിക്കുന്ന സത്യങ്ങളാണ് അതിലുള്ളത്. രമേശ് ചെന്നിത്തലക്ക് അന്വേഷണം ആവശ്യപ്പെട്ട് നാളെ ഔദ്യോഗികമായി കത്ത് കൈമാറുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

പിഎം ശ്രീ പദ്ധതി: സർക്കാർ നിലപാടിനെ വിമർശിച്ച് പാളയം ഇമാം

പിഎം ശ്രീ പദ്ധതിയിലെ സർക്കാർ നിലപാടിനെ വിമർശിച്ച് പാളയം ഇമാം. അധികാരത്തിൽ എത്തിയാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞവർ അധികാരത്തിൽ എത്തിയപ്പോൾ എന്ത് സംഭവിച്ചെന്ന് നമ്മൾ കണ്ടു. വാഗ്ദാനങ്ങൾ അല്ല നടപ്പിലാക്കാൻ കഴിയുന്ന കാര്യങ്ങളാണ് പറയേണ്ടതെന്നും പാളയം ഇമാം വി.പി. സുഹൈബ് മൗലവി പറഞ്ഞു.

"കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ച് നിൽക്കുന്നു"; മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയെന്ന് പിണറായി വിജയൻ

സംഘപരിവാറിൻ്റെ കാവിവൽക്കരണ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. പിഎം ശ്രീയിൽ പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞതെല്ലാം കാറ്റിൽ പറത്തി. പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള വഞ്ചനയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ഓണത്തിന് വിലക്കയറ്റം നിയന്ത്രിക്കാൻ കർമ പദ്ധതി: ടി.സിദ്ദിഖ്

ഓണത്തിന് വിലക്കയറ്റം നിയന്ത്രിക്കാൻ കർമ പദ്ധതിയെന്ന് മന്ത്രി ടി.സിദ്ദിഖ്. കഴിഞ്ഞ തവണത്തെ കുടിശ്ശിക കൊടുത്ത് തീർത്തു. നെല്ല് സംഭരണത്തിന് ചർച്ചകൾ നടക്കുകയാണ്. കാലാവസ്ഥ വ്യതിയാനം ഭക്ഷ്യ വിള ഉൽപ്പാദനത്തെ കാര്യമായി ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

കനത്ത മഴ; പാലക്കാട് മംഗലം അണക്കെട്ട് നാളെ രാവിലെ തുറക്കും

പാലക്കാട് മംഗലം അണക്കെട്ട് നാളെ രാവിലെ തുറക്കും. നീരൊഴുക്ക് അനുസരിച്ച് നാളെ രാവിലെ 11.30 ന് മംഗലം അണക്കെട്ടിൻ്റെ സ്‌പിൽവേ ഷട്ടറുകൾ അഞ്ച് സെമീ വരെ തുറക്കുമെന്ന് ജില്ലാ കളക്ടർ കെ. സുധീർ അറിയിച്ചു.

നാദാപുരത്ത് ക്ഷേത്രത്തിൽ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച പൂജാരിക്ക് തടവും പിഴയും

നാദാപുരത്ത് ക്ഷേത്രത്തിൽ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച പൂജാരിക്ക് തടവും പിഴയും. മുതുവണ്ണാച്ച സ്വദേശി സി.കെ. വിനോദിന് മൂന്ന് വർഷവും മൂന്ന് മാസവും തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. നാദാപുരം പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ൻ്റെതാണ് വിധി.2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. പാലേരി വെങ്ങശ്ശേരി കാവ് അമ്പലത്തിൽ പൂജയ്‌ക്കെത്തിയ പ്ലസ് ടു വിദ്യാർത്ഥിനിയെ പൂജാമുറിയിൽ വെച്ച് ഉപദ്രവിക്കുകയായിരുന്നു.

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻ്റ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻ്റ് പിടിയിൽ. തിരുവനന്തപുരം മുട്ടത്തറ വില്ലേജ് അസിസ്റ്റൻ്റാണ് വിജിലൻസിൻ്റെ പിടിയിലായത്. എസ്‌ ഇസഡ് അസറുദ്ധീൻ ആണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. വളളക്കടവ് സ്വദേശിയുടെ ഭൂമി തരംമാറ്റാനാണ് പണം വാങ്ങിയത്.

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം; ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമ കേസിൽ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര ശാന്തി ഭവൻ ഉടമ ബ്രദർ മാത്യു ആൽബിനാണ് പൊലീസ് പിടിയിലായത്. പുന്നപ്ര പൊലീസാണ് മാത്യു ആൽബിനെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ ജീവനക്കാരി നൽകിയ പരാതിയിലാണ് അറസ്റ്റ്.

ജമ്മു കശ്മീരിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ നടന്ന ഭീകരാക്രമണത്തിൽ ഒരു കുടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ സേന പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.

കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ ഇന്ത്യക്ക് സ്വർണം

കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് സ്വർണം. ഹർഷ് സിങ്ങും അസ്മിത ഡേയുമാണ് ജൂഡോയിൽ സ്വർണം നേടിയത്.

ഐഎസ്എല്ലിൽ ഇനി കളിക്കില്ലെന്ന് ജംഷഡ്പൂർ എഫ്‌സി

ഐഎസ്എല്ലിൽ ഇനി കളിക്കില്ലെന്ന് ജംഷഡ്പൂർ എഫ്‌സി. സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. ഈ സീസണിലെ പ്രവേശന ഫീസ് ക്ലബ് നൽകിയിരുന്നില്ലെന്നാണ് ആരോപണം.

മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ കാട്ടാന ശല്യം രൂക്ഷം

മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ കണ്ണിമംഗലം മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. ഇന്ന് വൈകിട്ട് പത്തോളം വരുന്ന കാട്ടാനകൾ റോഡ് മുറിച്ചുകടന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കി. പ്രദേശത്ത് നിരവധി കാട്ടാനകൾ തമ്പടിച്ചിരിക്കുന്നതിനാൽ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്.

മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി

തിരുവനന്തപുരം മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. ശക്തമായ കാറ്റിലാണ് ബോട്ട് മറിഞ്ഞത്. ഇവർക്കായുള്ള തിരച്ചിൽ തുടരുന്നു. പ്രതികൂല കാലാവസ്ഥ തിരച്ചിൽ ദുഷ്കരമാക്കുന്നു.

മദ്യപാനത്തിനിടെ വാക്ക് തർക്കം; മാവൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

കോഴിക്കോട് മാവൂർ റോഡിൽ യുവാവ് കുത്തേറ്റ് മരിച്ചു. നടുവട്ടം സ്വദേശി ആദിലാണ് മരിച്ചത്. ബാറിൽ നിന്ന് ഇറങ്ങിയപ്പോൾ ഉണ്ടായ വാക്കുതർക്കത്തിന് പിന്നാലെയായിരുന്നു കത്തിക്കുത്ത്.

"ദുരുപയോഗം ഒരിക്കലും ഒന്നിനും പരിഹാരമല്ല"; ജന്തർ മന്തറിലെ അസഭ്യവർഷത്തെക്കുറിച്ച് പാതിരാത്രിയിൽ പ്രധാനമന്ത്രിയുടെ വീഡിയോ

പാതിരാത്രിയിൽ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വീഡിയോ. ദുരുപയോഗം ഒരിക്കലും ഒന്നിനും പരിഹാരമല്ലെന്ന് മോദി പറഞ്ഞു. ജന്തർമന്തറിലെ പ്രതിഷേധത്തെ തുടർന്ന് മോദിക്കെതിരെ ഉയർന്ന അസഭ്യവർഷത്തെ കുറിച്ചാണ് ഇത്തവണ വീഡിയോയിൽ പരാമർശിച്ചിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com